നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Explained| ഒരു യൂണിറ്റ് പോലും ഉപയോഗിക്കാത്ത വീട്ടില്‍ എങ്ങനെ നൂറും ഇരുനൂറും രൂപ വൈദ്യുതി ബില്‍ വരുന്നു? 

    Explained| ഒരു യൂണിറ്റ് പോലും ഉപയോഗിക്കാത്ത വീട്ടില്‍ എങ്ങനെ നൂറും ഇരുനൂറും രൂപ വൈദ്യുതി ബില്‍ വരുന്നു? 

    വൈദ്യുതി താരിഫിനെക്കുറിച്ചും ബില്ലിംഗ് ശൈലിയെക്കുറിച്ചുമുള്ള അജ്ഞതയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്....

    kseb

    kseb

    • Share this:
      ഒരു യൂണിറ്റ്​ പോലും ഉപയോഗിക്കാതെ നൂറും ഇരുന്നൂറും രൂപ വൈദ്യുതി ബില്‍ വരുന്നത്​ എന്ത്​ കൊണ്ടാണെന്നത്​ ഉപഭോക്​താക്കളെ കണ്‍ഫ്യൂഷനാക്കുന്ന കാര്യമാണ്​. ഇത് കെ.എസ്.ഇ.ബിയുടെ തട്ടിപ്പാണെന്ന്​ ആരോപിച്ച്‌ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി സന്ദേശം പ്രചരിക്കാറുണ്ട്​. എന്നാല്‍, ഇതില്‍ തട്ടിപ്പ്​ ഒന്നു​മില്ലെന്നാണ്​ കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്​. വൈദ്യുതി താരിഫിനെക്കുറിച്ചും ബില്ലിംഗ് ശൈലിയെക്കുറിച്ചുമുള്ള അജ്ഞതയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും​ ഇവര്‍ വ്യക്തമാക്കുന്നു.

      വൈദ്യുതി ബില്‍ കണക്കാക്കുന്നത്​ ഇങ്ങനെ

      വൈദ്യുതി ബില്ലിന് രണ്ട് ഭാഗങ്ങളുണ്ട്. ഫിക്സഡ് ചാര്‍ജും എനര്‍ജി ചാര്‍ജും. എനര്‍ജി ചാര്‍ജ് നമ്മുടെ വൈദ്യുതി ഉപയോഗത്തിനനുസരിച്ചാണ് കണക്കാക്കുക. എന്നാല്‍, വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്സഡ് ചാര്‍ജ് നല്‍കേണ്ടിവരും. വിതരണ ലൈസന്‍സിയുടെ സ്ഥിരം ചെലവുകളാണ് ഫിക്സഡ് ചാര്‍ജായി താരിഫില്‍ പ്രതിഫലിക്കുന്നത്. ഉദാഹരണത്തിന് കെ.എസ്.ഇ.ബി രാജ്യത്തെ നിരവധി വൈദ്യുത പദ്ധതികളുമായി വൈദ്യുതി വാങ്ങല്‍ കരാറുകളിലേര്‍പ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും കെ.എസ്.ഇ.ബി ഫിക്സഡ് ചാര്‍ജ് നല്‍കണം. ഇതുപോലുള്ള സ്ഥിരം സ്വഭാവമുള്ള ചെലവുകളാണ് ഫിക്സഡ് ചാര്‍ജായി താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

      രണ്ട് ഉദാഹരണങ്ങള്‍

      1. സിംഗിള്‍ ഫെയ്സ് ഗാര്‍ഹിക ഉപഭോക്താവ്​

      ഒരു സിംഗിള്‍ ഫെയ്സ് ഗാര്‍ഹിക ഉപഭോക്താവിന് ദ്വൈമാസ ബില്ലിംഗ് പിരീഡില്‍ ഉപഭോഗം പൂജ്യമാണെന്നിരിക്കട്ടെ. താഴെപ്പറയുന്ന തരത്തിലായിരിക്കും ബില്‍ വരിക:

      ഫിക്സഡ് ചാര്‍ജ്: 69.72 രൂപ

      മീറ്റര്‍ വാടക: 12 രൂപ

      മീറ്റര്‍ വാടകയുടെ നികുതി: 2.28 രൂപ

      ആകെ: 84 രൂപ

      ഇതില്‍നിന്ന് ഫിക്സഡ് ചാര്‍ജ് സബ്സിഡിയായ 40 രൂപ കുറവു ചെയ്ത് ബാക്കി 44 രൂപയായിരിക്കും ദ്വൈമാസ ബില്‍ വരിക.

      2. ത്രീ ഫെയ്സ് ഗാര്‍ഹിക ഉപഭോക്താവ്​

      ഒരു ത്രീ ഫെയ്സ് ഗാര്‍ഹിക ഉപഭോക്താവിന് ദ്വൈമാസ ബില്ലിങ്​ പിരീഡില്‍ ഉപഭോഗം പൂജ്യമാണെന്നിരിക്കട്ടെ. താഴെപ്പറയുന്ന തരത്തിലായിരിക്കും ബില്‍ വരിക.

      ഫിക്സഡ് ചാര്‍ജ്: 180.30 രൂപ

      മീറ്റര്‍ വാടക: 30 രൂപ

      മീറ്റര്‍ വാടകയുടെ നികുതി: 5.70 രൂപ

      ആകെ: 216

      (ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്കും ഉപഭോഗം പൂജ്യമാണെങ്കില്‍ അവരുടെ കണക്റ്റഡ് ലോഡ്/ കോണ്‍ട്രാക്റ്റ് ഡിമാന്‍ഡ് അനുസരിച്ച്‌ നിശ്ചയിച്ചിട്ടുള്ള ഫിക്സഡ് ചാര്‍ജ് അടയ്ക്കേണ്ടിവരും)

      വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത് ആര്​?

      കേരളത്തിലെ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത് കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ എന്ന സ്വതന്ത്ര സ്ഥാപനമാണ്. ജനഹിത പരിശോധനയുള്‍പ്പെടെ നടത്തിയിട്ടാണ് റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിരക്ക് നിശ്ചയിച്ച്‌ കെ.എസ്.ഇ.ബിക്ക്​ നല്‍കുന്നത്. ഏറ്റവും ഒടുവില്‍ 2019 ജൂലൈയിലാണ് വൈദ്യുതി നിരക്ക് പരിഷ്കരിച്ചത്. കെ.എസ്.ഇ.ബിക്കോ സര്‍ക്കാരിനോ ഏകപക്ഷീയമായി വൈദ്യുതി നിരക്കില്‍ ഒരു മാറ്റവും വരുത്താനാവില്ല.

      2019 ജൂലൈ എട്ടാം തീയതി കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ പുറത്തിറക്കിയ താരിഫ് ഓര്‍ഡര്‍ പ്രകാരമാണ് കെ എസ് ഇ ബിയില്‍ വൈദ്യുതി ബില്ലിംഗ് ചെയ്യുന്നത്. ബില്ലിന്‍റെ ഘടന എങ്ങനെ വേണമെന്ന് നിശ്ചയിക്കുന്നതും ഈ താരിഫ് ഓര്‍ഡര്‍ പ്രകാരമാണ്. (താരിഫ് ഓര്‍ഡറിന്‍റെ പൂര്‍ണ്ണ രൂപം കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Customers - Tariff at a glance എന്ന ലിങ്കില്‍ ലഭ്യമാണ്)

      ഉപഭോക്താക്കള്‍ വ്യാജ പ്രചാരണങ്ങളെ വിശ്വസിക്കരുതെന്നും സംശയങ്ങളുണ്ടെങ്കില്‍ 1912 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്ബരില്‍ വിളിച്ച്‌​ ദൂരീകരിക്കാമെന്നും കെ.എസ്​.ഇ.ബി അധികൃതര്‍ അറിയിച്ചു.
      Published by:Rajesh V
      First published:
      )}