• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained: സംസ്ഥാനത്ത് സർക്കാർ ഡോക്ടർമാരുടെ സമരം എന്തിന്?

Explained: സംസ്ഥാനത്ത് സർക്കാർ ഡോക്ടർമാരുടെ സമരം എന്തിന്?

ഡോക്ടർമാർ സംസ്ഥാന വ്യാപകമായി നടത്തിയ സൂചനാ പണിമുടക്കിന് പിന്നിലെന്ത്? അറിയാം

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ച് സർക്കാർ ഡോക്ടർമാർ പ്രതിഷേധിച്ചു. രാവിലെ 10 മുതൽ 11 വരെ സർക്കാർ ആശുപത്രികളിൽ ഒപി ബഹിഷ്കരിച്ചാണ് സമരം നടത്തിയത്. കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തിലാണ് ഒരു മണിക്കൂർ ഒ പി ബഹിഷ്‌കരിച്ചത്. രാവിലെ 10 മുതൽ 11 മണി വരെ ആശുപത്രിക്ക് മുന്നിൽ ഡോക്ടർമാർ പ്രതിഷേധിച്ചു. കൂടാതെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ സ്‌പെഷ്യാലിറ്റി ഒ പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ചു. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ പി ചികിത്സ, കെറോണ ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടായില്ല. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകുമെന്ന മുന്നറിയിപ്പാണ് സർക്കാർ ഡോക്ടർമാർ നൽകുന്നത്.

  സമരം എന്തിന്?

  മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഡോ. രാഹുൽ മാത്യുവിനെ ഡ്യൂട്ടിക്കിടെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് ഡോക്ടർമാർ പ്രതിഷേധിക്കുന്നത്. പൊലീസുകാർ ചെയ്ത തെറ്റ് മറച്ച് വച്ച് സംരക്ഷണം നൽകുന്നുവെന്നും സംഭവത്തിൽ മാതൃകാ നടപടി ഉണ്ടാകണമെന്നുമാണ് പ്രതിഷേധിക്കുന്ന ഡോക്ടർമാർ ആവശ്യപ്പെടുന്നത്.

  സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഈ വിഷയം ഉന്നയിച്ച് കെജിഎംഒഎ നടത്തി വരുന്ന ഇടപെടലുകൾ അവഗണിക്കപ്പെട്ടെന്നും പ്രതിഷേധക്കാർ അറിയിച്ചു.
  കോവിഡ് മഹാമാരിയുടെ കാലത്തുപോലും ഇത്തരം അക്രമണങ്ങള്‍ ചെറുക്കാനും നീതി നടപ്പാക്കാനുമായി ഡോക്ടര്‍മാര്‍ക്ക് പരസ്യ പ്രതിഷേധത്തിലേക്ക് പോക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ പൊലീസുകാരനുള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ജി എസ് വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ. ടി എൻ സുരേഷ് എന്നിവർ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

  മാവേലിക്കര സർക്കാർ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വൈകുന്നതിൽ ഐഎംഎ യും നിലപാട് കടുപ്പിച്ചു. ഐഎഎ പ്രസിഡന്റ് ഡോ. പി ടി സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പുറമെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി കൈമാറുമെന്ന് IMA പ്രസിഡന്റ് ഡോ. പി ടി സക്കറിയ അറിയിച്ചു.

  സമരത്തിന് കാരണമായ സംഭവം?

  കഴിഞ്ഞ മെയ് 14 നാണു സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ചന്ദ്രൻ മാവേലിക്കര ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദ്ദിക്കുന്നത്. അഭിലാഷിന്റെ അമ്മ കോവിഡ് ബാധിച്ച മരിച്ചതിനെ തുർന്ന് ആശുപത്രിയിൽ എത്തി ഡോക്ടറെ മർദ്ദിക്കുകയായിരുന്നു. ഉമ്പർനാട് അഭിലാഷ് ഭവനത്തിൽ ലാലിയാണ് മരിച്ചത്. ലാലിയുടെ മകനും സിവിൽ പൊലീസ് ഓഫിസറുമായിരുന്ന അഭിലാഷ് ഡോ. രാഹുലിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. അഭിലാഷിനെ കസ്റ്റഡിയിൽ എടുക്കാത്തതിനെ തുടർന്ന് കെജിഒഎംഒയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിരുന്നു.

  ആക്രമണത്തെ കുറിച്ച് ഡോക്ടർ

  മാവേലിക്കര ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിത്സ ഇല്ല, അവിടുത്തെ കോവിഡ് പ്രവർത്തനങ്ങൾ പ്രധാനമായും വാക്സിനേഷനും സ്വാബ് ടെസ്റ്റുമാണ്. സ്റ്റാഫിന്റെ കുറവ് മൂലം അത് രാവിലെ എട്ട് മുതൽ വൈകിട്ട് എട്ടു വരെയാണ്. എന്നാൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ രാത്രിയിൽ ചികിത്സ തേടി വരുന്നവരെ നോക്കാറുണ്ട്. അതിന് ഒരു പ്രോട്ടോക്കോൾ ഉണ്ട്, ഹെൽത്ത് സർവീസിലുള്ളവർ, തദ്ദേശ സ്വയം ഭരണസ്ഥാപന അംഗങ്ങളായ പഞ്ചായത്ത് മെംബർ, പ്രസിഡന്റ്, വാർഡ് കൗൺസിലർ എന്നിവർ അറിയിച്ചാൽ ക്വാറന്റീനിലുള്ള രോഗികളെ നോക്കും. പലപ്പോഴും മാനസിക സമ്മർദ്ദം കൂടിയിട്ടാവും രോഗികൾ എത്തുന്നത്. അവരെ സമാധാനിപ്പിച്ച് വീട്ടിലേക്ക് വിടുക, നില ഗുരുതരമാണെങ്കിൽ മെഡിക്കൽ കോളജിലേക്കും മറ്റും മാറ്റുക തുടങ്ങിയവയാണ് വാർഡ് ഡ്യൂട്ടിയിലുള്ള എന്റെ പ്രാഥമിക ജോലി. ശസ്ത്രക്രിയ കഴിഞ്ഞവരുടെ കാര്യങ്ങളും ചെങ്ങന്നൂർ ആശുപത്രിയിലെ ഡയാലിസിസിന്റെ ചാർജും ഇവിടെയാണ്. അതും നോക്കണം.

  മേയ് 14 ന് വാർഡിലെ ഡ്യൂട്ടി സമയത്ത് 4.21 ന് കാഷ്വാലിറ്റിയിൽ വലിയ ബഹളം കേട്ടു, അതേ സമയത്ത് കാഷ്വാലിറ്റി എംഒയുടെ കോളും വന്നു. ഫുൾ പിപിഇ കിറ്റ് ഇടാൻ സമയം ഇല്ലാത്തതു കൊണ്ട് സർജിക്കൽ ഗൗണും ഡബിൾ ഗ്ലൗവ്സും മാസ്ക്ക് ഷീൽഡും വച്ച് ഞാൻ അവിടെ ചെന്നു. വല്ലാത്ത അന്തരീക്ഷമായിരുന്നു അവിടെ. ഒരു രോഗി കട്ടിലിൽ കിടക്കുന്നു. ചുറ്റും മൂന്നുനാലു പേരുണ്ട്. കസേരകളും മേശയും മറിച്ച് ഇട്ടിരിക്കുന്നു. രോഗിയുടെ കൂടെയുള്ള ആൾ എന്നോടു പറഞ്ഞു, ‘‘നീ ആദ്യം ജീവനുണ്ടോ എന്ന് നോക്കൂ. വേറേ കൂടുതലൊന്നും ചെയ്യാൻ നിൽക്കണ്ട, ബാക്കി പണി ഞങ്ങൾ ചെയ്തോളാം.’’

  അവരുടെ കൂടെ ഉണ്ടായിരുന്ന ആൾ ഹരിപ്പാട് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റാണ്, അതൊരു കോവിഡ് ആശുപത്രിയാണ്. ഇവിടെ ഡോക്ടർ ഇല്ലേ എന്നൊക്കെ ആ സ്ത്രീ ചോദിക്കുന്നുണ്ടായിരുന്നു. രോഗിയെ കൊണ്ടു വന്നപ്പോൾത്തന്നെ ഡോക്ടർ അവിടെ ഇല്ല എന്ന രീതിയിലായിരുന്നു അവർ സംസാരിക്കുന്നത്.

  വാർധക്യ രോഗങ്ങളുമായി കിടപ്പായിരുന്ന രോഗിയായിരുന്നു. കോവിഡ് പോസീറ്റിവായെന്നു പറഞ്ഞ് മുമ്പ് ആശുപത്രിയിലേക്കു വിളിച്ചപ്പോൾ അവരെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞിരുന്നു. ബാത്ത്റൂമിൽ പോകാൻ ബുദ്ധിമുട്ടാണ്, അച്ഛനും അമ്മയും പോസിറ്റീവാണ്, അതുകൊണ്ട് ഞങ്ങൾ വീട്ടിൽത്തന്നെ ഇരുന്ന് നോക്കുകയാണെന്നായിരുന്നു അവരുടെ മറുപടി. അവരുടെ കൈയിൽ പൾസ് ഓക്സി മീറ്റർ ഉണ്ടായിരുന്നു. തലേ ദിവസം നോക്കുമ്പോൾ മീറ്ററിൽ 75 ഒക്കെയെ കാണുന്നുള്ളു. ഇവർ ആരെയോ വിളിച്ചു ചോദിച്ചു. അവർ പറഞ്ഞു കമിഴ്ത്തി കിടത്തൂ, ചൂടുവെള്ളം കൊടുക്കൂ, ആവി പിടിക്കൂ എന്നൊക്കെ. അതൊക്കെ ചെയ്തിട്ടും പന്ത്രണ്ട് മണിയോടു കൂടി ഓക്സി മീറ്ററിൽ റെക്കോർഡിങ് കാണുന്നില്ല. ആ സമയത്താണ് ഈ അമ്മയെ ആശുപത്രിയിലേക്ക് മാറ്റാൻ ഭർത്താവ് ശ്രമിക്കുന്നത്. ആംബുലൻസ് എത്താൻ താമസിക്കുയും ചെയ്തു. ഇതൊക്കെ ആ സമയത്ത് അവരുടെ ഭർത്താവ് തന്നെ എന്നോടു പറഞ്ഞതാണ്. ‘സാർ ഒന്ന് നോക്ക്, ജീവൻ രക്ഷിക്കാൻ പറ്റുമെങ്കിൽ നോക്കൂ’ എന്നു പറഞ്ഞു. ഞാൻ നോക്കുമ്പോൾ ആൾ മരിച്ചിരുന്നു. മരിച്ചയാളെ ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ. ക്വാറന്റീനിൽ ഇരുന്ന രോഗിയുടെ കോവിഡ് മരണമാണെന്ന് പൊലീസിൽ അറിയിച്ചു.

  മൂന്നു മണിക്കൂറിനു ശേഷം ബോഡി റിലീസ് ചെയ്യുന്നതിനുള്ള കാര്യങ്ങൾ നടക്കുമ്പോൾ ഡ്യൂട്ടി റൂമിലേക്കു വന്ന ഒരാൾ എന്നോട് ചോദിക്കുന്നു: ‘നിങ്ങളാണോ എന്റെ അമ്മയെ നോക്കിയ ഡോക്ടർ?’

  ഞാൻ പറഞ്ഞു: ‘അതേ’. അയാളെന്റെ കഴുത്തിന് കുത്തിപ്പിടിച്ച്, ചെവിക്കുറ്റിക്ക് രണ്ട് അടി, നെഞ്ചിൽ നാല് കുത്ത്. നീ എന്റെ അമ്മയെ കൊന്നില്ലേടാ എന്നു ചോദിച്ച് ബഹളം ആരംഭിച്ചു.

  പരാതി എന്തെങ്കിലും ഉണ്ടെങ്കിൽ കൊടുക്കാനുള്ള സൗകര്യമുണ്ട്, എന്റെ ദേഹത്ത് എന്തിനാണ് തൊടുന്നത് എന്നു ഞാൻ ചോദിച്ചു.

  അപ്പോൾ കൂടെയുള്ളയാൾ ‘വിഡിയോ എടുക്കടാ’ എന്ന് പറയുന്നുണ്ട്. നീ തിരിച്ച് അടിച്ചോ എന്നും പറയുന്നുണ്ട്. അടിക്കാൻ വരുന്ന ആൾ തിരിച്ചടിച്ചോ എന്നു പറയുന്നത് ശരിയല്ല എന്നു തോന്നി, സംയമനം പാലിച്ച്, ദേഹത്തു തൊട്ടത് ശരിയായില്ല എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി എന്നെ പ്രകോപിപ്പിച്ച്, തിരിച്ചടിക്കുന്ന ഒരു വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് മാധ്യമ വിചാരണയ്ക്കുള്ള ശ്രമമാണെന്ന്.

  കൊല്ലത്ത് ഇതുപോലെയൊരു ഡോക്ടറുടെ വിഡിയോ എടുത്ത് പ്രചരിപ്പിച്ചതിനെത്തുടർന്ന് എന്റെ സുഹൃത്തായ ഡോക്ടർ ആത്മഹത്യ ചെയ്യുകയുണ്ടായി. നമ്മുടെ കരിയറും ജോലിയും എല്ലാം നശിപ്പിക്കുക എന്ന കൃത്യമായ പ്ലാനിങ്ങോടെ നടന്ന ഒരു സംഭവമാണ്. അല്ലാതെ വൈകാരികതയുടെ പുറത്ത് അങ്ങനെ സംഭവിച്ചതല്ല, വൈകാരികതയുടെ പുറത്താണെങ്കിലും അത് സമ്മതിച്ചു കൊടുക്കാൻ പാടില്ല. വൈകാരികത നിയന്ത്രിക്കാൻ മനുഷ്യരായ നമ്മൾ പഠിക്കണമല്ലോ? ഇത് പൊലീസിൽ അറിയിച്ചു, പൊലീസ് വന്ന് എഫ്ഐആർ ഇട്ടു. കേസ് റജിസ്റ്റർ ചെയ്ത് ആളെ കൊണ്ടുപോയി. പ്രൈമറി കോണ്ടാക്റ്റായതു കൊണ്ട് അറസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞു.

  ഡോ. രാഹുൽ മാത്യുവിന്റെ രാജി

  40 ദിവസം പിന്നിട്ടിട്ടും തനിക്ക് നീതി കിട്ടിയില്ല എന്ന് ആരോപിച്ചാണ് ഡോക്ടർ രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്.

  സമരത്തിന് പിന്തുണ

  കെജിഎംഒഎ സമരത്തിന് മെഡിക്കൽ കൊളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ യും ഐഎംഎയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരും ഇന്ന് നടന്ന സമരത്തിന്റെ ഭാഗമായി.

  ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി

  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് ഡ്യൂട്ടിക്കിടയില്‍ ഡോ. രാഹുലിനെ മര്‍ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഈ വിഷയത്തില്‍ ഡോ. രാഹുലിന്റെ വിഷമം മനസിലാക്കുന്നു. ഇതുപോലുള്ള സംഭവങ്ങളില്‍ അതിശക്തമായ നടപടിയുണ്ടാകും. ഈ സംഭവത്തില്‍ അദ്ദേഹത്തിനൊപ്പമാണുള്ളതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

  പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞത്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ല. ശക്തമായി എതിര്‍ക്കും. ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിന് ശക്തവും കൃത്യവുമായ നിലപാടുകള്‍ തന്നെയാണുള്ളതെന്ന് വീണാ ജോർജ് പറഞ്ഞു. ഡോക്ടർമാരുടെ സമൂഹത്തിന്റെ വിഷമം മനസിലാക്കുന്നുണ്ട്. കോവിഡ് മഹാമാരി സമയത്ത് വലിയ കഠിനാധ്വാനം ചെയ്യുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അതിനാല്‍ തന്നെ അവര്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

  അമ്മയെ നഷ്ടമായി, ഇനി ജോലിയും കൂടി നഷ്ടമാകുമെന്ന് പൊലീസുകാരൻ

  മാവേലിക്കരയിൽ ഡോ. രാഹുൽ മാത്യുവിനെ മർദ്ദിച്ചകേസിൽ പ്രതിയായ പൊലീസുകാരൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. തനിക്ക് അമ്മയെ നഷ്ടമായെന്നും ജാമ്യം നിഷേധിച്ചാൽ ജോലിയും കൂടി നഷ്ടമാകുമെന്നാണ് കേസിൽ പ്രതിയായ പൊലീസുകാരൻ കോടതിയിൽ വാദിച്ചത്. അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തുപോയതാണെന്നും അയാൾ കോടതിൽ പറഞ്ഞു.

  പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നായിരുന്നു കെജിഎംഒഎ ചുമതലപ്പെടുത്തിയ അഭിഭാഷകന്റെ വാദം. ഡോക്ടർ രാഹുൽ ക്രൂരമർദ്ദനത്തിനാണ് ഇരയായതെന്നും കേസെടുത്ത് ഏറെനാൾ കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നും പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നത് നീതിനിഷേധമാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതേത്തുടർന്നാണ് വിധി പറയുന്നത് കോടതി മാറ്റിവയ്ക്കുകയായിരുന്നു. മുൻകൂർ ജാമ്യഹർജി നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിയുടെ അറസ്റ്റ് പൊലീസ് മനപൂർവം വൈകിപ്പിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്.

  അന്വേഷണം

  മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടർക്ക് മർദനമേറ്റ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ക്ക് അന്വേഷണ ചുമതല കൈമാറി. ചെങ്ങന്നൂർ ഡിവൈഎസ്പി, മാവേലിക്കര എസ് എച്ച ഒ എന്നിവരും സംഘത്തിൽ ഉണ്ടാകും.
  Published by:Rajesh V
  First published: