നാസയുടെ പെർസെവറൻസ് റോവർ വ്യാഴാഴ്ച ചുവന്ന ഗ്രഹത്തിലെ ജെസെറോ ഗർത്തത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. എന്നാൽ ചൊവ്വയിലെ ലാൻഡിംഗ് വളരെ പ്രയാസകരമാണ്. നാസയുടെ കണക്കുകൾ അനുസരിച്ച് ലാൻഡിംഗ് ബുദ്ധിമുട്ടുള്ളതിനാൽ, ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികൾ ചൊവ്വയിലേക്ക് അയച്ച 40 ശതമാനം ദൗത്യങ്ങൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്.
ചൊവ്വയിലേക്കുള്ള മറ്റ് ദൗത്യങ്ങളിൽ യുഎഇയുടെ അൽ അമൽ, അറബ് രാജ്യത്ത് നിന്നുള്ള ആദ്യത്തെ ദൗത്യം കഴിഞ്ഞ ആഴ്ച ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. എന്നാൽ ഇത് ഒരു പരിക്രമണ ദൗത്യമാണ്. മാത്രമല്ല ഗ്രഹത്തിന്റെ ഉപരിതലത്തിൽ ലാൻഡ് ചെയ്യുന്നില്ല. യുഎഇക്ക് പുറമെ ജൂലൈ-ഓഗസ്റ്റ് കാലയളവിൽ ചൈനയും ഒരു ചൊവ്വ ദൗത്യം ആരംഭിച്ചിരുന്നു. ഇത്തരം ബഹിരാകാശ ദൗത്യങ്ങളുടെ വെളിച്ചത്തിൽ, ചില ശാസ്ത്രജ്ഞർ ‘ഇന്റർപ്ലാനറ്ററി മലിനീകരണ’ത്തെക്കുറിച്ച് ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റ് ഗ്രഹങ്ങളിലേക്ക് അയച്ച സൂക്ഷ്മാണുക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനൊപ്പം അന്യഗ്രഹജീവികൾ ഭൂമിയിൽ നാശമുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തുന്നതും ലക്ഷ്യമിട്ടുള്ള ഒരു ‘ഗ്രഹ സംരക്ഷണ നയം’ ബഹിരാകാശ ഗവേഷണ സമിതി നിർദ്ദേശിക്കുന്നുണ്ട്.
ഒരു ബഹിരാകാശവാഹനം ചൊവ്വയിൽ എത്തുന്നത് എങ്ങനെ? സാധാരണഗതിയിൽ, 300 മില്യൺ മൈൽ അകലെയുള്ള ചൊവ്വയിലേക്കുള്ള യാത്രയ്ക്ക് ഏഴ് മുതൽ എട്ട് മാസം വരെ എടുക്കും. 2020 ജൂലൈ 30 ന് ചൊവ്വയും ഭൂമിയും പരസ്പരം ഏറ്റവും അടുത്തെത്തിയപ്പോഴാണ് പെർസെവറൻസ് വിക്ഷേപിച്ചത്. രണ്ട് ഗ്രഹങ്ങളും വ്യത്യസ്ത വേഗതയിൽ സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്നതിനാൽ ഈ കാലയളവ് വളരെ പ്രധാനമാണ്. ഓരോ രണ്ട് വർഷത്തിലും, ഗ്രഹങ്ങൾ പരസ്പരം ഏറ്റവും അടുത്തുള്ള സ്ഥാനത്ത് എത്തും. ബഹിരാകാശ ഏജൻസികൾ ഈ കാലയളവിലാകും തങ്ങളുടെ ബഹിരാകാശ പേടകം വിക്ഷേപിക്കാൻ ശ്രമിക്കുക. കാരണം ദൂരം കുറയുമ്പോൾ റോക്കറ്റ് ഇന്ധനത്തിന്റെ അളവും കുറയും.
പർഡ്യൂ സർവകലാശാല നടത്തിയ പഠനമനുസരിച്ച്, സോളിഡ് റോക്കറ്റ് പ്രൊപ്പല്ലന്റിന്റെ വില കിലോഗ്രാമിന് 5 ഡോളറാണ്. ഒരു കാറിന്റെ വലുപ്പത്തിലുള്ള പെർസെവെറൻസ് റോവർ ആണവോർജ്ജ സംവിധാനമാണ് ഉപയോഗിക്കുന്നത്. യുഎസിലെ ദേശീയ ലബോറട്ടറികളിൽ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന പ്ലൂട്ടോണിയം ഉപയോഗിക്കുന്ന ആദ്യത്തെ റോവറാണ് പെർസെവെറൻസ്. പ്ലൂട്ടോണിയം 238 ന്റെ സ്വാഭാവിക അഴുകലിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന താപത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഒരു ജനറേറ്ററാണ് റോവറിന് കരുത്ത് പകരുന്നത്. ഇത് ചൊവ്വയിൽ ഇറങ്ങിയാൽ റോവറും ഉപകരണങ്ങളും പ്രവർത്തിപ്പിക്കും.
പെർസെവെറൻസ് ദൗത്യത്തിന്റെ ചെലവ് നാസ ഈ ദൗത്യത്തിനായി 2.7 ബില്യൺ ഡോളർ ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്. അതിൽ ബഹിരാകാശ പേടക വികസനം, വിക്ഷേപണ പ്രവർത്തനങ്ങൾ, ചൊവ്വയിൽ ഇറങ്ങിയാൽ പ്രവർത്തനങ്ങൾക്കാവശ്യമായ ചെലവ് എന്നിവ ഉൾപ്പെടുന്നു. പ്ലാനറ്റോറിയം സൊസൈറ്റിയുടെ അഭിപ്രായത്തിൽ, പ്ലൂട്ടോണിയം -238 ഇന്ധനമായി ഉപയോഗിക്കുന്നത് ദൗത്യത്തിന്റെ ചെലവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ആറ് ദിവസത്തിനുള്ളിൽ ഗൂഗിൾ സമ്പാദിക്കുന്ന തുകയ്ക്ക് തുല്യമാണ് ദൗത്യത്തിന്റെ മൊത്തം ചെലവ്.
Also Read-
UAE Mars Mission | യുഎഇയുടെ ചൊവ്വാദൗത്യം വിജയം; ഈ നേട്ടം കൈവരിച്ച ആദ്യ അറബ് രാജ്യം
ചൊവ്വയിൽ ഇറങ്ങുന്നത് ബുദ്ധിമുട്ടാകുന്നത് എന്തുകൊണ്ട്? എൻട്രി, ഡിസന്റ്, ലാൻഡിംഗ് (ഇഡിഎൽ) എന്നിവയാണ് ചൊവ്വ 2020 ദൗത്യത്തിന്റെ ഏറ്റവും തീവ്രമായ ഘട്ടം. പെർസെവെറൻസ് റോവർ
ചൊവ്വയിൽ വിജയകരമായി ഇറങ്ങുന്നതിന്, നിരവധി കാര്യങ്ങളുണ്ട്. മണിക്കൂറിൽ 20,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചൊവ്വയുടെ അന്തരീക്ഷത്തിൽ റോവർ എത്തുമ്പോൾ EDL ഘട്ടം ആരംഭിക്കും. മണിക്കൂറിൽ 20,000 കിലോമീറ്ററിൽ നിന്ന് പൂജ്യമായി കുറയുകയും അതേ സമയം ഗർത്തത്തിൽ ഇടുങ്ങിയ പ്രതലത്തിൽ ഇറങ്ങുകയും ചെയ്യുക എന്നതാണ് റോവർ നേരിടുന്ന പ്രധാന വെല്ലുവിളി. ഏഴ് മിനിറ്റിനുള്ളിൽ റോവർ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ഇറങ്ങുമ്പോൾ EDL ഘട്ടം അവസാനിക്കുമെന്ന് നാസ പറയുന്നു. ഇതിനുശേഷം, ബ്രേക്കുകൾ വളരെ ശ്രദ്ധാപൂർവ്വം പ്രയോഗിക്കണം.
ബഹിരാകാശ പേടകം ചൊവ്വയുടെ ഉപരിതലത്തിലേക്ക് പ്രവേശിക്കുമ്പോൾ, വേഗത കുറയും. അതായത് ഗ്രഹത്തിന്റെ അന്തരീക്ഷ ഘർഷണം ബഹിരാകാശ പേടകത്തിന്റെ ഉപരിതലത്തിനെതിരെ പ്രവർത്തിക്കുകയും അതുവഴി വേഗത കുറയ്ക്കുകയും ചെയ്യുന്നു. റോവറിന്റെ അവസാനഘട്ടത്തിലെ വേഗത മണിക്കൂറിൽ 2.7 കിലോമീറ്ററാണ്. ഇത് ഒരു ശരാശരി മനുഷ്യന് ഒരു മണിക്കൂറിൽ കാൽനടയായി
സഞ്ചരിക്കുന്നതിനേക്കാൾ വേഗത കുറവാണ്. അതായത് ഏകദേശം 5 കിലോമീറ്റർ. റോവർ അതിന്റെ ചക്രങ്ങൾ നിലത്ത് സ്പർശിച്ചുവെന്ന് ഉറപ്പാക്കുമ്പോൾ റോവറുമായി ബന്ധിച്ചിട്ടുള്ള കേബിളുകൾ മുറിക്കുകയും അത് ഉപരിതലത്തിൽ സ്വതന്ത്രമായി ലാൻഡിംഗ് നടത്തുകയും ചെയ്യും.
പെർസെവെറൻസ് റോവർ ചൊവ്വയിൽ ചെയ്യുന്നത് എന്ത്? പെർസെവെറൻസ് ഒരു ചൊവ്വ വർഷം (ഭൂമിയിലെ രണ്ട് വർഷം) ഗ്രഹത്തിൽ ചെലവഴിക്കും. ഈ സമയത്ത് ലാൻഡിംഗ് സൈറ്റ് പ്രദേശത്തെക്കുറിച്ച് പര്യവേക്ഷണം നടത്തും. ചൊവ്വയിലിറങ്ങുന്ന പെർസെവറൻസ് പാറക്കഷണങ്ങളും മണ്ണും ഗവേഷണങ്ങൾക്കായി ഭൂമിയിലെത്തിക്കുമെന്നാണ് വിവരം. ചൊവ്വയിലെ ജീവന്റെ തെളിവുകള് കണ്ടെത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.