നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • പി.കൃഷ്ണപിള്ള; 20 വർഷം കൊണ്ട് തൊഴിലാളി ജീവിതത്തിൽ വസന്തം വരുത്തിയ നേതാവ്

  പി.കൃഷ്ണപിള്ള; 20 വർഷം കൊണ്ട് തൊഴിലാളി ജീവിതത്തിൽ വസന്തം വരുത്തിയ നേതാവ്

  ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നോക്ക-ദളിത് വിഭാഗങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനുള്ള സമരപരിപാടികൾക്കും നേതൃത്വം നൽകി

  • Last Updated :
  • Share this:
   കേവലം നാൽപ്പത്തിരണ്ടു വയസ്സുവരെമാത്രം ജീവിച്ച് ഒരു നാടിന്റെ വിധി മാറ്റിയെഴുതുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിത്വമാണ് പി കൃഷ്ണപിള്ളയുടേത് .കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് എന്നിങ്ങനെ രണ്ടു പതിറ്റാണ്ടോളം മാത്രമാണ് പൊതുപ്രവർത്തനത്തിലൂടെ അദ്ദേഹം കേരള രാഷ്ട്രീയത്തെ നയിച്ചത്. പക്ഷേ, അസാധാരണമായ സംഘടനാ വൈഭവത്തിന്റെ ഉടമയായിരുന്ന കൃഷ്ണപിള്ളയുടെ കാര്യത്തിലാണ് കമ്മ്യൂണിസ്റ്റുകാർ പരസ്പരം സംബോധന ചെയ്യുന്ന പദമായ ‘സഖാവ്' എന്നത് ഒരു നേതാവിന്റെ പേരായി മാറിയത്.

   1906-ല്‍ വൈക്കത്ത് ജനിച്ച കൃഷ്‌ണപിള്ള 1930 മുതൽ 1948 വരെ തെക്ക്, വടക്ക്  വ്യത്യാസമില്ലാതെ കേരളത്തിലാകെ രാഷ്ട്രീയമുന്നേറ്റം സംഘടിപ്പിച്ച അസാധാരണ സംഘാടകനും വിപ്ലവകാരിയുമായിരുന്നു. നാരായണൻ നായർ പാർവതി അമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. ചെറുപ്പത്തിലേ ഇരുവരെയും നഷ്ടമായി.ദാരിദ്ര്യം കാരണം പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടാനേ കഴിഞ്ഞുള്ളൂ. 16-ാം വയസ്സിൽ ആലപ്പുഴയിൽ കയർത്തൊഴിലാളിയായി. പിന്നീട് പലയിടത്തും ജോലിചെയ്തു. 1927ൽ ബനാറസിലെത്തി. അവിടെ രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. പിന്നീട് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു. ഉത്തരേന്ത്യൻ വാസത്തിനിടയിൽത്തന്നെ സ്വാതന്ത്ര്യസമര പ്രവർത്തനത്തിന്റെ ഭാഗമായാണ് ഹിന്ദി പ്രചാരകനായത്. പിന്നീട് ഹിന്ദി പ്രചാരണം വിട്ട് രാഷ്ട്രീയപ്രവർത്തനത്തിൽ പൂർണമായി മുഴുകി.

   ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എന്നിവയുടെ രൂപീകരണത്തിനും ചരിത്രപരമായ നേതൃത്വം കൊടുത്തു. 1930 ഏപ്രിൽ 13ന് ഉപ്പു സത്യഗ്രഹം നടത്താന്‍ വടകരയിൽ നിന്നും പയ്യന്നൂരിലേക്കുപോയ ജാഥയിലൂടെയാണ്  സജീവരാഷ്ട്രീയത്തിൽ ഇടപെട്ടുതുടങ്ങിയത്. സത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ നടത്തിയ ചെറുത്തുനിന്നു മർദനമേറ്റ് ബോധംകെട്ട് വീണു.

   1934ൽ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി. വർഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും ഓട്ടുതൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്ത്ത് തൊഴിലാളികളെയും ആറോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

   1937 ല്‍ കോഴിക്കോട്ട്‌ രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറി.1939 ഡിസംബർ അവസാനം കണ്ണൂർ പിണറായിയിലെ പാറപ്രത്ത് നടന്ന സമ്മേളനത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറിയായി കൃഷ്ണപിള്ള തെരഞ്ഞെടുക്കപ്പെട്ടു.

   ഓരോ പാർടി അംഗവും പാർടിക്ക് ലെവി നൽകുന്നതുപോലെ ദുരിതനിവാരണത്തിനായും ഒരു നിശ്ചിതസംഖ്യ തന്റെ വരുമാനത്തിൽനിന്ന് കൊടുക്കണമെന്ന് പ്രഖ്യാപിച്ചത് കൃഷ്ണപിള്ളയായിരുന്നു. മഹാമാരിക്കാലത്ത് കൂടുതൽ കർമ്മനിരതരായി ജനങ്ങളിലേക്കിറങ്ങാനുള്ള ആഹ്വാനമായിരുന്നു അക്കാലത്ത് സഖാവ് പാർടി അംഗങ്ങൾക്കയച്ച ഒരു കുറിപ്പിന്റെ ഉള്ളടക്കം. 'രോഗികളെ ശുശ്രൂഷിക്കാനും ചികിത്സ ഉറപ്പുവരുത്താനും സഖാക്കൾ മുന്നിട്ടിറങ്ങണമെന്നാ'യിരുന്നു നിർദ്ദേശം.

   സംഘടന കെട്ടിപ്പടുക്കുന്നതിലും സമരങ്ങൾക്ക് നേതൃത്വം നൽകുന്നതിലും എതിരാളികളെ നേരിടുന്നതിലും കൃഷ്‌ണപിള്ള കാട്ടിയ മികവ് അവിസ്മരണീയമാണ് . തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങി സമൂഹത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അധഃസ്ഥിതരെയും സംഘടിപ്പിക്കുന്നതിലെ അസാധാരണമായ സാമർഥ്യം കൊണ്ട് അദ്ദേഹം നിരവധി ബഹുജന സംഘടനകൾ ക്ക് തുടക്കം കുറിച്ചു. കൂലി, ജീവിതസാഹചര്യം തുടങ്ങിയവയിലെ പരിതാപകരമായ അവസ്ഥ മാറ്റാൻ ചൂഷണത്തിനും മർദനത്തിനുമെതിരായി മുതലാളിമാരോടും ഭൂപ്രഭുക്കളോടും ഒരുവശത്ത് സമരം നടത്തി.ഒപ്പം സ്വാതന്ത്ര്യസമരത്തിൽ അവരെ അണിനിരത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനുമെതിരായ സമരത്തെ വിപുലമാക്കി. ഇങ്ങനെ സാമ്പത്തികസമരത്തെ രാഷ്ട്രീയസമരമാക്കി വളർത്താമെന്ന് തെളിയിച്ചു.

   എല്ലാവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളിൽ ഇടപെടാനും വർഗപരമായ വീക്ഷണത്തോടെ സമൂഹത്തെ നയിക്കാനും സഖാവ് പ്രവർത്തിച്ചത്. സംസ്ഥാനത്തെ നവോത്ഥാന ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ഗുരുവായൂർ സത്യഗ്രഹത്തിൽ സജീവമായി അദ്ദേഹം പങ്കെടുത്തു. 1931ൽ അമ്പലമണി അടിച്ചതിനെത്തുടർന്ന് ഭീകരമർദനം ഏറ്റുവാങ്ങേണ്ടി വന്നു. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നോക്ക-ദളിത് വിഭാഗങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനുള്ള സമരപരിപാടികൾക്കും നേതൃത്വം നൽകി.

   ഉത്തരവാദ ഭരണത്തിനുവേണ്ടി ആലപ്പുഴയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്കിന്  ഒരു നാരങ്ങക്കച്ചവടക്കാരന്റെ വേഷത്തിലാണ് സഖാവ് അവിടെ എത്തി നേതൃത്വം നൽകിയത്.

   ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് 1940 സെപ്തംബർ 15ന് നേതൃത്വം നൽകി. പിന്നീട് അറസ്റ്റ് ചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാർച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തനങ്ങളിൽ മുഴുകി.

   കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താൻ പ്രവർത്തകരെ കണ്ടുപിടിക്കുന്നതിലും അവരെ പരിശീലിപ്പിക്കുന്നതിലും കഴിവും കുറവും തിരിച്ചറിഞ്ഞ് ഓരോരുത്തർക്കും ചുമതല നൽകുന്നതിലും അതീവ സാമർഥ്യമുണ്ടായിരുന്നു. 1932 ജനുവരിയിൽ കോഴിക്കോട് സബ്‌ജയിലിൽവച്ചാണ് ഇ എം എസും പി കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. അന്ന് ഇടതുപക്ഷ ദേശീയവാദിയായ തന്നെ കമ്മ്യൂണിസ്റ്റായി വളർത്തിയത് സഖാവാണെന്ന് ഇ എം എസു തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 'കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ തന്നെ ചേർത്തത് അന്ന് കല്യാശേരി അടക്കമുള്ള മലബാറിലെ പ്രദേശങ്ങളിൽ സ്ഥിരമായി എത്താറുണ്ടായിരുന്ന സഖാവാണെന്നും' അത് 'മാങ്ങാട് ശ്രീഹർഷൻ വായനശാലയിൽ' വച്ചായിരുന്നെന്നും ഇ കെ നായനാരും സ്മരിച്ചിട്ടുണ്ട്.

   1946 മുതൽ വീണ്ടും ഒളിവ് ജീവിതം.പുന്നപ്ര- വയലാർ സമരശേഷം നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് കമ്മ്യൂണിസ്റ്റ് പാർടിയെ നിരോധിക്കുകയും ചെയ്ത ഘട്ടത്തിൽ തിരുവിതാംകൂറിലെ നേതൃത്വം നൽകാനാണ് സഖാവ് ആലപ്പുഴയിലെത്തി ഒളിവിലിരുന്ന് പ്രവർത്തിച്ചത്. 1948 ഓഗസ്റ്റ് 19ന് മുഹമ്മയ്ക് സമീപമുള്ള കഞ്ഞിക്കുഴിയിലെ കണ്ണർകാട് ഒരു കയർത്തൊഴിലാളിയുടെ വീട്ടിൽ ഒളിവിൽ കഴിയുന്ന സമയത്ത് പാമ്പുകടിയേറ്റാണ് അദ്ദേഹം മരിച്ചത്.

   ‘‘എന്നെ പാമ്പുകടിച്ചു. കണ്ണും തലയും ഇരുളുന്നു. വിവരം എല്ലാവരെയും അറിയിക്കുക. സഖാക്കളെ മുന്നോട്ട്...'' മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹം നോട്ടുബുക്കിൽ കുറിച്ചത് ഇങ്ങനെ എന്ന് ചരിത്രം പറയുന്നു .
   Published by:Chandrakanth viswanath
   First published:
   )}