ലോകത്തിലെ വിഷാദ നഗരത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇന്റര്‍നെറ്റില്‍ (Internet) ഇപ്പോൾ പുരോഗമിക്കുന്നത്. ഇതേ വിഭാഗത്തില്‍പ്പെട്ട നഗരങ്ങള്‍ വേറെയുണ്ടെങ്കിലും ഒന്നാം സ്ഥാനത്ത് സ്ഥാനത്ത് റഷ്യയിലെ (Russia) നോറിള്‍സ്ക് (Norilsk) തന്നെ എന്നാണ് നെറ്റിസെണ്‍സിന്റെ അഭിപ്രായം. മൈനസ് 30 ഡിഗ്രിയില്‍ താഴെ താപനില, ദിവസങ്ങളോളം നീണ്ട ഇരുട്ട് (Darkness), കുറഞ്ഞ ആയുര്‍ ദൈര്‍ഘ്യം (Life Expenctency), രക്ത ചുവപ്പു നിറമുള്ള നദി തുടങ്ങിയവയാണ് നോറിള്സ്കിനെ വ്യത്യസ്തമാക്കുന്നത്.
ജനുവരിമാസത്തില്‍ നൊറിള്സ്കിലെ താപനില മൈനസ് 30 ഡിഗ്രിയ്ക്ക് താഴെ പോകും. ചില സമയങ്ങളില്‍ ഒറ്റയടിയ്ക്ക് മൈനസ് 53 ഡിഗ്രി വരെയൊക്കെ ആകാറുണ്ട്. തകര്‍ന്ന ഓയില്‍ ടാങ്ക് റിസര്‍വോയറില്‍ നിന്ന് 21,000 ടണ്‍ ഡീസല്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് രണ്ട് വര്‍ഷമായി നോറിള്‍സ്ക് നദി ചുവന്നാണ് ഒഴുകുന്നത്. ഓരോ വര്‍ഷവും ഈ നഗരത്തില്‍ 45 ദിവസം ഇരുട്ട് പരക്കുന്നു. ഇവിടുത്തെ ആളുകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 59 വയസ്സാണ്. അതി കഠിനമായ മലിനീകരണമാണ് ഇതിന് പ്രധാന കാരണം. 59 വയസ്സ് റഷ്യയിലെ ദേശീയ ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ 10 വര്‍ഷം താഴെയാണ്.
ലോകത്തിലെ ഏറ്റവും വടക്ക് സ്ഥിതി ചെയ്യുന്ന നഗരമാണ് നൊറിള്സ്ക്. സൈബീരിയയുടെ ക്രാസ്നോയാര്‍സ്ക് ക്രായ് ഭാഗത്തായിട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അതായത് മോസ്കോയില്‍ നിന്ന് 1,800 മൈല്‍ അകലെ. 1,70,000-ത്തിലധികം ആളുകളാണ് നൊറിള്സ്കില് താമസിക്കുന്നത്. നഗരങ്ങളിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് ഗതാഗത കുരുക്കുകളാണ്. എന്നാല്‍ നൊറിള്സ്കില് അത്തരം ഒരു വിഷയമേ ഇല്ല. ഒരു ചരക്ക് തീവണ്ടിപ്പാത മാത്രമാണ് നഗരത്തിന് പുറത്തേയ്ക്കുള്ളത്. ഇവിടുത്തെ റോഡുകളാകട്ടെ ഈ പാതയുമായി ബന്ധിപ്പിച്ചിട്ടും ഇല്ല. ഇന്റര്‍നെറ്റ് ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ലോകത്തിന് ചിന്തിക്കാന്‍ പോലും ആകാത്ത കാലമാണിപ്പോള്‍. എന്നാല്‍ 2017ല്‍ മാത്രമാണ് നൊറിള്സ്കിലെ പ്രദേശവാസികള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമായത്. തണുത്തുറഞ്ഞ മഞ്ഞു വീഴ്ചകളും വരണ്ട കാറ്റും ഉള്ള നഗരമാണ് നൊറിള്സ്ക്. വളരെ ഉള്‍പ്രദേശമായതിനാലും മോശം കാലാവസ്ഥയായതിനാലുമാണ് ഇന്റര്‍നെറ്റ് ലഭ്യമാകാന്‍ നൊറിള്സ്ക് നിവാസികള്‍ക്ക് ഇത്രയും കാലം കാത്തിക്കേണ്ടി വന്നത്.
തൊഴില്‍ സാധ്യതകള്‍ തേടിയും ഭൂപ്രദേശങ്ങളോടുള്ള ഇഷ്ടം കൊണ്ടും സ്വന്തം നാടുപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവര്‍ അനവധിയാണ്. എന്നാല്‍ അവരൊന്നും തന്നെ നൊറിള്സ്കിനെ ഇഷ്ടപ്പെടുന്നവരല്ല. സാഹസികരായ സഞ്ചാരികള്‍ക്ക് ചിലപ്പോള്‍ ഈ നഗരത്തോട് അല്പം കൗതുകം തോന്നിയേക്കാം. പക്ഷേ, ഇരുട്ട് മൂടിയ, മലിനീകരിക്കപ്പെട്ട ഈ നഗരം എല്ലാവരെയും പേടിപ്പെടുത്തുന്ന ഒന്നാണ്. സന്തോഷവും ആവേശവും നല്കുന്ന സ്ഥലങ്ങള്‍ മാത്രമല്ല, ഇത്തരത്തില്‍ നമ്മെ വിഷാദത്തിലേയ്ക്ക് എത്തിയ്ക്കുന്ന മരവിച്ച നഗരങ്ങളും ലോകത്തുണ്ട്. നഗരങ്ങള്‍ എപ്പോഴും ആള്‍ക്കൂട്ടത്തിന്റെ ഇടങ്ങളായി മാത്രമാണ് നാം കാണാറുള്ളത്. എന്നാല്‍ അതിനൊക്കെ അപമാനമാണ് നൊറിള്സ്ക് എന്ന വിഷാദ നഗരം. നൊറിള്സ്ക് ഇപ്പോള്‍ നെറ്റിസണ്‍സിന്റെ പ്രധാന ചര്‍ച്ചാ വിഷയമാണ്. ലോകത്ത് ഇങ്ങനെയും സ്ഥലങ്ങളുണ്ടോ എന്ന് ആശ്ചര്യപ്പെടുകയാണ് ഇന്റര്‍നെറ്റ് ലോകം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.