ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യമായി വേണ്ട ഒന്നാണ് ആധാർ കാർഡുകൾ. ആധാറിൽ 12 അക്ക ഐഡന്റിറ്റി നമ്പർ അടങ്ങിയിട്ടുണ്ട്. ഇത് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് നൽകുന്നത്.
അഞ്ച് വയസ് വരെയുള്ള കുട്ടികൾക്കുള്ള തിരിച്ചൽ രേഖയാണ് നീല ആധാർ. സാധാരണ വെള്ള ആധാർ കാർഡിൽ നിന്ന് വ്യത്യസ്തമായി നീല നിറത്തിലുള്ള ‘ബാൽ ആധാർ’ കാർഡ് ആണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. കുട്ടിക്ക് 5 വയസ്സ് തികയുമ്പോൾ 12 അക്ക തിരിച്ചറിയൽ നമ്പർ അടങ്ങിയ ഈ നീല ആധാർ കാർഡ് അസാധുവാകും.
മാതാപിതാക്കൾക്ക് നവജാതശിശുവിന് വേണ്ടി ബാൽ ആധാർ കാർഡിനായി അപേക്ഷിക്കാം. മുതിർന്നവർക്കുള്ള ആധാർ കാർഡ് സാധാരണ വെള്ള നിറത്തിലാണെങ്കിൽ ബാൽ ആധാർ കാർഡിന്റെ നിറം നീലയാണ്. അതുകൊണ്ട് തന്നെ നീല ആധാർ കാർഡ് എന്ന പേരിലാണ് ബാൽ ആധാർ കാർഡ് അറിയപ്പെടുന്നത്.
Also Read-
e-sevanam m-sevanam| 'ഇ-സേവനം; എം സേവനം': സംസ്ഥാന സർക്കാരിന്റെ അഞ്ഞൂറോളം സേവനങ്ങളിലേക്ക് ഒറ്റയടിക്ക്
ഒരു സാധാരണ ആധാർ കാർഡിന് അപേക്ഷിക്കുമ്പോൾ പിന്തുടരേണ്ട നടപടിക്രമങ്ങൾ ബാൽ ആധാർ കാർഡിനും ബാധകമാണ്. രക്ഷിതാവ് കുട്ടിയുടെ രജിസ്ട്രേഷനായി ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഇതിനുശേഷം, പ്രൂഫ് ഓഫ് ഐഡന്റിറ്റി, വിലാസത്തിന്റെ തെളിവ്, ബന്ധത്തിന്റെ തെളിവ്, കുട്ടിയുടെ ജനനത്തീയതി തുടങ്ങിയ രേഖകൾ നൽകണം.
എന്നാൽ മുതിർന്നവർക്കുള്ള സാധാരണ ആധാർ കാർഡുകൾകളെപോലെ വിരലടയാളം, കണ്ണിന്റെ ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ബാൽ ആധാർ കാർഡിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
കുട്ടിക്ക് അഞ്ചു വയസ് കഴിയുന്നതോടെ ബാല്‍ ആധാര്‍ അസാധുവാകും. ബയോമെട്രിക്, ഐറിസ്, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ നല്കി പിന്നീട് കാര്‍ഡ് പുതുക്കണം. 15-ാം വയസിലും നിര്‍ബന്ധിതമായി കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കണം. ഈ പുതുക്കലുകൾക്ക് പണം ഈടാക്കില്ല.
ബാൽ ആധാർ കാർഡിനുള്ള അപേക്ഷയിൽ മുകളില്‍ പറഞ്ഞ രേഖകള്‍ അല്ലാതെ കുട്ടികളുടെ സ്കൂള്‍ ഐഡി കാര്‍ഡുകളും രക്ഷിതാക്കൾക്ക് ഉപയോഗിക്കാവുന്നതാണ്. മാതാപിതാക്കളില്‍ ആരുടെയങ്കിലും ഒരാളുടെ നമ്പറാകും ബാല്‍ ആധാറിനായി ഉപയോഗിക്കുക. ഈ നമ്പറിലേക്കാകും വേരിഫിക്കേഷനടക്കമുള്ള മെസേജുകള്‍ വരിക. മെസേജ് വന്ന് 60 ദിവസത്തിനുള്ളില്‍ ബാല്‍ ആധാര്‍ ലഭിക്കും
നിങ്ങളുടെ കുട്ടിയ്ക്ക് നീല ആധാർ കാർഡിനായി അപേക്ഷിക്കേണ്ട വിധം:
ഘട്ടം 1: നിങ്ങളുടെ കുട്ടിയുമായി എൻറോൾമെന്റ് സെന്ററിലേക്ക് പോകുക. മുകളിൽ സൂചിപ്പിച്ച, ആവശ്യമായ രേഖകളെല്ലാം കൈവശം വയ്ക്കാൻ മറക്കരുത്. ശേഷം അവടെ നിന്നു ലഭിക്കുന്ന എൻറോൾമെന്റ് ഫോം പൂരിപ്പിക്കുക.
ഘട്ടം 2: മാതാപിതാക്കളിൽ ഒരാളുടെ ആധാർ കാർഡ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.
ഘട്ടം 3: നീല ആധാർ ഇഷ്യൂ ചെയ്യാനായി മാതാപിതാക്കളിൽ ഒരാളുടെ മൊബൈൽ നമ്പർ നൽകണം.
ഘട്ടം 4: മറ്റു ബയോമെട്രിക് വിവരങ്ങൾ ആവശ്യമില്ലാത്തതിനാൽ, കുട്ടിയുടെ ഫോട്ടോ മാത്രം അവിടെ വെച്ച് എടുക്കും.
ഘട്ടം 5: രേഖകളുടെ പരിശോധന പൂർത്തിയായാൽ അത് സംബന്ധിച്ച മെസേജ് നിങ്ങളുടെ ഫോൺ നമ്പറിൽ ലഭിക്കും.
വേരിഫിക്കേഷൻ പൂർത്തിയാക്കി 60 ദിവസത്തിനുള്ളിൽ നിങ്ങളുടെ കുട്ടിക്ക് നീല ആധാർ കാർഡ് ലഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.