നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Explained: എന്താണ് യു വി-സി സാങ്കേതികവിദ്യ? കൊറോണ വൈറസിനെ നശിപ്പിക്കാൻ അൾട്രാവയലറ്റ് വികിരണത്തിന് കഴിയുമോ?

    Explained: എന്താണ് യു വി-സി സാങ്കേതികവിദ്യ? കൊറോണ വൈറസിനെ നശിപ്പിക്കാൻ അൾട്രാവയലറ്റ് വികിരണത്തിന് കഴിയുമോ?

    ഏതാണ്ട് 254 നാനോമീറ്റർ തരംഗദൈർഘ്യമുള്ള യു വി-സി കിരണങ്ങൾ എത്രയോ പതിറ്റാണ്ടുകളായി ആശുപത്രികളിലെയും ലബോറട്ടറികളിലെയും വായു അണുവിമുക്തമാക്കാൻ ഉപയോഗിച്ചു വരുന്നുണ്ട്.

    News18 Malayalam

    News18 Malayalam

    • Share this:
      കോവിഡ് വൈറസ് വായുവിലൂടെ പകരുന്നത് പ്രതിരോധിക്കാൻ പാർലമെന്റിൽ ഉടൻ തന്നെ അൾട്രാവയലറ്റ്-സി അഥവാ യു വി-സി അണുനശീകരണ സാങ്കേതികവിദ്യ സ്ഥാപിക്കുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് അറിയിച്ചു. സി എസ് ഐ ആർ-സി എസ് ഐ ഒ (സെൻട്രൽ സയന്റിഫിക് ഇൻസ്ട്രുമെന്റ്സ് ഓർഗനൈസേഷൻ) ആണ് ഈ അണുനശീകരണ സംവിധാനം വികസിപ്പിച്ചെടുത്തത്.

      നിലവിൽ വായുസഞ്ചാരമുള്ള പൈപ്പുകളിൽ സ്ഥാപിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സി എസ് ഐ ആർ-സി എസ് ഐ ഒ അവരുടെ പ്രസ്താവനയിലൂടെ അറിയിച്ചു. യു വി-സി പ്രകാശത്തിന്റെ പ്രവർത്തനം മൂലം എയ്‌റോസോൾ കണികകളിൽ അടങ്ങിയിട്ടുള്ള വൈറസ് നശിച്ചുപോകുമെന്നും അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത എത്ര വേണമെന്നത് നമുക്ക് സജ്ജീകരിക്കാൻ കഴിയുമെന്നും സി എസ് ഐ ആർ അറിയിക്കുന്നു. ഓഡിറ്റോറിയങ്ങൾ, മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എ സി ബസുകൾ, റെയിൽവേ എന്നിങ്ങനെ വിവിധ ഇടങ്ങളിൽ സജ്ജീകരിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്.

      എന്താണ് അൾട്രാവയലറ്റ്?
      സൂര്യനിൽ നിന്ന് വികിരണം ചെയ്യപ്പെടുന്ന ഒരു തരം പ്രകാശകിരണങ്ങളാണ് അൾട്രാവയലറ്റ് അഥവാ യു വി. 100 നാനോമീറ്ററിനും 400 നാനോമീറ്ററിനും ഇടയിലായിരിക്കും ഈ രശ്മികളുടെ തരംഗദൈർഘ്യം. 380 നാനോമീറ്ററിനും 700 നാനോമീറ്ററിനും ഇടയിൽ തരംഗദൈർഘ്യമുള്ള പ്രകാശരശ്മികളെയാണ് മനുഷ്യനേത്രങ്ങളാൽ കാണാൻ കഴിയുക. തരംഗദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ അൾട്രാവയലറ്റ് കിരണങ്ങളെ വീണ്ടും മൂന്നായി തരംതിരിച്ചിട്ടുണ്ട്. യു വി-സി, യു വി-ബി, യു വി-എ എന്നിങ്ങനെയാണ് അവ അറിയപ്പെടുന്നത്. 100 നാനോമീറ്ററിനും 280 നാനോമീറ്ററിനും ഇടയിലാണ് യു വി-സിയുടെ തരംഗദൈർഘ്യം. 280 നാനോമീറ്ററിനും 315 നാനോമീറ്ററിനും ഇടയിലാണ് യു വി-ബിയുടെ തരംഗദൈർഘ്യം. യു വി-എയുടെ തരംഗദൈർഘ്യമാകട്ടെ, 315 നാനോമീറ്ററിനും 400 നാനോമീറ്ററിനും ഇടയിലാണ്.

      യു വി-എ, യു വി-ബി എന്നീ വിഭാഗങ്ങളിൽപ്പെടുന്ന അൾട്രാവയലറ്റ് കിരണങ്ങൾ സൂര്യനിൽ നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നു. എന്നാൽ, യു വി-സി കിരണങ്ങളെ അന്തരീക്ഷത്തിലേക്ക് കടക്കാൻ അനുവദിക്കാതെ ഓസോൺ പാളി സംരക്ഷിച്ചു നിർത്തുന്നു. നമ്മുടെ ചർമത്തിന്റെ പുറംപാളിയിൽ അഥവാ എപ്പിഡെർമിസിൽ എത്തിച്ചേരുന്ന യു വി-ബി കിരണങ്ങൾ സൂര്യതാപത്തിനും ചർമത്തിൽ അർബുദത്തിനും കാരണമാകാറുണ്ട്. ചർമത്തിന്റെ മധ്യപാളിയെ അഥവാ ഡെർമിസിനെ തുളച്ചുകയറാൻ ശേഷിയുള്ള യു വി-എ കിരണങ്ങൾ ചർമകോശങ്ങളുടെ പ്രായാധിക്യത്തിന് കാരണമാകുന്നു. കോശങ്ങളുടെ ഡി എൻ എയുടെ നാശത്തിന് പരോക്ഷമായ ഒരു കാരണം കൂടിയാണ് യു വി-എ കിരണങ്ങൾ. മനുഷ്യനിർമിത സ്രോതസുകളിൽ നിന്ന് വികിരണം ചെയ്യപ്പെടുന്ന യു വി-സി രശ്മികൾക്ക് ചർമത്തിൽ പൊള്ളലുണ്ടാക്കാനും കണ്ണുകളിൽ മുറിവുണ്ടാക്കാനുമുള്ള ശേഷിയുണ്ട്.

      യു വി-സി രശ്മികൾക്ക് കൊറോണ വൈറസിനെ നശിപ്പിക്കാൻ കഴിയുമോ?
      ഏതാണ്ട് 254 നാനോമീറ്റർ തരംഗദൈർഘ്യമുള്ള യു വി-സി കിരണങ്ങൾ എത്രയോ പതിറ്റാണ്ടുകളായി ആശുപത്രികളിലെയും ലബോറട്ടറികളിലെയും വായു അണുവിമുക്തമാക്കാൻ ഉപയോഗിച്ചു വരുന്നുണ്ട്. മനുഷ്യരിൽ ഇവ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്നതിനാൽ ആളൊഴിഞ്ഞ ഇടങ്ങളിലാണ് യു വി-സി കിരണങ്ങൾ ഉപയോഗിച്ച് അണുനശീകരണം നടത്താറുള്ളത്. 2020 ജൂണിൽ സയന്റിഫിക് റിപ്പോർട്ട്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠന റിപ്പോർട്ട്, സാർസ് കൊറോണ വൈറസിന്റെ പുറം പാളിയിലെ പ്രോട്ടീനെ നശിപ്പിക്കാൻ യു വി-സി രശ്മികൾക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കൊറോണ വൈറസിനെ നശിപ്പിക്കാൻ വേണ്ട തരംഗദൈർഘ്യം എത്രയാണെന്നതിനെ സംബന്ധിച്ചോ എത്ര നേരം യു വി-സി കിരണങ്ങൾ പ്രയോഗിക്കേണ്ടി വരും എന്നതിനെ സംബന്ധിച്ചോ ഉള്ള വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.

      ഹിരോഷിമ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പരീക്ഷണത്തിൽ 222 നാനോമീറ്റർ തരംഗദൈർഘ്യമുള്ള യു വി-സി കിരണങ്ങൾ 30 സെക്കന്റ് നേരം പ്രയോഗിച്ചപ്പോൾ കൊറോണ വൈറസ് കൾച്ചർ നശിപ്പിക്കപ്പെട്ടതായി നിരീക്ഷിച്ചിട്ടുണ്ട്. 2021 മാർച്ചിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു പഠന റിപ്പോർട്ട് കൊറോണ വൈറസ് പെരുകുന്നത് തടയാൻ യു വി-സി വികിരണം ഫലപ്രദമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് അണുബാധയെ നിയന്ത്രിച്ചു നിർത്താൻ ഫലപ്രദമായ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിൽ ഈ പഠനഫലങ്ങൾ വളരെ നിർണായകമാണ്.

      മനുഷ്യർക്ക് യു വി-സി വികിരണം സുരക്ഷിതമാണോ?
      യു വി-സി വികിരണം ഉപയോഗിച്ച് അണുനശീകരണം നടത്താൻ കഴിയുന്ന പോർട്ടബിൾ ഉപകരണം വികസിപ്പിച്ചെടുത്ത കാൺപൂർ ഐ ഐ ടിയിലെ ഗവേഷകർ, ജീവനില്ലാത്ത വസ്തുക്കളുടെ അണുനശീകരണത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഉപകരണമാണ് അതെന്ന് അറിയിച്ചിട്ടുണ്ട്. 222-254 നാനോമീറ്റർ ദൈർഘ്യമുള്ള യു വി-സി കിരണങ്ങളാണ് ഈ സംവിധാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. "ഈ ഉപകരണത്തിൽ ഉപയോഗിച്ചിരിക്കുന്ന യു വി-സി കിരണങ്ങൾ മനുഷ്യരുടെ ചർമത്തെയും കണ്ണുകളെയും ദോഷകരമായി ബാധിച്ചേക്കാം. അതിനാൽ, ഈ ഉപകരണം പ്രവർത്തിപ്പിക്കുന്ന ആളുകൾ സുരക്ഷയ്ക്കായി കണ്ണടകൾ ധരിക്കുകയും ആവശ്യമായ മറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം", 2020 ജൂണിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ ഐ ഐ ടിയിലെ ഗവേഷകർ വ്യക്തമാക്കുന്നു.

      ശാസ്ത്ര, സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ യു വി-സിയുടെ തരംഗദൈർഘ്യത്തെക്കുറിച്ചോ അത് എത്ര നേരം ഉപയോഗിക്കണം എന്നതിനെക്കുറിച്ചോ പരാമർശിക്കുന്നില്ല. യു വി-സി സാങ്കേതികവിദ്യ ഉപയോഗിച്ച് 99 ശതമാനത്തിലേറെ അണുവിമുക്തി ഉറപ്പു വരുത്താൻ കഴിയും എന്ന് മാത്രമേ പ്രതിപാദിച്ചിട്ടുള്ളൂ.

      "യു വി-സി വളരെ അപകടകരമായ കിരണങ്ങളാണ്. നേരിട്ട് ആ കിരണങ്ങൾ നമ്മുടെ ശരീരത്തിൽ പതിക്കാൻ പാടില്ല. യു വി-ബി കിരണങ്ങൾ മണിക്കൂറുകൾ സമയമെടുത്താണ് സൂര്യതാപത്തിന് കാരണമാകുന്നതെങ്കിൽ യു വി-സി രശ്മികൾക്ക് അതിന് ഏതാനും നിമിഷങ്ങൾ മാത്രം മതി", യു കെയിലെ ആശുപത്രികളിലും ഫാർമസ്യൂട്ടിക്കൽ കമ്പനികളിലും അണുനശീകരണ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന യു വി ലൈറ്റ് ടെക്‌നോളജി കമ്പനിയിലെ ഉദ്യോഗസ്ഥൻ ഡാൻ അർനോൾഡ് പറഞ്ഞതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു.
      Published by:Naveen
      First published:
      )}