• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained | രാഷ്ട്രീയ പാർട്ടികൾക്ക് പണം എത്തുന്ന വഴി; എന്താണ് ഇലക്ടറൽ ബോണ്ട് ?

Explained | രാഷ്ട്രീയ പാർട്ടികൾക്ക് പണം എത്തുന്ന വഴി; എന്താണ് ഇലക്ടറൽ ബോണ്ട് ?

അതേ മാസം തന്നെ തീരുമാനം പുനപരിശോധിക്കുകയോ മാറ്റങ്ങൾ വരുത്തുകയോ ചെയ്യണം എന്ന് ആവശ്യപ്പെട്ട് നിയമമന്ത്രിക്ക് കമ്മീഷൻ കത്ത് അയക്കുകയും ചെയ്തിരുന്നു.

 • News18
 • Last Updated :
 • Share this:
  പുതിയ ഇലക്ടറൽ ബോണ്ടുകളുടെ വിൽപ്പന റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി വിധി പറയാനായി മാറ്റിയിരിക്കുന്നു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഇലക്ടറൽ ബോണ്ടുകളുടെ പുതിയ വിൽപ്പന റദ്ദാക്കണം എന്ന ആവശ്യം ഉയർന്നത്. ഇലക്ടറൽ ബോണ്ടുകൾ എന്താണെന്നും അവ എങ്ങനെ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുന്നു എന്നും പരിശോധിക്കാം.

  എന്താണ് ഇലക്ടറൽ ബോണ്ടുകൾ

  2017ലെ കേന്ദ്ര ബജറ്റിലാണ് ഇലക്ടറൽ ബോണ്ടുകൾ എന്ന ആശയം കൊണ്ടു വരുന്നത്. പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ നൽകാവുന്ന സംവിധാനമാണിത്. ഇലക്ടറൽ ബോണ്ടിന്റെ രേഖയിൽ പണം നൽകിയ ആളുടെയോ സ്വീകരിക്കുന്ന ആളുടെയോ പേരു വിവരങ്ങൾ ഉണ്ടായിരിക്കില്ല. ആയിരം, പതിനായിരം, ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിവയുടെ ഗുണിതങ്ങളായി സ്റ്റേറ്റ് ബാങ്ക് ഇന്ത്യയാണ് ബോണ്ടുകൾ വിൽക്കുന്നത്. സംഭവന നൽകാൻ ഉദ്ദേശിക്കുന്നവർക്ക് ബാങ്കിൽ നിന്ന് ബോണ്ടുകൾ വാങ്ങി ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് നൽകാം. 15 ദിവസത്തിനുള്ളിൽ ഈ ബോണ്ട് പണമായി രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടിലേക്ക്‌ മാറ്റാനാകും. 15 ദിവസത്തിനുള്ളിൽ ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ മാറിയിട്ടില്ല എങ്കിൽ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും. വ്യക്തികൾക്കോ, കമ്പനികൾക്കോ വാങ്ങാവുന്ന ബോണ്ടുകളുടെ എണ്ണത്തിന് പരിധികളില്ല. 6534.78 കോടിക്കുള്ള 12,924 ബോണ്ടുകളാണ് മാർച്ച് 2018 മുതൽ 2021 ജനുവരി വരെ വിറ്റു പോയത്.

  കമ്പനികൾക്ക് പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകാനാകുന്ന സംവിധാനം എന്നാണ് 2017 ലെ ബജറ്റ് പ്രസംഗത്തിൽ അന്നത്തെ ധനകാര്യ മന്തി അരുൺ ജയ്റ്റ്ലി വിശദീകരിച്ചത്. എന്നാൽ, ഉത്തരവ് വന്നപ്പോൾ വ്യക്തികൾ, എൻജിഒ, മത സംഘടനകൾ, എന്നിവക്കെല്ലാം ഇത്തരത്തിൽ പണം കൈമാറാവുന്ന അവസ്ഥ വന്നു.

  BREAKING | തിരിച്ചറിഞ്ഞില്ല; എംഎൽഎയെ കഴുത്തിൽ പിടിച്ച് തള്ളിമാറ്റി മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ

  ആക്ടിവിസ്റ്റുകൾ എന്തുകൊണ്ട് ഇതിനെ എതിർക്കുന്നു

  രാഷ്ട്രീയ പാർട്ടികൾക്ക് ആര് പണം നൽകുന്നു എന്ന കാര്യം മറച്ചു വെക്കപ്പെടുന്നതാണ് എതിർപ്പിന് കാരണം. ഫിനാൻസ് ആക്ട് ഭേദഗതി ചെയ്താണ് ഇത് പ്രാബല്യത്തിൽ കൊണ്ടു വന്നത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയാണ് ഇലക്ടറൽ ബോണ്ട് സംവിധാനം ഇല്ലാതാക്കുന്നതെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു. രാഷ്ട്രീയ പാർട്ടികൾ ആരിൽ നിന്ന് പണം സ്വീകരിക്കുന്നു, എത്ര സ്വീകരിക്കുന്നു എന്നീ കാര്യങ്ങളെക്കുറിച്ച് വോട്ടർമാർക്ക് വിവരം ലഭിക്കുന്നില്ല. മുമ്പ് 20,000 ത്തിന് മുകളിൽ സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾ പുറത്ത് വിടേണ്ടതായി ഉണ്ടായിരുന്നു. കണക്കു പറയേണ്ടതായ ഉത്തരവാദിത്വത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ പൂർണമായി ഒഴിവാക്കുന്നതാണ് ഇലക്ടറൽ ബോണ്ടെന്ന് ആക്ടിവിസ്റ്റുകൾ വിശദീകരിക്കുന്നു.

  എന്നാൽ ജനങ്ങൾക്ക് മാത്രമാണ് രാഷ്ട്രീയ പാർട്ടികളിലേക്ക് സംഭാവന നൽകുന്നത് ആരെന്ന കാര്യം അറിയാതിരിക്കുന്നൊള്ളു. സർക്കാർ ആവശ്യപ്പെട്ടാൽ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ നൽകാൻ സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ബാധ്യതയുണ്ട്.

  സംഭാവന നൽകാനായുള്ള ഇലക്ടറൽ ബോണ്ടുകളുടെ പ്രചാരം എത്രത്തോളം

  നടപ്പാക്കി മൂന്ന് വർഷത്തിനുള്ളിൽ തന്നെ പേര് വെളിപ്പെടുത്താതെയുള്ള സംഭാവനയ്ക്ക് വലിയ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. 2018- 19 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം ദേശീയ പാർട്ടികളുടെയും പ്രാദേശിക പാർട്ടികളുടെയും പകുതിയോളം വരുമാനം ഇലക്ടറൽ ബോണ്ടുകളിലൂടെയാണ് എന്ന് അസോസിയേഷൺ ഓഫ് ഡെമോക്രാറ്റിക്ക് റിഫോം പറയുന്നു.

  പുതിയ രീതിയിലൂടെ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയിരിക്കുന്നത് ബിജെപി യാണ് . 2017-18, 2018-19 വർഷങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് മൊത്തം 2,760.20 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകളിൽ നിന്ന് ലഭിച്ചത്, അതിൽ 1,660.89 കോടി രൂപ അല്ലെങ്കിൽ 60.17 ശതമാനം ബിജെപിക്ക് മാത്രമാണ് ലഭിച്ചത്.

  Explained | ഇന്ത്യയിൽ കോവിഡ് വ്യാപനം വർദ്ധിക്കാൻ കാരണം ജനിതകമാറ്റം വന്ന വൈറസാണോ?

  ഇലക്ടറൽ ബോണ്ടുകളുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് എന്ത്

  ഇലക്ടറൽ ബോണ്ടിൽ നിന്നും ലഭിച്ച വരുമാനം രാഷ്ട്രീയ പാർട്ടികൾ പുറത്ത് വിടേണ്ടതില്ല എന്ന റെപ്രസന്റേഷൻ ഓഫ് ദ പീപ്പിൾ ആക്ട് ഭേദഗതിക്ക് എതിരായ നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. പിന്തിരിപ്പൻ നടപടിയാണിതെന്ന് ആയിരുന്നു കമ്മീഷന്റെ വിലയിരുത്തൽ. 2017 മെയ് മാസത്തിൽ പേഴ്സണൽ,പബ്ലിക്ക് ഗ്രീവിയൻസ്, ലോ ആൻഡ് ജസ്റ്റിസ് സ്റ്റാൻഡിംഗ് കമ്മറ്റിക്ക് മുമ്പാകെ സബ്മിഷനായാണ് കമ്മീഷൻ നിലപാട് പറഞ്ഞത്.

  അതേ മാസം തന്നെ തീരുമാനം പുനപരിശോധിക്കുകയോ മാറ്റങ്ങൾ വരുത്തുകയോ ചെയ്യണം എന്ന് ആവശ്യപ്പെട്ട് നിയമമന്ത്രിക്ക് കമ്മീഷൻ കത്ത് അയക്കുകയും ചെയ്തിരുന്നു.
  Published by:Joys Joy
  First published: