• HOME
 • »
 • NEWS
 • »
 • explained
 • »
 • രവീന്ദ്രൻ പട്ടയം; റദ്ദാക്കൽ നടപടി ബാധിക്കുന്നത് 529 പേരെ; നടപടി വിവാദമാകുന്നത് എന്തുകൊണ്ട്?

രവീന്ദ്രൻ പട്ടയം; റദ്ദാക്കൽ നടപടി ബാധിക്കുന്നത് 529 പേരെ; നടപടി വിവാദമാകുന്നത് എന്തുകൊണ്ട്?

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ 1999 കാലത്ത് നൽകിയ പട്ടയങ്ങളാണ് രവീന്ദ്രൻ പട്ടയം എന്ന് അറിയപ്പെടുന്നത്

 • Last Updated :
 • Share this:
  ഇ.കെ.നായനാർ (LDF)സർക്കാരിന്റെ (1996- 2001) കാലത്താണ് ദേവികുളം (Devikulam) അഡിഷണൽ തഹസിൽദാരായിരുന്ന എം.ഐ.രവീന്ദ്രൻ താലൂക്കിൽ പട്ടയങ്ങൾ നൽകിയത്.  ഇതിനായി രവീന്ദ്രനെ നിയോഗിച്ചു കൊണ്ട് സർക്കാർ ഉത്തരവിടുകയായിരുന്നു. അതിൻ പ്രകാരം രവീന്ദ്രൻ പട്ടയം നൽകുകയും ചെയ്തു.

  529 പേരുടെ പട്ടയം എങ്ങനെ നിയമവിരുദ്ധമായി ?

  അന്നത്തെ മാനദണ്ഡപ്രകാരം പല സ്ഥലങ്ങളിൽ  പതിനായിരത്തോളം ഏക്കർ ഭൂമിക്ക് 529 പേർക്കാണ്   1999 ൽ പട്ടയം നൽകിയത്. എന്നാൽ, സർക്കാർ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ല. സംസ്ഥാനത്ത് പട്ടയം നൽകാൻ തഹസിൽദാർക്കാണ് ചുമതല. അല്ലെങ്കിൽ അതിനായി പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗസറ്റ് വിജ്ഞാപനം വരണം. ദേവികുളം താലൂക്കിലെ കെഡിഎച്ച് (Kannan Devan Hills) വില്ലേജിൽ Kannan Devan Hills Resumption Act 1971 പ്രകാരം ഇതിന് ഇടുക്കി ജില്ലാ കലക്ടർക്കാണ് അധികാരം. അഡിഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ പട്ടയം നൽകാൻ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും തുടർന്ന് നൽകിയ പട്ടയങ്ങളും ഗസറ്റിൽ വിജ്ഞാപനം ചെയ്ത് നിയമവിധേയമാക്കാൻ റവന്യൂ വകുപ്പ് വിട്ടു പോയി. നടപടി ക്രമത്തിലെ ഈ വീഴ്ച മൂലം പട്ടയങ്ങൾ നിയമവിരുദ്ധമായി. അന്ന് നൽകിയ പട്ടയങ്ങൾ പിന്നീട് രവീന്ദ്രൻ പട്ടയം എന്ന പേരിൽ അറിയപ്പെട്ടു.

  ഇപ്പോൾ സംഭവിച്ചത്

  വി.എസ്.അച്യുതാനന്ദൻ (LDF) മുഖ്യമന്ത്രിയായിരിക്കെ (2006-2011) മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോഴാണ് ഇതു നിയമവിരുദ്ധമായി കണ്ടെത്തിയത്. തുടർന്നുളള അന്വേഷണത്തിൽ ദേവികുളം താലൂക്കിലെ വിവിധ വില്ലേജുകളിലായി 529 പട്ടയങ്ങൾ രവീന്ദ്രൻ അനുവദിച്ചിട്ടുണ്ടെന്നു സ്ഥിരീകരിച്ചു.

  പട്ടയങ്ങൾ റദ്ദാക്കുന്ന നടപടി പല കാരണങ്ങളാൽ വൈകി. നടപടിക്രമങ്ങൾ പാലിക്കാതെ അനുവദിച്ച പട്ടയം റദ്ദാക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് സർക്കാരിനു 2019 ൽ  ലഭിച്ച നിയമോപദേശം. പട്ടയ നടപടികളിൽ ക്രമക്കേടോ ക്രമവിരുദ്ധതയോ ഉണ്ടെങ്കിലും റദ്ദാക്കണം.1964ലെ കേരള ഭൂപതിവു ചട്ടം 893 പ്രകാരവും 1971 ലെ കണ്ണൻദേവൻ ഹിൽസ്  (Kannan Devan Hills)) ചട്ടം 21(1) പ്രകാരവും തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലോ തെറ്റിദ്ധരിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലോ അനുവദിച്ച പട്ടയമാണെങ്കിൽ റദ്ദാക്കണമെന്നാണ്  റവന്യു വകുപ്പ്  ഇടുക്കി കലക്ടർക്ക്  നിർദേശം നൽകി (ജനുവരി 18) ഉത്തരവിറക്കിയിരിക്കുന്നത്.

  അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് കസ്റ്റഡിയിലെടുത്ത എല്ലാ പട്ടയ ഫയലുകളുടെയും അനുബന്ധ രേഖകളുടെയും പകർപ്പുകൾ രണ്ടാഴ്ചയ്ക്കകം കലക്ടർ ഇടപെട്ടു ലഭ്യമാക്കണമെന്നും റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിൽ പറയുന്നു.

  രവീന്ദ്രൻ പട്ടയങ്ങളെല്ലാം റദ്ദാക്കി അർഹർക്ക് പുതിയ പട്ടയം നൽകാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടു പോകേണ്ടതില്ലെന്നു നിലപാടിലാണ് സർക്കാരും എൽഡിഎഫും. എം.എം .മണി (CPM) എംഎൽഎയും സിപിഐ (CPI) ഇടുക്കി ജില്ലാ നേതൃത്വവും എതിരാണെങ്കിലും സിപിഎം, സിപിഐ സംസ്ഥാന നേതൃത്വങ്ങൾ റവന്യു വകുപ്പിന്റെ തീരുമാനത്തിന് ഒപ്പമാണ്. 2019 ൽ മന്ത്രിസഭ എടുത്ത തീരുമാനം നടപ്പാക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നുമാണു റവന്യു വകുപ്പും സിപിഎം, സിപിഐ സംസ്ഥാന നേതൃത്വങ്ങളും വ്യക്തമാക്കുന്നത്.

  Also Read- Mandaikadu Temple | കന്യാകുമാരിയിലെ മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രം 'സ്ത്രീകളുടെ ശബരിമല'യായത് എങ്ങനെ? അതിന് പിന്നിലെ ചരിത്രം

  ഇടുക്കി പുകയുന്നതെന്തുകൊണ്ട് ?

  പുതിയ പട്ടയം അനുവദിക്കുമ്പോൾ പണ്ട് രവീന്ദ്രൻപട്ടയം സ്വീകരിച്ചപ്പോൾ അർഹതയുണ്ടായിരുന്നോ എന്നും പരിശോധിക്കും. ഇതാണു പലരെയും ആശങ്കയിലാക്കുന്നത്. അന്നു നിശ്ചിത ഭൂമിയിലധികം കൈവശം വച്ചിരുന്നവരും ഉയർന്ന കുടുംബ വരുമാനം ഉണ്ടായിരുന്നവരും അനർഹരാകും. ആദ്യ ഘട്ടത്തിൽ 33 പട്ടയം പരിശോധിച്ചപ്പോൾ 5 പേർ അനർഹരാണെന്നു കണ്ടെത്തുകയും പുതിയ പട്ടയത്തിന്റെ കാര്യത്തിൽ തീരുമാനം നീട്ടിവയ്ക്കുകയും ചെയ്തിരുന്നു. എം.എം.മണി എംഎൽഎയ്ക്ക് 25 സെന്റ് ഭൂമി അനുവദിച്ചതിൽ ചട്ട ലംഘനമില്ലെന്നാണു പ്രാഥമിക വിലയിരുത്തൽ. ഈ ഭൂമിയിൽ പിന്നീടു മൂന്നാർ ഏരിയ കമ്മിറ്റി ഓഫിസ് പണിതു. റിസോർട്ടിനായി ഭൂമി വാടകയ്ക്കും നൽകി. വാണിജ്യ ആവശ്യത്തിനായി പട്ടയ ഭൂമി ഉപയോഗിച്ചവർക്കെതിരെ നടപടി വരാതിരിക്കുകയും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നവരുടെ പട്ടയം റദ്ദാക്കപ്പെടുകയും ചെയ്യുമ്പോൾ ഉയരാവുന്ന പ്രതിഷേധമാണ് ഇടുക്കിയിൽ സിപിഎം, സിപിഐ നേതൃത്വങ്ങളെ അസ്വസ്ഥമാക്കുന്നത്. ഇതാണു സർക്കാർ തീരുമാനത്തിനെതിരെ നിലപാട് പരസ്യമാക്കാൻ ജില്ലാ നേതാക്കളെ പ്രേരിപ്പിക്കുന്ന ഒരു കാരണം.

  റദ്ദാക്കിയ മന്ത്രിസഭയിൽ എം.എം.മണി അംഗം

  രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള ഉത്തരവിനെതിരെ ജനുവരി 20 ന് രംഗത്തുവന്ന എം.എം.മണി കൂടി ഉൾപ്പെട്ട മന്ത്രിസഭയാണു പട്ടയങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019 ഓഗസ്റ്റ് 7നു ചേർന്ന മന്ത്രിസഭയെടുത്ത തീരുമാനത്തെ മന്ത്രിയായിരുന്ന ( (2016 ജൂൺ മുതൽ) എം.എം.മണി എതിർത്തതായി അറിവില്ല. പിന്നീട് സർക്കാർ വിശദമായ ഉത്തരവിറക്കി. ഇപ്പോൾ തുടർഉത്തരവും ഇറക്കി. 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മണി നൽകിയ സത്യവാങ്മൂലത്തിൽ കെഡിഎച്ച് വില്ലേജിൽ‌ 21 സെന്റ് ഭൂമി വാങ്ങിയെന്നുണ്ട്. ഇതിൽ 13,500 ചതുരശ്രയടിയിൽ സിപിഎം മൂന്നാർ ഏരിയ കമ്മിറ്റി കെട്ടിടം പണിതിട്ടുണ്ടെന്നും ഭൂമിയുടെയും കെട്ടിടത്തിന്റെ മതിപ്പുവില 2 കോടിയാണെന്നും വാടക പിരിക്കുന്നതു സിപിഎമ്മാണെന്നും സത്യവാങ്മൂലത്തിലുണ്ട്.

  ഇനി എന്ത് ?

  തുടർ നടപടികളുമായി മുന്നോട്ടു പോകാൻ ഇടുക്കി കലക്ടർക്കു സർക്കാർ നിർദേശം നൽകി. തിങ്കളാഴ്ച മുതൽ കലക്ടറുടെയും മറ്റു റവന്യു, സർവേ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പട്ടയം റദ്ദാക്കൽ നടപടി ആരംഭിക്കും.

  രവീന്ദ്രൻ പട്ടയം അനുവദിച്ച ഓരോ വില്ലേജിലും കലക്ടർ പ്രത്യേക സംഘത്തെ നിയമിച്ച് അപേക്ഷകൾ പരിശോധിച്ചു യോഗ്യത ഉറപ്പാക്കണം. ഓരോ വില്ലേജിലും 45 ദിവസത്തേക്കു ഡപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ 2 സർവേയർമാരും ഒരു റവന്യു ഇൻസ്പെക്ടറും 2 സ്പെഷൽ വില്ലേജ് ഓഫിസർമാരും അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. ഭൂപതിവിനുള്ള അപേക്ഷകൾ ലഭിച്ചാൽ ഉടൻ പതിച്ചു നൽകാവുന്നവയുടെ പട്ടിക കലക്ടർ അംഗീകരിക്കണം.

  ലഭ്യമായ അസൈൻമെന്റ് റിപ്പോർട്ടുകൾ തീർപ്പാക്കാൻ ദേവികുളം തഹസിൽദാർ സമയബന്ധിതമായി നടപടിയെടുക്കണം. അസൈൻമെന്റ് കമ്മിറ്റികളും വിളിച്ചു ചേർക്കണം. കെഡിഎച്ച് ഒഴികെയുള്ള വില്ലേജുകളിലെ ഭൂമി പതിവു നടപടിക്രമങ്ങൾ പൂർത്തിയാക്കി 2 മാസത്തിനകം എല്ലാ അപേക്ഷകർക്കും പുതിയ പട്ടയങ്ങൾ നൽകണം.

  പുതിയ പട്ടയത്തിനു ദേവികുളം തഹസിൽദാർക്കാണ് അപേക്ഷ നൽകേണ്ടത്.
  Published by:Chandrakanth viswanath
  First published: