നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Explained: ഇന്തോനേഷ്യ വനിതാ ആർമി കേഡറ്റുകൾക്കുള്ള ‘കന്യകാത്വ പരിശോധന’ റദ്ദാക്കിയത് എന്തുകൊണ്ട്?

    Explained: ഇന്തോനേഷ്യ വനിതാ ആർമി കേഡറ്റുകൾക്കുള്ള ‘കന്യകാത്വ പരിശോധന’ റദ്ദാക്കിയത് എന്തുകൊണ്ട്?

    "രണ്ട് വിരലുകൾ" ഉപയോ​ഗിച്ച് യോനിയിൽ നടത്തുന്ന പരിശോധനയാണ്. ഒരു സ്ത്രീ അല്ലെങ്കിൽ പെൺകുട്ടി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് ഈ പരിശോധന നടത്തുന്നത്.

    doctor

    doctor

    • Share this:
      വനിതാ കേഡറ്റുകളുടെ തെരഞ്ഞെടുപ്പിൽ ദീർഘകാലമായി നിലനിന്നിരുന്ന കന്യകാത്വ പരിശോധന ഇന്തോനേഷ്യൻ സൈന്യം റദ്ദാക്കിയതായി സൈനിക മേധാവി ചൊവ്വാഴ്ച അറിയിച്ചു. ഇന്തോനേഷ്യൻ സുരക്ഷാ സേനയുടെ കന്യകാത്വ പരിശോധനയുടെ ഉപയോഗം ആദ്യമായി ച‍ർച്ചയായത് 2014 ൽ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ വെളിപ്പെടുത്തലിനെ തുട‍ർന്നായിരുന്നു. തു‍ട‍ർന്ന് നടത്തിയ അന്വേഷണത്തിൽ 1965 മുതൽ ആയിരക്കണക്കിന് വനിത അപേക്ഷകർക്ക് കന്യകാത്വ പരിശോധനകൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ദേശീയ പോലീസ് നിയമങ്ങൾ അനുസരിച്ച് റിക്രൂട്ട്മെന്റ് "വിവേചനരഹിതവും" "മാനുഷികവും" ആയിരിക്കണം എന്ന നി‍ർദ്ദേശമുണ്ടായിരുന്നിട്ടും കന്യകാത്വ പരിശോധനകൾ തുട‍ർന്നിരുന്നു.

      ഇത്തരം പരിശോധനകൾ വനിതാ സൈനിക റിക്രൂട്ട്മെന്റുകൾക്ക് വളരെക്കാലമായി നിർബന്ധമായിരുന്നുവെന്നും വനിത അപേക്ഷകർക്ക് മാത്രമല്ല, സൈനിക ഉദ്യോഗസ്ഥരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്കും പരിശോധന ആവശ്യമായിരുന്നുവെന്ന് അന്നത്തെ ഇന്തോനേഷ്യയുടെ രാഷ്ട്രീയ, നിയമ, സുരക്ഷ ഏകോപന മന്ത്രി ടെഡ്ജോ ഈദി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യത്തെ പോലീസ് സേന 2015 ൽ ഈ സമ്പ്രദായം നിർത്തലാക്കിയപ്പോഴും സൈന്യത്തിൽ ഈ രീതി തുടർന്നിരുന്നു.

      എന്താണ് കന്യകാത്വ പരിശോധന?

      വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പ്രസിദ്ധീകരണമായ "കന്യകാത്വ പരിശോധന ഇല്ലാതാക്കൽ: ഒരു ഇടപെടൽ പ്രസ്താവന" (“Eliminating virginity testing: An interagency statement”) അനുസരിച്ച്, കന്യകാത്വ പരിശോധന അഥവാ കന്യാചർമ്മ പരിശോധന "രണ്ട് വിരലുകൾ" ഉപയോ​ഗിച്ച് യോനിയിൽ നടത്തുന്ന പരിശോധനയാണ്. ഒരു സ്ത്രീ അല്ലെങ്കിൽ പെൺകുട്ടി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് ഈ പരിശോധന നടത്തുന്നത്.

      ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട് അനുസരിച്ച് "കന്യകാത്വ പരിശോധന" എന്നത് ലിംഗാധിഷ്ഠിത അതിക്രമത്തിന്റെ അപകീർത്തികരമായ സമ്പ്രദായമാണ്.

      കഴിഞ്ഞ മാസം ഇന്തോനേഷ്യൻ മിലിട്ടറി കമാൻഡർമാരുമായുള്ള ടെലികോൺഫറൻസിൽ, ഇന്തോനേഷ്യൻ ആർമി ചീഫ് ജനറൽ ആൻഡിക പെർകാസ വനിതാ കേഡറ്റുകളെ റിക്രൂട്ട് ചെയ്യുന്നതിന് ആവശ്യമായ മെഡിക്കൽ പരിശോധന പുരുഷ കേഡറ്റുകൾക്ക് സമാനമായിരിക്കണമെന്ന് പറഞ്ഞിരുന്നു. അപേക്ഷകരെ അവരുടെ ശാരീരിക കഴിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പരീക്ഷിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ആർമി ഓഫീസർമാരെ വിവാഹം കഴിക്കുന്ന സ്ത്രീകളെയും കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന് കരസേന ജനറൽ കരസേനയ്ക്ക് നിർദ്ദേശം നൽകി.

      കന്യകാത്വ പരിശോധനയുടെ ശാസ്ത്രീയ സാധുത

      ഒരു പെൺകുട്ടിയുടെയോ സ്ത്രീയുടെയോ കന്യകാത്വം വിലയിരുത്തുന്നതിനായുള്ള പരിശോധനകൾ റദ്ദാക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനകളുടെ ഒരു സംഘം 2018ൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ശാസ്ത്രീയ അടിത്തറയില്ലാതെ ഈ സമ്പ്രദായം മനുഷ്യാവകാശ ലംഘനമാണെന്നാണ് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കിയത്.

      ലോകാരോഗ്യ സംഘടനയുടെ കന്യകാത്വ പരിശോധനയെക്കുറിച്ചുള്ള അവലോകന റിപ്പോ‍ർട്ട് അനുസരിച്ച്, ഈ പരിശോധനയ്ക്ക് ശാസ്ത്രീയ യോഗ്യതയോ ക്ലിനിക്കൽ സൂചനകളോ ഇല്ല. യോനീ പരിശോധനയല്ലാതെ ഒരു വ്യക്തിയുടെ ലൈംഗിക ബന്ധത്തിന്റെ ചരിത്രം തെളിയിക്കാൻ അറിയപ്പെടുന്ന ഒരു പരിശോധനയും സേനകൾ നടത്തുന്നില്ലെന്നും പഠനത്തിൽ പറയുന്നു.

      ഈ പരിശോധന സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തിന് ഹാനികരമായേക്കാവുന്ന പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പഠനം കൂട്ടിച്ചേർത്തു.

      മെഡിക്കൽ, ശാസ്ത്രീയ അടിത്തറയില്ലാത്ത ഒരു സാമൂഹിക, സാംസ്കാരിക, മതപരമായ നിർമിതി എന്നാണ് റിപ്പോർട്ടിൽ "കന്യകാത്വം" എന്ന പദത്തെ വിവരിക്കുന്നത്. 2015 ൽ, ഇന്തോനേഷ്യയിലെ മുൻ ആരോഗ്യ മന്ത്രി നില മൊയ്ലോക്ക്, മിലിട്ടറിയിലെയും പോലീസ് സേനയിലെയും വനിതാ റിക്രൂട്ട്മെന്റിന് ആവശ്യമായ കന്യകാത്വ പരിശോധനയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. "കന്യകാത്വ പരിശോധനയുടെ ആവശ്യകത, കൃത്യത, യോഗ്യത എന്നിവയിൽ തനിക്ക് സംശയമുണ്ടെന്ന്" നില മൊയ്ലോക്ക് വ്യക്തമാക്കിയിരുന്നു. ഈ പ്രശ്നം യൂറോപ്യൻ കമ്മീഷന്റെയും ശ്രദ്ധയിൽ പെട്ടു. ഈ രീതിയെ "വിവേചനപരവും അപമാനകരവും" എന്നാണ് യൂറോപ്യൻ കമ്മീഷൻ വിശേഷിപ്പിച്ചത്.

      മനുഷ്യാവകാശ സംഘടനകളുടെ പ്രതികരണം

      കന്യകാത്വ പരിശോധന ഇന്തോനേഷ്യൻ സൈന്യം റദ്ദാക്കിയ പ്രഖ്യാപനം മനുഷ്യാവകാശ സംഘടനകളും പ്രവ‍ർത്തകരും സ്വാഗതം ചെയ്തു. “ആർമി കമാൻഡ് ഇപ്പോൾ ശരിയായ കാര്യമാണ് ചെയ്യുന്നത്. ഉത്തരവുകൾ പിന്തുടരുകയും ഈ ആചാരത്തിന്റെ അശാസ്ത്രീയവും അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നതുമായ രീതി തിരിച്ചറിയേണ്ടത് നിലവിലെ ബറ്റാലിയൻ കമാൻഡർമാരുടെ ഉത്തരവാദിത്തമാണ്. നാവികസേനയുടെയും വ്യോമസേനയുടെയും ഉന്നത കമാൻഡർമാരും നിലവിലെ രീതി അവസാനിപ്പിക്കണമെന്നും സൈന്യത്തിന്റെ തീരുമാനം പിന്തുടരണമെന്നും“ ഇന്തോനേഷ്യയിലെ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഗവേഷകനും എഴുത്തുകാരനുമായ ആൻഡ്രിയാസ് ഹർസോനോ കുറിച്ചു.

      റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച്, ഇന്തോനേഷ്യൻ നാവികസേനാ വക്താവ് ജൂലിയസ് വിഡ്ജോജോനോ വനിത അപേക്ഷകർക്ക് ഗർഭ പരിശോധന നടത്തുന്നുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും പ്രത്യേക കന്യകാത്വ പരിശോധനകളുണ്ടെന്ന് അറിയിച്ചിട്ടില്ല. "ഉദ്യോ​ഗാ‍ർത്ഥികളുടെ സേവന ശേഷിയെ തടസ്സപ്പെടുത്തുന്ന സങ്കീർണതകൾ പരിശോധിക്കുന്നതിനാണ് സ്ത്രീകളുടെ ​ഗ‍ർഭ പരിശോധനകൾ നടത്തിയത്", എന്നാൽ "കന്യകാത്വ പരിശോധനകൾ സേനയുടെ പദാവലിയിൽ നിലവിലില്ല" എന്ന് ഒരു വ്യോമസേന വക്താവ് പറഞ്ഞു.

      "നല്ല വാർത്ത! ഇന്തോനേഷ്യൻ ആർമി ചീഫ് ജനറൽ ആൻഡിക പെർകാസ സൈനിക കമാൻഡർമാരോട് വനിതാ ഉദ്യോഗസ്ഥർക്കുള്ള നിയമന പ്രക്രിയയിൽ വൈദ്യപരിശോധന പുരുഷ വൈദ്യ പരിശോധനയ്ക്ക് സമാനമായിരിക്കണം എന്ന് പറഞ്ഞു. ഇത് "കന്യകാത്വ പരിശോധന"യുടെ അവസാനത്തെയാണ് സൂചിപ്പിക്കുന്നത്" വനിതാ അവകാശ പ്രവർത്തകയും കമ്മ്യൂണിറ്റി ഓർഗനൈസറുമായ കേറ്റ് വാൾട്ടൺ ട്വീറ്റ് ചെയ്തു.

      കന്യകാത്വ പരിശോധന എന്നത് കപട ശാസ്ത്രീയതയും മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനവുമാണെന്ന് എച്ച്ആർഡബ്ല്യു ഡെപ്യൂട്ടി യൂറോപ്യൻ മീഡിയ ഡയറക്ടർ ജാൻ കൂയ് ആവ‍ർത്തിച്ചു.

      കന്യകാത്വ പരിശോധന തുട‍രുന്ന മറ്റ് രാജ്യങ്ങൾ

      മിക്ക രാജ്യങ്ങളും കന്യകാത്വ പരിശോധനയുടെ "പുരാതന", "അശാസ്ത്രീയ" സമ്പ്രദായം ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും, അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ കുറഞ്ഞത് 20 രാജ്യങ്ങളിലെ സ്ത്രീകളും പെൺകുട്ടികളും ഇപ്പോഴും യോനി പരിശോധനയ്ക്ക് വിധേയരാകുന്നുണ്ട്.
      Published by:Rajesh V
      First published:
      )}