• HOME
  • »
  • NEWS
  • »
  • explained
  • »
  • Covid 19 | ഡെൽറ്റ വേരിയന്റ് എന്തുകൊണ്ടാണ് മറ്റ് കോവിഡ് വകഭേദങ്ങളേക്കാൾ വേഗത്തിൽ പടരുന്നത്?

Covid 19 | ഡെൽറ്റ വേരിയന്റ് എന്തുകൊണ്ടാണ് മറ്റ് കോവിഡ് വകഭേദങ്ങളേക്കാൾ വേഗത്തിൽ പടരുന്നത്?

രോഗികളിൽ രോഗലക്ഷണത്തിന് മുമ്പുള്ള ഘട്ടത്തിൽ തന്നെ ഉയർന്ന പകർച്ചാശേഷി ഉള്ളതിനാൽ വൈറസിന്റെ വേഗത്തിലുള്ള വ്യാപനത്തിന് കാരണമാകുന്നുണ്ട്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കോവിഡ് ഡെൽറ്റ വേരിയന്റിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ശാസ്ത്രജ്ഞർ നിരവധി പഠനങ്ങൾ നടത്തി വരികയാണ്. പുതിയ ചില പഠന റിപ്പോർട്ട് അനുസരിച്ച് ഡെൽറ്റ വേരിയന്റിനോട് പ്രതിരോധ കുത്തിവയ്പ്പുകളുടെ ഫലപ്രാപ്തി കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. രോഗികളിൽ രോഗലക്ഷണത്തിന് മുമ്പുള്ള ഘട്ടത്തിൽ തന്നെ ഉയർന്ന പകർച്ചാശേഷി ഉള്ളതിനാൽ വൈറസിന്റെ വേഗത്തിലുള്ള വ്യാപനത്തിന് കാരണമാകുന്നുണ്ട്.

    സമീപകാല എപ്പിഡെമോളജിക്കൽ ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം 2020 അവസാനത്തിൽ ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തിയ ആൽഫ വേരിയന്റിനേക്കാൾ ഡെൽറ്റ വേരിയന്റ് (B.1.617.2) കുറഞ്ഞത് 40 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ്. വാക്സിൻ എടുത്ത വ്യക്തികൾക്കും രോഗം ബാധിക്കുന്നുണ്ട്.

    ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, ഒരു പത്രസമ്മേളനത്തിൽ പറഞ്ഞത് അനുസരിച്ച് ഡെൽറ്റയാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ വ്യാപന ശേഷിയുള്ള കോവിഡ് വകഭേദം. ഇത് പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സിഡിസി) നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് മെർസ്, സാർസ്, എബോള, ജലദോഷം, സീസണൽ ഇൻഫ്ലുവൻസ, വസൂരി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളേക്കാൾ ഡെൽറ്റ വേരിയന്റ് കൂടുതൽ വേഗത്തിൽ പകരും.

    ഡെൽറ്റ വേരിയന്റിന്റെ ഉയർന്ന വ്യാപന ശേഷിയ്ക്ക് കാരണമെന്ത്?
    സമീപകാല ഗവേഷണങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന അനുസരിച്ച് ഒരു പ്രധാന അമിനോ ആസിഡ് മ്യൂട്ടേഷനാണ് ഡെൽറ്റ വേരിയന്റ് അണുബാധയ്ക്ക് പിന്നിൽ. അടുത്തിടെ ലഭ്യമായ പഠന റിപ്പോർട്ട് അനുസരിച്ച് ആൽഫയേക്കാൾ ഡെൽറ്റ വേരിയന്റ് കണങ്ങളിൽ സ്പൈക്ക് പ്രോട്ടീൻ കൂടുതൽ കാര്യക്ഷമമാണെന്ന് ഗവേഷകർ പറയുന്നു. P681R മ്യൂട്ടേഷനാണ് ഡെൽറ്റ വേരിയന്റിന്റെ ഉയർന്ന വ്യാപന ശേഷിയ്ക്ക് പ്രധാന കാരണമെന്നും പഠനത്തിൽ പറയുന്നു. രോഗബാധിതരായവരുടെ എപ്പിത്തീലിയൽ സെല്ലുകളിൽ, ഡെൽറ്റ വേരിയന്റുകൾ ആൽഫയേക്കാൾ വേഗത്തിൽ പടരുന്നതായി ഗവേഷകർ കണ്ടെത്തി. ഗവേഷകർ P681R മ്യൂട്ടേഷൻ നീക്കം ചെയ്തപ്പോൾ, പകർച്ചാ നിരക്ക് സാധാരണ നിലയിലാവുകയും ചെയ്തു.

    ഡെൽറ്റയുടെ വേഗത്തിലുള്ള വ്യാപനത്തിന് മറ്റ് മ്യൂട്ടേഷനുകൾ കാരണമാണോ?
    ഡെൽറ്റ വേരിയന്റിൽ നിരവധി പ്രധാന മ്യൂട്ടേഷനുകൾ നടന്നിട്ടുണ്ട്. P681R മാറ്റം ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണെങ്കിലും വൈറസിന്റെ വേഗത്തിലുള്ള വ്യാപനത്തിന് ഇത് മാത്രമായിരിക്കില്ല കാരണമെന്നും ഗവേഷകർ പറയുന്നു.

    ഇന്ത്യയിൽ കണ്ടെത്തിയ കപ്പ വേരിയന്റിലും ഇതേ മ്യൂട്ടേഷൻ സംഭവിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ സ്പൈക്ക് പ്രോട്ടീൻ ഇടയ്ക്കിടെ പിളരുന്നതായും കോശ സ്തരങ്ങളിലേക്ക് ഫലപ്രദമായി ലയിക്കുന്നതായും ഗവേഷകർ കണ്ടെത്തി. L452R, D6146 തുടങ്ങിയ ഡെൽറ്റ വേരിയന്റിലെ മറ്റ് പ്രധാന മ്യൂട്ടേഷനുകൾ വൈറസിനെ റിസപ്റ്റർ സെല്ലുകളുമായി കൂടുതൽ ദൃഡമായി ബന്ധിപ്പിക്കാനും പ്രതിരോധശേഷിയിൽ നിന്ന് കൂടുതൽ എളുപ്പത്തിൽ രക്ഷപ്പെടാനും അനുവദിക്കുന്നുണ്ടെന്നും മറ്റ് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഡെൽറ്റ വേരിയന്റിന് സ്പൈക്ക് പ്രോട്ടീനിന്റെ S1 സബ്‌യൂണിറ്റിൽ ഒന്നിലധികം മ്യൂട്ടേഷനുകൾ നടന്നിട്ടുണ്ട്.

    ഡെൽറ്റ വേരിയന്റ് വ്യാപിക്കുന്നത് തടയാൻ കഴിയാത്തത് എന്തുകൊണ്ട്?
    ചൈനയിലെ ഗ്വാങ്‌ഷൗവിൽ നടത്തിയ പഠനത്തിനിടെ കണ്ടെത്തിയ ഡെൽറ്റ വേരിയന്റിന്റെ അതിവേഗ വ്യാപനത്തിനുള്ള മറ്റൊരു കാരണം രോഗലക്ഷണത്തിന് മുമ്പുള്ള ഘട്ടത്തിൽ പോലും രോഗികളിൽ നിന്ന് വേഗതത്തിൽ പടരുന്നു എന്നതാണ്. ഇതിനർത്ഥം ആളുകൾക്ക് അണുബാധയുണ്ടാകുമെന്ന് സംശയിക്കുന്നതിനു മുമ്പ് തന്നെ വൈറസ് പകരുന്നുണ്ട്.

    ഹോങ്കോംഗ് സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റായ ബെഞ്ചമിൻ കൗളിംഗും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, ഡെൽറ്റ അണുബാധയുണ്ടായി 5.8 ദിവസങ്ങൾക്ക് ശേഷമാണ് ആളുകൾക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതെന്ന് കണ്ടെത്തി. ഇത് വൈറസ് എളുപ്പത്തിൽ പകരാൻ കാരണമാകുന്നു.

    മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രോഗലക്ഷണങ്ങളുടെ ആരംഭം പിന്നീട് സംഭവിക്കുന്നതിനാൽ, ഡെൽറ്റ വേരിയന്റ് ബാധിച്ച കൂടുതൽ ആളുകൾ രോഗബാധിതരാണെന്ന് സംശയിക്കുന്നതിനു മുമ്പു തന്നെ മറ്റുള്ളവരിലേക്ക് അണുബാധ പകരാൻ സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾക്ക് മുമ്പുള്ള ഘട്ടത്തിലാണ് ഡെൽറ്റയുമായി ബന്ധപ്പെട്ട 74% അണുബാധകളും കണ്ടെത്തിയതെന്നും പഠനത്തിൽ കണ്ടെത്തി. രോഗബാധിതനായ ഒരാളിൽ നിന്ന് ആ രോഗം പകരാൻ സാധ്യതയുള്ള ആളുകളുടെ എണ്ണം, ഡെൽറ്റയ്ക്ക് 6.4 ആണെന്നും ഗവേഷകർ കണ്ടെത്തി. നേരത്തെ നടത്തിയ പഠനങ്ങൾ അനുസരിച്ച്, വുഹാൻ വേരിയന്റ് ഒരാളിൽ നിന്ന് 2 മുതൽ 4 പേർക്കാണ് പകർന്നിരുന്നത്.

    ഡെൽറ്റയ്‌ക്കെതിരായി വാക്സിൻ ഫലപ്രാപ്തി കുറയുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ടോ?
    ഡെൽറ്റ വേരിയന്റിന് എതിരായ പ്രതിരോധ കുത്തിവയ്പ്പുകളുടെ ഫലപ്രാപ്തി കുറയുന്നുവെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വ്യക്തികൾക്ക് പോലും അണുബാധയുണ്ടാകാൻ കാരണമാകുന്നു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ ഒരു മുൻ പഠന പ്രകാരം, ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക വാക്സിൻറെ ഫലപ്രാപ്തി ഡെൽറ്റ വകഭേദത്തിനെതിരെ 64% ആയി കുറഞ്ഞു. നേരത്തെ, ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഫൈസർ വാക്സിൻ ഉപയോഗിച്ച് പൂർണ്ണമായി വാക്സിനെടുത്തവർക്ക് ഡെൽറ്റ വേരിയന്റിന് എതിരായ ന്യൂട്രലൈസിംഗ് ആന്റിബോഡികളുടെ അഞ്ച് മടങ്ങ് കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

    അടുത്തിടെ, ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് പുറത്തു വിട്ട വിവരം അനുസരിച്ച് ഫൈസറിന്റെ രണ്ട് ഷോട്ടുകൾ കോവിഡിനെതിരെ 64% സംരക്ഷണം നൽകുന്നു. ഈ സമയത്ത് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന 90 ശതമാനത്തിലധികം കേസുകളും ഡെൽറ്റ വേരിയന്റ് മൂലമാണ്.

    കാലക്രമേണ ക്ഷയിച്ചു കൊണ്ടിരിക്കുന്ന വാക്സിനുകളുടെ ഫലപ്രാപ്തിയാണ് ആശങ്കയുണ്ടാകുന്ന മറ്റൊരു കാര്യം. യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെയും നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിലെയും ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ഫൈസർ വാക്സിൻ ഫലപ്രാപ്തി രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസം കഴിയുമ്പോൾ 90 ശതമാനമായി കുറഞ്ഞു. രണ്ട് മാസത്തിന് ശേഷം 85 ശതമാനമായി മൂന്ന് മാസത്തിന് ശേഷം ഇത് 78 ശതമാനമായി കുറയുന്നുണ്ട്. ആസ്ട്രാസെനക്കയുടെ സംരക്ഷണം യഥാക്രമം 67, 65, 61 ശതമാനമായി കുറയുന്നുണ്ട്.

    പൂർണ്ണമായി വാക്സിനേഷൻ ലഭിച്ച ആളുകളിൽ പോലും, ഡെൽറ്റ വേരിയന്റ് മൂലമുണ്ടാകുന്ന അണുബാധകൾ വാക്സിനേഷൻ എടുക്കാത്ത വ്യക്തികളുടേതിന് സമാനമാണ്. അതായത് വാക്സിനെടുത്തവരിലും ഇത് ഉയർന്ന വൈറൽ ലോഡ് സൃഷ്ടിക്കുന്നതായി ചില പഠനങ്ങൾ കണ്ടെത്തി. യുഎസിലും സിംഗപ്പൂരിലും നടത്തിയ പഠനങ്ങളും സമാനമായ ഫലങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.
    Published by:Jayesh Krishnan
    First published: