നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • കേന്ദ്രമന്ത്രി നാരായൺ റാണെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മിലുള്ള വൈരാഗ്യത്തിന് കാരണമെന്ത്?

  കേന്ദ്രമന്ത്രി നാരായൺ റാണെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മിലുള്ള വൈരാഗ്യത്തിന് കാരണമെന്ത്?

  മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വച്ചുള്ള ബിജെപിയുടെ തന്ത്രത്തിന്റെ പിന്നാമ്പുറ കഥകളറിയാം.

  • Share this:
   ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് എത്ര വര്‍ഷമായി എന്നറിയാത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് തല്ല് കൊടുക്കണമെന്ന് റായ്ഗഡില്‍ വച്ച് കേന്ദ്ര മന്ത്രി നാരായണ്‍ റാണെ നടത്തിയ പ്രസ്താവന ശിവസേനയില്‍ വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. മുന്‍ ശിവസേ പ്രവര്‍ത്തകനായ റാണെയ്‌ക്കെതിരെ മൂന്ന് എഫ്‌ഐആറുകളാണ് ഇതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം മഹാദിലെ മജിസ്‌ട്രേറ്റ് കോടതി റാണെയ്ക്ക് ജാമ്യം അനുവദിച്ചു. ഉദ്ധവ് താക്കറെയും നാരായണ്‍ റാണെയും തമ്മിലുള്ള ദീര്‍ഘകാലമായ കലഹത്തിന് കാരണമെന്താണ്? മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വച്ചുള്ള ബിജെപിയുടെ തന്ത്രത്തിന്റെ പിന്നാമ്പുറ കഥകളറിയാം.

   നാരായണ്‍ റാണെയും ശിവസേനയും തമ്മിലുള്ള പ്രശ്‌നമെന്താണ്?

   69 കാരനായ നാരായണ്‍ റാണെ ശിവസേനയില്‍ 'ശാഖ പ്രമുഖ്' എന്ന നിലയിലാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1999ല്‍ ശിവസേന-ബിജെപി സര്‍ക്കാരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി എട്ട് മാസം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശിവസേനയുടെ മനോഹര്‍ ജോഷിക്ക് പകരമാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്.

   2003ല്‍ മഹാബലേശ്വറില്‍ നടന്ന ഒരു കണ്‍വെന്‍ഷനില്‍ സേന ഉദ്ദവ് താക്കറെയെ പാര്‍ട്ടിയുടെ 'എക്‌സിക്യൂട്ടീവ് പ്രസിഡന്റ്' ആയി തിരഞ്ഞെടുത്തപ്പോള്‍ റാണെ ഈ നീക്കത്തെ എതിര്‍ക്കുകയും ഉദ്ധവിന്റെ നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്തു. 2005ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അന്നത്തെ സേന മേധാവി ബാലാസാഹേബ് താക്കറെ റാണെയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

   താമസിയാതെ, മറ്റ് ചില എംഎല്‍എമാര്‍ക്കൊപ്പം റാണെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ 40 ഓളം നിയമസഭാംഗങ്ങളെ കൂടെക്കൂട്ടി സേനയെ പിളര്‍ത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം സേന പരാജയപ്പെടുത്തി. 2017ല്‍, തനിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് അവകാശപ്പെട്ട റാണെ, പാര്‍ട്ടിയില്‍ ഒരു സാധ്യതയും ഇല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്സ് ഉപേക്ഷിച്ച് മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ് എന്ന സ്വന്തം സംഘടന രൂപീകരിച്ചു. പിന്നീട്, അദ്ദേഹം ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 2019ല്‍ തന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിപ്പിക്കുകയും ചെയ്തു.

   സേനയ്ക്കെതിരെയും പ്രത്യേകിച്ച് താക്കറെ കുടുംബത്തിനെതിരെയുമുള്ള ആക്രമണത്തിന് പേരുകേട്ടയാളാണ് റാണെ. സേനയുടെ പിതാവായ ബാലാസാഹേബ് താക്കറെയെ റാണെ വിമര്‍ശിച്ചിട്ടില്ലെങ്കിലും, ഉദ്ധവ് താക്കറെയെ ആക്രമിക്കുന്നതില്‍ റാണെ അവസരങ്ങള്‍ കണ്ടെത്താറുണ്ട്.

   നാരായണ്‍ റാണെയും ശിവസേനയും തമ്മിലുള്ള സമീപകാല ശത്രുതയ്ക്ക് കാരണമെന്ത്?

   റായ്ഗഡിലെ മഹദ് നഗരത്തില്‍ തിങ്കളാഴ്ച വൈകുന്നേരം നടത്തിയ പ്രസംഗത്തിലാണ് നാരായണ്‍ റാണെ ഉദ്ദവ് താക്കറെയ്ക്ക് എതിരായ പരാമര്‍ശം നടത്തിയത്. 'സ്വാതന്ത്ര്യം ലഭിച്ചിട്ട് എത്ര വര്‍ഷമായി എന്ന് മുഖ്യമന്ത്രിക്ക് അറിയാത്തത് ലജ്ജാകരമാണ്. തന്റെ പ്രസംഗത്തിനിടെ എത്ര വര്‍ഷമായി എന്നറിയാന്‍ അദ്ദേഹം പിന്നിലേക്ക് തിരിഞ്ഞു നോക്കി. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍, അടി കൊടുക്കുമായിരുന്നു എന്നാണ്'' റാണെ പറഞ്ഞത്.

   താക്കറെയ്ക്കെതിരായ വ്യക്തിപരമായ ആക്രമണമായി ഈ പ്രസ്താവന കണക്കാക്കപ്പെട്ടു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെയും അദ്ദേഹത്തിനെതിരെ തെരുവ് പ്രതിഷേധങ്ങള്‍ നടത്തിയതിലൂടെയും റാണെയ്‌ക്കെതിരെ സേന നേതൃത്വം തിരിച്ചടിച്ചു. റയ്ഗഡ്, പൂനെ, നാസിക് ജില്ലകളില്‍ മൂന്ന് എഫ്‌ഐആറുകളാണ് റാണെക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

   അടുത്തിടെ, പ്രളയബാധിതമായ കൊങ്കണ്‍ മേഖല സന്ദര്‍ശിച്ചപ്പോഴും സംസ്ഥാനത്തെ ദുരന്തങ്ങള്‍ക്ക് ഉദ്ധവ് താക്കറെയുടെ 'നിര്‍ഭാഗ്യം' എന്ന് റാണെ കുറ്റപ്പെടുത്തിയിരുന്നു.

   റാണെ ഈ സമയത്ത് മഹാരാഷ്ട്രയില്‍ പര്യടനം നടത്തുന്നത് എന്തുകൊണ്ട്?

   മന്ത്രിസഭ വിപുലീകരണ വേളയില്‍ കഴിഞ്ഞ മാസം നരേന്ദ്ര മോദി സര്‍ക്കാരില്‍ ഉള്‍പ്പെട്ട മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് കേന്ദ്ര മന്ത്രിമാരില്‍ ഒരാളാണ് റാണെ. റാണെ, ഭാരതി പവാര്‍, ഭഗവത് കാരാദ്, കപില്‍ പാട്ടീല്‍ എന്നിവരടങ്ങുന്ന നാലുപേരോടും ആഗസ്റ്റ് 16 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജനാശീര്‍വാദ് യാത്ര നടത്താന്‍ ആവശ്യപ്പെട്ടിരുന്നു.

   മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിലെ നഗരസിരാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ അടുത്ത വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബി.ജെ.പി ആരംഭിച്ച ഒരു ആദ്യകാല ക്യാന്‍വാസിംഗ് കാമ്പയിനായാണ് യാത്രയെ കണക്കാക്കുന്നത്.

   90 കളിലെ ഒരു ചെറിയ കാലയളവ് ഒഴികെ 70കള്‍ മുതല്‍ ഭരിക്കുന്ന ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ശിവസേനയെ താഴെയിറക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ആസൂത്രകനാണ് റാണെ. ഉദ്ധവ് താക്കറെയുടെ കടുത്ത എതിരാളിയായ റാണെ മുംബൈയിലെ ശിവാജി പാര്‍ക്കിലെ ബാല്‍ താക്കറെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജനാശീര്‍വാദ് യാത്ര ആരംഭിച്ച് സേനയ്ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തി.

   അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന മുംബൈ പൗര തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തില്‍ തിരിച്ചെത്തും. ബിഎംസിയിലെ മൂന്ന് പതിറ്റാണ്ട് നീണ്ട ശിവസേന ഭരണത്തിന്റെ അവസാനം ഞങ്ങള്‍ ഉറപ്പാക്കുമെന്നും'' അദ്ദേഹം പറഞ്ഞു.

   ശിവസേനയെ വെല്ലുവിളിക്കാന്‍ കരുത്തനാണോ നാരായണ്‍ റാണെ?

   ശിവസേനയ്ക്കും താക്കറെ കുടുംബത്തിനും നേരെയുള്ള നാരായണ്‍ റാണെയുടെ ആക്രമണങ്ങള്‍ കൊണ്ട് ബിജെപിക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അടുത്ത വര്‍ഷം ആദ്യം ബിഎംസി തിരഞ്ഞെടുപ്പില്‍ കൊങ്കണ്‍ മേഖലയില്‍ നിന്ന് ശിവസേനയെ നേരിടാന്‍ ഇത് സഹായിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

   എന്നാല്‍, മുഖ്യമന്ത്രിക്കെതിരെ റാണെയുടെ അധിക്ഷേപ ഭാഷ ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് സേന നേതാക്കള്‍ പറയുന്നു. കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളും ദുരന്തങ്ങളും ക്ഷമയോടെയും ബിജെപി നേതാക്കളെപ്പോലെ ശബ്ദമുണ്ടാക്കാതെയും ഉദ്ധവ് താക്കറെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ കണ്ടതാണ്. സംസ്ഥാനത്തെ ജനങ്ങള്‍ ഉദ്ധവ് താക്കറെയെ അവരുടെ കുടുംബാംഗമായാണ് കണക്കാക്കുന്നത് ' ഒരു സേന നേതാവ് പറഞ്ഞു.

   ബിഎംസി തെരഞ്ഞെടുപ്പില്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നതിന് പുറമെ, റാണെയ്ക്ക് യാതൊരു സ്വാധീനവും ഉണ്ടാകില്ലെന്ന് നേതാവ് ചൂണ്ടിക്കാട്ടി. 2015 ല്‍ ബാന്ദ്ര (ഈസ്റ്റ്) നിയമസഭാ സീറ്റില്‍ നിന്ന് റാണെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ശിവസേന റാണെയെ പരാജയപ്പെടുകയും ചെയ്തിരുന്നു.

   സേനയും അണിയറ പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പേരുകേട്ടവരാണെങ്കിലും പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിന് ശേഷം ഒരു പ്രതിഷേധവും നടത്തിയിട്ടില്ല. സമീപകാല സംഭവങ്ങള്‍ ബിജെപിക്കെതിരായ പ്രതിഷേധത്തിലൂടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇടം നല്‍കി. രാഷ്ട്രീയത്തില്‍ തെരുവ് പോരാട്ടത്തിന്റെ കാര്യത്തില്‍ സൈനിക് എപ്പോഴും മുന്നിലാണെന്ന് ' മറ്റൊരു നേതാവ് പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}