കൊച്ചി: കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പി.സി.തോമസിനൊപ്പമുള്ള കേരള കോൺഗ്രസും ലയിക്കും. കടുത്തുരുത്തിയിൽ ഇന്ന് നടക്കുന്ന യുഡിഎഫ് കൺവെൻഷനിൽ ഇന്ന് പി.സി. തോമസ് പങ്കെടുക്കും. ലയനപ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.
പി ജെ ജോസഫ് ചെയർമാനും പി സി തോമസ് ഡെപ്യൂട്ടി ചെയർമാനും മോൻസ് ജോസഫ് വൈസ് ചെയർമാനുമാകാനുമാണ് ധാരണ.
മറ്റു പദവികൾ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ലയനത്തോടെ ജോസഫ് ഗ്രൂപ്പിന്റെ ചിഹ്ന പ്രശ്നത്തിനും പരിഹാരമാകുമെന്നാണു കരുതുന്നത്.
നിലവിൽ കസേരയാണ് കേരള കോൺഗ്രസിന്റെ ചിഹ്നം. ഇത് ലഭിക്കുമെങ്കിലും പഴയ ചിഹ്നമായ സൈക്കിളിലേക്കു മാറാനും ശ്രമം നടക്കുന്നുണ്ട്. യുഡിഎഫിലെ 10 സീറ്റിലാണ് പാര്‍ട്ടി മൽസരിക്കുന്നത്.
ഇരുപക്ഷത്തേയും നേതാക്കൾ തമ്മിൽ ഇതിനകം പല ഘട്ടങ്ങളായി രഹസ്യ ചർച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളും മുന്നോട്ടു വച്ചിട്ടുള്ള ധാരണകളെ അടിസ്ഥാനമാക്കിയാകും ലയനത്തിലേയ്ക്കെത്തുക.
മുമ്പ് എൻഡിഎയിലെത്തിയ തോമസ് ജോസഫിനൊപ്പം ഇടതുമുന്നണിയിലെത്തി. ഇടതുമുന്നണിയിൽ നിന്ന് അവഗണന നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും എൻഡിഎയിലേക്ക് തിരിച്ചു പോയത്. മൂവാറ്റുപുഴയിൽ വെച്ച് ചൊവ്വാഴ്ചയും ഇരുപക്ഷത്തേയും നേതാക്കൾ തമ്മിൽ ചർച്ച നടന്നിരുന്നു.
Also Read-
എൻഡിഎ വിട്ട് പിസി തോമസ് ജോസഫിനൊപ്പം; കേരള കോൺഗ്രസിൽ വീണ്ടും ലയനംസീറ്റ് നിഷേധിച്ചതിനാലാണ് എൻഡിഎ വിടുന്നതെന്ന് പിസി തോമസ് പ്രതികരിച്ചു. എൻഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണു താൻ. എന്നാൽ അവഗണന നേരിട്ടു മുന്നണിയിൽ തുടരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതോടെ ആണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മുന്നിൽ പാർട്ടി ചിഹ്നം ഒരു ചോദ്യചിഹ്നം ആയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം മത്സരിച്ച ചെണ്ട ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ ഇല്ല.
ഇതോടെ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് നിലവിൽ ചിഹ്നം ഇല്ലാത്ത അവസ്ഥയായി. ഇനി സ്ഥാനാർഥികൾക്ക് എല്ലാം ഒരു ചിഹ്നത്തിൽ മത്സരിക്കണം എങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുകയോ മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കുകയോ ചെയ്യണം. പത്രികാ സമർപ്പണം പൂർത്തിയാകുന്നതിന് മുൻപ് പുതിയ പാർട്ടി രൂപീകരിച്ച് പുതിയ ചിഹ്നം നേടാനും സാധിക്കില്ല.
സ്ഥാനാർഥികൾ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നതിനെക്കുറിച്ചും പാർട്ടി നേതൃത്വം ആലോചിച്ചിരുന്നു. എന്നാൽ വിപ്പ് നൽകുന്നതടക്കമുള്ള കാര്യങ്ങളിലെ സാങ്കേതിക പ്രശ്നങ്ങളും ഇതിന് വെല്ലുവിളി ആകുന്നുണ്ട്. ചിഹ്നം നഷ്ടപ്പട്ടത് തിരിച്ചടിയായി എന്ന് പാര്‍ട്ടി വിലയിരുത്തി.
രജിസ്റ്റർ ചെയ്യാത്ത രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സൂചന.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ പി.സി.തോമസ് കോട്ടയത്ത് മത്സരിച്ചെങ്കിലും ബിജെപി വേണ്ടപോലെ പിന്തുണച്ചില്ലെന്ന് ആരോപണമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു സ്വാധീനമുള്ള മേഖലകളിലെ ബിജെപി സ്ഥാനാർഥികളുടെ വിജയത്തിനു പിന്നിൽ തന്റെ പാർട്ടിയാണെന്ന വാദവും തോമസിനുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.