HOME » NEWS » Explained » WHEN TO TAKE YOUR VACCINE SHOT IF INFECTED WITH COVID 19 AND IF NOT AA

Explained: കോവിഡ് പോസിറ്റീവായാൽ വാക്സിൻ എടുക്കാമോ? കോവിഡ് മുക്തരായവർ വാക്സിൻ എടുക്കേണ്ടത് എപ്പോൾ?

കാത്തിരിപ്പിനിടെ നിങ്ങൾക്ക് കോവിഡ് -19 ബാധിച്ചിട്ടുണ്ടെങ്കിൽ വാക്സിനേഷനെ എങ്ങനെ ബാധിക്കും?

News18 Malayalam | news18-malayalam
Updated: May 14, 2021, 5:31 PM IST
Explained: കോവിഡ് പോസിറ്റീവായാൽ വാക്സിൻ എടുക്കാമോ? കോവിഡ് മുക്തരായവർ വാക്സിൻ എടുക്കേണ്ടത് എപ്പോൾ?
covid vaccine
  • Share this:
കോവിഡ് -19 വാക്‌സിനുകളുടെ പരിമിതമായ വിതരണം മൂലം, രാജ്യമെമ്പാടുമുള്ള പലർക്കും സ്ലോട്ട് ബുക്ക് ചെയ്യാൻ കഴിയുന്നില്ല. ഒന്നാമത്തെയോ രണ്ടാമത്തെയോ ഡോസിനായി എത്രനേരം കാത്തിരിക്കാനാകും? കാത്തിരിപ്പിനിടെ നിങ്ങൾക്ക് കോവിഡ് -19 ബാധിച്ചിട്ടുണ്ടെങ്കിൽ വാക്സിനേഷനെ എങ്ങനെ ബാധിക്കും?

ഇന്ത്യയിൽ പിന്തുടരുന്ന വാക്സിനേഷൻ രീതി

17.7 കോടിയിലധികം ആളുകൾക്ക് കോവിഷീൽഡ് (സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന അസ്ട്രാസെനെക്കയുടെ വാക്സിൻ) അല്ലെങ്കിൽ കോവാക്സിൻ (ഭാരത് ബയോടെക് ലിമിറ്റഡ് നിർമ്മിക്കുന്നത്) എന്നീ വാക്സിനുകൾ നൽകിയിട്ടുണ്ട്. ഇതിൽ 3.9 കോടിയിലധികം പേർക്ക് രണ്ടാം ഡോസും ലഭിച്ചു. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DGCI) അനുവദിച്ച പ്രാരംഭ അനുമതിയനുസരിച്ച്, കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് ആദ്യത്തേതിന് നാല് മുതൽ ആറ് ആഴ്ചകൾക്കകവും കോവാക്സിന്റേത് ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനു ശേഷവും നൽകണം. പിന്നീട് ഈ ഇടവേള കോവിഷീൽഡിന് നാല് മുതൽ എട്ട് ആഴ്ചയായും കോവാക്സിൻ നാല് മുതൽ ആറ് ആഴ്ചയായും നീട്ടി. കോവിഷീൽഡ് ഡോസ് ആദ്യത്തേതിന് ശേഷം ആറ് മുതൽ എട്ട് ആഴ്ചകൾ ശേഷം എടുക്കാമെന്ന് ഏപ്രിലിൽ കേന്ദ്രം നിർദ്ദേശിച്ചിരുന്നു.

നിങ്ങൾക്ക് വാക്സിൻ ലഭിച്ചിട്ടില്ല ഇതിനിടയിൽ നിങ്ങൾ രോഗബാധിതനായി സുഖം പ്രാപിക്കുകയാണെങ്കിൽ എപ്പോഴാണ് ആദ്യ ഡോസ് എടുക്കേണ്ടത്?
യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) നിർദ്ദേശമനുസരിച്ച്, കോവിഡ് പോസിറ്റീവ് ആയ ആദ്യദിനം മുതൽ 90 ദിവസങ്ങൾ കഴിഞ്ഞതിനു ശേഷം മാത്രമേ കോവി‍ഡ് വാക്സിൻ സ്വീകരിക്കാവൂ. അണുബാധയ്ക്ക് കാരണമാകുന്ന പ്രതിരോധശേഷി ഏതാനും മാസങ്ങൾ വരെ നിലനിൽക്കുമെന്നും, സുഖം പ്രാപിച്ച് ആറ് മുതൽ എട്ട് ആഴ്ച വരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (IISER) ഇമ്മ്യൂണോളജിസ്റ്റ് ഡോ. വിനീത ബാൽ പറയുന്നു. സ്വാഭാവികമായുള്ള SARS-CoV-2 വൈറസ് ബാധിച്ചു കഴിഞ്ഞ് 80% വരെ സംരക്ഷണമുണ്ടാകാമെന്ന് യുകെയിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നുവെന്ന് പ്രമുഖ വാക്സിൻ ശാസ്ത്രജ്ഞൻ ഡോ. ഗഗൻ‌ദീപ് കാങ് പറയുന്നു. ആറുമാസം വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോകാരോഗ്യ സംഘടനയുടെ (WHO) ശുപാർശകൾക്ക് അനുസൃതമായാണ് ഈ വിവരങ്ങൾ അവലോകനം ചെയ്തിരിക്കുന്നത്. സ്വാഭാവികമായ കൊറോണ ബാധിച്ചിതിന് ശേഷം ആറുമാസം കഴിഞ്ഞ് വാക്സിൻ സ്വീകരിക്കുന്നതാണ് നല്ലത്. കാരണം പ്രകൃതിദത്ത ആന്റിബോഡികൾ അതുവരെ ശരീരത്തിൽ നിലനിൽക്കാൻ സാധ്യതയുണ്ട്.

ആദ്യ ഡോസ് വാക്സിൻ എടുത്തതിനുശേഷം നിങ്ങൾക്ക് രോഗം ബാധിച്ചാൽ, രണ്ടാമത്തെ ഷോട്ടിനായുള്ള നിങ്ങളുടെ ഷെഡ്യൂളിനെ ഇത് എങ്ങനെ ബാധിക്കും?
ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച വ്യക്തിക്ക് കൊറോണ പോസിറ്റീവ് ആയാൽ എട്ട് ആഴ്ചക്ക് ശേഷം രണ്ടാമത്തെ ഡോസ് നൽകാമെന്ന് കർണാടകയിലെ SARS-CoV2 ന്റെ ജനിതക സ്ഥിരീകരണത്തിനുള്ള നോഡൽ ഓഫീസറും നിംഹാൻസിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ - NIMHANS) നിന്ന് വിരമിച്ച ന്യൂറോവൈറോളജി പ്രൊഫസറുമായ ഡോ. വി രവി പറയുന്നു. കോവിഡ് വന്നുപോയതിനു ശേഷം ശരീരം ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു, ഇത് ഒരു വാക്സിൻ ലഭിക്കുന്നതിന് സമാനമാണ്. എങ്കിലും രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് മുമ്പ് കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും കാത്തിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.

നിരവധി ആളുകൾക്ക്, രണ്ട് ഡോസുകൾക്കിടയിൽ കോവി‍ഡ് പോസിറ്റീവായാൽ രോഗം തീവ്രമല്ലാത്തതോ, തീക്ഷണത കുറഞ്ഞരീതിയിലോ ആകും ബാധിക്കുക. എങ്കിലും വൈറസ് എപ്പോൾ ബാധിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും രോഗത്തിൻ്റെ തീവ്രത. ആദ്യ ഡോസ് സ്വീകരിച്ച് ഒന്ന് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിലാണ് കോവി‍ഡ് പോസീറ്റീവ് ആകുന്നതെങ്കിൽ വാക്സിൻ്റെ കൃത്യമായ ഫലമുണ്ടാകാൻ സാധ്യതയില്ല. പക്ഷേ ആദ്യത്തെ വാക്സിൻ ലഭിച്ച് മൂന്നാഴ്ച കഴിഞ്ഞ് കോവിഡ് പോസിറ്റീവ് ആയാൽ രോഗം തീവ്രമാകാൻ സാധ്യത കുറവാണ്. കോവിഡ് പോസിറ്റീവ് ആയതിനു ശേഷം ഉണ്ടാകുന്ന പ്രതിരോധത്തെക്കുറിച്ചും വാക്സിൻ ലഭിച്ചതിലൂടെ ലഭിക്കുന്ന പ്രതിരോധശേഷിയെക്കുറിച്ച് ശാസ്ത്രജ്ഞർ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. സിഡിസി (CDC) പറയുന്നതനുസരിച്ച്, വാക്സിനേഷനുശേഷം ശരീരത്തിന് സംരക്ഷണം നൽകാൻ സാധാരണയായി രണ്ടാഴ്ച എടുക്കും. അതിനാൽ ഇതിനിടിയിൽ രോഗബാധിതരാകാൻ സാധ്യതയുണ്ട്.

നിങ്ങൾക്ക് ഇതുവരെയും കോവിഡ് ബാധിച്ചിട്ടില്ല, ആദ്യത്തെ ഡോസ് എടുക്കുകയും കോവിഡ് വരാതെ തുടരുകയും ചെയ്യുന്നു, എന്നാൽ വാക്സിൻ ലഭ്യമല്ലാത്തതിനാൽ രണ്ടാമത്തെ ഡോസ് എടുക്കാൻ കഴിയുന്നില്ല, ഇതിൽ ആകുലപ്പെടേണ്ടതുണ്ടോ?
രണ്ടാമത്തെ ഡോസ് വൈകുന്നതിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, എന്നാൽ ഇത് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകരുത്, മഹാരാഷ്ട്ര കോവിഡ് -19 ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി പറയുന്നു. കോവാക്സിനെ സംബന്ധിച്ചിടത്തോളം, ആദ്യ ഷോട്ട് എടുത്ത് 45 ദിവസം വരെയുള്ള ഇടവേള കുഴപ്പമില്ല. കോവിഷീൽഡാണെങ്കിൽ, ആദ്യ ഷോട്ടിന് ശേഷം മൂന്ന് മാസം വരെ കഴിഞ്ഞും രണ്ടാമത്തെ ഡോസ് എടുക്കാമെന്ന് അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി.

Also Read ടെസ്റ്റിംഗ് കിറ്റുകൾ മുതൽ ആന്റി-കോവിഡ് ഉപകരണങ്ങൾ വരെ: കൊറോണ പോരാട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

നിലവിലെ വാക്സിനുകൾ ആദ്യ തലമുറ വാക്സിനുകളാണ്, ഇവയെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതേയുള്ളു. ലാൻസെറ്റ് അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, രണ്ട് ഡോസുകൾ 12 ആഴ്ചകൾക്കുള്ളിൽ നൽകിയാൽ കോവിഷീൽഡിന് 81.3% ഫലപ്രാപ്തി ഉണ്ടെന്നും, എന്നാൽ 6 ആഴ്ചയിൽ താഴെയുള്ള സമയത്ത് നൽകിയാൽ 55.1% മാത്രമാണ് ലഭിക്കുന്നത് എന്നുമാണ്. വാക്സിനുകൾ തമ്മിലുള്ള ഇടവേള എത്ര കൂടുന്നോ അത്രയും നല്ലതാണെന്നാണ് അടിസ്ഥാന തത്വമെന്ന് പ്രൊഫസ‍ർ രവി അഭിപ്രായപ്പെടുന്നു. എന്നാൽ കൂടുതൽ ഇടവേള ഉണ്ടാകരുതെന്ന് പറയാൻ കാരണം ഈ കാലയളവിൽ ഒരാൾക്ക് രോഗബാധ ഉണ്ടാകാം എന്നതു കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൂടാതെ, രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ മറക്കുന്ന ഒരു പ്രവണതയും ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

Also Read 'ഞങ്ങൾക്ക് അനുമതി തരൂ; മോദി, യെദ്യൂരപ്പ എന്നിവരെക്കാൾ വേഗത്തിൽ കോണ്‍ഗ്രസ് വാക്സിനെത്തിക്കാം'; ഡി കെ ശിവകുമാർ

ആദ്യ ഡോസായി നിങ്ങൾ കോവാക്സിൻ എടുത്തു, ശേഷം രണ്ടാമത്തേ ഡോസിൽ ഇത് ലഭ്യമല്ലെന്ന് കണ്ടാൽ, പകരം കോവിഷീൽഡ് എടുക്കാമോ?
ഡോ. ബാൽ പറയുന്നതനുസരിച്ച് എല്ലാ വാക്സിൻ വികസന ശ്രമങ്ങളും സ്വതന്ത്രമായിട്ടാണ് നടത്തിയത്. അതുകൊണ്ട് തന്നെ രണ്ട് വ്യത്യസ്ത വാക്സിനുകൾ രണ്ട് ഡോസുകൾക്ക് ഉപയോഗിക്കാമോ എന്നതിനെക്കുറിച്ച് ഒരു പ്രസ്താവന നടത്താൻ സാധ്യമല്ല. കൂടുതൽ വാക്സിനുകൾ ലഭ്യമായിത്തുടങ്ങുമ്പോൾ ഏകോപനത്തിലുള്ള പ്രശ്നങ്ങളും രൂക്ഷമാകും. “അടിസ്ഥാനപരമായി, ഇത് ഒരു ഭരണപരമായ പ്രശ്നമാണ്, അക്കാദമികോ ശാസ്ത്രീയമോ ആയ പ്രശ്നമല്ലെന്ന്,” ഡോ. ബാൽ പറയുന്നു. സിഡിസി (CDC) പറയുന്നതനുസരിച്ച് കോവിഡ് -19 വാക്സിനുകൾ പരസ്പരം മാറ്റാനാവില്ല.
Published by: Aneesh Anirudhan
First published: May 14, 2021, 5:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories