നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: ഹെയ്തിയിൽ സംഭവിക്കുന്നതെന്ത്? പ്രസിഡണ്ടിന്റെ കൊലപാതകവും രാഷ്ട്രീയ പ്രതിസന്ധിയും

  Explained: ഹെയ്തിയിൽ സംഭവിക്കുന്നതെന്ത്? പ്രസിഡണ്ടിന്റെ കൊലപാതകവും രാഷ്ട്രീയ പ്രതിസന്ധിയും

  പ്രസിഡന്റിന്റെ കൊലപാതികളിൽ നാലു പേരെ ഏറ്റുമുട്ടലിൽ വധിച്ചതായും രണ്ടു പേരെ അറസ്റ്റ് ചെയ്തതായും രാജ്യത്തെ പോലീസ് മേധാവി ലിയോൺ ചാൾസ് അറിയിച്ചിട്ടുണ്ട്.

   Photo Credit: Reuters

  Photo Credit: Reuters

  • Share this:
   ബുധനാഴ്ച ഹെയ്തിയുടെ പ്രസിഡണ്ടായിരുന്ന ജൊവാനൽ മൊയ്‌സ് പോർട്ട് പ്രിൻസിലെ തന്റെ സ്വകാര്യ വസതിയിൽ വെച്ച് അജ്ഞാതരായ ആയുധധാരികളാൽ വെടിയേറ്റ് മരണമടഞ്ഞിരുന്നു. മാസങ്ങൾ നീണ്ട സാമ്പത്തിക പ്രതിസന്ധിയും ജനരോഷവും കോവിഡ് വ്യാപനവും മൂലം വലിയ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഈ കരീബിയൻ രാജ്യത്ത് പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ ഇടയാക്കിയിരിക്കുകയാണ് ജൊവാനൽ മൊയ്‌സിന്റെ കൊലപാതകം. പ്രസിഡന്റിന്റെ കൊലപാതികളിൽ നാലു പേരെ ഏറ്റുമുട്ടലിൽ വധിച്ചതായും രണ്ടു പേരെ അറസ്റ്റ് ചെയ്തതായും രാജ്യത്തെ പോലീസ് മേധാവി ലിയോൺ ചാൾസ് അറിയിച്ചിട്ടുണ്ട്.

   പ്രസിഡണ്ടിന്റെ കൊലപാതകം: സംഭവിച്ചതെന്ത്?
   ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ജോസഫ് ക്ലൗഡാണ് പ്രസിഡണ്ടിന്റെ മരണവാർത്ത ലോകത്തെ അറിയിച്ചത്. രാജ്യത്തിൻറെ പ്രഥമവനിതയും പ്രസിഡണ്ടിന്റെ ഭാര്യയുമായ മാർട്ടിൻ മൊയ്‌സ് ആയുധധാരികളുടെ ആക്രമണത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ടു. ആക്രമണകാരികളിൽ ചിലർ സ്പാനിഷ് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നും അതിനാൽ വിദേശത്തു നിന്നുള്ള സംഘം ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ഏറ്റുമുട്ടലിൽ കൊലപാതകികളെ വധിച്ചതായി പോലീസ് മേധാവി അറിയിച്ചിട്ടുണ്ടെങ്കിലും അവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായിട്ടില്ല. ആക്രമണകാരികൾക്ക് പ്രസിഡണ്ടിന്റെ വസതിയിൽ പ്രവേശിക്കാനും കൊലപാതകത്തിന് ശേഷം സ്വതന്ത്രമായി രക്ഷപ്പെടാനും കഴിഞ്ഞത് എങ്ങനെയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

   മൊയ്‌സിന്റെ കൊലപാതകത്തിന് പിന്നിലെ കാരണമെന്ത്?
   ഹെയ്തിയെ അക്ഷരാർത്ഥത്തിൽ നടുക്കിയ ഈ കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തമായിട്ടില്ല. 2016 നവംബറിലാണ് മൊയ്‌സ് രാഷ്ട്രപതിയായി അധികാരമേൽക്കുന്നത്. 2015-ൽത്തന്നെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനമെങ്കിലും രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും മറ്റു പ്രതിസന്ധികളും മൂലം വൈകുകയായിരുന്നു. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട 2016-ലെ തെരഞ്ഞെടുപ്പിനെതിരെ നിരവധി ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർന്നതിനാൽ 2017 ഫെബ്രുവരി 7-നാണ് അദ്ദേഹത്തിന് ഔദ്യോഗികമായി ചുമതലയേൽക്കാൻ കഴിഞ്ഞത്. മൊയ്‌സിന്റെ മുൻഗാമി മിഷേൽ മാർട്ടല്ലി 2016 ഫെബ്രുവരി 7-നാണ് സ്ഥാനമൊഴിഞ്ഞത് എന്നതിനാൽ 2021 ഫെബ്രുവരി 7-ന് രാഷ്‌ട്രപതി എന്ന നിലയിലുള്ള മൊയ്‌സിന്റെ അഞ്ച് വർഷക്കാലാവധി അവസാനിച്ചതായി പ്രതിപക്ഷ നേതാക്കൾ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഔദ്യോഗികമായി താൻ ചുമതലയേറ്റത് 2017 ഫെബ്രുവരി 7-നായതിനാൽ ഒരു വർഷം കൂടി തനിക്ക് പ്രസിഡണ്ടിന്റെ കസേരയിൽ തുടരാൻ കഴിയുമെന്നായിരുന്നു മൊയ്‌സിന്റെ വാദം. ഈ തർക്കമാണ് രാജ്യത്ത് അടുത്തിടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയുടെ കേന്ദ്രമായി മാറിയത്.

   രാഷ്‌ട്രപതി സ്ഥാനത്ത് നിന്നൊഴിയാൻ മൊയ്‌സ് വിസമ്മതിച്ചതോടെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ഉടലെടുത്തു. പോരാത്തതിന് സുപ്രീം കോടതി ന്യായാധിപനായ മെസീൻ ജീൻ ലൂയിസിനെ ഇടക്കാല പ്രസിഡണ്ടാക്കിക്കൊണ്ട് അവർ ഒരു സമാന്തര സർക്കാരിനെ നിയമിക്കുകയും ചെയ്തു. ഈ നീക്കത്തെ ഒരു ഭരണ അട്ടിമറിയായി കണക്കാക്കിക്കൊണ്ട് മൊയ്‌സ് ഇരുപത്തിനാലോളം പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു. ഈ സംഭവ വികാസങ്ങളെത്തുടർന്ന് ഹെയ്തിയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്ത് ആയുധധാരികളായ സംഘങ്ങളുടെ നേതൃത്വത്തിൽ അക്രമസംഭവങ്ങളും വ്യാപകമായി. ഒരു വർഷത്തിനുള്ളിൽ പാർലമെന്ററി തെരഞ്ഞെടുപ്പും രാഷ്‌ട്രപതി തെരഞ്ഞെടുപ്പും നടത്തുമെന്ന് മൊയ്‌സ് ഉറപ്പു നൽകിയെങ്കിലും അദ്ദേഹം രാജ്യത്തിന്റെ ഭരണഘടന തിരുത്തിയെഴുതാൻ നീക്കം നടത്തിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഇതിനെല്ലാം പുറമെ കോവിഡ് മഹാമാരിയുടെ വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ ഗുരുതരമായി ബാധിച്ചു.

   നിലവിലെ സാഹചര്യത്തിൽ ആർക്കാണ് ഭരണനേതൃത്വം?
   ഹെയ്തിയുടെ ഭരണഘടന പ്രകാരം, പ്രസിഡണ്ടിന്റെ അഭാവത്തിൽ സുപ്രീം കോടതിയുടെ തലവന് സർക്കാരിന്റെ നേതൃത്വം താൽക്കാലികമായി ഏറ്റെടുക്കാം. എന്നാൽ, കോവിഡ് രോഗബാധ മൂലം സുപ്രീം കോടതിയുടെ അധ്യക്ഷൻ റെനെ സിൽവെസ്‌ട്രെ കഴിഞ്ഞ മാസം മരണമടഞ്ഞിരുന്നു. ആ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല. ഇത്തരം സാഹചര്യങ്ങളിൽ ദേശീയ അസംബ്ലിക്ക് ഒരു നേതാവിനെ തെരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ, ഒടുവിലത്തെ പാർലമെന്റിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യത്ത് ഇതുവരെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഇടക്കാല പ്രധാനമന്ത്രിയായ ജോസഫ് ക്ലൗഡിന് തന്നെയാകും ഭരണനേതൃത്വം. എന്നാൽ, പ്രതിപക്ഷവുമായി അടുത്ത ബന്ധമുള്ള ന്യൂറോസർജൻ കൂടിയായ ഏരിയൽ ഹെൻറിയെ ജോസഫ് ക്ലൗഡിന് പകരമായി നിയമിക്കാൻ കഴിഞ്ഞ തിങ്കളാഴ്ച പ്രസിഡണ്ട് തീരുമാനിച്ചിരുന്നു. വ്യാഴാഴ്ചയായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയായി ചുമതല ഏൽക്കേണ്ടിയിരുന്നത്. എന്നാൽ, അവിചാരിതമായി ഉണ്ടായ ഈ പ്രതിസന്ധി ഘട്ടത്തിൽ അധികാരക്കൈമാറ്റം നടക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

   ജോസഫ് ക്ലൗഡ് ഇതിനകം സർക്കാരിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തിട്ടുണ്ട്. അദ്ദേഹം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. സുരക്ഷാ ചുമതല അദ്ദേഹം സൈന്യത്തെ ഏൽപ്പിക്കുകയും മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭരണതലത്തിൽ കാര്യങ്ങളെല്ലാം നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം അവകാശപ്പെടുമ്പോഴും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള ഹെയ്തിയിലെ ജനങ്ങൾ പ്രസിഡണ്ടിന്റെ കൊലപാതകം സൃഷ്‌ടിച്ച ഞെട്ടലിൽ നിന്നും ഇതുവരെ മുക്തരായിട്ടില്ല എന്നതാണ് യാഥാർഥ്യം.

   ഹെയ്തിയിലെ സാമൂഹ്യ-സാമ്പത്തിക സാഹചര്യത്തിന്റെ യഥാർത്ഥ ചിത്രം എന്താണ്?
   കോവിഡ് മഹാമാരിയുടെ വ്യാപനം ഉടലെടുക്കുന്നതിന് മുമ്പുതന്നെ ഹെയ്തിയുടെ സാമ്പത്തിക സാഹചര്യം ദയനീയമായ അവസ്ഥ അഭിമുഖീകരിക്കുകയായിരുന്നു. 2020 ആയപ്പോഴേക്കും സമ്പദ്‌വ്യവസ്ഥ 3.8 ശതമാനം കൂടി ഇടിഞ്ഞു. ലോക ബാങ്കിന്റെ കണക്കുകൾ പ്രകാരം ഹെയ്തിയിലെ ജനസംഖ്യയുടെ 60 ശതമാനവും പട്ടിണിയിൽ കഴിയുകയാണ്. അടുത്തിടെ ഹെയ്തിയുടെ തലസ്ഥാനത്ത് വ്യാപകമായ അക്രമസംഭവങ്ങൾ രാജ്യം നേരിടുന്ന സാമൂഹ്യ പ്രതിസന്ധിയുടെ ആക്കം കൂട്ടി. യൂണിസെഫ്, കുട്ടികൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസി തുടങ്ങിയ സഹായസംഘങ്ങളുടെ പ്രവർത്തനത്തെയും ഈ സംഭവവികാസങ്ങൾ സാരമായി ബാധിച്ചു. വർധിച്ചുവരുന്ന അക്രമം, കോവിഡ് വ്യാപനം, ശുദ്ധജലം ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളുടെ അഭാവം തുടങ്ങിയവ മൂലം കുട്ടികൾക്കിടയിലെ കടുത്ത പോഷകാഹാരക്കുറവ് ഈ വർഷം ഇരട്ടിയായി മാറുമെന്നാണ് യുണിസെഫിന്റെ മുന്നറിയിപ്പ്.
   Published by:Jayesh Krishnan
   First published:
   )}