Explained: എന്തുകൊണ്ടാണ് അമേരിക്കയിൽ പ്രതിരോധ കുത്തിവെപ്പ് എടുത്തവർ വീണ്ടും മാസ്ക് ധരിക്കുന്നത്?

യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ (സിഡിസി) തങ്ങളുടെ കോവിഡ് 19 മാനദണ്ഡങ്ങളിൽ പൂർണ്ണമായി മാറ്റം വരുത്തിയിരിക്കുകയാണ്. അതുപ്രകാരം കോവിഡ് 19 പ്രതിരോധ വാക്സിന്റെ രണ്ട് ഡോഡ് സ്വീകരിച്ചവരും മാസ്‌ക് ധരിക്കണം എന്ന് നിർദ്ദേശിക്കുന്നു.

News18 Malayalam

News18 Malayalam

 • Share this:
  അമേരിക്കയിൽ നിരന്തരം കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ പ്രധാനമായും വരുന്ന മാറ്റം മാസ്ക് ധരിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ചാണ്. അതേസമയം, രാജ്യത്ത് ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് 19 വൈറസിന്റെ വീര്യം കൂടിയ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് രോഗ പ്രതിരോധ വകുപ്പായ സിഡിസി കഴിഞ്ഞ ദിവസം പരിഷ്കരിച്ച കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.

  മാസ്‌ക് ധരിക്കുന്നുവോ ഇല്ലയോ എന്നത് മാത്രമല്ല ഇപ്പോഴത്തെ പ്രധാനപ്പെട്ട വിഷയം എന്നാണ് അമേരിക്കൻ അധികൃതർ പറയുന്നത്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ (സിഡിസി) തങ്ങളുടെ കോവിഡ് 19 മാനദണ്ഡങ്ങളിൽ പൂർണ്ണമായി മാറ്റം വരുത്തിയിരിക്കുകയാണ്. അതുപ്രകാരം കോവിഡ് 19 പ്രതിരോധ വാക്സിന്റെ രണ്ട് ഡോഡ് സ്വീകരിച്ചവരും മാസ്‌ക് ധരിക്കണം എന്ന് നിർദ്ദേശിക്കുന്നു. അഥവാ വാക്സിൻ വിതരണം വ്യാപകമാകുന്നതിന് മുൻപ് ഉണ്ടായിരുന്ന പോലെയുള്ള മാസ്‌ക് സംസ്‌കാരത്തിലേക്ക് അമേരിക്കക്കാര്‍ തിരികെ പോകുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത് എന്നർത്ഥം.

  കഴിഞ്ഞ മെയ് മാസത്തിലാണ് പ്രതിരോധ കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കിയവര്‍ മാസ്ക് ധരിക്കേണ്ടതില്ല എന്ന് യുഎസ് ആരോഗ്യ കേന്ദ്രം അറിയിച്ചത്. തുറന്ന സ്ഥലങ്ങൾ, പാര്‍ക്കുകൾ, എന്നിവക്ക് പുറമെ ഭക്ഷണശാലകൾ തുടങ്ങിയ ഇന്‍ഡോര്‍ സ്ഥലങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് ജനങ്ങൾ ഏതാണ്ട് മഹാമാരിയ്ക്ക് മുൻപുണ്ടായിരുന്ന ജീവിത ശൈലിയിലേക്ക് തിരികെ പോകുന്ന കാഴ്ചയ്ക്കാണ് അമേരിക്ക സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നത്. എന്നാല്‍ നിലിവലെ സാഹചര്യത്തിൽ അമേരിക്കയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ രാജ്യത്ത് വൈറസ് ബാധയുടെ തോത് വീണ്ടും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതിൽ ഡെൽറ്റ വകഭേദവും ഉണ്ടെന്ന് തിരിച്ചറിഞ്ഞത് വലിയ ആശങ്ക ഉയർത്തിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ്, ജനങ്ങളോട് വീണ്ടും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് സിഡിസി അധികൃതർ നിര്‍ദ്ദേശം നല്‍കിയത്.

  പുതിയ സര്‍ക്കാർ ഉത്തരവ് മാസ്‌ക് കോവിഡ് കാലഘട്ടത്തിലെ ഒരു അവശ്യ വസ്ത്രമാക്കി മാറ്റിയിരിക്കുന്നുവെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദരും പൊതുസമൂഹവും കണക്കാക്കുന്നത്. എന്തു കൊണ്ടാണ് സിഡിസി തങ്ങളുടെ മുന്‍പത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മാറ്റിയതെന്നാണ് താഴെ പറയുന്നത്. മഹാമാരിക്കാലത്ത് മാസ്‌ക് തങ്ങളുടെ ജീവിതം മാറ്റിമറിച്ചത് എങ്ങനെയാണെന്നും വിദഗ്ധർ പറയുന്നു.

  എന്താണ് സിഡിസി പറയുന്നത്?

  അമേരിക്കയില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുകളുടെ എണ്ണം അതിവേഗം ഉയരുകയും പുതിയ അണുബാധകളുടെ എണ്ണം താഴുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്, യു.എസ് ആരോഗ്യ കേന്ദ്രം, വാക്സിൻ സ്വീകരിച്ച ആളുകള്‍ക്കായി മാസ്‌ക് ഉപയോഗ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്.

  തുടര്‍ന്ന്, പൂര്‍ണ്ണമായും പ്രതിരോധ കുത്തിവെയ്പ്പുകള്‍ നേടിയ ആളുകള്‍, അപരിചിതര്‍ അടങ്ങുന്ന വലിയ ജനക്കൂട്ടങ്ങളില്‍ മാത്രം നിര്‍ബന്ധമായും മാസ്‌ക് ധരിച്ചാല്‍ മതി എന്ന ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. ഇത് ആൾക്കൂട്ടങ്ങളിൽ മാസ്കില്ലാതെ ഇറങ്ങുന്നതിന് ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകി. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു അധികൃതർ ഈ സുപ്രാധാന തീരുമാനമെടുത്തത്.

  ശേഷം, മേയില്‍ വീണ്ടും സിഡിസി അടുത്ത നിര്‍ദ്ദേശം പുറത്തിറക്കി. ഇതനുസരിച്ച് ഇരു ഡോസുകളും സ്വീകരിച്ച വ്യക്തികള്‍ക്ക് പാര്‍ക്ക്, തുറസ്സായ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ബസ്സുകള്‍, വിമാനങ്ങള്‍, ആശുപത്രികള്‍, ജയിലുകള്‍, അഗതികള്‍ക്കായുള്ള പാര്‍പ്പിടങ്ങള്‍, ഭക്ഷണശാലകള്‍ പോലെയുള്ള അടഞ്ഞ പൊതുസ്ഥലങ്ങളിലും ആളുകളുടെ എണ്ണം കണക്കിലെടുക്കാതെ മാസ്‌ക് ധരിക്കാതെ ഇടപെടുന്നതിന് സ്വാതന്ത്യം നല്‍കി. ഇത് ഏതാണ്ട് മാസ്ക് ഉപയോഗം ജനങ്ങളിൽ പൂർണ്ണമായും ഇല്ലാതെ ആക്കി എന്ന് പറയാം.

  അതിന് ശേഷം, വേനല്‍ ക്യാമ്പുകളിലും സ്‌കൂളുകളിലും മറ്റും പൂര്‍ണ്ണമായി പ്രതിരോധ കുത്തിവെയ്പ്പ് നേടിയ വ്യക്തികള്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യം ഇല്ല എന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  എന്നാൽ ജൂലായ് 27 ന് പുറത്തിറക്കിയ പരിഷ്കരിച്ച കോവിഡ് 19 മാര്‍ഗ്ഗ രേഖയില്‍ പൂര്‍ണ്ണമായി പ്രതിരോധ വാക്സിൻ ലഭിച്ചവരാണെങ്കില്‍ പോലും പൊതുവായി ഉപയോഗിക്കപ്പെടുന്ന സ്ഥലങ്ങളിലും, അടഞ്ഞ സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണം എന്നാണ് പ്രതിപാദിക്കുന്നത്. പ്രത്യേകിച്ച്, രോഗവ്യാപന നിരക്ക് ഉയര്‍ന്ന തോതിലുള്ള സ്ഥലങ്ങളിൽ ആളുകൾ തീര്‍ച്ചയായും മാസ്‌ക് ധരിക്കേണ്ടതാണ്. ഇത് മുൻകാല ഉത്തരവുകളുടെയും നിർദ്ദേശങ്ങളുടെയും നേർ വിപരീതമാണ്.

  ഏതെങ്കിലും രോഗാവസ്ഥയില്‍ തുടരുന്നവർ, വാർദ്ധക്യ പ്രശ്നങ്ങൾ നേരിടുന്നവർ, ദുര്‍ബ്ബലമായ രോഗപ്രതിരോധ ശേഷി ഉള്ളവർ എന്നീ വിഭാഗക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ എടുത്തുപറയുന്നു. കൂടാതെ വീടുകൾക്കകത്തും പ്രതിരോധ മരുന്ന് ലഭിക്കാത്തവരോ, രോഗപ്രതിരോധശേഷി കുറഞ്ഞവരോ ആയ വ്യക്തികള്‍ ഉണ്ടെങ്കില്‍ അവരും തീര്‍ച്ചയായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

  രോഗം പെട്ടെന്ന് ബാധിക്കാൻ സാധ്യതുള്ള വ്യക്തികള്‍ തങ്ങളുടെ പ്രദേശത്തെ രോഗ വ്യാപനം കുറഞ്ഞ തോതിലാണോ ഉയര്‍ന്ന തോതിലാണോ എന്ന് കണക്കാക്കാതെ മാസ്‌ക് ധരിക്കുന്നതാണ് ഉചിതം എന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

  ഇത് വീണ്ടും എല്ലാ ജനങ്ങളും ഏത് വിധത്തിലുള്ള പൊതു സ്ഥലമായാലും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ് എന്ന പഴയ നിയമത്തിലേക്കാണ് ജനങ്ങളെ എത്തിക്കുന്നത്.

  എന്താണ് പെട്ടന്നുള്ള മാറ്റത്തിലേക്ക് നയിച്ചത്?

  കോവിഡ് 19 വൈറസിന്റെ അപകടകാരിയായ തരം എന്ന് കരുതുന്ന ഡെല്‍റ്റ വേരിയന്റിന്റെ സാന്നിധ്യമാണ് സിഡിസി തങ്ങളുടെ നിലപാടില്‍ പെട്ടന്ന് മാറ്റം വരുത്തുന്നതിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 'സംരക്ഷണം പരമാവധി വര്‍ദ്ധിപ്പിക്കാനും …. മറ്റുള്ളവരിലേക്കുള്ള പകര്‍ച്ച തടയാനുമാണ്' തങ്ങള്‍ പരിശ്രമിക്കുന്നതെന്ന് സിഡിസി അധികൃതര്‍ പറയുന്നു.

  യുഎസ്സില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മിക്ക കേസുകളും ഇതുവരെ പ്രതിരോധ മരുന്ന് സ്വീകരിക്കാത്തവരില്‍ ആണ് എന്ന് ആരോഗ്യ അധികൃതരും വിദഗ്ധരും അഭിപ്രായപ്പെടുന്നുവെങ്കിലും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവരില്‍ വീണ്ടുമൊരു വൈറസ് ബാധയുടെ 'മുന്നേറ്റം' ഉണ്ടാകാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല. ഡെല്‍റ്റ വകതിരിവ് എന്ന ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ്, കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു എന്നതാണ് വസ്തുത. 2020-ലാണ് ഇന്ത്യയില്‍ പുതിയ വകതിരിവായ ഡെല്‍റ്റ വൈറസിനെ തിരിച്ചറിഞ്ഞത്.

  സിഡിസി ഡയറക്ടറായ ഡോക്ടര്‍ റോഷെല്ലെ വാലന്‍സ്‌കിയുടെ അഭിപ്രായത്തില്‍, പ്രതിരോധ കുത്തിവെയ്പ്പ് ലഭിക്കാത്തവരെ അപേക്ഷിച്ച് കുത്തിവെയ്പ്പ് ലഭിച്ചവരില്‍ ആയിരുന്നു നേരത്തെ നോവല്‍ കൊറോണാ വൈറസ് കാരണമുളള അണുബാധ കണ്ടെത്തിയത്. അതിനാല്‍ ഡെല്‍റ്റ വകഭേദം പ്രതിരോധ മരുന്ന് സ്വീകരിച്ചവരില്‍ ബാധിച്ചാലും അത് 'വേര്‍തിരിച്ചറിയാന്‍' സാധിക്കില്ല. എന്നാല്‍ അവരെ അപേക്ഷിച്ച് പ്രതിരോധ മരുന്ന് ഇനിയും ലഭിച്ചിട്ടില്ലാത്തവരില്‍ വൈറസ് ബാധയുണ്ടായാല്‍ ഡെല്‍റ്റാ വകഭേദത്തെ തിരിച്ചറിയാന്‍ സാധിക്കും.

  പ്രസ്തുത സാഹചര്യത്തില്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്ത് വന്ന – എന്നാല്‍ ഇതുവരെ പ്രസിദ്ധീകരിക്കാത്ത – 100 പരിശോധനാ സാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് സിഡിസി പെട്ടന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

  തങ്ങള്‍ ഉണർന്നുപ്രവര്‍ത്തിക്കേണ്ട സമയമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്ന് വാലന്‍സ്‌കി പറയുന്നു. പ്രതിരോധ മരുന്ന് സ്വീകരിച്ചവര്‍ ആണെങ്കില്‍ പോലും അവര്‍ക്ക് വൈറസ് ബാധ മറ്റുള്ളവരിലേക്ക് പടര്‍ത്താനുള്ള കഴിവുണ്ട് എന്നും പറഞ്ഞ വാലന്‍സ്‌കി, മാസ്‌കിന്റെ ആദ്യ പാഠമായ ‘എന്റെ മാസ്‌ക് നിങ്ങളെ സംരക്ഷിക്കുന്നു, അത് പോലെ നിങ്ങളുടെ മാസ്‌ക് എന്നെയും സംരക്ഷിക്കുന്നു’ എന്ന വാക്കുകളെ വീണ്ടും പുണരാന്‍ സമയമായി എന്നും കൂട്ടിച്ചേര്‍ക്കുന്നു.

  മാസ്‌ക് മാർഗനിര്‍ദ്ദേശങ്ങളുടെ ഉത്ഭവം

  ലോകത്തിന്റെ പലഭാഗങ്ങളെയും രൂക്ഷമായി ബാധിച്ച മഹാമാരിയാണ് കോവിഡ് 19. പുതിയ വൈറസ് വകഭേദങ്ങൾ, അവയ്‌ക്കെതിരെ കവചം തീര്‍ക്കുന്ന പ്രതിരോധ ആന്റിബോഡികൾ തുടങ്ങി നിരവധി ഘടകങ്ങൾ അടങ്ങിയ സങ്കീർണ്ണമായ പ്രതിഭാസമാണ് മഹാമാരിയെ നേരിടുകയെന്നത്. എന്നാൽ ഒട്ടേറെ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

  നിങ്ങളുടെ ഓര്‍മ്മയിലൂടെ ഒന്നു തിരികെ നടന്നാല്‍, എന്തായിരുന്നു കോവിഡ് 19 എന്ന മഹാമാരിയുടെ മുന്നില്‍ പകച്ച് നിന്ന ലോകത്തോട് ആദ്യ കാലങ്ങളില്‍ ലോകാരോഗ്യ സംഘടനയും സിഡിസിയും പറഞ്ഞതെന്ന് ഓര്‍ക്കാന്‍ സാധിക്കും. അന്ന് മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും ആവശ്യത്തിന് മാസ്‌കുകള്‍ ലഭ്യമല്ലാത്ത കാലമായിരുന്നിട്ട് പോലും, ആരോഗ്യ സംഘടനകള്‍ ലോക ജനതയോട് ആവശ്യപ്പെട്ടത് മാസ്‌ക് ധരിക്കണം എന്നായിരുന്നു.

  അന്നത്തെ ആ ആഹ്വാനത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ട്. കോവിഡ്-19 പകരുന്നത് തടയാന്‍ മാസ്‌കിന്റെ ഉപയോഗം വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുക, കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകുക, മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക എന്നതാണ് ഇന്ന് ലോകം എമ്പാടും അംഗീകരിച്ച കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളിലെ മൂന്ന് പ്രധാനപ്പെട്ട സ്തംഭങ്ങളായി കണക്കാക്കുന്നത്.

  അതേസമയം, ഈ പാഠങ്ങളൊന്നും തന്നെ പൂര്‍ണ്ണമായും മാസ്‌ക് ധരിച്ച് ധരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധവാന്മാരാക്കിയിട്ടില്ല എന്നുവേണം മനസ്സിലാക്കാന്‍. പലരും ഇന്നും മാസ്‌ക് ധരിക്കുന്ന കാര്യത്തില്‍ അലസന്മാരാണ്. ഇപ്പോള്‍ പല രാജ്യങ്ങളും പ്രതിരോധ മരുന്ന് ലഭിച്ചവർക്ക്, കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തിയതായി കാണാന്‍ സാധിക്കും.

  എവിടെയൊക്കെയാണ് മാസ്‌ക് നിര്‍ബന്ധമല്ലാത്തത്?

  ഈ മാസം തുടക്കത്തില്‍ ഇംഗ്ലണ്ട് കോവിഡ് 19 മാനദണ്ഡങ്ങളില്‍ വലിയ ഇളവുവരുത്തിയിരുന്നു. ഇതോടുകൂടി രാജ്യത്തെ പൊതു സ്ഥലങ്ങള്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയും, ഓഫീസുകളും നിശാ ക്ലബ്ബുകളും വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാന്‍ ഉത്തരവ് നല്‍കുകയും ചെയ്തു. കൂടാതെ മാസ്‌ക് ഉപേക്ഷിക്കാന്‍ ജനങ്ങളെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ രാജ്യം സാധാരണ നിലയിലേക്ക് തിരികെ വരാന്‍ തുടങ്ങി എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സമയത്ത് ഇംഗ്ലണ്ട് മാത്രമല്ല മാസ്‌ക് നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില മാധ്യമ സ്ഥാപനങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സ്വീഡന്‍, ഇസ്രയേല്‍, ന്യൂസിലാന്റ്, തുടങ്ങിയ രാജ്യങ്ങളും മാസ്‌കുകളുടെ കാര്യത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം, ഡെല്‍റ്റാ വകഭേദത്തിന്റെ ആവിര്‍ഭാവത്തിലും വ്യാപനത്തിലുമുള്ള ആശങ്കയിലാണ് ഇന്ന് പല ലോക രാജ്യങ്ങളും. അതിനാല്‍ തന്നെ ഇളവു ചെയ്ത കോവിഡ് മാനദണ്ഡങ്ങള്‍ പലതും ഇന്ന് അവര്‍ വീണ്ടും കര്‍ശനമാക്കുകയാണ്.

  ബ്രിട്ടന്റെ ശാസ്ത്രീയ അടിയന്തര സേവന ഉപദേശക സംഘത്തിലെ (Sage) അംഗമായ സൂസന്‍ മിഷിയുടെ അഭിപ്രായം മാസ്‌കിന്റെ ഉപയോഗം തുടരണം എന്നാണ്. മഹാമാരിയെ തടയുന്നതിന് ആവശ്യമായ പ്രതിരോധ ശേഷി എല്ലാ ജനങ്ങള്‍ക്കും ഉണ്ട് എന്നും അതേ സമയം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന രോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയെ കുറിച്ച് നമുക്ക് പൂര്‍ണ്ണമായും ആത്മവിശ്വാസം ഉണ്ടാകുന്നത് വരെ മാസ്‌ക് ഉപയോഗം കൃത്യമായി പിന്‍തുടരണം എന്നും അവര്‍ കൂട്ടി ചേര്‍ക്കുന്നു.

  കോവിഡ് നിയന്ത്രണ പ്രവര്‍ത്തങ്ങളുടെ കാര്യത്തില്‍ ഒട്ടുമിക്ക ആരോഗ്യ വിദഗ്ധരും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം എന്നും അല്ലാത്ത പക്ഷം അത് വലിയ അപകടങ്ങള്‍ സ്വയം വിളിച്ചു വരുത്തുന്നതിന് സമാനമായിരിക്കും എന്നുമാണ് അവർ പറയുന്നത്. ഒരു വ്യക്തി പൂര്‍ണ്ണമായി രോഗ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചുലെവെങ്കില്‍ പോലും ലോകം മുഴുവന്‍ മഹാമാരി രോഗം പടര്‍ത്തുന്ന സാഹചര്യത്തില്‍, മാസ്‌ക് ഉപേക്ഷിക്കുന്നത് അനൗചിത്യം ആണ് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കുക എന്നത് തന്നെയാണ് ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ആദ്യ പടി. എന്നാൽ വാക്സിൻ സ്വീകരിച്ചവരും സുരക്ഷാ മാനദണ്ധങ്ങൾ കൃത്യമായി പാലിക്കണം.
  Published by:Rajesh V
  First published:
  )}