• HOME
  • »
  • NEWS
  • »
  • explained
  • »
  • WHO IS NAFTALI BENNETT WHO COULD REPLACE NETANYAHU AS ISRAEL S PRIME MINISTER AA

Explained: നെതന്യാഹു പുറത്തേക്ക്; ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി ആകാൻ സാധ്യതയുള്ള നഫ്താലി ബെന്നറ്റ് ആരാണ്?

നെതന്യാഹുവിന്റെ സഖ്യസർക്കാരിൽ മന്ത്രിയായിരുന്ന നഫ്താലി ബെന്നറ്റിന്റെ പേരാണ് പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്.

നഫ്താലി ബെന്നറ്റ്

നഫ്താലി ബെന്നറ്റ്

  • Share this:
    ഒരു പതിറ്റാണ്ടിലേറെയായി ഇസ്രായേൽ ഭരിച്ച ബെഞ്ചമിൻ നെതന്യാഹു എന്ന പ്രധാനമന്ത്രിയുടെ പടിയിറക്കത്തിനുള്ള തുടക്കമാണ് ഈ കഴിഞ്ഞ വാരാന്ത്യം സാക്ഷ്യം വഹിച്ചത്. നെതന്യാഹുവിന്റെ സഖ്യസർക്കാരിൽ മന്ത്രിയായിരുന്ന നഫ്താലി ബെന്നറ്റിന്റെ പേരാണ് പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്.

    സങ്കീർണ്ണമായ ഒരു രാഷ്ട്രീയ സംഘർഷത്തിനിടയിലാണ്, നെതന്യാഹുവിന്റെ സഖ്യകക്ഷിയായ നഫ്താലി ബെന്നറ്റ് നെതന്യാഹുവുമായി പിരിഞ്ഞതും, രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള ശ്രമം പ്രഖ്യാപിച്ചതും.

    നെതന്യാഹുവിനെ പുറത്താക്കിയ ശേഷം ബെന്നറ്റ് രാജ്യത്തെ നയിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധർ പറയുന്നത്. ഇസ്രയേലിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി അധികാരത്തിലിരുന്ന ബെഞ്ചമിൻ നെതന്യാഹു തട്ടിപ്പ് കേസിൽ വിചാരണയിലാണ്. ഒപ്പം ഈ വർഷം മാർച്ചിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ പിന്തുണ നേടുന്നതിലും പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ നാലാമത്തെ തെരഞ്ഞെടുപ്പായിരുന്നു അത്.

    ആരാണ് നഫ്താലി ബെന്നറ്റ്?
    സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് കോടികൾ സമ്പാദിച്ചിരുന്ന ഐടി സംരംഭകനായിരുന്നു 49കാരനായ നഫ്താലി ബെന്നറ്റ്. ഒരു തീവ്ര വലതുപക്ഷ ദേശീയ വാദി എന്നാണ് നെഫ്താലിയെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ബെഞ്ചമിൻ നെതന്യാഹുവിനേക്കാൾ വലിയ തീവ്ര വലതുപക്ഷക്കാരനാണ് താനെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ 'ദ ടൈംസ് ഓഫ് ഇസ്രായേലി'ന് നൽകിയ അഭിമുഖത്തിൽ ബെന്നറ്റ് തന്നെ അവകാശപ്പെടുന്നുണ്ട്. എന്നാൽ, സ്വന്തം രാഷ്ട്രീയ വളർച്ചയ്ക്ക് വേണ്ടി വിദ്വേഷമോ വിഭാഗീയതയോ ആയുധമാക്കില്ലെന്നും ബെന്നറ്റ് പറയുന്നു.

    അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കണമെന്ന് ബെന്നറ്റ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. 2013 ൽ ഇസ്രയേലിന്റെ സജീവ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചപ്പോൾ മുതൽ അദ്ദേഹത്തിന്റെ നിലപാടാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

    2013ലാണ് ബെന്നറ്റ് രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുന്നതെങ്കിലും അതിനുമുൻപ് 2006 മുതൽ 2008 വരെ നെതന്യാഹുവിന്റെ സഹായിയും മുഖ്യ ഉപദേഷ്ടാവുമായെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ ഭാഗവുമായിരുന്നു. പിന്നീട്, നെതന്യാഹുവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് പാർട്ടി വിടുകയായിരുന്നു.

    ബെന്നറ്റ്, 2013ൽ വലതുപക്ഷ ദേശീയ കക്ഷിയായ ജ്യൂയിഷ് ഹോം പാർട്ടിയിലൂടെയാണ് സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2013 ൽ തന്നെ പാർലമെന്റിൽ ഇതേ പാർട്ടിയുടെ പ്രതിനിധിയായി പ്രവേശിക്കുകയും ചെയ്തു.

    2015 വരെ നെതന്യാഹു സർക്കാരിൽ ധനകാര്യ, മതസേവന മന്ത്രിയായിരുന്നു ബെന്നറ്റ്. തുടർന്ന് 2015 മുതൽ 2019 വരെ വിദ്യാഭ്യാസ മന്ത്രിയും. 2018 ഡിസംബറിൽ ജ്യൂയിഷ് പാർട്ടിയിൽനിന്ന് കൂറുമാറിയ ബെന്നറ്റ് 'യമീന' എന്ന തീവ്ര വലതുപക്ഷ പാർട്ടിയും സ്വന്തമായി ആരംഭിച്ചു.

    ബെന്നറ്റിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം
    ജൂതരാഷ്ട്രത്തിന്റെ ശക്തനായ വക്താവായാണ് നഫ്താലി ബെന്നറ്റ് അറിയപ്പെടുന്നത്. 1967 ലെ യുദ്ധത്തിനുശേഷം ഇസ്രായേൽ കൈവശപ്പെടുത്തിയ ഇസ്രായേൽ-സിറിയ അതിർത്തിക്കടുത്തുള്ള പ്രദേശമായ വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജറുസലേം, ഗോലാൻ ഹൈറ്റ്സ് എന്നിവിടങ്ങളിലെ അവകാശവാദങ്ങളും ബെന്നറ്റിനെ പ്രശ്സതനാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

    ജൂത കുടിയേറ്റക്കാരെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ കൂട്ടായ്മയായ യെഷാ കൗൺസിലിന്റെ തലവനായിരുന്ന ബെന്നറ്റ് വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി ദീർഘകാലമായി വാദിച്ചിരുന്നു. എങ്കിലും, ബെന്നറ്റ് ഒരിക്കലും ഗാസയുടെ മേൽ ഇസ്രയേലിൻ്റെ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

    ഫലസ്തീൻ തീവ്രവാദികളോട് കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അവർക്ക് വധശിക്ഷ നൽകണമെന്നും വാദിക്കുന്നയാളാണ് ബെന്നറ്റ്. ഗാസയിൽ നിന്നുള്ള ഹമാസിൻ്റെ റോക്കറ്റ് ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ വ്യോമാക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഗാസയിൽ സാധാരണക്കാരായ ജനങ്ങളുടെ മരണത്തിന് കാരണം ഹമാസ് ആണെന്നും ബെന്നറ്റ് പറഞ്ഞിരുന്നു.

    Also Read ചൈനയിൽ പുതിയ പക്ഷിപ്പനി; മനുഷ്യനിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; H10N3 പക്ഷിപ്പനിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

    ബെന്നറ്റ്, രാഷ്ട്രീയ എതിരാളികളോട് പോരാടുന്നയാളല്ല, മറിച്ച് 'ദേശീയ ക്യാമ്പിലെ' ഒരു വ്യക്തിയാണെന്നും തീവ്ര വലതുപക്ഷക്കാരൻ ആണെന്നും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് പറയുന്നു. ഫലസ്തീൻ ഭരണകൂടത്തെ എന്നെന്നേക്കുമായി എതിർക്കുന്നതിനും, വെസ്റ്റ് ബാങ്കിൽ 60 ശതമാനത്തോളം ഇസ്രായേലിൻ്റെ പരമാധികാരം വ്യാപിപ്പിക്കാനും ബെന്നറ്റ് ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

    ബെന്നറ്റ് അധികാരത്തിൽ വരുന്നത് സമാധാനത്തിനായുള്ള ചർച്ചകൾക്കും, ഒരു സ്വതന്ത്ര രാഷ്ട്രത്തിൽ ജീവിക്കുന്നത് പ്രതീക്ഷിക്കുന്ന ഫലസ്തീനികൾക്കും തിരിച്ചടിയാകുമെന്നതിൽ സംശയമില്ല.

    ബെന്നറ്റിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ദൂരംകേന്ദ്രകക്ഷി പാർട്ടി നേതാവ് യെയർ ലാപിഡുമായി ഭരണ സഖ്യം രൂപീകരിക്കുന്നതിന് തങ്ങളുടെ പാർട്ടി ചർച്ചകളിൽ ഏർപ്പെടുമെന്നാണ് ബെന്നറ്റ് അറിയിച്ചത്. തുടർന്ന്, ഈ ചർച്ചകളുടെ ഫലം ബുധനാഴ്ച ലാപിഡ് പ്രഖ്യാപിക്കുമെന്നും ബെന്നറ്റ് പറഞ്ഞു.

    ഇരു പാർട്ടികളും തമ്മിലുള്ള കരാർ പ്രകാരം, നെതന്യാഹുവിൻ്റെ പകരക്കാരനായി ബെന്നറ്റ് പ്രധാനമന്ത്രിയായേക്കും. ആദ്യ പാതിയിൽ ബെന്നറ്റും തുടർന്ന് ലാപിഡും പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്ന തരത്തിലായിരിക്കും പുതിയ ഐക്യസർക്കാർ വരിക എന്നും ഇസ്രയേൽ മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

    Also Read ഭക്ഷ്യ എണ്ണയ്ക്ക് പെട്രോളിനേക്കാൾ വില എന്തുകൊണ്ട്?

    റിപ്പോർട്ടുകൾ സ്ഥിരീകരിക്കപ്പെട്ടാൽ, ഈ സഖ്യം ഇസ്രയേൽ രാഷ്ട്രീയത്തിൽ വലത്, ഇടത്, മധ്യ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരും. ഈ പാർട്ടികൾക്ക് രാഷ്ട്രീയമായി നയത്തിൽ പൊരുത്തം ഇല്ലെങ്കിലും, നെതന്യാഹുവിന്റെ ഭരണം അവസാനിക്കണമെന്ന ആഗ്രഹത്തിലാണ് ഇവർ ഐക്യപ്പെടുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഈ സഖ്യം ഇസ്രായേലിനെ ദുർബലപ്പെടുത്തുമെന്നാണ് നെതന്യാഹുവിൻ്റെ അഭിപ്രായം.

    Also Read ബാങ്ക് ശാഖയിൽ എത്താതെ എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് KYC അപ്‌ഡേറ്റ് ചെയ്യാം; എങ്ങനെയെന്നല്ലേ!

    നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് നീക്കാൻ ബെന്നറ്റ്-ലാപിഡ് സഖ്യത്തിന് ഇസ്രായേലി പാർലിമെന്റിൽ മതിയായ പിന്തുണയുണ്ടെന്ന് ഇസ്രയേൽ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

    എന്നിരുന്നാലും, അസാധാരണമായ ഇസ്രായേലി രാഷ്ട്രീയ സാഹചര്യങ്ങളെ നിഗമനങ്ങളിലേക്ക് ചുരുക്കുന്നതിൽ ടൈംസ് ഓഫ് ഇസ്രായേൽ ജാഗ്രത പാലിച്ചിട്ടുണ്ട്.

    ഇസ്രായേലി പാർലിമെന്റിലെ പ്രതിനിധികൾ കൂറുമാറുകയോ അല്ലെങ്കിൽ ഹാജരാകാതിരിക്കുകയോ ചെയ്യാനുള്ള സാധ്യത, ഇസ്രായേലിന്റെ അതിവേഗം മാറുന്ന വർത്തമാനകാല സാമൂഹ്യ രാഷ്‌ട്രീയ സംഭവങ്ങൾ, ഇവയെല്ലാം, ഇസ്രായേലി പാർലിമെന്റിൽ ഒരു പുതിയ സർക്കാരിനെ അംഗീകരിക്കുന്നതുവരെ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. 120 സീറ്റുകളുള്ള പാർലമെൻ്റിൽ 61 പ്രതിനിധികളുടെ പിന്തുണ മാത്രമാണ് പുതിയ സഖ്യത്തിന് ഉള്ളത്. അതിനാൽ ഒരു പ്രതിനിധി എങ്കിലും കൂറുമാറുകയോ ഹാജരാകാതിരിക്കുകയോ ചെയതാൽ ഭൂരിപക്ഷം നഷ്ടമാകുമെന്നും ടൈംസ് ഓഫ് ഇസ്രായേൽ പറയുന്നു.
    Published by:Aneesh Anirudhan
    First published:
    )}