ഇന്റർഫേസ് /വാർത്ത /Explained / Explained: ടോക്യോ ഒളിമ്പിക്സിൽ അത്‌ലറ്റുകൾ കോവിഡ് പോസിറ്റീവ് ആയാൽ എന്തു സംഭവിക്കും?

Explained: ടോക്യോ ഒളിമ്പിക്സിൽ അത്‌ലറ്റുകൾ കോവിഡ് പോസിറ്റീവ് ആയാൽ എന്തു സംഭവിക്കും?

Tokyo Olympics

Tokyo Olympics

ജൂലൈ 23 ന് ഗെയിംസ് ആരംഭിച്ചുകഴിഞ്ഞാൽ അത്‌ലറ്റുകൾ കോവിഡ് -19 പോസിറ്റീവ് ആയെന്ന് സ്ഥിതീകരിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് സ്പോർട്സ്-സ്പെസിഫിക് റെഗുലേഷൻസ് വ്യക്തമാക്കുന്നുണ്ട്.

  • Share this:

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ‌ഒ‌സി), ഈ ആഴ്ചയുടെ തുടക്കത്തിൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് സ്പോർട്സ്-സ്പെസിഫിക് റെഗുലേഷൻസ് (എസ്എസ്ആർ) എന്ന പേരിൽ പുതിയ നിയമാവലികൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതനുസരിച്ച് ജൂലൈ 23 ന് ഗെയിംസ് ആരംഭിച്ചുകഴിഞ്ഞാൽ അത്‌ലറ്റുകൾ കോവിഡ് -19 പോസിറ്റീവ് ആയെന്ന് സ്ഥിതീകരിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് വ്യക്തമാക്കുന്നുണ്ട്.

എന്നിരുന്നാലും ചില ചോദ്യങ്ങൾക്ക് ഈ നിയമാവലി ഉത്തരം നൽകുന്നില്ല. ഉദാഹരണത്തിന്, ഫൈനൽ ദിവസം പിന്മാറാൻ നിർബന്ധിതരായാൽ ഒരു ഹോക്കി ടീമിന് വെള്ളി മെഡൽ ലഭിക്കുമോ? ഒരു ദിവസം മാത്രം നടക്കുന്ന മത്സരങ്ങളെ കുറിച്ചും അതുപോലെ ഒന്നിലധികം ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങളെ കുറിച്ചുമുള്ള കാര്യങ്ങള്‍ എസ് എസ് ആർ വ്യക്തമാക്കുന്നില്ല. പൊതുവായി പറഞ്ഞാൽ കൊറോണവൈറസ് ബാധിച്ച് കോവിഡ് 19 പോസിറ്റീവ് ആകുന്ന കാരണം മത്സരത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതരായാൽ ആ അത്‌ലറ്റിനെയോ അല്ലെങ്കിൽ ആ ടീമിനെയോ 'അയോഗ്യരായി' കണക്കാക്കില്ല. പകരം 'മല്‍സരം ആരംഭിച്ചില്ല (ഡിഡ് നോട്ട് സ്റ്റാര്‍ട്ട്- ഡിഎൻഎസ്)' എന്നായിരിക്കും കണക്കാക്കുക. എല്ലാ അത്ലറ്റുകളേയും ദിവസവും കോവിഡ്-19 ടെസ്റ്റുകൾക്ക് വിധേയമാക്കുന്നതാണ്. അതിനാൽ ഷൂട്ടിംഗ്, മാരത്തണുകൾ, ഭാരോദ്വഹനം തുടങ്ങിയ ഏകദിന ഇവന്റുകൾക്ക്, ഒരു അത്‌ലറ്റിന് ഭാഗ്യത്തെക്കാളുപരി അന്നു രാവിലെ നടക്കുന്ന ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആകണം എന്നുള്ളതാണ് പ്രധാനം.

കാര്യങ്ങള്‍ അങ്ങനെയാണെങ്കിലും, ഒന്നിലധികം ദിവസങ്ങളില്‍ നടക്കുന്ന മിക്ക കായിക ഇനങ്ങളിലും, ഒരു കളിക്കാരനോ ടീമോ പോസിറ്റീവായാല്‍ അവരെ മാറ്റി വേറൊരാളെ പങ്കെടുപ്പിക്കാനാകും. ഹോക്കി, റഗ്ബി 7s, ഹാൻഡ്‌ബോൾ എന്നിവയിൽ, ആദ്യ റൗണ്ട് നോക്കൗട്ട് മത്സരങ്ങൾക്ക് ശേഷം ഒരു ടീം പോസിറ്റീവ് ആകുകയാണെങ്കിൽ, അവരെ മത്സരത്തിൽ നിന്ന് പിൻവലിക്കുകയും അവർ തോൽപ്പിച്ച ടീമിന് രണ്ടാം റൗണ്ടിലെ തുടർന്നുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നതാണ്. വ്യക്തിഗത ഇവന്റുകളിൽ, ഉദാഹരണത്തിന് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളില്‍, ഒരു അത്‌ലറ്റ് ഫൈനലിലാണെങ്കിലും കോവിഡ് -19 ന് പോസിറ്റീവ് ആണെന്ന് തെളിയുകയാണെങ്കിൽ, ആ വ്യക്തിയെ മാറ്റി ഹീറ്റ്സില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച രണ്ടാമത്തെ വ്യക്തിയെ തെരഞ്ഞെടുക്കുന്നതാണ്.

ഉദാഹരണത്തിന്, 100 മീറ്ററിലെ അവസാന ടെസ്റ്റുകളിലെ എട്ട് സ്പ്രിന്ററുകളിൽ ഒരാള്‍ ഓട്ടമത്സരത്തിൽ പോസിറ്റീവ് ആണെന്ന് തെളിയുകയാണെങ്കിൽ, സെമിഫൈനലിൽ ഒമ്പതാം സ്ഥാനം നേടിയ വ്യക്തി പോസിറ്റീവായ വ്യക്തിയുടെ സ്ഥാനം ഏറ്റെടുക്കുന്നു. ടെന്നീസ്, ബാഡ്മിന്റൺ, ബോക്സിംഗ് എന്നിവ പോലുള്ള ചില മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന ഒരു കളിക്കാരൻ പോസിറ്റീവ് ആണെന്ന് തെളിയുകയാണെങ്കിൽ, എതിരാളിക്ക് ഒരു 'ബൈ' ലഭിക്കുന്നതാണ്, അതിനുപകരം ആൾക്കാരെ മാറ്റാൻ അനുവദിക്കുന്നതല്ല. ഫൈനലിലും ഇത് സംഭവിക്കുകയാണെങ്കിൽ,കോവിഡ് പോസിറ്റീവായ വ്യക്തിക്ക് വെള്ളിമെഡലും എതിരാളിക്ക് സ്വർണവും കിട്ടുന്നതാണ്.

രോഗികളുമായി സമ്പർക്കത്തിൽവന്നാൽഎന്ത് സംഭവിക്കും?

ബോക്സിംഗ് പോലെ എതിരാളിയുമായി സ്പർശിക്കുന്ന തരത്തിലുള്ള മത്സരങ്ങളെ മറ്റ് കായിക ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുസ്തിക്ക് വ്യത്യസ്തമായ ഒരു നിയമം ആണുള്ളത്. ഉദാഹരണത്തിന്, ഒരു ഗുസ്തി മത്സരത്തിന്റെ ഫൈനല്‍ മത്സരത്തിൽ പങ്കെടുക്കേണ്ട വ്യക്തി പോസിറ്റീവായി തെളിയുകയാണെങ്കിൽ, ആ കായികതാരത്തെ പിൻവലിക്കുകയും സെമി ഫൈനലിൽ അയാൾ അല്ലെങ്കിൽ അവൾ തോൽപ്പിച്ച വ്യക്തി ആ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്യും. ഒരു ദിവസം മുമ്പ് പോസിറ്റീവ് പ്ലെയറുമായി മല്‍സരിച്ചാലും ആ പകരക്കാരനെ 'ക്ലോസ് കോൺടാക്ട് ആയി' കണക്കാക്കില്ല. ഫൈനൽ നടക്കുന്ന ദിവസം കൊറോണ ടെസ്റ്റ് നടത്തി അതിൽ നെഗറ്റീവ് ആവുക എന്നതാണ് പകരക്കാരന്‍ ചെയ്യേണ്ടത്.

വ്യത്യസ്ത വിഭാഗങ്ങൾക്ക് വ്യത്യസ്ത രീതിയിലുള്ള നിയന്ത്രണങ്ങളുണ്ടോ?

ഹാൻഡ്‌ബോളിന്റെ എസ്‌എസ്‌ആറിൽ, “ഫൈനലിന് യോഗ്യത നേടിയ ഒരു ടീമിന് തുടര്‍ന്ന് പങ്കെടുക്കാൻ കഴിയുന്നില്ലെങ്കിൽ, കോവിഡ് -19 പോസിറ്റാവായ ടീം തോല്പിച്ച ടീമിനെ സ്വര്‍ണ്ണ മെഡലിനായി മത്സരിക്കുന്നതിന് ഫൈനലിലേക്ക് സ്ഥാനക്കയറ്റം നൽകും. ഈ കേസിൽ വെങ്കല മെഡലിനായുള്ള മത്സരം നടക്കില്ല.”

ഹോക്കിയിലേയും എസ്എസ്ആർ സമാനമാണ്. എന്നാൽ ഫൈനലിൽ മത്സരിക്കാൻ കഴിയാത്ത ടീമിന് ഒരു മെഡൽ ലഭിക്കുമോയെന്ന കാര്യം എസ്എസ്ആറില്‍ പരാമർശിക്കുന്നില്ല. ഗുസ്തിയിലും, ഫൈനലിന് മുമ്പ് പോസിറ്റീവാകുന്ന ഒരു കളിക്കാരനെ മാറ്റാനാകുമെന്ന് എസ്എസ്ആറില്‍ പരാമർശിക്കുന്നു, എന്നാൽ ഫൈനലിൽ എത്തിയിട്ടും പോസിറ്റീവായതുകൊണ്ട് മാത്രം പുറത്തു പോകേണ്ടി വരുന്ന ആ കളിക്കാരന് ഒരു മെഡൽ ലഭിക്കുമോ എന്ന് പരാമർശിക്കുന്നില്ല.

ഫുട്ബോളിന്റെ കാര്യത്തിൽ, എസ്എസ്ആർ അവ്യക്തമാണ്, കാരണം “ഫിഫ ഇക്കാര്യത്തില്‍ സ്വന്തം വിവേചനാധികാരമുപയോഗിച്ച് തീരുമാനിക്കുകയും ഉചിതമെന്നു തോന്നുന്ന ഏതു നടപടിയും സ്വീകരിക്കുകയും ചെയ്യും എന്നാണ് എസ്എസ്ആർ പറയുന്നത്.

ഇന്ത്യക്കാരുടെ മെഡൽ പ്രതീക്ഷകൾ എപ്രകാരമാണ് ?

ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ, ജാവലിൻ ത്രോയില്‍ പങ്കെടുകുന്ന നീരജ് ചോപ്ര ഇന്ത്യയുടെ ഒരു മെഡൽ പ്രതീക്ഷയാണ്, അവസാന ദിവസം കോവിഡ് പോസിറ്റീവ് ആയാൽ ആ അത്ലറ്റിന് പകരക്കാരനായി മുൻ റൗണ്ടിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ച വ്യക്തിയെ ആയിരിക്കും തെരഞ്ഞെടുക്കുന്നത്. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ, വെവ്വേറെ ദിവസങ്ങളിലാണ്‌ യോഗ്യതാ റൗണ്ടുകൾ അല്ലെങ്കിൽ ഹീറ്റ്സ്കളും ഫൈനലുകളും നടക്കുന്നത്.

ടേബിൾ ടെന്നീസ്, ആർച്ചറി, ഹോക്കി തുടങ്ങിയ കായിക ഇനങ്ങളിൽ, ഒരു ടീം / വ്യക്തി കോവിഡ് പോസിറ്റീവ് ആയാൽ മുൻ റൗണ്ടിൽ അവർ തോൽപ്പിച്ച എതിരാളികള്‍ അവര്‍ക്ക് പകരക്കാരായിറങ്ങും.

വെയ്റ്റ് ലിഫ്റ്റിംഗില്‍, മിറാബായ് ചാനു ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്. ചാനുവിന്റെ മത്സരം ഒരു ദിവസം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതിനാൽ ആ ദിവസം താന്‍ നെഗറ്റീവ് ആയിരിക്കുമെന്ന് താരം ഉറപ്പാക്കേണ്ടതുണ്ട് .

ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയവർ മത്സരിക്കുന്ന ഗുസ്തിയിൽ, ഒരു കായികതാരം കോവിഡ് പോസിറ്റീവ് ആയാൽ എതിരാളിക്ക് ഒരു 'ബൈ' ലഭിക്കുന്നതാണ്‌. ഫൈനലിലെത്തിയ ശേഷം അവരുമായി മത്സരിക്കേണ്ട എതിരാളി പോസിറ്റീവ് ആണെങ്കിൽ, സെമി ഫൈനലിൽ അവർ തോല്പിച്ച വ്യക്തിയെ അവര്‍ക്കു പകരമായി കളത്തിലിറക്കുന്നതാണ്.

അതേസമയം ബോക്സിംഗ്, ബാഡ്മിന്റൺ, ഷൂട്ടിംഗ് എന്നിവയിൽ പകരക്കാരെ അനുവദിക്കുന്നതല്ല. എന്നിരുന്നാലും, ഒരു മിക്സഡ് ഷൂട്ടിംഗ് ഇവന്റിന് മുമ്പ് ഒരു കളിക്കാരൻ പോസിറ്റീവ് ആവുകയാണെങ്കിൽ, ഗെയിംസിൽ ഇതിനകം തന്നെ നല്‍കിയിട്ടുള്ള ലിസ്റ്റില്‍ നിന്നും നിലവിലുള്ള അതേ വിഭാഗത്തിൽ (പിസ്റ്റൾ / റൈഫിൾ / ഷോട്ട്ഗൺ) ആ രാജ്യത്ത് നിന്നുള്ള മറ്റേതൊരു ഷൂട്ടർക്കും പകരക്കാരനായി മത്സരിക്കാൻ സാധിക്കുന്നതാണ്.

അത്ലറ്റുകൾ കോവിഡ് ടെസ്റ്റുകള്‍ സ്വന്തം നിലയിൽ നടത്തേണ്ടതുണ്ടോ?

ഓരോ സംഘത്തിനും ഒരു നിയുക്ത 'കോവിഡ് ലൈസണ്‍ ഓഫീസർ' (സി‌ എൽ‌ ഒ) ഉണ്ട്. ആ രാജ്യത്ത് നിന്നുള്ള ഓരോ വ്യക്തിയുടെയും സാമ്പിളുകൾ കൃത്യസമയത്ത് ശേഖരിക്കുകയും ടെസ്റ്റിനായി നല്‍കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് അവരുടെ ചുമതല. സീനിയർ ബ്യൂറോക്രാറ്റായ പ്രേം ചന്ദ് വർമ്മയാണ് ഇന്ത്യൻ ടീമിന്റെ സി‌ എൽ‌ ഒ ആയി നിയമിതനായിട്ടുള്ളത്.

First published:

Tags: Covid 19, Tokyo Olympics 2020