• HOME
  • »
  • NEWS
  • »
  • explained
  • »
  • CPI| ലോകായുക്ത ഭേദഗതിയെ സിപിഐ മന്ത്രിസഭയിൽ എതിർത്തതെന്തുകൊണ്ട്?

CPI| ലോകായുക്ത ഭേദഗതിയെ സിപിഐ മന്ത്രിസഭയിൽ എതിർത്തതെന്തുകൊണ്ട്?

ലോകായുക്ത ഭേദഗതി ബിൽ മന്ത്രിസഭ ചർച്ച ചെയ്യുമ്പോൾ എതിർപ്പ് അറിയിക്കാൻ സിപിഐ മന്ത്രിമാരോട് പാർട്ടി നിർദേശിച്ചത് ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന കടുത്ത വിമർശനം കണക്കിലെടുത്താണ്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നീക്കം തടയാൻ സിപിഐക്ക് സാധിച്ചില്ലെന്ന വിമർശനം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്

  • Last Updated :
  • Share this:
    തിരുവനന്തപുരം: ലോകായുക്തയുടെ (Lokayukta) ചിറക് അരിയുന്ന ഭേദഗതി ബില്ലിനെ മന്ത്രിസഭയിൽ സിപിഐ മന്ത്രിമാർ (CPI Ministers) ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതം മൂളി. ഓർഡിനൻസിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തി ബിൽ തയാറാക്കുന്നത് നിയമ പ്രശ്‌നത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

    ലോകായുക്ത വിധി അന്തിമമായി അംഗീകരിക്കുന്നതിനു പകരം അപ്പീൽ അധികാരിയായി മുഖ്യമന്ത്രി, ഗവർണർ, സർക്കാർ എന്നിവരെ നിശ്ചയിച്ചുള്ള ഭേദഗതിയെയാണ് സിപിഐ മന്ത്രിമാർ എതിർത്തത്. അപ്പീൽ അധികാരിയായി സിപിഐ പ്രതിനിധി കൂടി ഉൾപ്പെടുന്ന സമിതിക്കായി നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരാമെന്നാണ് പാർട്ടിക്ക് ലഭിച്ച വാഗ്ദാനം.

    എതിർപ്പ് പാർട്ടിയിലെ വിമർശനം തടയാൻ

    ലോകായുക്ത ഭേദഗതി ബിൽ മന്ത്രിസഭ ചർച്ച ചെയ്യുമ്പോൾ എതിർപ്പ് അറിയിക്കാൻ സിപിഐ മന്ത്രിമാരോട് പാർട്ടി നിർദേശിച്ചത് ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന കടുത്ത വിമർശനം കണക്കിലെടുത്താണ്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നീക്കം തടയാൻ സിപിഐക്ക് സാധിച്ചില്ലെന്ന വിമർശനം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

    അപ്പീൽ അധികാരിയായി സമിതിയെ നിയോഗിക്കുന്നത് അഴിമതിക്കെതിരെയുള്ള ലോകായുക്തയുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം നിലനിൽക്കെ വിധിയെ അപ്രസക്തമാക്കുന്ന സമീപനം പാടില്ലെന്ന അഭിപ്രായവും പാർട്ടിയിൽ ഉണ്ട്.

    ഏകാധിപത്യ രീതിയിൽ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനങ്ങളെ മന്ത്രിസഭയിൽ എതിർക്കാൻ സിപിഐ മന്ത്രിമാർക്ക് കഴിയുന്നില്ലെന്ന വിമർശനമാണ് പ്രധാനമായി ഉയർന്നത്. എതിർക്കുന്ന മന്ത്രിമാരെ പാർട്ടി സംസ്ഥാന സെക്രട്ടറി ശകാരിക്കുമെന്നായിരുന്നു ആരോപണം.

    Also Read- വിഴിഞ്ഞം തുറമുഖ നിർമാണം താത്കാലികമായി നിർത്തിവെച്ചു; ലത്തീൻ സഭ ആവശ്യപ്പെടുന്നതെന്ത്?

    ലോകായുക്ത ഭേദഗതി ഓർഡിനൻസ് മുൻപ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നപ്പോഴും സിപിഐ മന്ത്രിമാർക്ക് കാര്യമായ എതിർപ്പ് അറിയിക്കാൻ സാധിച്ചിരുന്നില്ല. രാജ്യത്തു മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ലോകായുക്ത നിയമം പാസാക്കിയത് സിപിഐയുടെ ഇ ചന്ദ്രശേഖരൻനായർ നിയമ മന്ത്രി ആയിരിക്കെയാണ്. ഈ നിയമത്തിന് മേലാണ് കത്തിവയ്ക്കുന്നത്.

    പ്രത്യേക യോഗം ചേർന്ന് സിപിഐ മന്ത്രിമാർ

    മന്ത്രിസഭാ യോഗത്തിന് മുൻപ് മന്ത്രി കെ രാജന്റെ ചേംബറിൽ യോഗം ചേർന്ന സിപിഐ മന്ത്രിമാർ ഭേദഗതിയെ എതിർക്കാൻ തീരുമാനിച്ചിരുന്നു. ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ ബില്ലിന്റെ കരട് അവതരിപ്പിച്ചപ്പോൾ രാജൻ എതിർപ്പ് അറിയിച്ചു. പി പ്രസാദ് പിന്തുണച്ചു. സിപിഐയുടെ വാദം മുഖ്യമന്ത്രി പിണറായി വിജയൻ ശ്രദ്ധിച്ചു കേട്ടു.

    സിപിഐ നിർദേശം

    ലോകായുക്ത വിധികൾക്ക് അപ്പീൽ അധികാരിയായി മുഖ്യമന്ത്രിയെയും ഗവർണറെയും നിയോഗിക്കുന്നതിന് പകരം അഞ്ചംഗങ്ങളിൽ കുറയാത്ത സമിതി വേണമെന്ന നിർദേശമാണ് സിപിഐ മുന്നോട്ടുവെക്കുക.

    മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, നിയമ, റവന്യൂ മന്ത്രിമാർ എന്നിവരടങ്ങുന്നതാകണം സമിതി. പ്രമുഖ ഘടകകക്ഷി എന്ന നിലയിൽ സിപിഐ മന്ത്രി ഇതിലുണ്ടാകണമെന്ന് പാർട്ടി താത്പര്യപ്പെടുന്നുണ്ട്. നിലവിൽ റവന്യൂ വകുപ്പ് സിപിഐയുടെ കൈയിലാണ്. ഏതെങ്കിലും വിഷയത്തിൽ പ്രതിപക്ഷത്തിന് എതിർപ്പുണ്ടെങ്കിൽ അത് അവഗണിച്ച് സർക്കാരിന്റെ താൽപര്യം നടപ്പാക്കാനാകുമെന്നും അവർ കരുതുന്നു.

    ലോകായുക്തയുടെ പ്രതികൂല പരാമർശമുണ്ടായാൽ മന്ത്രിമാർ രാജിവെക്കണമെന്ന നിലവിലുള്ള വ്യവസ്ഥയ്ക്ക് പകരം വേണമെങ്കിൽ രാജിവെച്ചാൽ മതിയെന്ന തരത്തിലാണ് ഭേദഗതി വരിക. ഉപലോകായുക്തയായി സിറ്റിങ്, അല്ലെങ്കിൽ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. ഇതിൽ സിറ്റിങ് ജഡ്ജിയെ ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയും നിർദേശിച്ചിട്ടുണ്ട്.
    Published by:Rajesh V
    First published: