നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Explained: താലിബാനുമായി ചൈന അടുക്കുന്നതിന്റെ കാരണമെന്ത്? അഫ്ഗാനിസ്ഥാനുമായുള്ള ബന്ധമെന്താകും?

    Explained: താലിബാനുമായി ചൈന അടുക്കുന്നതിന്റെ കാരണമെന്ത്? അഫ്ഗാനിസ്ഥാനുമായുള്ള ബന്ധമെന്താകും?

    രണ്ട് ആഴ്ചകൾക്ക് മുമ്പ് താലിബാൻ കാണ്ഡഹാർ പിടിച്ചെടുത്ത അവസരത്തിൽ ചൈന താലിബാനെ അംഗീകരിക്കുന്നതിന്റെ സൂചനകൾ നൽകുകയും താലിബാൻ പ്രതിനിധികളുമായി ചൈനീസ് നേതാക്കൾ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ സുപ്രധാനശക്തി എന്നാണ് ചൈന താലിബാനെ വിശേഷിപ്പിച്ചത്. താലിബാൻ അധികാരത്തോടടുത്ത ഈ സാഹചര്യത്തിൽ ചൈനയും താലിബാനും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ച് നമുക്കൊന്ന് വിലയിരുത്താം.

    News18 Malayalam

    News18 Malayalam

    • Share this:
      അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ ഭരണം നേടുകയാണ്. രണ്ടു പതിറ്റാണ്ട് നീണ്ട യുദ്ധത്തിനൊടുവിൽ യു എസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചതാണ് താലിബാൻ സൈന്യത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ഞായറാഴ്ച മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിടുകയും താലിബാൻ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുക്കുകയും ചെയ്തതോടെ താലിബാന്റെ വിജയം സമ്പൂർണമായി. രണ്ട് ആഴ്ചകൾക്ക് മുമ്പ് താലിബാൻ കാണ്ഡഹാർ പിടിച്ചെടുത്ത അവസരത്തിൽ ചൈന താലിബാനെ അംഗീകരിക്കുന്നതിന്റെ സൂചനകൾ നൽകുകയും താലിബാൻ പ്രതിനിധികളുമായി ചൈനീസ് നേതാക്കൾ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ സുപ്രധാനശക്തി എന്നാണ് ചൈന താലിബാനെ വിശേഷിപ്പിച്ചത്. താലിബാൻ അധികാരത്തോടടുത്ത ഈ സാഹചര്യത്തിൽ ചൈനയും താലിബാനും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ച് നമുക്കൊന്ന് വിലയിരുത്താം.

      താലിബാനോട് ചൈന കാണിക്കുന്ന ചായ്‌വിനു പിന്നിലെ കാരണമെന്ത്?

      പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ഭരിക്കുന്ന പൗര സർക്കാരിനെ അട്ടിമറിച്ചുകൊണ്ട് താലിബാൻ അധികാരത്തിലെത്തിയാൽ അവരെ അഫ്ഗാനിസ്ഥാന്റെ ഭരണകർത്താക്കൾ എന്ന നിലയിൽ ചൈന അംഗീകരിക്കുമെന്ന് മുമ്പ് തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. താലിബാൻ ഭരണത്തിൽ വരുന്നതിനെ കലാപകലുഷിതമായ പ്രദേശങ്ങളിൽ നടത്തുന്ന ഇടപെടലിലൂടെ അമേരിക്ക എന്നും സൃഷ്ടിച്ചിട്ടുള്ള സ്വാധീനശേഷി ക്ഷയിക്കുന്നതിന്റെ സൂചനയായാണ് ചൈന കാണുന്നത് എന്നതാണ് അതിനൊരു കാരണമായി പറയപ്പെടുന്നത്. അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്താൽ താലിബാനെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കില്ല എന്ന മുന്നറിയിപ്പ് യു എസ് സമാധാന പ്രതിനിധി സൽമയ് ഖലീൽസാദ് താലിബാന് നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, താലിബാനുമായി സൗഹൃദം പുലർത്താനുള്ള ചൈനയുടെ നീക്കം അമേരിക്കൻ ഭീഷണികൾക്ക് പ്രസക്തി നഷ്ടപ്പെടുന്നതിന്റെ സൂചന കൂടിയാണ്.

      താലിബാന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ മുല്ല അബ്ദുൽ ഗാനി ബറദാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികളുമായി ചൈനയിലെ ടിയാൻജിൻ നഗരത്തിൽ വെച്ച് ചൈനീസ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ച ഈ ഇസ്ലാമിക സംഘവുമായി സഹകരിക്കാനുള്ള ചൈനയുടെ സന്നദ്ധത വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം യാഥാർഥ്യമാകാൻ പോകുന്ന ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധിയ്ക്ക് സമാധാനപരമായ പരിഹാരം ആഗ്രഹിച്ചുകൊണ്ട് താലിബാനുമായി സഹകരിക്കാൻ ചൈന കാണിച്ച സന്നദ്ധത ദീർഘദൃഷ്ടിയോടെയും യാഥാർഥ്യബോധത്തോടെയും കൈക്കൊണ്ട നിലപാടായിരുന്നു എന്ന് കാണ്ടേണ്ടി വരും.

      ചൈനയ്ക്കായി താലിബാന് എന്താണ് ചെയ്യാൻ കഴിയുക?

      ചൈനയെ അസ്വസ്ഥമാക്കുന്ന പല കാര്യങ്ങളും താലിബാനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. പത്തു ലക്ഷത്തിലധികം മുസ്ലീങ്ങളെ ക്യാമ്പുകളിൽ പാർപ്പിച്ചതായി ആരോപണങ്ങൾ ഉയരുന്ന ചൈനയുടെ ഷിൻജിയാങ് പ്രവിശ്യ അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്നത് ചൈനയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിസ്റ്റുകൾ ഇതൊരു സാധ്യതയായി കരുതി ചൈനയിൽ പ്രശ്നം സൃഷ്ടിക്കുമോ എന്ന ആശങ്ക ചൈനീസ് ഭരണകൂടത്തിനുണ്ട്.

      മധ്യേഷ്യയിൽ വൻ തോതിൽ ആശയവിനിമയ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിച്ചുകൊണ്ട് മാത്രം പ്രാവർത്തികമാക്കാൻ കഴിയുന്ന ചൈനയുടെ സ്വപ്ന പദ്ധതി 'ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ്' സുഗമമായി നടക്കണമെങ്കിലും അഫ്ഗാനിസ്ഥാന്റെ സഹകരണം അനിവാര്യമാണ്. ചൈനയുടെ മേൽ സൂചിപ്പിച്ച താത്പര്യങ്ങളെല്ലാം സംരക്ഷിക്കണമെങ്കിൽ അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയുമായി ചൈനയ്ക്ക് സൗഹൃദപരമായ ബന്ധം സൃഷ്ടിക്കേണ്ടതുണ്ട്. ഷിൻജിയാങ് പ്രവിശ്യയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതായി ചൈന കരുതുന്ന 'ഈസ്റ്റ് തുർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്മെന്റിനെ (ഇ ടി ഐ എം)' താലിബാൻ നിശ്ചയദാർഢ്യത്തോടെ നേരിടുമെന്ന പ്രത്യാശയും ചൈന പങ്കുവെയ്ക്കുന്നുണ്ട്.

      താലിബാന് ചൈന എങ്ങനെയാണ് പ്രയോജനകരമായി മാറുക?

      അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ച നിലയിൽ ഭാവി കാര്യങ്ങളെക്കുറിച്ചുള്ള ആലോചനകളുടെ ഭാഗമായാണ് താലിബാനും ചൈനയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടുണ്ടാവുക. അഫ്ഗാനിസ്ഥാന്റെ പുനർനിർമാണത്തിനായി ലോകരാജ്യങ്ങളുടെ സഹകരണവും പിന്തുണയും താലിബാൻ കാംക്ഷിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ നേരിട്ട് ഇടപെടാതെ ആവശ്യമായ പിന്തുണ പുറത്തുനിന്ന് നൽകുക എന്ന ചൈനയുടെ നിലപാടാണ് താലിബാന് സ്വീകാര്യമായി മാറിയത്.

      "അഫ്ഗാൻ ജനതയെ തുടർന്നും സഹായിക്കാനുള്ള സന്നദ്ധത ചൈന ആവർത്തിച്ചു പ്രകടമാക്കി. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടില്ലെന്നും എന്നാൽ രാജ്യത്തിൻറെ പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും വേണ്ട പിന്തുണ നൽകും", താലിബാൻ വക്താവ് അറിയിക്കുന്നു. പാശ്ചാത്യ ശക്തികൾ താലിബാനോടുള്ള വൈമുഖ്യം പ്രകടമാക്കുന്ന പശ്ചാത്തലത്തിൽ ലോകത്തെ പ്രധാനപ്പെട്ട ആഗോള ശക്തികളിലൊന്നിന്റെ പിന്തുണ ലഭിക്കുന്നു എന്നതാണ് ചൈനയുമായി സ്ഥാപിക്കുന്ന സൗഹൃദത്തിലൂടെ താലിബാന് ഉണ്ടാകുന്ന സുപ്രധാന നേട്ടം.

      ചൈനയുടെ സാമ്പത്തിക താത്പര്യങ്ങൾ

      ആഗോളശക്തി എന്ന നിലയിൽ ചൈനയുടെ താത്പര്യങ്ങൾ പ്രധാനമായും ആരംഭിക്കുന്നത് ഏഷ്യയിൽ നിന്നാണ്. അതിനാൽ, അഫ്ഗാനിസ്ഥാനിൽ രാഷ്ട്രീയ സ്ഥിരത ഉണ്ടാകേണ്ടത് ചൈനയുടെ സാമ്പത്തിക താത്പര്യങ്ങളുടെ ഭാഗം കൂടിയാണ്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ചൈനയുടെ ഏഷ്യയിലെ പ്രധാന പദ്ധതികളിൽ ഒന്നാണ്. എന്നാൽ, പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദ സംഘങ്ങൾ അവിടത്തെ ചൈനീസ് പൗരന്മാർക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന പശ്ചാത്തലത്തിൽ അഫ്ഗാനിലെ താലിബാനുമായി ധാരണ സൃഷ്ടിക്കുക എന്നത് ഈ മേഖലയിൽ ചൈനയുടെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കാൻ അനിവാര്യമാണ്.

      ഇന്ത്യയുടെ സ്ഥിതി

      അഫ്ഗാനിസ്ഥാന്റെ ഭാവിയുമായി ബന്ധപ്പെട്ട് അമേരിക്കയുടെ കാഴ്ചപ്പാടാണ് ഇന്ത്യയും പങ്കുപറ്റിയിരുന്നത്. താലിബാൻ അധികാരത്തിൽ വരാതിരിക്കാൻ ഇന്ത്യ ശക്തമായി ആഗ്രഹിച്ചിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു കഴിഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പൂർണമായി അകലം പാലിക്കുകയും ചൈന ശക്തമായ ഇടപെടൽ നടത്തുകയും ചെയ്യുന്നത് ഇന്ത്യയെ സംബന്ധിച്ച് ഒട്ടും ശുഭകരമല്ല. താലിബാൻ അധികാരത്തിൽ വന്നാൽ ചൈനയ്ക്ക് നയതന്ത്രപരമായി അത് നേട്ടം ഉണ്ടാക്കുകയും ചൈനയും അവരുടെ ദീർഘകാല സഖ്യകക്ഷിയായ പാകിസ്ഥാനും ചേർന്ന് പൊതുവായ ശത്രു എന്ന നിലയിൽ ഇന്ത്യയ്ക്ക് മേലുള്ള സമ്മർദ്ദം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മുമ്പ് തന്നെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
      Published by:Rajesh V
      First published:
      )}