നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Explained: എണ്ണ, വാതക കമ്പനികൾ എന്തുകൊണ്ടാണ് പുനരുപയോ​ഗ ഹരിതോ‍‍ർജ്ജത്തിലേക്ക് തിരിയുന്നത്?

    Explained: എണ്ണ, വാതക കമ്പനികൾ എന്തുകൊണ്ടാണ് പുനരുപയോ​ഗ ഹരിതോ‍‍ർജ്ജത്തിലേക്ക് തിരിയുന്നത്?

    കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ആഗോള നീക്കത്തിന്റെ ഭാഗമായാണ് ലോകമെമ്പാടുമുള്ള എണ്ണ, വാതക കമ്പനികൾ പുനരുപയോഗ ഊർജ്ജത്തിൽ നിക്ഷേപം നടത്തുന്നത്.

    • Share this:
      സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ 2040 ഓടെ 10 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാനുള്ള നിക്ഷേപം പരിഗണിക്കുകയാണ്. മറ്റ് എണ്ണ, വാതക പൊതുമേഖലാ സ്ഥാപനങ്ങളും പുനരുപയോഗ ഊർജ്ജത്തിൽ നിക്ഷേപം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

      എന്തുകൊണ്ടാണ് എണ്ണ, വാതക കമ്പനികൾ പുനരുപയോഗ ഊർജ്ജത്തിൽ നിക്ഷേപിക്കുന്നത്?
      കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ആഗോള നീക്കത്തിന്റെ ഭാഗമായാണ് ലോകമെമ്പാടുമുള്ള എണ്ണ, വാതക കമ്പനികൾ പുനരുപയോഗ ഊർജ്ജത്തിൽ നിക്ഷേപം നടത്തുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് ഗ്യാസ് കമ്പനികളും ഊർജ്ജ നിക്ഷേപങ്ങളിൽ പങ്കാളികളാകുന്നുണ്ട്. ഇത് സർക്കാരിന്റെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്നു. 2030 ആകുമ്പോഴേക്കും നിലവിലെ 100 GWൽ നിന്നും 450 GW പുനരുപയോഗ ഊർജ്ജ ശേഷിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

      ഇന്ത്യൻ കമ്പനികളുടെ പുനരുപയോ​ഗ ഊർജ്ജ നിക്ഷേപങ്ങൾ എന്തൊക്കെയാണ്?
      ഇന്ത്യയിലെ ഏറ്റവും വലിയ അപ്‌സ്ട്രീം ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ഒ‌എൻ‌ജി‌സി 2040 ഓടെ 10 ജിഗാവാട്ട് പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ ശേഷിയാണ് ലക്ഷ്യമിടുന്നത്. കമ്പനി പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഏറ്റെടുക്കലുകൾ നടത്തി വരികയാണെന്ന് ഒഎൻജിസി ചെയർമാൻ സുഭാഷ് കുമാർ അടുത്തിടെ പറഞ്ഞു.

      ഇന്ത്യയിലെ മുൻനിര പ്രകൃതിവാതക കമ്പനിയായ ഗെയിൽ 130 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ പോർട്ട്ഫോളിയോ വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റെടുക്കലുകളും നടത്താൻ പദ്ധതിയിടുന്നുണ്ട്. 3-4 വർഷത്തിനുള്ളിൽ 1 GW പുതുക്കാവുന്ന ശേഷി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

      ഡൗൺസ്ട്രീം കമ്പനികൾ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിലും ഇലക്ട്രിക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിലുമാണ് നിക്ഷേപം ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറുകയാണ് ഇത്തരം കമ്പനികളുടെ ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന് 2021 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ഏകദേശം 233 മെഗാവാട്ട് പുനരുപയോ​ഗിക്കാവുന്ന ഊർജ്ജ ശേഷി ഉണ്ടായിരുന്നു. 29 റീട്ടെയിൽ ഫ്യുവൽ ഔട്ട്ലെറ്റുകളിൽ 257 ഇലക്ട്രിക് ചാർജിംഗ്, ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭാവിയിൽ വലിയ തോതിൽ ബാറ്ററി സ്വാപ്പിംഗ് നൽകാൻ സൺ മൊബിലിറ്റിയുമായി ഒരു സംയുക്ത സംരംഭത്തിൽ പങ്കാളിയാകാൻ കമ്പനി തയ്യാറെടുക്കുകയാണെന്നും ഐഒസിഎല്ലിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു. ആദ്യത്തെ ഹരിത ഹൈഡ്രജൻ പ്ലാന്റും മഥുരയിൽ ഐഒസി സ്ഥാപിക്കും.

      ഇലക്ട്രിക് വാഹനങ്ങൾക്കും സ്റ്റേഷനറി സ്റ്റോറേജുകൾക്കുമായി അലുമിനിയം-എയർ ടെക്നോളജി അധിഷ്ഠിത ബാറ്ററി സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി ഇസ്രായേൽ ആസ്ഥാനമായുള്ള ബാറ്ററി ടെക്നോളജി സ്റ്റാർട്ടപ്പ് ഫിനെർജിയുമായി ഇന്ത്യൻ ഓയിൽ കരാറിലേ‌‍‍ർപ്പെട്ടിട്ടുണ്ട്.

      ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ടാറ്റ പവറുമായി ചേർന്ന് രാജ്യത്തെ വിവിധ റീട്ടെയിൽ പോയിന്റുകളിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സജ്ജമാക്കി വരികയാണ്. ഏകദേശം 133 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി ഇതുവരെ സ്ഥാപിച്ചിട്ടുണ്ട്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് 2020 സാമ്പത്തിക വ‍ർഷം അവസാനിച്ചപ്പോൾ 43 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി സ്ഥാപിച്ചിരുന്നു.
      Published by:Naveen
      First published:
      )}