നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Bulli Bai | എന്താണ് ബുള്ളി ബായ്? ഇത് ക്രിമിനൽ കുറ്റമാണെന്ന് മനസ്സിലാക്കാത്തവർ അറിയേണ്ട കാര്യങ്ങൾ

    Bulli Bai | എന്താണ് ബുള്ളി ബായ്? ഇത് ക്രിമിനൽ കുറ്റമാണെന്ന് മനസ്സിലാക്കാത്തവർ അറിയേണ്ട കാര്യങ്ങൾ

    ബുള്ളി ബായ് ആപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധങ്ങൾ ഉയരുമ്പോഴും എന്താണ് 'ബുള്ളി ബായ്' എന്നോ എന്തുകൊണ്ടാണ് ഇത് വാർത്തയാകുന്നതെന്നോ ഇതുവരെ മനസ്സിലാക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്.

    • Share this:
      ബുള്ളി ബായ് ആപ്പിനെതിരെ (Bulli Bai App) സോഷ്യൽ മീഡിയയിൽ (Social Media) വൻ പ്രതിഷേധങ്ങൾ ഉയരുമ്പോഴും എന്താണ് 'ബുള്ളി ബായ്' എന്നോ എന്തുകൊണ്ടാണ് ഇത് വാർത്തയാകുന്നതെന്നോ ഇതുവരെ മനസ്സിലാക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. അവർക്ക് ഇതിനെ പിന്നിലെ കുറ്റകൃത്യം എന്താണെന്നും ഇതുവരെ മനസ്സിലാക്കാൻ കഴിയുന്നില്ല.

      യഥാർത്ഥത്തിൽ ബുള്ളി ബായ് ആപ്പ് വെറും വിനോദത്തിന് വേണ്ടി ഉണ്ടാക്കിയതാകാമെന്നും യഥാർത്ഥത്തിൽ 'ലേല'ത്തിന് ലിസ്റ്റുചെയ്തിരിക്കുന്ന സ്ത്രീകൾക്ക് ഇത് ഒരു പ്രശ്‌നവും സൃഷ്ടിച്ചിട്ടില്ലെന്നും ചിലർ ട്വിറ്ററിൽ (Twitter) ന്യായീകരിക്കുന്നുണ്ട്. എന്നാൽ ഇത് വളരെ ദയനീയമാണ്. കാരണം ഇത്തരത്തിലുള്ള ന്യായീകരണങ്ങൾ വഴി സമൂഹത്തിന് എന്താണ് തെറ്റെന്നും എന്താണ് തിരുത്തേണ്ടതെന്നും പോലും മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതിയാണ്.

      നമ്മുടെ സമൂഹത്തിലെ ചില വിഭാഗങ്ങൾക്ക് ഓൺലൈൻ പീഡനങ്ങളെക്കുറിച്ചുള്ള അവബോധം വളരെ കുറവാണെന്ന് തെളിയിക്കുന്നതാണ് ഇത്തരത്തിലുള്ള ന്യായീകരണങ്ങൾ. അവരെ സംബന്ധിച്ചിടത്തോളം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടുതലും ബലാത്സംഗത്തെയും ശാരീരിക പീഡനത്തെയും ചുറ്റിപ്പറ്റിയുള്ളതാണ്. ഓൺലൈൻ ട്രോളിംഗ്, ഫോട്ടോകൾ മോർഫ് ചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം ഇത്തരക്കാർ 'വെറും തമാശകൾ' മാത്രമായി കണക്കാക്കുന്നു. ഇത് തന്നെയാണ് സുള്ളി അല്ലെങ്കിൽ ബുള്ളി 'ലേലം' പോലുള്ള സംഘടിത കുറ്റകൃത്യങ്ങളെ ന്യായീകരിക്കുന്നതിലേക്ക് നയിക്കുന്നത്.

      ബുള്ളി ബായിയെ തകർക്കാം: യഥാർത്ഥത്തിൽ തെറ്റ് എന്താണ്?

      ബുള്ളി ബായിക്ക് എന്താണ് കുഴപ്പമെന്നും എന്തുകൊണ്ടാണ് അത് തെറ്റെന്നും മനസിലാക്കാൻ ഇനി പറയുന്ന സാഹചര്യം ഒന്ന് സങ്കൽപ്പിക്കുക: നിങ്ങൾ ഫേസ്ബുക്കിൽ ബ്രൗസ് ചെയ്യുമ്പോൾ, നിങ്ങളുടെ സഹോദരിയുടെയോ കസിൻ്റെയോ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ മറ്റേതെങ്കിലും സ്ത്രീകളുടെയോ ഫോട്ടോയും ആ വ്യക്തിയുടെ യഥാർത്ഥ ഫോൺ നമ്പറോ ട്വിറ്റർ ഐഡിയോ നൽകി അധിക്ഷേപകരമായി അടിക്കുറിപ്പ് നൽകിയാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?

      അല്ലെങ്കിൽ നിങ്ങളുടെ ഭാര്യയുടെ ഫോട്ടോയും ഇൻസ്റ്റാഗ്രാം ഐഡിയും ഫോൺ നമ്പറും അടങ്ങുന്ന ടിൻഡർ പേജിന്റെ സ്‌ക്രീൻഷോട്ട് ആരെങ്കിലും നിങ്ങൾക്ക് അയയ്‌ക്കുന്ന മറ്റൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുക

      നിങ്ങൾക്ക് ഇത് എങ്ങനെ അനുഭവപ്പെടും? നിങ്ങളുടെ സഹോദരിയുടെയോ ഭാര്യയുടെയോ ഫോട്ടോ ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും വൈറലാകുകയും ആളുകൾ മോശമായ കമന്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്താൽ അത് സഹിക്കാനാകുമോ? 'വെറും തമാശയ്ക്ക്' ചെയ്തതാകും എന്നാകുമോ നിങ്ങൾ ചിന്തിക്കുക.

      ഈ രണ്ട് സാഹചര്യങ്ങളിലും സ്ത്രീകൾക്ക് അവരുടെ ഫോട്ടോകൾ എങ്ങനെ വൈറലായി എന്നതിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടുണ്ടാകില്ല. ചില തട്ടിപ്പുകാർ ലിങ്ക്ഡ്ഇൻ, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകളിൽ നിന്ന് ചിത്രങ്ങൾ മോഷ്ടിക്കുകയും 'തമാശയ്ക്കായി' വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കുകയും ചെയ്തതാകാം.

      സമാനമായ കാര്യമാണ് ബുള്ളി ബായി ആപ്പിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. മുസ്ലീം സമുദായത്തിൽപ്പെട്ട സമൂഹത്തിൽ ഉന്നത നിലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ലിങ്ക്ഡ്ഇൻ, ട്വിറ്റർ തുടങ്ങിയ സൈറ്റുകളിൽ നിന്ന് വൈകൃത മനോഭാവമുള്ള ഒരു കൂട്ടം ആളുകൾ ഫോട്ടോകൾ മോഷ്ടിക്കുകയും GitHubൽ ബുള്ളി ബായ് എന്ന ആപ്പ് ഉണ്ടാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഈ ആപ്പിലൂടെ "നിങ്ങളുടെ ബുള്ളി ബായ് ഓഫ് ദി ഡേ" (“Your Bulli Bai of the Day”) എന്ന അടിക്കുറിപ്പോടെയാണ് സ്ത്രീകളുടെ ഫോട്ടോകൾ പ്രദർശിപ്പിച്ചിരിക്കുന്നത്.

      ബുള്ളി എന്ന വാക്ക് ആറുമാസം മുമ്പ് ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ട സുള്ളി ഡീൽസിന്റെ മറ്റൊരു രൂപമാണെന്നാണ് വിവരം. മുസ്ലീം സ്ത്രീകളെ അധിക്ഷേപിച്ച് ഉപയോഗിക്കുന്ന ഒരു പദമാണ് ‘സുള്ളി’.

      ബുള്ളി ബായ് ആപ്പ് വളരെ ചെറിയ ഒരു കൂട്ടം ഓൺലൈൻ ഉപയോക്താക്കൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂവെങ്കിലും ഇത് ഓൺലൈനിൽ ഉപദ്രവകാരിയായി മാറിയത് ട്വിറ്റർ ഉപയോക്താക്കളിൽ ഒരു വിഭാഗം ബുള്ളി ബായ് ആപ്പിൽ കാണുന്ന സ്ത്രീകളുടെ ട്വിറ്റർ ഹാൻഡിൽ ടാഗ് ചെയ്യാൻ തുടങ്ങിയതോടെയാണ്. താമസിയാതെ, ആപ്പ് വൈറലായി മാറി. പലരും ഈ സ്ത്രീകളെ ഓൺലൈനിൽ ട്രോളാനും കളിയാക്കാനും തുടങ്ങി. ഇത് 2022ന്റെ തുടക്കത്തിൽ തന്നെ ഇവരെ അനാവശ്യമായ മാനസിക പീഡനത്തിരയാക്കുന്നതിലേയ്ക്ക് നയിച്ചു.

      ബുള്ളി ബായ് നിർമ്മാതാക്കൾ നിയമപരമായി കുറ്റക്കാരാകുന്നത് എങ്ങനെ?

      ഇന്ത്യൻ പീനൽ കോഡ് ഓൺലൈൻ പീഡനങ്ങൾക്ക് നേരിട്ട് ശിക്ഷ നിർവചിക്കുന്നില്ലെന്ന് നിങ്ങൾക്ക് വാദിക്കാമെങ്കിലും 2013ലെ ഐടി ആക്ടും ക്രിമിനൽ (ഭേദഗതി) നിയമവും അനുസരിച്ച് ബുള്ളി ബായ് ആപ്പ് സൃഷ്‌ടിച്ചവർ കുറ്റവാളികളാണെന്ന് തെളിയിക്കുന്നതിനുള്ള മതിയായ വ്യവസ്ഥകൾ ഉണ്ട്. ഒരാളുടെ സമ്മതമില്ലാതെ അയാളുടെ ഫോട്ടോകൾ മോഷ്ടിക്കുന്നത് ഐപിസി സെക്ഷൻ 354 സി, 354 ഡി പ്രകാരം കുറ്റകരമാണ്.

      Elon Musk | ബ്രെയിൻ ചിപ്പ് മുതൽ DOGE-1 സാറ്റലൈറ്റ് വരെ; 2022ൽ എലോൺ മസ്‌കിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം?

      ബുള്ളി ബായ് കാമ്പെയ്‌നിന്റെ ഭാഗമായി ഒരു സ്ത്രീയെ അപകീർത്തിപ്പെടുത്തുന്നതും അപമാനിക്കുന്ന തരത്തിലുമുള്ള വിദ്വേഷ പ്രസംഗങ്ങളും അഭിപ്രായങ്ങളും ശിക്ഷാർഹമാണ്. കുറ്റവാളികൾക്കെതിരെ കേസെടുക്കാൻ ഐപിസി 499, 503, 506, 507, 509 തുടങ്ങിയ വകുപ്പുകളും ഉപയോഗിക്കാം.

      കൂടാതെ, ഐടി ആക്ട് സെക്ഷൻ 66C, 66E, 67, 67A എന്നിവയ്ക്ക് കീഴിൽ, സർക്കാരിന് സുള്ളി, ബുള്ളി എന്നീ പ്ലാറ്റ്‌ഫോമുകളുടെ സ്രഷ്‌ടാക്കളെ ജയിലിൽ അടയ്ക്കാം.

      Also read- PM Modi | വെടിയുണ്ട ഏൽക്കില്ല; പ്രധാനമന്ത്രിയുടെ പുതിയ കാറിന്റെ വില അറിയാമോ?

      അതിനാൽ മാധ്യമങ്ങൾ ബുള്ളി ബായ് വിവാദത്തെ ചർച്ചയാക്കുന്നുവെന്നും ബുള്ളി ബായ് ആപ്പിന്റെ സ്രഷ്‌ടാക്കൾ വലിയ കുറ്റമല്ല ചെയ്തതെന്നും അവരെ അനാവശ്യമായി ഉന്നം വയ്ക്കുകയാണെന്നും നിങ്ങൾക്ക് എന്തെങ്കിലും ധാരണയുണ്ടെങ്കിൽ അത് പുന:പരിശോധിക്കേണ്ട സമയമാണിത്. നൂറോളം സ്ത്രീകളെ മാനസികമായി പീഡിപ്പിക്കാനും അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള സംഘടിത ശ്രമമാണിതെന്ന് നിങ്ങളുടെ കണ്ണുകൾ തുറന്ന് നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും.

      PAN Card | സ്മാർട്ട്‌ഫോണിലെ ക്യാമറ ഉപയോഗിച്ച് എങ്ങനെ ഒരു വ്യാജ പാൻ കാർഡ് തിരിച്ചറിയാം?
      Published by:Jayashankar AV
      First published: