നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനം; 'ഹാദിയ കേസ്' റഫര്‍ ചെയ്ത് ഗുജറാത്ത് ഹൈക്കോടതി

  മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനം; 'ഹാദിയ കേസ്' റഫര്‍ ചെയ്ത് ഗുജറാത്ത് ഹൈക്കോടതി

  ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹാദിയ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

  File photo of Gujarat High Court

  File photo of Gujarat High Court

  • Share this:
   ന്യൂഡല്‍ഹി: ഗുജറാത്ത് സർക്കാർ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്ന് ഗുജറാത്ത് ഹൈക്കോടതി. ലൗ ജിഹാദ് തടയാനെന്ന പേരിലാണ് ഗുജറാത്തിലെ ബിജെപി സർക്കാർ നിയമം നടപ്പാക്കിയത്. എന്നാൽ ഈ നിയമം പ്രഥമദൃഷ്ട്യാ തന്നെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

   നിയമത്തിലെ വ്യവസ്ഥകൾ ബലപ്രയോഗമോ വശീകരണമോ വഞ്ചനാപരമായ മാര്‍ഗങ്ങളോ ഇല്ലാതെ നടക്കുന്ന മിശ്ര വിവാഹങ്ങള്‍ക്ക് ബാധകമാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ് ജസ്റ്റിസ് ബിരേണ്‍ വൈഷ്ണവ് എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവിറക്കിയത്.

   രണ്ട് വിശ്വാസത്തിൽ ഉൾപെട്ട പ്രായപൂർത്തിയായവർ സമ്മതത്തോടെയും വശീകരണമില്ലാതെയും വഞ്ചനപരമായിട്ടല്ലാതെയും വിവാഹം കഴിക്കുന്നതിനെ നിയമവിരുദ്ധമായ മതപരിവര്‍ത്തന വിവാഹങ്ങള്‍ എന്ന് വിളിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

   എന്താണ് മതസ്വാതന്ത്ര്യ(ഭേദഗതി) നിയമം?

   ഗുജറാത്ത് സർക്കാരിന്റെ മതസ്വാതന്ത്ര്യ(ഭേദഗതി) നിയമം വ്യക്തപരമായി മതവും ഇഷ്ടങ്ങളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

   വിവാഹത്തിന്റെ ഭാ​ഗമായി മതപരിവർത്തനം നടത്തിയാൽ നിർബന്ധിത മതപരിവർത്തന കുറ്റമായി പരിഗണിക്കുന്നതാണ് നിയമം. 3 മുതൽ 10 വർഷം വരെ കഠിന തടവും 5 ലക്ഷം രൂപ പിഴയും ആണ് ശിക്ഷയായി നിഷ്കർശിക്കുന്നത്. വിവാഹത്തിനായി മതപരിവർത്തനത്തിന് കൂട്ട് നിൽക്കുന്ന മതമേലധികാരികളേയും ശിക്ഷിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
   Also Read-Zycov-D | സൂചിയില്ലാത്ത വാക്സിൻ; 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് നൽകുന്ന സൈഡസ് കാഡിലയെ കുറിച്ച് അറിയാം

   മിശ്ര വിവാഹിതരായ ദമ്പതികള്‍ തെളിവ് ഹാജരാക്കേണ്ട അവസ്ഥ വരേണ്ടിവരുമെന്ന് നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. നിയമത്തിലെ സെക്ഷന്‍ 6 എ തെളിവുകളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.

   ഹാദിയ കേസ് റഫർ ചെയ്ത് ഗുജറാത്ത് ഹൈക്കോടതി

   ഹാദിയ കേസിലെ സുപ്രധാനമായ സുപ്രീംകോടതി വിധി ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണം. ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹാദിയ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

   2018 മാര്‍ച്ച് മാസത്തില്‍ ഷഫിന്‍ ജഹാനും ഹാദിയയും തമ്മിലുള്ള വിവാഹം നിയമപരമെന്നു വിധിച്ച സുപ്രീംകോടതി 2017 മേയ് 24ന് വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാനാവില്ല എന്നു നിരീക്ഷണം നടത്തി സുപ്രീം കോടതി വിധി പറഞ്ഞത്.

   ഹാദിയ കേസിന്റെ നാള്‍ വഴി

   അഖില എന്ന ഹാദിയയുടെ പിതാവ് അശോകന്‍ 2016 ജനുവരി 19ന് ഹൈക്കോടതിയില്‍ ആദ്യത്തെ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു.

   ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2016 ജനുവരി 25ന് ഹാദിയയെ സ്വന്തം ഇഷ്ടപ്രകാരം കോടതി വിട്ടയച്ചു.

   2016 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി മഞ്ചേരി സത്യസരണിയില്‍ ഹാദിയ മതപഠനം പൂര്‍ത്തിയാക്കി.

   2016 ആഗസ്ത് 16ന് അശോകന്‍ ഹൈക്കോടതിയില്‍ രണ്ടാമത്തെ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു.

   2016 ആഗസ്ത് 22ന് ഹാദിയ ഹൈക്കോടതിയില്‍ ഹാജരായി. തുടര്‍ന്ന് 2016 സപ്തംബര്‍ ഒന്നിന് വീണ്ടും ഹാജരാവണമെന്ന നിര്‍ദ്ദേശത്തോടെ കോടതി ഹാദിയയെ ഹോസ്റ്റലിലേക്ക് അയച്ചു.

   2016 സപ്തംബര്‍ ഒന്നിന് വീണ്ടും കോടതിയില്‍ ഹാജരായ ഹാദിയയോട് സപ്തംബര്‍ അഞ്ചിന് വീണ്ടും ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചു.

   സപ്തംബര്‍ അഞ്ചിന് വീണ്ടും ഹാദിയ കോടതിയില്‍ ഹാജരായി. അന്നു തന്നെ കേസ് സംബന്ധിച്ച ആദ്യത്തെ അന്വേഷണ റിപോര്‍ട്ട് പെരിന്തല്‍മണ്ണ ഡിവൈഎസ്പി കോടതിയില്‍ സമര്‍പ്പിച്ചു.

   2016 സപ്തംബര്‍ 27ന് വീണ്ടും കേസ് പരിഗണിച്ച കോടതി ഹാദിയ ബോധിപ്പിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഹാദിയയെ സഹായിച്ച സൈനബയ്ക്കൊപ്പം വിട്ടയച്ചു.

   2016 നവംബര്‍ 14ന് സൈനബയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് കോടതി പെരിന്തല്‍മണ്ണ ഡിവൈഎസ്പിയോട് നിര്‍ദ്ദേശിച്ചു.

   2016 ഡിസംബര്‍ 15ന് സൈനബയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷിച്ച റിപോര്‍ട്ട് സമര്‍പ്പിച്ചു. അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു റിപോര്‍ട്ട്.

   2016 ഡിസംബര്‍ 19ന് കോട്ടക്കല്‍ പുത്തൂര്‍ മഹലില്‍വച്ച് ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം നടന്നു.

   2016 ഡിസംബര്‍ 20ന് ഹാദിയയും ഷഫിനും ചേര്‍ന്ന് ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്തില്‍ വിവാഹ രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പിച്ചു.

   ഉത്തരവുപ്രകാരം 2016 ഡിസംബര്‍ 21 ന് ഹാദിയയും ഷഫിനും ഹൈക്കോടതിയില്‍ ഹാജരായി. തുടര്‍ന്ന് അന്നേ ദിവസം തന്നെ ഹാദിയയെ ഹോസ്റ്റലിലേക്ക് അയച്ചുകൊണ്ട് ഉത്തരവിടുകയും ഇരുവരുടെയും വിവാഹത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ഇവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

   ഹാദിയയുടെയും ഷഫിന്റെയും വിവാഹത്തില്‍ യാതൊരുവിധ ദുരൂഹതയുമില്ലെന്ന് വ്യക്തമാക്കി 2017 ജനുവരി 30ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

   2017 ഫെബ്രുവരി ഒന്നിന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഹാദിയയുടെ നിക്കാഹ് സംബന്ധിച്ച രേഖകള്‍ കോടതി മുമ്പാകെ ഹാജരാക്കി.

   2017 ഫെബ്രുവരി ഏഴിന് ഷഫിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും കേസ് വീണ്ടും പരിഗണിക്കാന്‍ 22ലേക്ക് മാറ്റുകയും ചെയ്തു

   ഫെബ്രുവരി 22ന് വീണ്ടും കേസ് പരിഗണിച്ച കോടതി അന്നുവരെയുള്ള മുഴുവന്‍ അന്വേഷണ റിപോര്‍ട്ടും രേഖപ്പെടുത്തിയ മൊഴികളും ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാര്‍ച്ച് രണ്ടിലേക്ക് പരിഗണിക്കാന്‍ കേസ് മാറ്റി. മാര്‍ച്ച് രണ്ടിന് വിശദമായ വാദം കേട്ട കോടതി വേനലവധിക്കു മുമ്പ് കേസ് തീര്‍ക്കുമെന്ന് പറഞ്ഞുവെങ്കിലും കേസ് അനിശ്ചിതമായി നീട്ടിവച്ചു.

   2017 മെയ് 24 കേസ് വീണ്ടും പരിഗണിച്ച കോടതി വിവാഹം അസാധുവാക്കുകയും ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ട് ഉത്തരവിടുകയും ചെയ്തു.

   2017 ജൂലൈ ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയ (അഖില)യുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു.

   2017 ഒക്ടോബര്‍ 30 ശഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിച്ച് പിതാവ് അശോകനോട് 2017 നവംബര്‍ 27 ന് ഹാദിയയുമായി നേരിട്ട് ഹാജരാവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഹാദിയയുടെ പിതാവ് അശോകന്റെയും എന്‍ഐഎയുടെയും ശക്തമായ എതിര്‍പ്പ് തള്ളിക്കൊണ്ടായിരുന്നു ഹാദിയയുടെ ഭാഗം നേരിട്ട് കേള്‍ക്കാനുള്ള സുപ്രിംകോടതി തീരുമാനം.

   2017 നവംബര്‍ 27 ഹാദിയ പിതാവിനൊപ്പം സുപ്രീം കോടതിയില്‍ ഹാജരായ ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കരുത് എന്ന് പിതാവിന്റെ അഭിഭാഷകന്‍ വാദിച്ചു. അച്ഛന്റെയും എന്‍.ഐ.എ യുടെ ഭാഗം കേട്ടതിന് ശേഷം ഹാദിയയെ കേട്ടാല്‍ മതി എന്ന് അവര്‍ വാദിച്ചു. എന്നാല്‍ രണ്ട് മണിക്കൂര്‍ വാദം കേട്ട ശേഷം ജഡ്ജിമാര്‍ ഹാദിയയുടെ ഭാഗം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 45 മിനിട്ടോളം ഹാദിയയോട് ജഡ്ജിമാര്‍ സംസാരിച്ചു. പിതാവിന്റെയോ ഭര്‍ത്താവിന്റെയോ സംരക്ഷണത്തില്‍ വിടാതെ അവളെ കോളേജ് ഹോസ്റ്റലിലേക്ക് മാറ്റാനും പഠനം പൂര്‍ത്തികരിക്കാനും കോടതി ഉത്തരവിട്ടു.

   2018 മാര്‍ച്ച് മാസത്തില്‍ ഷഫിന്‍ ജഹാനും ഹാദിയയും തമ്മിലുള്ള വിവാഹം നിയമപരമെന്നു വിധിച്ച സുപ്രീംകോടതി 2017 മേയ് 24ന് വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാനാവില്ല എന്നു നിരീക്ഷണം നടത്തി സുപ്രീം കോടതി വിധി പറഞ്ഞത്. ഹാദിയയ്ക്ക് ഷഫിന്‍ ജഹാനോടൊപ്പം പോകാമെന്നും അവരുടെ പഠനം തുടരാമെന്നും കോടതി തുടര്‍ന്നു പറഞ്ഞു.
   Published by:Naseeba TC
   First published: