HOME » NEWS » Explained » WHAT IS MUCORMYCOSIS OR BLACK FUNGUS

കോവിഡ് രോഗം ഗുരുതരമാക്കുന്ന ബ്ലാക്ക് ഫംഗസ്; എന്താണ് മ്യൂകോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്

രോഗപ്രതിരോധ ശേഷി ദുർബലമാകുമ്പോൾ ഫംഗസ് മനുഷ്യ ശരീരത്തെ ഗുരുതരമായി ബാധിക്കും.

News18 Malayalam | news18-malayalam
Updated: May 7, 2021, 12:10 PM IST
കോവിഡ് രോഗം ഗുരുതരമാക്കുന്ന ബ്ലാക്ക് ഫംഗസ്; എന്താണ് മ്യൂകോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്
File photo of patients suffering from the coronavirus get treatment at a Delhi hospital. (Image: Reuters)
  • Share this:
ഇന്ത്യയിൽ കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആശങ്കയായി ബ്ലാക്ക് ഫംഗസും. കോവിഡ് രോഗികളിൽ മ്യൂകോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗം വ്യാപകമായി കണ്ടുവരുന്നതായി ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർ ഗംഗാറാം ആശുപത്രിയിലെ(എസ്ജിആർഎച്ച്) ഡോക്ടർമാരാണ് പുതിയ ആശങ്ക പങ്കുവെക്കുന്നത്. കോവിഡ് 19 ന് പിന്നാലെയുണ്ടാകുന്ന ബ്ലാക്ക് ഫംഗസ് അണുബാധമൂലം കഴിഞ്ഞ വർഷം നിരവധി രോഗികൾക്ക് കാഴ്ച്ച ശക്തി നഷ്ടമായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ മ്യൂകോര്‍മൈക്കോസിസ് ബാധിച്ച് ആറ് രോഗികൾ അഡ്മിറ്റായതായി എസ്ജിആർഎച്ചിലെ സീനിയർ ഇഎൻടി സർജനായ ഡോ. മനീഷ് മുഞ്ജാൽ പറയുന്നു. കോവിഡ് 19 ബാധിച്ചരിൽ ഗുരുതരമായ ബ്ലാക്ക് ഫംഗസ് രോഗം വ്യാപിക്കുന്നതായി അദ്ദേഹം പറയുന്നു. കഴിഞ്ഞ വർഷവും ഈ അണുബാധ മൂലം കാഴ്ച നഷ്ടപ്പെടൽ, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്കും മരണത്തിനും കാരണമായിരുന്നതായി ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.


മ്യൂകോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്

സൈഗോമൈക്കോസിസ് എന്നറിയപ്പെട്ട മ്യൂകോർമിക്കോസിസ് ഗുരുതരമായ ഫംഗസ് അണുബാധയാണ്. മ്യൂകോർമിസെറ്റസ് എന്ന ഫംഗസാണ് അണുബാധയ്ക്ക് കാരണമാകുന്നത്. അണുബാധ സാധാരണയായി മൂക്കിൽ നിന്ന് ആരംഭിച്ച് കണ്ണുകളിലേക്ക് വ്യാപിക്കുന്നു. പെട്ടെന്ന് കണ്ടെത്തുന്നതും ചികിത്സ ലഭ്യമാക്കുന്നതും രോഗബാധ കുറയ്ക്കും. എന്നാൽ യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
You may also like:Explained: ദക്ഷിണേന്ത്യയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം എന്താണ്? അത് എത്രത്തോളം അപകടകാരിയാണ്?

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുർബലമാകുമ്പോൾ ഫംഗസ് മനുഷ്യ ശരീരത്തെ ഗുരുതരമായി ബാധിക്കും. വായുവിലൂടെ ഇത് ശ്വാസകോശത്തെയും സൈനസുകളെയും ബാധിക്കും. തുറന്ന മുറിവുകളിലൂടെയും ഫംഗസിന് ശരീരത്തിൽ പ്രവേശിക്കാം.

സാധാരണഗതിയിൽ അത്ര അപകടകാരിയല്ലാത്ത ഫംഗസ് ബാധ, പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് കൊലയാളിയായി മാറുന്നത്. ശ്വാസകോശത്തിലോ സൈനസിലോ അണുബാധയുണ്ടാക്കുകയും അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. മസ്തിഷ്‌കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കാറുണ്ട്. . പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്പോള്‍ മ്യൂകോര്‍മൈക്കോസിസിന് സാധ്യത കൂടുതലാണെന്നതാണ് രോഗം ഗുരുതരമാക്കുന്നത്.

You may also like:Explained: ഏത് വാക്സിനാണ് കൂടുതൽ നല്ലത്? കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം

ലക്ഷണങ്ങൾ

മൂക്കടപ്പ്, കണ്ണുകളിലും കവിളുകളിലും വീക്കം, മൂക്കിനുള്ളില്‍ ബ്ലാക്ക് ക്രസ്റ്റ്(ഫംഗസ് ബാധ)എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം.

മ്യൂക്കോമൈക്കോസിസ് പകർച്ചവ്യാധിയല്ലെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. അതിനാൽ രോഗിയിൽ നിന്ന് മറ്റൊരാൾക്കോ മൃഗങ്ങളിൽ നിന്നോ രോഗബാധയുണ്ടാകില്ല. രോഗം നേരത്തേ കണ്ടെത്തൽ, രോഗനിർണയം, ഉചിതമായ ആന്റിഫംഗൽ ചികിത്സ എന്നിവ വളരെ പ്രധാനമാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ഗാറാം ആശുപത്രിയിൽ 12 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ഇതുവരെ 44 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒൻപത് മരണവും ഫംഗസ് ബാധ കാരണമാണെന്ന് കണ്ടെത്തിയിരുന്നു.

അണുബാധയുണ്ടായവരിൽ മരണ നിരക്ക് അമ്പത് ശതമാനമാണെങ്കിലും രോഗം നേരത്തേ കണ്ടെത്തിയാൽ അപകടനിരക്ക് കുറയ്ക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്.
Published by: Naseeba TC
First published: May 7, 2021, 12:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍