13-ാം തീയതി വെള്ളിയാഴ്ച നിര്‍ഭാഗ്യത്തിന്റെ ദിനമായി കരുതപ്പെടുന്നത് എന്തുകൊണ്ട്? ഈ അന്ധവിശ്വാസം തുടങ്ങിയത് എങ്ങിനെ?

ഈ വർഷം ഓഗസ്റ്റ് 13-ാം തീയതി വെള്ളിയാഴ്ചയാണ് എന്നത് ഒരു യാദൃശ്ചികതയാവാം!

Image : allure.com

Image : allure.com

 • Share this:
  നിർഭാഗ്യവുമായി ബന്ധപ്പെട്ട് നിരവധി അന്ധവിശ്വാസങ്ങൾ പാശ്ചാത്യ സമൂഹങ്ങളിൽ പ്രചാരത്തിലുണ്ട്. ഏതെങ്കിലും മാസം പതിമൂന്നാം തീയതി വെള്ളിയാഴ്ചയാണെങ്കിൽ അത് നിർഭാഗ്യത്തിന്റെ ദിനമാണെന്ന അന്ധവിശ്വാസവും അവയിൽ ഒന്നാണ്.

  13-ാം തീയതിയും വെള്ളിയാഴ്ചയും ഒന്നിച്ചു വരിക എന്നത് വളരെ അപൂർവമായ ഒരു സാധ്യതയായി തോന്നിയേക്കാം. എന്നാൽ നമ്മൾ പിന്തുടരുന്ന ഗ്രിഗോറിയൻ കലണ്ടറിന്റെ സ്വഭാവമനുസരിച്ച് മറ്റേതൊരു ദിനത്തെക്കാൾ 13-ാം തീയതി വെള്ളിയാഴ്ചയാകാനാണ് സാധ്യത കൂടുതൽ. ഈ ദിവസത്തെ സംബന്ധിച്ച അന്ധവിശ്വാസം ലോകമെമ്പാടും നിലനിൽക്കുന്ന ഒന്നല്ല.

  ഗ്രീസിലും സ്പാനിഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലും 13-ാം തീയതിയും ചൊവ്വാഴ്ചയും ഒന്നിച്ചു വരികയാണെങ്കിലാണ് ദൗർഭാഗ്യമായി കണക്കാക്കാറുള്ളത്. എന്നാൽ ഇറ്റലിയിലാകട്ടെ, 17-ാം തീയതി വെള്ളിയാഴ്ചയാണെങ്കിൽ ആ ദിവസം പേടിപ്പെടുത്തുന്ന ദിനമായി അറിയപ്പെടുന്നു. ഈ വർഷം ഓഗസ്റ്റ് 13-ാം തീയതി വെള്ളിയാഴ്ചയാണ് എന്നത് ഒരു യാദൃശ്ചികതയാവാം!

  ഒരു അന്ധവിശ്വാസത്തിന്റെ സൃഷ്ടി
  13-ാം തീയതി വെള്ളിയാഴ്ച നിർഭാഗ്യം കൊണ്ടുവരുന്ന ദിനമായി വിശ്വസിക്കപ്പെട്ടതിന്റെ ഉദ്ഭവം കണ്ടെത്തുക എന്നത് മറ്റേത് സംസ്കൃതിയിലും പ്രചാരത്തിലുള്ള അന്ധവിശ്വാസങ്ങളുടെയും കാര്യത്തിലെന്ന പോലെ ദുഷ്കരമായ ഒന്നാണ്. എന്നാൽ, വെള്ളിയാഴ്ചയും 13 എന്ന സംഖ്യയും ലോകത്തെമ്പാടുമുള്ള വിവിധ സംസ്കാരങ്ങൾ നിർഭാഗ്യവുമായി ബന്ധപ്പെടുത്തി കണ്ടിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. സ്കാൻഡിനേവിയൻ പുരാണങ്ങളിലാണ് 13 എന്ന സംഖ്യയുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തിന്റെ ഉദ്ഭവമെന്ന് 'എക്സ്ട്രാ ഓർഡിനറി ഒറിജിൻ ഓഫ് എവരിഡേ തിങ്സ്' എന്ന പുസ്തകത്തിൽ ചാൾസ് പനാറ്റി വിശദീകരിക്കുന്നു.

  സ്കാൻഡിനേവിയയിൽ നിന്ന് യൂറോപ്പിലൂടെ ദക്ഷിണ ഭാഗത്തേക്ക് പ്രചരിക്കാൻ തുടങ്ങിയ ഈ അന്ധവിശ്വാസം ക്രിസ്തുവർഷത്തിന്റെ ആരംഭത്തോടെ മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ പ്രചുരപ്രചാരം നേടി. ഈ ഘട്ടത്തിലാണ് യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ കഥയുമായി ചേർത്തുവെച്ച് 13 എന്ന സംഖ്യയുടെ കുപ്രസിദ്ധിയ്ക്ക് ആധികാരികത കൈവരുന്നത്. ക്രിസ്തുവിനെ വഞ്ചിച്ച് അദ്ദേഹത്തിന്റെ കുരിശുമരണത്തിന് കാരണഭൂതനായ യൂദാസ് അന്ത്യ അത്താഴത്തിൽ പങ്കെടുത്ത പതിമൂന്നാമത്തെ അതിഥി ആയിരുന്നു!

  ബൈബിളിന്റെ ചരിത്രത്തിൽ വെള്ളിയാഴ്ചകൾ ദൗർഭാഗ്യകരമായതിന് പിന്നിലെ ചരിത്രം ക്രിസ്തുവിന്റെ കുരിശുമരണത്തിനും മുമ്പ് തുടങ്ങുന്നതാണ്. ആദവും ഹവ്വയും ചേർന്ന് വിലക്കപ്പെട്ട കനി കഴിച്ചത് ഒരു വെള്ളിയാഴ്ചയായിരുന്നു എന്ന് ബൈബിൾ സൂചിപ്പിക്കുന്നു. കെയിൻ തന്റെ സഹോദരനെ വധിച്ചതും ശലോമോന്റെ ക്ഷേത്രം തകർക്കപ്പെട്ടതും നോഹയുടെ പേടകം മഹാപ്രളയത്തിൽ യാത്ര തുടങ്ങിയതുമെല്ലാം വെള്ളിയാഴ്ചകളിലായിരുന്നു. എന്നാൽ, 13-ാം തീയതിയും വെള്ളിയാഴ്ചയും ചേർന്നു വരുന്ന ദിവസം നിർഭാഗ്യകരമായി കാണാൻ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. വിക്റ്റോറിയൻ കാലഘട്ടത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു അന്ധവിശ്വാസമാണ് ഇതെന്ന് 'ദി പെൻഗ്വിൻ ഗൈഡ് റ്റു ദി സൂപ്പർസ്റ്റീഷ്യൻസ് ഓഫ് ബ്രിട്ടൺ ആൻഡ് അയർലൻഡ്' എന്ന പുസ്തകത്തിൽ സ്റ്റീവ് റൗഡ് വിശദീകരിക്കുന്നു.

  ഒരു ബദൽ ചരിത്രം
  വെള്ളിയാഴ്ചയും പതിമൂന്നും ജനമനസുകളിൽ ദുഃശ്ശകുനത്തിന്റെ സൂചനകളായി ഇടം പിടിച്ചു കഴിഞ്ഞെങ്കിലും വീണ്ടും ചരിത്രം ചികഞ്ഞാൽ ഈ രണ്ടു പ്രതീകങ്ങളെയും ശുഭസൂചനയായിആളുകൾ കണ്ടിരുന്നതിന്റെ തെളിവുകളും ലഭിക്കും. പ്രാചീന കാലത്ത് വെള്ളിയാഴ്ച ദിവസത്തിന് ദൈവീകമായ സ്ത്രീത്വവുമായി ബന്ധമുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. ഇതിന്റെ സൂചന വെള്ളിയാഴ്ചയുടെ ഇംഗ്ലീഷ് നാമത്തിൽ തന്നെയുണ്ട്. 'ഫ്രൈഡേ' എന്ന വാക്കിന് പഴയ ഇംഗ്ലീഷിൽ 'ഡേ ഓഫ് ഫ്രിഗ്ഗ്‌' എന്നായിരുന്നു അർത്ഥം. നോർസ് മിത്തോളജിയിൽ അസ്ഗാർഡിലെ രാജ്ഞിയും ശക്തയായ ആകാശദേവതയുമായിരുന്ന ഫ്രിഗ്ഗ് പ്രണയം, വിവാഹം, മാതൃത്വം എന്നിവയുടെ ദേവതയായിരുന്നു.

  വീടുകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം നൽകുകയും കൃത്യമായ സാമൂഹ്യക്രമം പാലിക്കുകയും ചെയ്തിരുന്ന ഫ്രിഗ്ഗിന് ആളുകളുടെ വിധി നിർണയിക്കാനും കഴിയുമായിരുന്നു. യൂറോപ്പിലുടനീളം ഈ ദേവതയെ ആളുകൾ ആരാധിച്ചു പോന്നിരുന്നു. ഈ ഫ്രിഗ്ഗ് ദേവതയിലുള്ള വിശ്വാസം മൂലം നോർസ്, ട്യൂടോണിക് ജനത വെള്ളിയാഴ്ച വിവാഹം കഴിക്കാൻ ശുഭകരമായ ദിനമായാണ് കണക്കാക്കിയിരുന്നത്. 13 എന്ന സംഖ്യയാവട്ടെ, ക്രൈസ്തവപൂർവ സംസ്കൃതികൾ ചന്ദ്രചക്രവുമായും ആർത്തവചക്രവുമായുമുള്ള ബന്ധം മൂലം അതീവ പ്രാധാന്യമുള്ള ഒന്നായാണ് കണക്കാക്കിയിരുന്നത്.

  അന്ധവിശ്വാസത്തിന്റെ തിരുത്തിയെഴുത്ത്
  മധ്യകാലഘട്ടത്തിൽ ക്രൈസ്തവമതം ശക്തി പ്രാപിച്ചതോടെ നിലവിൽ വന്ന പുരുഷാധിപത്യപരമായ വിശ്വാസങ്ങൾക്ക് വിരുദ്ധമായി പാഗനിസം നിലകൊണ്ടു. ഒന്നിലധികം ദൈവങ്ങളെയും ദേവതകളെയും ആരാധിക്കുന്നതിനെതിരെ നിലകൊണ്ട ക്രിസ്തുമത നേതാക്കൾ വെള്ളിയാഴ്ച, 13 എന്ന സംഖ്യ, പ്രണയം, ലൈംഗികത, മായ, ആനന്ദം എന്നിവയെ പ്രതിനിധീകരിച്ച ദേവതകൾ എന്നിവയെ ആഘോഷിക്കുന്നത് അവിശുദ്ധമായി കണക്കാക്കി. ജനപ്രീതിയുള്ള ദേവതകളായിരുന്നതിനാൽ അവയെ ആരാധിക്കുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, ക്രൈസ്തവ നേതാക്കൾ തങ്ങളുടെ പ്രചരണവുമായി മുന്നോട്ടു പോവുകയും ഈ ദേവതകളെയും അവരെ ആരാധിക്കുന്ന സ്ത്രീകളെയും ദുർമന്ത്രവാദികളായി മുദ്ര കുത്തുകയും ചെയ്തു.

  "നോർസ്, ജർമാനിക് പ്രാദേശിക ഗോത്രജനത ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്തിയതോടെ ഫ്രിഗ്ഗ് എന്ന ദേവതയെ ദുർമന്ത്രവാദിയായി മുദ്രകുത്തി. എല്ലാ വെള്ളിയാഴ്ചകളിലും ഈ ദുർദേവത മറ്റു പതിനൊന്ന് ദുർമന്ത്രവാദികളെയും ഒരു പിശാചിനെയും വിളിച്ചുവരുത്തി 13 പേർ അടങ്ങുന്ന യോഗം ചേർന്നിരുന്നതായും വരും ദിവസങ്ങളിൽ വിധിയിൽ വരുത്തേണ്ട ആപത്കരമായ മാറ്റങ്ങളെക്കുറിച്ച് ആസൂത്രണം ചെയ്തിരുന്നതായും പിന്നീട് വിശ്വസിക്കപ്പെട്ടു", പനാറ്റി എഴുതുന്നു. ഈ ദിവസങ്ങൾ ഇന്നും പാശ്ചാത്യ ഭാവനയിൽ ഭീതി പടർത്തുന്ന ഒന്നാണ്. എന്നാൽ, മുഖ്യധാരയിൽ ഇടപെട്ടിരുന്ന സ്ത്രീകളെ ചരിത്രത്തിലുടനീളം നിശ്ശബ്ദരാക്കിയ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ചർച്ചകൾ വ്യാപകമാകുന്ന ഈ കാലത്ത് നിർഭാഗ്യം നിറഞ്ഞ ഈ തീയതിയെക്കുറിച്ചും വനിതാ ആരാധനാമൂർത്തികളെക്കുറിച്ചുമുള്ള ആഖ്യാനങ്ങൾ വൈകാതെ തിരുത്തിയെഴുതപ്പെട്ടേക്കാം.

  അതിന്റെ സൂചനയാണ് ടെയ്‌ലർ സ്വിഫ്റ്റ് നൽകുന്നത്. ഈ പ്രശസ്ത ഗായിക 13 തന്റെ ഭാഗ്യസംഖ്യയാണെന്ന് വിശ്വസിക്കുന്നു. കൂടാതെ പലപ്പോഴും 13 എന്ന സംഖ്യ കൈയിൽ രേഖപ്പെടുത്തിയാണ് ടെയ്‌ലർ പല കലാപ്രകടനങ്ങളും നടത്തിയിട്ടുള്ളത്. ഇത്തരം മാറ്റങ്ങളുടെ ഫലമായി 13-ാം തീയതി വെള്ളിയാഴ്ചയ്ക്ക് ഭാഗ്യത്തിന്റെ പുതിയ പൈതൃകം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
  First published:
  )}