• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained | സുപ്രീം കോടതി നിരോധിച്ചിട്ടും ബലാത്സംഗത്തിനിരയായ ഉദ്യോഗസ്ഥയെ എയര്‍ഫോഴ്‌സ് ഇരട്ട വിരൽ പരിശോധനയ്ക്ക് വിധേയയാക്കിയത് എന്തിന്?

Explained | സുപ്രീം കോടതി നിരോധിച്ചിട്ടും ബലാത്സംഗത്തിനിരയായ ഉദ്യോഗസ്ഥയെ എയര്‍ഫോഴ്‌സ് ഇരട്ട വിരൽ പരിശോധനയ്ക്ക് വിധേയയാക്കിയത് എന്തിന്?

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇരട്ട വിരല്‍ പരിശോധന അധാര്‍മികമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 • Last Updated :
 • Share this:
  കോയമ്പത്തൂരില്‍ വനിതാ വ്യോമസേനാ ഉദ്യോഗസ്ഥ ബലാത്സംഗം ചെയ്യപ്പെട്ടോ എന്ന് പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ഇരട്ട വിരല്‍(ടൂ ഫിംഗര്‍) പരിശോധന നടത്തി. ഇതിനെതിരെ ദേശീയ വനിത കമ്മീഷന്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി. സുപ്രീം കോടതി ഈ പരിശോധന നിരോധിച്ചിട്ടും എന്തുകൊണ്ടാണ് ഇത് വീണ്ടും സംഭവിച്ചതെന്ന് കമ്മീഷന്‍ ആരാഞ്ഞു. വനിത കമ്മീഷന്‍ ഇത് സംബന്ധിച്ച കത്ത് എയര്‍ ചീഫ് മാര്‍ഷലിന് നേരിട്ട് അയയ്ക്കുകയും ചെയ്തു.

  എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജില്‍ നടന്ന ബലാത്സംഗ കേസിലായിരുന്നു ഈ പരിശോധന നടന്നത്. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയായ
  ഫ്‌ലൈറ്റ് ലെഫ്റ്റനന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരട്ട വിരല്‍ പരിശോധനയിലൂടെ കടന്നുപോയത് തനിക്ക് വളരെ വേദനാജനകമായിരുന്നുവെന്ന് യുവതി എഫ്ഐആറില്‍ വ്യക്തമാക്കി. ഈ സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കമ്മീഷന്‍ വ്യോമസേനയിലെ ഡോക്ടര്‍മാര്‍ തന്നെ നടത്തിയ ഇരട്ട വിരല്‍ പരിശോധന വനിതാ ഉദ്യോഗസ്ഥയുടെ അന്തസ്സിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.

  എന്താണ് ഇരട്ട വിരല്‍ പരിശോധന? ഇതിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ ശബ്ദം ഉയര്‍ത്തിയത് എന്തിന്? എന്തുകൊണ്ടാണ് സുപ്രീം കോടതി ഈ പരിശോധന നിരോധിച്ചത്? കൂടുതല്‍ അറിയാം..

  ബലാത്സംഗം സ്ഥിരീകരിക്കുന്നതിനുള്ള ഇരട്ട വിരല്‍ പരിശോധന

  ടി എഫ് ടി (Two-Finger Testing) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇരട്ട വിരല്‍ പരിശോധന എന്നത് കൈവിരലുകള്‍ ഉപയോഗിച്ചുള്ള ഒരു പരിശോധനയാണ്. ഈ പരിശോധനയില്‍, ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ കന്യകയാണോ അല്ലയോ എന്ന് അറിയുന്നതിനായി ഡോക്ടര്‍മാര്‍ ഒന്നോ രണ്ടോ വിരലുകള്‍ ചേര്‍ത്ത് ഇരയുടെ സ്വകാര്യ ഭാഗം (യോനിയുടെ ഉള്ളില്‍ ഉള്‍പ്പടെ) പരിശോധിക്കുന്നു. ഡോക്ടര്‍മാരുടെ വിരലുകള്‍ യോനിയില്‍ എളുപ്പത്തില്‍ ചലിക്കുകയാണെങ്കില്‍, സ്ത്രീ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ഈ ടെസ്റ്റില്‍ കന്യാചര്‍മ്മവും പരിശോധിക്കും.

  ഈ പരിശോധനയ്ക്കെതിരെ ശക്തമായി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. അത് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രികളുടെ അന്തസ്സിന് എതിരാണെന്നും ഇത് അശാസ്ത്രീയമാണ്, ഇതിലൂടെ ബലാത്സംഗം നടന്നോ ഇല്ലയോ എന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇരട്ട വിരല്‍ പരിശോധനയെ സംബന്ധിച്ചുള്ള പ്രധാന വിമര്‍ശനം, പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്ക് ബലാത്സംഗം പോലുള്ള വേദനാജനകമായ ഒരു കാര്യം ഒരിക്കല്‍ കൂടി അനുഭവിക്കേണ്ടി വരുന്നു എന്നതാണ്.

  ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം എന്തായിരുന്നു?

  ലിലു രാജേഷ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ഹരിയാന (2013) കേസില്‍, ഇരട്ട വിരല്‍ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സ്വകാര്യതയുടെയും അന്തസിന്റെയും ലംഘനമായാണ് ഈ പരിശോധനയെ കോടതി വിശേഷിപ്പിച്ചത്. ഇത് ശാരീരികവും മാനസികവുമായ മുറിവുകളുണ്ടാക്കുന്ന പരിശോധനയാണെന്ന് കോടതി പറഞ്ഞു. ഈ പരിശോധനയിലെ ഫലം പോസിറ്റീവാണെങ്കില്‍ പോലും, സമ്മതം കൊണ്ടാണ് ലൈംഗിക ബന്ധം നടന്നതെന്ന് കരുതാനാവില്ലെന്ന് കോടതി പറയുന്നു.

  2012 ഡിസംബര്‍ 16ലെ കൂട്ട ബലാത്സംഗത്തിന് ശേഷമാണ് ജസ്റ്റിസ് വര്‍മ്മ കമ്മിറ്റി രൂപീകരിച്ചത്. 657 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത് യോനിയിലെ പേശികളുടെ വഴക്കം ഇരട്ട വിരല്‍ പരിശോധനയിലൂടെ അറിയാം. സ്ത്രീ ലൈംഗികമായി സജീവമാണോ അല്ലയോ എന്ന് ഇത് കാണിക്കുന്നു. അവരുടെ സമ്മതത്തിന് വിരുദ്ധമായാണ് ലൈംഗിക ബന്ധം നടന്നതെന്ന കാര്യം മനസ്സിലാകുന്നില്ല. ഇക്കാരണത്താല്‍ ഈ പരിശോധനാ രീതി ഒഴിവാക്കണം.

  സുപ്രീം കോടതി ഇത് നിരോധിച്ചതിനുശേഷവും, ലജ്ജാകരമായ ഇരട്ട വിരല്‍ പരിശോധന വീണ്ടും നടക്കുന്നുണ്ട്. 2019ല്‍, ബലാത്സംഗത്തെ അതിജീവിച്ചവരും അവരുടെ കുടുംബാംഗങ്ങളുമായി 1500 ഓളം ആളുകള്‍ ഈ പരിശോധനയ്ക്കെതിരെ കോടതിയില്‍ പരാതി നല്‍കിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നിട്ടും, ഈ പരിശോധന വീണ്ടും നടത്തപ്പെടുകയാണെന്നും പരാതിയില്‍ പറയുന്നു. ഈ പരിശോധന നടത്തുന്ന ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയും ഈ പരിശോധന അംഗീകരിക്കുന്നില്ല.

  ഇരട്ട വിരല്‍ പരിശോധന സ്വകാര്യത അവകാശ ലംഘനമാണോ?

  അതെ. 2013 ന് ശേഷം പല കേസുകളിലും ഇരട്ട വിരല്‍ പരിശോധന അനാവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഈ പരിശോധനയ്ക്ക് വിധേയയാകുന്ന പെണ്‍കുട്ടിയുടെയോ സ്ത്രീയുടെയോ സ്വകാര്യത, അന്തസ്സ്, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങളുടെ ലംഘനമാണ് അത്. മാത്രമല്ല ഇരട്ട വിരല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ ലൈംഗികതയ്ക്കുള്ള സമ്മതം തെളിയിക്കാനാവില്ല.

  ഒരു ബലാത്സംഗ കേസില്‍ ഒരു സ്ത്രീയുടെയോ പെണ്‍കുട്ടിയുടെയോ ലൈംഗികചരിത്രം പ്രശ്നമല്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇവിടെ അത് സമ്മതത്തിന്റെ ഒരു കാര്യം മാത്രമാണ്. ഏത് തലത്തിലാണ്, ഏത് അവസ്ഥയിലാണ് ആ സമ്മതം നല്‍കിയത്, എന്ന് കാണേണ്ടതുണ്ട്. ഇരട്ട വിരല്‍ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള ഫലങ്ങള്‍ സാങ്കല്‍പ്പികവും വ്യക്തിപരവുമായ അഭിപ്രായമാണെന്നാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍.

  ഈ പരിശോധനയില്‍ സര്‍ക്കാരിന്റെ അഭിപ്രായമെന്ത്?

  കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ പരിശോധനയെ അശാസ്ത്രീയമെന്ന് വിളിച്ചിരുന്നു. 2014 മാര്‍ച്ചില്‍, ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കായി ഒരു പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ഇതില്‍, എല്ലാ ആശുപത്രികളിലും ഫോറന്‍സിക്, മെഡിക്കല്‍ പരിശോധനകള്‍ക്കായി പ്രത്യേക മുറികള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു. ഒപ്പം ഇരട്ട വിരല്‍ പരിശോധന നടത്താതിരിക്കാന്‍ കര്‍ശന നിര്‍ദേശവും നല്‍കി.

  ചരിത്രം രേഖപ്പെടുത്തണമെന്ന് മാര്‍ഗരേഖയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇരയുടെ ശാരീരികവും മാനസികവുമായ പരിശോധനയ്ക്കും കൗണ്‍സിലിംഗിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ, മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് 'ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്സിക്കോളജി' എന്ന വിഷയത്തിന്റെ സിലബസ് മാറ്റിയിരുന്നു. ഇതില്‍ 'കന്യകാത്വത്തിന്റെ അടയാളങ്ങള്‍' എന്ന വിഷയം നീക്കം ചെയ്തു.

  ബലാത്സംഗക്കേസുകളില്‍ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ മെഡിക്കല്‍ തെളിവുകള്‍ നിര്‍ണ്ണായകമാണ്. എന്നിരുന്നാലും, ബലാത്സംഗ കേസുകളില്‍ ഫോറന്‍സിക് തെളിവുകള്‍ ആശ്രയിക്കാനാവില്ല. ചിലപ്പോള്‍ രണ്ട് ആളുകള്‍ തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെ സംഭവിക്കാം, അത് ഒരു കുറ്റമല്ല. ഇക്കാരണത്താല്‍, പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തില്‍ മാത്രമാണ് ഇത് ദൃഡമായ തെളിവായി കാണുന്നത്.

  അന്താരാഷ്ട്ര തലത്തിലുള്ള നിയമങ്ങള്‍ എന്തൊക്കെയാണ്?

  ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇരട്ട വിരല്‍ പരിശോധന അധാര്‍മികമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന്റെ കാര്യത്തില്‍, കന്യാചര്‍മ്മത്തിന്റെ അന്വേഷണം മാത്രം എല്ലാം വെളിപ്പെടുത്തുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. ഇരട്ട വിരല്‍ പരിശോധന മനുഷ്യാവകാശ ലംഘനമാകുകയും ഇരയ്ക്ക് വേദനയുണ്ടാക്കുകയും ചെയ്യും. ഇത് ലൈംഗിക അതിക്രമം പോലെയാണ്, ഇര വീണ്ടും ആ പീഡനം അനുഭവിക്കേണ്ടി വരുന്നു. ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും ഇരട്ട വിരല്‍ പരിശോധന നിരോധിച്ചിട്ടുണ്ട്.
  First published: