നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • സർക്കാരിനെതിരേ 'ഈങ്ക്വിലാബ്'; ക്യൂബയിൽ എന്തു സംഭവിക്കും ?

  സർക്കാരിനെതിരേ 'ഈങ്ക്വിലാബ്'; ക്യൂബയിൽ എന്തു സംഭവിക്കും ?

  കമ്യൂണിസ്റ്റ് ക്യൂബയുടെ ഹൃദയമാണ് ഇപ്പോൾ കലങ്ങിമറിയുന്നത്. 1959 ജൂലൈ 26ന് ഫിഡൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ അധികാരം പിടിച്ചിട്ട് 62 വർഷമായി. ഇതിനിടെ ആദ്യമായാണ് ഇത്രവലിയ പ്രതിഷേധം. അട്ടിമറി ഒഴിവാക്കാൻ കിണഞ്ഞു ശ്രമിക്കുകയാണു കമ്മ്യൂണിസ്റ്റ് സർക്കാർ.

  Credits: Google

  Credits: Google

  • Share this:
   സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരുകയാണ് ക്യൂബയുടെ തെരുവുകളിൽ. അമേരിക്ക ആസൂത്രണം ചെയ്യുന്ന പ്രതിഷേധങ്ങൾ എന്നാണ് പ്രസിഡന്റ് മിഗേൽ ഡിയസ് കനാൽ പറയുന്നത്. പുറത്ത് ഏതൊക്കെ വിധത്തിൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയാലും ക്യൂബൻ ജനതയെ ഇളക്കിവിടാൻ എങ്ങനെയാണ് അമേരിക്കയ്ക്കു കഴിയുന്നത്? 62 വർഷത്തിനിടെ ഉണ്ടായിട്ടില്ലാത്തത്ര ശക്തമായ പ്രതിഷേധം ഇപ്പോൾ ഉയരുന്നത് എന്തുകൊണ്ടാണ്?

   ഫിഡൽ കാസ്‌ട്രോയുടേയും റൗൾ കാസ്‌ട്രോയുടേയും കാലത്ത് ക്യൂബയിൽ മറുവാക്ക് ഉണ്ടായിരുന്നില്ല. എന്നാൽ റൗളിൽ നിന്ന് മിഗേൽ ഡിയസ് കനാലിലേക്ക് പതാക എത്തിയതോടെ കാര്യങ്ങൾ മാറി. ആൾമാറ്റംകൊണ്ടുണ്ടായ വിശ്വാസ്യതാ തകർച്ചയൊന്നുമല്ല ശരിക്കും ക്യൂബയിലെ പ്രശ്‌നം. അവിടെ ചോദ്യം ചെയ്യപ്പെടുന്നത് അടിസ്ഥാന കമ്മ്യൂണിസ്റ്റ് നയം തന്നെയാണ്. കമാൻഡ് ഇക്കോണമി എന്ന സർക്കാർ നിയന്ത്രിത സാമ്പത്തിക ക്രമമാണ് സംശയത്തിലായത്. ശരിക്കും കമ്യൂണിസ്റ്റ് നയം തന്നെയാണ് ഇപ്പോൾ പ്രശ്‌നം.

   ക്യൂബയുടെ കമാൻഡ് ഇക്കോണമി

   ക്യൂബയുടേത് ഒരു സവിശേഷമായ കമ്യൂണിസ്റ്റ് സാമ്പത്തിക ക്രമമാണ്. കമാൻഡ് ഇക്കോണമിയെ കേന്ദ്ര നിയന്ത്രിത സാമ്പത്തിക ക്രമം എന്നും വിളിക്കാം. ഉൽപന്നങ്ങളുടെ വിലയും വിപണിയും എല്ലാം തീരുമാനിക്കുന്നത് സർക്കാർ ആണ്. അരിക്ക് ഇത്ര രൂപ, ഗോതമ്പിന് ഇത്ര രൂപ എന്നിങ്ങനെ. വിപ്ലവം നടത്തി ഫിഡൽ അധികാരം പിടിക്കും മുൻപ് ക്യൂബയിൽ ഭൂമി ഏതാനും ജന്മിമാരുടെ അധീനതയിൽ ആയിരുന്നു. വിപ്ലവാനന്തരം ഭൂമി സർക്കാർ ഏറ്റെടുത്തു. സർക്കാർ ഭൂമിയിൽ കൃഷി ചെയ്യും. വിളവ് ഒരു വില നിശ്ചയിച്ച് ജനങ്ങൾക്കു നൽകും.

   ക്യൂബയിൽ അത് ഇത്രകാലം ഒരു പ്രശ്‌നമായിരുന്നില്ല. ജനങ്ങൾക്ക് ന്യായവിലയ്ക്കു തന്നെ ജീവിക്കാനുള്ളതെന്തും കിട്ടും. രാജ്യത്തെ വരിഞ്ഞുമുറുക്കി അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടും ക്യൂബ ഇളകിയില്ല. സ്വന്തമായി വേണ്ടതെല്ലാം ഉത്പാദിപ്പിച്ചുകൊണ്ടിരുന്നു. മരുന്നിനു പോലും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതുകൊണ്ടാണ് ക്യൂബ ആരോഗ്യ ഗവേഷണ രംഗത്ത് ലോകത്തെ തന്നെ മുൻനിരയിൽ എത്തിയത്. മരുന്നെല്ലാം സ്വന്തമായി വികസിപ്പിച്ച് പേറ്റന്റ് നേടി. ജനങ്ങൾക്കു ന്യായവിലയ്ക്ക് അത് എത്തിക്കുകയും ചെയ്തു.

   അമേരിക്കയ്‌ക്കൊപ്പം തന്നെ കോവിഡ് വാക്‌സിൻ സമാന്തരമായി വികസിപ്പിക്കാൻ ക്യൂബയ്ക്കു കഴിഞ്ഞത് ശക്തമായ ഗവേഷണ സംവിധാനം ഉള്ളതിനാലാണ്. ഇങ്ങനെ സുസജ്ജമായ ഒരു രാജ്യത്ത് എന്താണ് പാളിയത്?

   കോവിഡിലെ അസാധാരണ പ്രതിസന്ധി

   കോവിഡ് കാലത്തു രണ്ടു രീതിയിലാണ് ക്യൂബയുടെ സാമ്പത്തിക ക്രമം ഉലഞ്ഞത്. ഒന്നാമത്തേത് എല്ലായിടത്തും എന്നതുപോലെ ക്യൂബയിലും ഉത്പാദനം തടസ്സപ്പെട്ടു.ഭക്ഷ്യോൽപ്പന്നങ്ങൾക്ക് നല്ല ക്ഷാമം ഉണ്ടായി. മാത്രമല്ല കാർഷിക തൊഴിലാളികൾക്കും വ്യവസായത്തൊഴിലാളികൾക്കും പണി ഇല്ലാതാവുകയും ചെയ്തു. ഉൽപന്നവും ഇല്ല, വാങ്ങാൻ പണവും ഇല്ല എന്ന സ്ഥിതി. അമേരിക്കയുടെ ഉപരോധം നിൽനിൽക്കുന്നതിനാൽ വലിയ തോതിലുള്ള ഇറക്കുമതി സാധിക്കില്ല. ഇനി അനുവാദം ലഭിച്ചാൽ തന്നെ അതിനുള്ള നീക്കിയിരിപ്പ് രാജ്യത്തില്ല.

   സാമ്പത്തിക പ്രതിസന്ധിമൂലം ഉൽപന്നങ്ങളുടെ വില കൂട്ടാൻ സർക്കാർ നിർബന്ധിതമായി. ക്ഷാമം പരിഹരിക്കാൻ ഇറക്കുമതി സാധിച്ചും ഇല്ല. രണ്ടും ചേർന്നപ്പോൾ ജനത്തിന് തെരുവിൽ ഇറങ്ങേണ്ട സ്ഥിതി വന്നു. പക്ഷേ, ഇത്ര നിസ്സാരമായി പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയുന്നതല്ല ക്യൂബയുടെ യഥാർത്ഥ പ്രതിസന്ധി. അതു ഘടനാപരമാണ്. എല്ലാം സർക്കാർ നിയന്ത്രിച്ചിരുന്ന ക്യൂബയിൽ സ്വകാര്യവിൽപനയ്ക്ക് അനുമതി നൽകിയത് കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രമാണ്. സ്വന്തമായി കട തുറക്കാനും ഇഷ്ടമുള്ള വിലയ്ക്കു വിൽക്കാനും ആദ്യമായി അനുമതി ലഭിച്ചിട്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളു.

   സബ്‌സിഡികൾ റദ്ദാക്കിയ ക്യൂബ

   ക്യൂബയുടെ സാമ്പത്തിക ക്രമം തന്നെ ചിട്ടപ്പെടുത്തിയിരുന്നത് സബ്‌സിഡികളാണ്. വളത്തിനും വിളവിനും ഒരുപോലെ സബ്‌സിഡി നൽകിയിരുന്നു. നിരവധി വ്യാവസായിക ഉൽപന്നങ്ങൾക്കും സർക്കാർ ഗ്രാൻഡ് നൽകി. ഖജനാവ് കാലിയായതോടെ അതെല്ലാം പിൻവലിച്ചു. മാത്രമല്ല ജനുവരി ഒന്നിന് നാണയത്തിലും കൈവച്ചു സർക്കാർ. ക്യൂബയുടെ പെസോയുടെ മൂല്യം നിശ്ചയിച്ച് കേന്ദ്ര ബാങ്ക് ഉത്തരവിറക്കി. ക്യൂബയിൽ രണ്ടു നാണയ സംവിധാനമാണ് ഉണ്ടായിരുന്നത്. ഒന്ന് ക്യൂബൻ കൺവേർട്ടബിൾ പെസോ എന്ന് അറിയപ്പെട്ടിരുന്ന സിയുസി. രണ്ടാമത്തേത് ക്യൂബൻ പെസോ എന്ന സിയുപി. ഡോളർ ഇടപാടുകൾ എല്ലാം നടന്നിരുന്ന സിയുസി റദ്ദാക്കുകയും സിയുപിക്ക് 24 ഡോളർ എന്ന കൃത്യം തുക നിശ്ചയിക്കുകയും ചെയ്തു. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും ഒക്കെ നിശ്ചിത തുകയിൽ മാത്രമേ സാധിക്കൂ എന്ന നില വന്നു. ഇന്ത്യയിലൊക്കെ ദിവസവും എന്നതുപോലെ മാറുന്ന മൂല്യംകൊണ്ട് ഉണ്ടാകുന്ന ആനുകൂല്യങ്ങൾ ലഭിക്കില്ല എന്ന് അർത്ഥം. ഇത് കയറ്റുമതിയെ തന്നെ ലാഭകരമല്ലാതാക്കി.

   രണ്ടാമത്തെ പ്രശ്‌നം കോവിഡ് കാലത്ത് വിനോദസഞ്ചാരം മുടങ്ങിയതാണ്. ക്യൂബയുടെ മൊത്തം പണം വരവിന്റെ നാലിലൊന്ന് ടൂറിസം വഴി ആയിരുന്നു. അതു നിലച്ചു. കൂടാതെ പഞ്ചസാര കയറ്റുമതി കുത്തനെ കുറയുകയും ചെയ്തു. ഹവാന ചുരുട്ടുകൾ അല്ലാതെ കയറ്റി അയയ്ക്കാൻ മറ്റൊന്നും ഇല്ലാത്ത സ്ഥിതി. പണംവരവു നിലച്ച ക്യൂബയിൽ സർക്കാർ നടത്തിയ നാണയ പരിഷ്‌കാരവും തിരിച്ചടിച്ചു. അക്ഷരാർത്ഥത്തിൽ ജനത്തിന്റെ കയ്യിൽ പണമില്ലാതായി.

   ഫിഡലിൽ നിന്ന് ഡിയസിലേക്ക്

   ഫിഡലിന്റേയും റൗളിന്റേയും ഭരണകാലത്ത് ഉദ്യോഗസ്ഥരും സർക്കാർ നയങ്ങൾക്കു വിരുദ്ധമായി ഒന്നും ചെയ്തില്ല. എന്നാൽ അവരുടെ കാലം കഴിഞ്ഞതോടെ അഴിമതിയും കെടുകാര്യസ്ഥതയും ആരംഭിച്ചു. റൗൾ 2011ൽ തന്നെ അപകടം തിരിച്ചറിഞ്ഞിരുന്നു. ജനതയ്ക്ക് സ്വന്തം നിലയ്ക്ക് കടകൾ തുറക്കാനും കർഷകർക്ക് നേരിട്ട് ജനങ്ങളിലേക്ക് വിൽപന നടത്താനും സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനുള്ള നിയമനിർമാണങ്ങൾ തുടങ്ങിയെങ്കിലും അട്ടിമറിക്കപ്പെട്ടു. 10 വർഷത്തിനു ശേഷവും നടപ്പായില്ല. അതുകൂടിയാണ് ഇപ്പോഴത്തെ പ്രതിസന്ധികളുടെ കാരണം.

   ഇപ്പോഴത്തെ ഭരണാധികാരി മിഗേൽ ഡിയസ് കനാലിന് ഫിഡലിന്റേയോ റൗളിന്റേയോ വിപ്ലവ പാരമ്പര്യമില്ല. ജനതയുമായി വൈകാരികമായ അടുപ്പവും ഇല്ല. ഒരു നേരത്തെ ആഹാരത്തിനു പോലും പൗരന്മാർ ബുദ്ധിമുട്ടുന്ന കാലത്ത് ഡിയസിന്റെ കയ്യിൽ മാന്ത്രികവടിയും ഇല്ല. അക്ഷരാർത്ഥത്തിൽ പട്ടിണിയിലാണ് ക്യൂബ. ഇതിനു പിന്നാലെയാണ് എൽസാ കൊടുംചുഴലി കഴിഞ്ഞയാഴ്ച ഉണ്ടാക്കിയ കൊടിയ കാർഷിക, വ്യാവസായിക നഷ്ടം. കോവിഡിൻരെ കഷ്ടതകൾക്കു പുറമെ നട്ടുവളർത്തിയതു നശിക്കുക കൂടി ചെയ്തതോടെ ജനത്തിനു മറ്റുമാർഗങ്ങൾ ഇല്ലാതായി. ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവും പഴക്കം ചെന്ന വിപ്‌ളവ ഭരണകൂടം ഈ പ്രതിസന്ധി അതിജീവിക്കുമോ? ആർക്കുമില്ല വ്യക്തത.
   Published by:Naveen
   First published: