ഇന്ത്യയിലെവിടെയും മെഡിസിന് പഠിക്കണമെങ്കില്‍ ദേശീയ യോഗ്യതാ നിര്‍ണ്ണയ പ്രവേശന പരീക്ഷയില്‍ (നീറ്റ്) വിജയിക്കേണ്ടത് അത്യന്താപേക്ഷിക ഘടകമാണ്. അടുത്തയിടെയാണ്, ഗ്രാമീണ മേഖലയിലുള്ളവരും പാവപ്പെട്ടവരുമായ വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ കാരണം ബുദ്ധിമുട്ടുകയാണന്ന് ഡിഎംകെ പാര്‍ട്ടി ആരോപണം ഉയര്‍ത്തിയത്.
അതേസമയം, ദ്രാവിഡ മുന്നേട്ര കഴകത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടില്‍ നിന്ന് നീറ്റ് പരീക്ഷ ഒഴുവാക്കും എന്ന കാര്യവും ഓർക്കേണ്ടതുണ്ട്. അതിനാല്‍, എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ അധികാരത്തില്‍ വന്നപ്പോള്‍, സമൂഹത്തിലെ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ നീറ്റ് പരീക്ഷയും മെഡിക്കല്‍ പ്രവേശനവും എങ്ങനെയാണ് ബാധിക്കുന്നത് എന്ന് കണ്ടെത്താനായി വിരമിച്ച ജഡ്ജിയായ ശ്രീ എകെ രാജന്റെ അധ്യക്ഷതയില്‍ ഒരു പാനല്‍ രൂപീകരിക്കുകയുണ്ടായി.
പാനലിന്റെ നേതൃത്വത്തില്‍ സംഘാംഗങ്ങള്‍ സംസ്ഥാനമൊട്ടാകെ ഇത് സംബന്ധിച്ച് ഒരു സര്‍വേ നടത്തി. ഇതിന്റെ വെളിച്ചത്തില്‍, പല തവണ അസംബ്ലി യോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. അതിന് ശേഷം തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ റദ്ദ് ചെയ്ത് കൊണ്ട് തമിഴ്നാട് നിയമസഭ ഒരു ബില്ല് പാസ്സാക്കുകയും ചെയ്തു. അതേസമയം, 165 പേജ് വരുന്ന ഏകെ രാജന് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമക്ഷം നേരത്തെ തന്നെ സമര്‍പ്പിച്ചിരുവെങ്കിലും, അത് തമിഴ്നാട് സര്‍ക്കാര്‍ പുറത്തു വിട്ടത് സെപ്റ്റംബര്‍ 20നാണ്.
നീറ്റ് പ്രവേശന പരീക്ഷ റദ്ദ് ചെയ്യാനുള്ള നിയമ നടപടികള്‍ സര്‍ക്കാരിന് ഉടന്‍ തന്നെ കൈക്കൊള്ളാമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഒരു പുതിയ നിയമം നടപ്പിലാക്കികൊണ്ട്, നീറ്റ് പ്രവേശന പരീക്ഷ റദ്ദു ചെയ്യുന്നതിനും ഇന്ത്യന്‍ പ്രസിഡണ്ടിന്റെ കൈയില്‍ നിന്നും അനുവാദം നേടുന്നതിനും ഈ നിയമത്താൽ സാധ്യമാണ്. നീറ്റ് നിരോധന ആക്ട് നടപ്പില്‍ വരുത്തുന്നത് കൊണ്ട്, സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക നീതി ഉറപ്പു വരുത്തുകയും മെഡിക്കല്‍ പ്രവേശനം സുഗമമാക്കുകയുമാണ് ചെയ്യുന്നത്.
12ആം ക്ലാസ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം നേടാനുള്ള അവസരമാണ് ഇത് വഴി ലഭിക്കുന്നത്. യോഗ്യതാ പരീക്ഷ സംസ്ഥാനത്തെ, രാജ്യത്തിന്റെ അസ്വാതന്ത്ര്യ കാലത്തിലേക്കാണ് കൂട്ടിക്കൊണ്ട് പോകുന്നത്. ഈ അവസ്ഥ ഇല്ലാതാക്കാനുള്ള എല്ലാ നിയമനടപടികളും എല്ലാ തലത്തിലും സംസ്ഥാന സര്‍ക്കാര്‍ കൈകൊള്ളേണ്ടതാണ്.
നീറ്റ് പ്രവേശന പരീക്ഷ ആരംഭിച്ചതോടെ സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ നിന്ന് മെഡിക്കല്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം തുലോം കുറയുന്നതിന് കാരണമായിരിക്കുകയാണ്. നീറ്റ് പരീക്ഷയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഗ്രാമീണ മേഖലയിലുള്ള ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്ത അവസ്ഥ സംജാതമായേക്കാം. ഇതിനെല്ലാമുപരി, ഈയൊരു അവസ്ഥ ആത്യന്തികമായി തമിഴ്നാടിന്റെ ആരോഗ്യ-സംരക്ഷണ മേഖലയെ നിഷ്കരുണം ബാധിക്കുന്നതിനും വഴിയൊരുക്കാൻ കാരണമായേക്കാം.
ന്യൂസ്18 നോട് സംസാരിക്കവേ, വിരമിച്ച ജഡ്ജി ശ്രീ എകെ രാജന് പറഞ്ഞത് ഇപ്രകാരമാണ്, “സര്‍വ്വകലാശാലകളുടെ നിയന്ത്രണം സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്ക്കാരിന്മേല് ഒരു നിരോധനം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന് മാത്രമാണ് അങ്ങനെ ചെയ്യാന്‍ അനുവാദമുള്ളത്. 2007ല്‍ കൊണ്ടുവന്ന നിയമ ഭേദഗതി അനുസരിച്ച് പരീക്ഷയില്‍ നിന്ന് നീറ്റ് ഒഴുവാക്കാന്‍ സാധിക്കും. 2016ല്‍ മോഡേണ്‍ ഡെന്റല്‍ കോളേജിന്റെ തീരുമാനം പുറത്തു വന്നിരുന്നു, അതില്‍ പറയുന്നത്, 5 ജഡ്ജിമാര്‍ അടങ്ങുന്ന സുപ്രീം കോടതി ബഞ്ചിന്റെ വിധി അനുസരിച്ച്, എന്‍ട്രി 66 ലിസ്റ്റ് 1 എന്ന മാനദണ്ഡം സര്‍വ്വകലാശാലകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സാധുവായിരിക്കുകയില്ല. അത് എന്റ്റി 25 ന് കീഴെയാണ് വരുന്നത്,” എന്നാണ്.
എന്തു കൊണ്ടാണ് തമിഴ്നാട് നീറ്റ് പ്രവേശന പരീക്ഷയെ എതിര്‍ക്കുന്നത്?
നീറ്റ് ഒറ്റ ദിവസം കൊണ്ട് നടത്തുന്ന ഒരു കേന്ദ്രീകൃത പരീക്ഷയാണന്നാണ് ഇതിന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന പ്രധാന അവകാശ വാദം. അതിനാൽ ഈ പരീക്ഷ, വിദ്യാര്‍ത്ഥികളില്‍ ചെലുത്തുന്നത് വളരെ വലിയ സമ്മര്‍ദ്ദമാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍.
മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക്, കേന്ദ്ര തലത്തിലും സംസ്ഥാന തലത്തിലുമുള്ള മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനം നേടുന്നതിന് നീറ്റ് പ്രവേശന പരീക്ഷ എന്ന ഒറ്റ മാനദണ്ഡം മാത്രമാണുള്ളത്. അതേസമയം, എഞ്ചിനിയറിങ്ങ് പരീക്ഷ എഴുതുന്നവര്‍ക്ക് കേന്ദ്ര തലത്തിലും സംസ്ഥാന തലത്തിലും പരീക്ഷകള്‍ പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്.
അതിനാല്‍ത്തന്നെ, തമിഴ്നാട് നിയമസഭയില്‍ പാസ്സാക്കപ്പെട്ട നീറ്റ് പ്രവേശന പരീക്ഷ നിരോധന ബില്ലിന്റെ ആമുഖത്തില്‍ ചൂണ്ടിക്കാട്ടുന്ന ഒരു വസ്തുത; നീറ്റ് പ്രവേശന പരീക്ഷ സമൂഹത്തിലെ സമ്പന്നരും ഉയര്‍ന്ന നിലയിലുള്ള ജീവിതം ആസ്വദിക്കുന്നവര്‍ക്കും മാത്രമാണ് പ്രയോജനപ്പെട്ടിട്ടുള്ളത്, അല്ലാതെ ദുര്‍ബല വിഭാഗത്തില്പ്പെട്ടവര്ക്കല്ല.
മെഡിക്കല്‍ പ്രവേശന പരീക്ഷയായ – നീറ്റ് മറികടക്കാന്‍ കഴിഞ്ഞില്ലങ്കില്‍ എന്ന ഭയം മൂലം കഴിഞ്ഞ ഒരാഴ്ചയില്‍ മൂന്ന് ആത്മഹത്യകളാണ് തമിഴ്നാട്ടില്‍ സംഭവിച്ചിരിക്കുന്നത്. ഇതാദ്യമായല്ല നീറ്റിന്റെ പേരില്‍ ആത്മഹത്യയിലൂടെ പൊലിഞ്ഞു പോകുന്ന വിദ്യാര്‍ത്ഥികളെ തമിഴ്നാട് കാണുന്നത്. കോവിഡ് 19 രോഗ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ സെപ്റ്റംബറില്‍ നീറ്റ് പരീക്ഷ നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഞ്ച് വിദ്യാര്‍ത്ഥികളാണ് അവിടെ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, നീറ്റ് പരീക്ഷ റദ്ദാക്കുന്നതിനായി, തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളും, മാതാപിതാക്കളും, രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം നിരന്തരം ആവശ്യമുയര്ത്തുന്നുണ്ടായിരുന്നു. 2020ലാണ് നീറ്റ് പ്രവേശന പരീക്ഷ സംസ്ഥാനത്തിന്റെ താഴേത്തട്ടില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളോട് വേര്‍തിരിവ് കാണിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം പുറത്തു വന്നത്. 2019ലെ നീറ്റ് പ്രവേശന പരീക്ഷയുടെ ഫലം വന്നതിന് പിന്നാലെയാണ് തമിഴ്നാട്ടിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത പുറത്തു വന്നത്.
അതുപോലെതന്നെ – നാമിനിയും അരിയല്ലൂര്‍ അനിതയെ മറന്നിട്ടില്ല എന്നു കൂടി കൂട്ടി വായിക്കണം. അരിയല്ലൂര്‍ ജില്ലയിലെ തമിഴ്നാട് സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥിനിയായിരുന്നു അനിത. അവളുടെ ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്തമാക്കിയ മിടുക്കി. അതേപോലെ, 12ആം ക്ലാസ് പരീക്ഷയില്‍ അരിയല്ലൂര്‍ ജില്ലയില്‍ കണക്കിനും ഊര്‍ജ്ജതന്ത്രത്തിനും 100 ശതമാനം മാര്‍ക്ക് നേടിയ ഒരേയൊരു വിദ്യാര്‍ത്ഥിനി അവളായിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ മെഡിക്കല്‍ സീറ്റ് നേടാനാകാത്തതിന്റെ മനോവിഷമത്തില്‍ 2017 സെപ്റ്റംബര്‍ 1ന് അനിത ആത്മഹത്യ ചെയ്തു. അവളുടെ മരണം സംസ്ഥാനത്തൊട്ടാകെ വലിയ കോളിളക്കം സൃഷ്ടിക്കുകയും മെഡിക്കല്‍ പ്രവേശനം നേടുന്നതിന് നീറ്റ് പരീക്ഷാ മാനദണ്ഡം റദ്ദാക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.