നിങ്ങളെ ഒരു ലോക ഭൂപടം കാണിച്ചുവെന്നിരിക്കട്ടെ. അതില്‍ മുകള്‍ ഭാഗത്ത് ഓസ്ട്രേലിയയും താഴ്ഭാഗത്ത് റഷ്യയുമാണ് വരുന്നത് എങ്കില്‍ എന്തായിരിക്കും നിങ്ങളുടെ ആദ്യത്തെ പ്രതികരണം? മിക്കവാറും നിങ്ങളുടെ ആദ്യ പ്രതികരണം ഭൂപടം തലതിരിഞ്ഞാണ് ഇരിക്കുന്നതെന്നും അത് തിരിച്ച് വെയ്ക്കണമെന്നാകും. ഏറെക്കുറേ, എല്ലാ ആളുകളും അത്തരത്തില്‍ തന്നെയാകും പ്രതികരിക്കുക. എന്തായാലും, ശരിക്കും ഭൂപടം തലതിരിഞ്ഞാണോ ഇരിക്കേണ്ടത്? ഉത്തര ധ്രുവം മുകളിലും ദക്ഷിണ ധ്രുവം താഴെയുമാണ് വരേണ്ടതെന്ന് കരുതുന്നതിലെ യുക്തി എന്താണ്?
ബ്ലൂ മാര്‍ബിള്‍
ഈ ചോദ്യത്തിനുള്ള ഉത്തരത്തിന് പിറകേ പോകുന്നതിന് മുന്‍പ്, ഭൂപടങ്ങളുടെ ചരിത്രത്തിലേക്കും, ഇപ്പോള്‍ നില നില്ക്കുന്ന ഭൂപടങ്ങള്‍ എങ്ങനെയാണ് നിലവില്‍ വന്നതെന്നുമുള്ള കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. നമ്മുടെ ഗ്രഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചിത്രത്തിന്റെ കഥ നമ്മുടെ മനസ്സില്‍ അത്രത്തോളം ആഴത്തിലാണ് വേരൂന്നിയിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഈ തിരിഞ്ഞു നോട്ടം സഹായകമാകും. 1972 ല്‍ നാസയുടെ ബഹിരാകാശ യാത്രികരാണ് ഭൂമിയുടെ ആദ്യത്തെ ചിത്രം പകര്‍ത്തിയത്. ''ബ്ലൂ മാര്‍ബിള്‍'' എന്നാണ് അന്നവര്‍ എടുത്ത നമ്മുടെ നീല ഗ്രഹത്തിന്റെ ഫോട്ടോയുടെ പേര്. ആ ചിത്രത്തില്‍ ദക്ഷിണ ധ്രുവം മുകള്‍ ഭാഗത്തായാണ് ചിത്രീകരിച്ചിരുന്നത്. അത് അന്നവര്‍ ചന്ദ്രനിലേക്ക് സഞ്ചരിച്ച ബഹിരാകാശ പേടകമായ അപ്പോളോ 17-ന്റെ യാത്രാ ദിശ മൂലമാണ്, അന്നവര്‍ നല്ല വെളിച്ചത്തില്‍ തന്നെ ഭൂമിയെ കാണുകയും ചെയ്തു. എന്നിരുന്നാലും, പൊതുജനങ്ങള്‍ക്ക് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് നാസ ചിത്രത്തിന്റെ ദിശ മാറ്റുകയും ഉത്തര ഭാഗം മുകള്‍ വശത്താക്കുകയും ചെയ്തു. എന്തിനാണ് അന്നവര്‍ അങ്ങനെ ചെയ്തത് എന്നറിയണമെങ്കില്‍, ''ദി ബ്ലൂ മാര്‍ബിള്‍'' ന്റെ യഥാര്‍ത്ഥ ചിത്രം കാണാന്‍ ശ്രമിക്കുന്നത് തീര്‍ച്ചയായും സഹായകമാകും. യഥാര്‍ത്ഥ ചിത്രത്തിലെ, തല തിരിഞ്ഞ ദിശ നിങ്ങളുടെ മനസ്സില്‍ ആശക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതാണ്.
ഗെരാര്ഡസ് മെര്‍കേറ്റര്‍
ഇനി, എവിടെ നിന്നാണ് ഉത്തര ഭാഗം മുകളില്‍ കൊണ്ടു വരാനുള്ള ആശയം ഉദിച്ചത്? 1569 ല്‍ പ്രസിദ്ധ ഫ്ലമിഷ് ഭൂപട വിദഗ്ദനായ ഗെരാര്ഡസ് മെര്കേറ്ററാണ് ആദ്യത്തെ ലോക ഭൂപടത്തിന്റെ മാതൃക തയ്യാറാക്കിയത്. വളരെ പെട്ടന്നു തന്നെ കപ്പല്‍ യാത്രയ്ക്കും മറ്റും ആശ്രയിക്കാവുന്ന അംഗീകൃത മാതൃകയായി അത് സ്വീകരിക്കപ്പെട്ടു. ഭൂപടത്തിന്റെ പ്രതിഭ നിലകൊള്ളുന്നത് അതിന്റെ അനുരൂപതയിലാണ്. പ്രാദേശിക ദിശകള്‍ നിലനിര്‍ത്തി കൊണ്ട്, ഭൂപടത്തില്‍ രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും രൂപങ്ങള്‍ വളരെ കൃത്യമായി വിവരിച്ചിട്ടുണ്ട്. അത് അര്‍ത്ഥമാക്കുന്നത് ഒരു വടക്കുംനോക്കി യന്ത്രം കൊണ്ട്, അളക്കുകയാണെങ്കില്‍, ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്കുള്ള ശരിയായ കോണുകളടക്കം ഭൂപടത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ക്ക് അനുസൃതമായി തന്നെയാണ് അവ നില കൊണ്ടത് എന്നാണ്. ഭൂമിയുടെ വക്രത കണക്കിലെടുത്തു നോക്കിയപ്പോള്‍ നാവികര്‍ക്കും പ്രസ്തുത ഭൂപടത്തില്‍ നല്‍കിയിരുന്ന വിവരങ്ങള്‍ വളരെയധികം ഉപകാരപ്രദമാണ് എന്ന് കണ്ടെത്താന്‍ സാധിച്ചു. ഈ കൂട്ടിച്ചേര്‍ക്കലിന്റെ സഹായത്താല്‍, അതിശയോക്തി കലര്‍ത്താതെ തന്നെ സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്ന ദീര്‍ഘ ദൂര ദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ നാവികര്‍ക്ക് കഴിഞ്ഞു.
മെര്ക്കേറ്ററുടെ ഭൂപടത്തില്‍ ഉത്തരഭാഗം മുകളിലും ദക്ഷിണഭാഗം താഴെയുമായായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാല്‍ ഭൂപടത്തില്‍ ധ്രുവങ്ങള്‍ ഉണ്ടായിരുന്നില്ല. ഭൂപട ചരിത്രകാരനായ ജെറി ബ്രോട്ടണ്ന്റെ അഭിപ്രായത്തില്‍, ഭൂപടത്തിലെ ധ്രുവങ്ങളുടെ ഈ അസാന്നിധ്യത്തിന്റെ കാരണം, ഭൂപടത്തിന്റെ വിവരണത്തില്‍ തന്നെ നല്‍കിയിട്ടുണ്ടെന്നാണ്. ''അതില്‍ കാര്യമില്ല, കാരണം ഞങ്ങള്‍ക്ക് അവരിലേക്ക് കപ്പലോട്ടം നടത്താന്‍ യാതൊരു ഉദ്ദ്യേശവുമില്ല,'' ബ്രോട്ടണ്‍ ബിബിസിയോട് പറയുന്നു.
എന്തായാലും, മെര്‍ക്കേറ്റര്‍ എന്ത് കൊണ്ടാണ് ദക്ഷിണ ഭാഗത്തിന് പകരം ഉത്തര ഭാഗം മുകള്‍ വശത്ത് കൊണ്ടു വന്നത് എന്നതിനെ സംബന്ധിച്ച കൃത്യമായ കാരണങ്ങളൊന്നും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. പിന്നെ ആകെയുള്ള ഒരൂഹം ഇങ്ങനെയാണ്, ആ കാലഘട്ടത്തില്‍ യൂറോപ്യന്‍ നാവികരും മറ്റ് സഞ്ചാരികളും ഉത്തര അര്ദ്ധഗോളത്തിലായിരുന്നു ഏറ്റവും കൂടുതല്‍ പര്യവേഷണങ്ങള്‍ നടത്തിയിരുന്നത്, അങ്ങനെ വന്നപ്പോള്‍ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തില്‍, ഉത്തരഭാഗം മുകള്‍ വശത്ത് തന്നെ വെയ്ക്കാന്‍ തീരുമാനിച്ചതാവാം എന്ന് പരക്കെ അനുമാനിക്കപ്പെടുന്നു.
നേരത്തെ പറഞ്ഞത് പോലെ, അക്കാലത്ത് മെര്ക്കേറ്ററുടെ ഭൂപടം ഏറെപ്പേര്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു. അങ്ങനെ വന്നപ്പോള്‍ വൈകാതെ തന്നെ അത് അന്നത്തെ ലോക നിലവാരമുള്ള ഭൂപടമായി പരക്കെ അംഗീകരിക്കപ്പെട്ടു, അതോടൊപ്പം തന്നെ ഉത്തര ദിശ മുകള്‍ഭാഗത്താണ് എന്ന ആശയവും ലോകത്ത് വേരൂന്നപ്പെട്ടു. എന്തായാലും, ഇന്ന്, മെര്ക്കേറ്ററുടെയും പിന്നീട് വന്ന ഉത്തരദിശയെ മുകള്‍ ഭാഗത്ത് സ്ഥാപിച്ച ഭൂപടങ്ങളെയും വെല്ലുവിളിക്കുന്ന മറ്റ് ഭൂപടരേഖകള്‍ ഉണ്ട്. അവയില്‍ ദക്ഷിണദിശയെ മുകള്‍ ഭാഗത്ത് സ്ഥാപിച്ച് കൊണ്ടുള്ള ലോകത്തിന്റെ ഇന്ന് നിലനിക്കുന്ന കാഴ്ചപ്പാടില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങളും നടക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണങ്കിലും, ഇതില്‍ ശരിക്കും എന്തെങ്കിലും പ്രാധാന്യം ഉണ്ടോ? ഉണ്ടന്ന് തന്നെയാണ് മനശ്ശാസ്ത്രജ്ഞര് കരുതുന്നത്. കാരണം, അവര്‍ പറയുന്നത്, പൊതുവേ, ഉത്തരഭാഗം മുകള്‍വശത്തും ദക്ഷിണഭാഗം താഴ്വശത്തും സ്ഥാപിക്കുന്നത്, ഒരു തരത്തിലുള്ള പക്ഷാപാതത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ്. കാരണം, മനുഷ്യര്‍ക്ക് എന്നും മുകള്‍ വശത്ത് വരുന്നത് എല്ലാം നല്ലതാണന്നും താഴ്ഭാഗത്ത് വരുന്നത് കൊണ്ട് അധികം ഗുണമില്ല എന്നും കരുതുന്നതിനുള്ള ഒരു പ്രവണത ഉണ്ടന്ന് മനശ്ശാസ്ത്രജ്ഞര് ചൂണ്ടിക്കാട്ടുന്നു. വാസ്തവത്തില്‍, പല പഠനങ്ങളിലും കാണാന്‍ സാധിക്കുന്നത്, ഒരു നഗരത്തിനെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍, സമ്പന്നരായ ആളുകളെന്നും ദരിദ്രരായ ആളുകളെന്നും തരംതിരിച്ച് അവരുടെ താമസം രേഖപ്പെടുത്തി ഒരു ഭൂപടം തയ്യാറാക്കാന്‍ ആവശ്യപ്പെടുകയാണ് എങ്കില്‍, രസകരമെന്ന് പറയട്ടെ, തയ്യാറാക്കപ്പെടുന്ന ഭൂപടത്തില്‍ രേഖപ്പെടുത്തുക, ആ നഗരത്തിലെ ഏറ്റവും ധനികരായ ആളുകള്‍ താമസിക്കുന്നത് ഉത്തര ഭാഗത്തും ദരിദ്രര്‍ താമസിക്കുന്നത് ദക്ഷിണ ഭാഗത്തുമാണ് എന്നായിരിക്കും.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.