HOME /NEWS /Explained / Explained: അഫ്ഘാനിസ്ഥാനിലെ യുഎസ് സേനാ പിന്മാറ്റം താലിബാന് കൂടുതൽ കരുത്താർജ്ജിക്കാൻ കാരണമാകുന്നതെന്തുകൊണ്ട്?

Explained: അഫ്ഘാനിസ്ഥാനിലെ യുഎസ് സേനാ പിന്മാറ്റം താലിബാന് കൂടുതൽ കരുത്താർജ്ജിക്കാൻ കാരണമാകുന്നതെന്തുകൊണ്ട്?

car bomb attack in Kandahar province

car bomb attack in Kandahar province

അഫ്ഘാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ അധീനതയില്‍ വരുത്തിയെന്ന് താലിബാന്‍ പോരാളികള്‍ അവകാശപ്പെടുന്നുണ്ട്.

  • Share this:

    തെക്കന്‍ അഫ്ഘാനിസ്ഥാനില്‍ താലിബാന്‍, അഫ്ഘാന്‍ സേനകള്‍ തമ്മിലുള്ള പോരാട്ടം ശക്തമാവുന്ന സാഹചര്യത്തില്‍ കാണ്ഠഹാറിലെ ഇന്ത്യന്‍ എംബസിയിലെ മുഴുവന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും നഗരത്തില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഘാനിസ്ഥാന്‍ വിടുന്‌പോള്‍ താലിബാന്‍ തങ്ങളുടെ സ്വാധീനം രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ നിലിവലെ സാഹചര്യങ്ങളാണ് താഴെ വിശദീകരിക്കുന്നത്.

    നിലവില്‍ താലിബാന്‍ അധീനതയിലുള്ള സ്ഥലങ്ങള്‍?

    യുഎസ്, നാറ്റോ സൈന്യങ്ങള്‍ അഫ്ഘാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ നിലവിലെ അഫ്ഘാന്‍ സൈന്യത്തിന് സര്‍ക്കാറിനെ വീഴാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമോ എന്ന് ഇതുവരെ ഉറപ്പിച്ചു പറയാന്‍ പറ്റാത്ത സാഹചര്യമാണ്. അതേസമയം താലിബാന്‍ തങ്ങളുടെ സ്വാധീനം കൂടുതല്‍ ഉറപ്പിക്കാനുള്ള പരിശ്രമത്തിലുമാണ്.

    അഫ്ഘാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ അധീനതയില്‍ വരുത്തിയെന്ന് താലിബാന്‍ പോരാളികള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അഫ്ഘാന്‍ സേന ഇത്തരം വാദങ്ങളെ തള്ളിയിട്ടുണ്ട്. തങ്ങള്‍ താലിബാന്‍ അതിക്രമങ്ങളെ ശക്തമായി പ്രതിരോധിക്കുന്നുവെന്നും നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുകയുമാണെന്നാണ് അഫ്ഘാന്‍ സേന അവകാശപ്പെട്ടുന്നത്.

    എന്നാല്‍ വിദഗ്ധര്‍ പറയുന്നത് താലിബാന്‍ രാജ്യത്തുടനീളെ തങ്ങളുടെ സ്വാധീനം വികസിപ്പിക്കുന്നുവെന്നും രാജ്യത്തെ പ്രമുഖ നഗരങ്ങള്‍ കീഴടക്കാനുള്ള ശ്രമത്തിലാണെന്നുമാണ്. പ്രാദേശിക ഭരണകൂടങ്ങളുടെ തലസ്ഥാനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍ കീഴടക്കുക എന്നതാണ് താലിബാന്റെ ആദ്യ പദ്ധതിയെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. കാബൂളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ തടയാന്‍ ഈ മുന്നേറ്റം സഹായിക്കും എന്നാണ് താലിബാന്റെ കണക്കുകൂട്ടല്‍.

    വാര്‍ത്താ ഏജന്‍സിയായ റോയിട്ടേസിന്റെ റിപ്പോര്‍ട്ട് പ്രകാരം സുന്നി താലിബാന്‍, രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ പതിനായിരക്കണക്കിന് ശിയാക്കള്‍ താമസിക്കുന്ന ഹെറാത് പ്രദേശം ഇതിനകം തങ്ങളുടെ വരുതിയില്‍ വരുത്തിയിട്ടുണ്ട്. തുര്‍ക്ക്‌മെനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന തോര്‍ഗുണ്ടി നഗരവും താലിബാന്‍ കീഴടക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ, ഇറാന്‍, താജികിസ്ഥാന്‍, തുര്‍ക്‌മെനിസ്ഥാന്‍, ചൈന, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പല പ്രദേശങ്ങളും ഇതിനകം താലിബാന്‍ നിയന്ത്രണത്തിലായി മാറിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഥവാ, മറ്റു രാജ്യങ്ങളില്‍ നിന്ന് അഫ്ഘാനിലേക്ക് സഹായങ്ങള്‍ എത്തുന്നത് നിയന്ത്രിക്കാന്‍ താലിബാന് സാധ്യമാവും എന്നര്‍ത്ഥം.

    നിലവില്‍ എത്ര സ്ഥലം താലിബാന്റെ നിയന്ത്രണത്തിലുണ്ടെന്ന് വെളിപ്പെടുത്താന്‍ യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ശക്തമായ പോരാട്ടം തന്നെ നടക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. ''ഒരു സ്ഥലം കീഴടക്കുക എന്നതുകൊണ്ട് എല്ലായ്‌പ്പോഴും അവിടെ നിയന്ത്രണം നിലനിര്‍ത്തും എന്ന് പറയാന്‍ കഴിയില്ല,'' പെന്റഗണ്‍ വക്താവായ ജോണ്‍ കിര്‍ബി സിന്‍എന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ''അഫ്ഘാന്‍ സൈന്യത്തിന് യുദ്ധമുഖത്തേക്ക് ഇറങ്ങേണ്ട സമയമാണിത്. അവര്‍ തങ്ങളുടെ രാജ്യത്തെയും, ജനങ്ങളെയും സംരക്ഷിക്കണം.''

    യുഎസ് സൈന്യം പിന്‍മാറിയതിന് ശേഷം എന്ത് സംഭവിക്കും?

    ഓഗസ്റ്റ് 30ഓടെ യുഎസ് സൈന്യം അഫ്ഘാനിസ്ഥാന്‍ വിടുമെന്ന് ജോ ബൈഡന്‍ ഭരണകൂടം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. കാബൂളിലെ യുഎസ് എംബസിക്ക് സുരക്ഷയൊരുക്കുന്ന 650 സൈനികര്‍ മാത്രമാവും ഇതിന് ശേഷം രാജ്യത്ത് അവശേഷിക്കുക. 20 വര്‍ഷത്തിന് ശേഷം യുഎസ് സേനയെ പിന്‍വലിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് ബൈഡന്‍ ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. 9/11 അക്രമങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക തങ്ങളുടെ സൈന്യത്തെ അഫ്ഘാനിസ്ഥാനിലേക്കയച്ചത്. അല്‍ ഖായിദയെ തുരത്തുക, അഫ്ഘാനില്‍ നിന്ന് അമേരിക്കക്കെതിരെ മറ്റൊരു തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ കഴിയില്ല എന്ന് ഉറപ്പുവരുത്തുക തുടങ്ങിയ തങ്ങളുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്ന് ബൈഡന്‍ ഭരണകൂടം അവകാശപ്പെടുന്നു. രാജ്യനിര്‍മ്മിതി എന്നത് അഫ്ഘാന്‍ ജനതയുടെ കടമയാണെന്നും അമേരിക്ക പറയുന്നു.

    ''ഞങ്ങളെ അഫ്ഘാനിസ്ഥാനിലേക്ക് പോകാന്‍ പ്രേരിപ്പിച്ച ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അഫ്ഘാന്‍ എന്ന രാജ്യത്തെ നിര്‍മ്മിക്കാന്‍ വേണ്ടിയല്ല ഞങ്ങള്‍ പോയത്. ഭാവിയില്‍ ആര് തങ്ങളുടെ രാജ്യം ഭരിക്കണം എന്ന് തീരുമാനിക്കേണ്ട ഉത്തരവാദിത്വം അഫ്ഘാന്‍ ജനതയുടേതാണ്,'' ബൈഡന്‍ കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസില്‍ പറഞ്ഞു.

    അഫ്ഘാനിസ്ഥാനിലെ തങ്ങളുടെ സൈനിക ഓപറേഷനുകളുടെ കേന്ദ്രമായിരുന്ന ബാഗ്രാം എയര്‍ബെയ്‌സില്‍ നിന്ന് അമേരിക്കന്‍ സേനാംഗങ്ങള്‍ പൂര്‍ണമായും പിന്‍വലിഞ്ഞിട്ടുണ്ട്. ഇത് രാജ്യത്തെ അമേരിക്കന്‍ സൈനിക സാധിധ്യം അവസാനിച്ചു എന്നതിന്റെ പ്രതീകമായാണ് കണക്കുകൂട്ടപ്പെടുന്നത്. ഇതോടെ അഫ്ഘാനിലെ സൈനിക മുന്നേറ്റങ്ങള്‍ 90 ശതമാനം കഴിഞ്ഞെന്ന് പെന്റഗണ്‍ സാക്ഷ്യപ്പെടുത്തുന്നു.

    യുഎസ് സേനാ പിന്മാറ്റം ജനാധിപത്യമായ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് വെല്ലുവിളിയാണെന്ന് ബൈഡന്‍ സമ്മതിക്കുന്നുണ്ട്. ''അഫ്ഘാനിസ്ഥാനിന്റെ മുഴുവന്‍ പ്രദേശങ്ങളും നിയന്ത്രിക്കാന്‍ ശേഷിയുള്ള ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ സാധ്യത കുറവാണ്,'' ബൈഡന്‍ പറയുന്നു.

    സമാധാന ശ്രമങ്ങളുടെ ഭാവി

    താലിബാന്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്ത് അഫ്ഘാന്‍ സേനയും, മറ്റു പ്രാദേശിക സായുധ സേനകളും, പൊതുജനങ്ങളും താലിബാനെതിരെ ശക്തമായി രംഗത്ത് വരുന്നുണ്ട്. എന്നാല്‍ താലിബാന്‍ പോരാളികളെ തുരത്താന്‍ ഇത് സഹായമാകുമോ എന്നതില്‍ പല വിദഗ്ധരും സംശയം പ്രകടിപ്പിക്കുന്നു. പലപ്പോഴും അഫ്ഘാന്‍ സേന താലിബാനോട് പ്രതിരോധിക്കാന്‍ കഴിയാതെ രക്ഷപ്പെട്ടെട്ടോടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണിത്.

    യുഎസ് സൈന്യം പിന്മാറുകയും, സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് വലിയ തോതിലുള്ള ചെറുത്തുനില്‍പ്പുകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ താലിബാന്‍ തയ്യാറാവാന്‍ സാധ്യതയില്ല. പ്രത്യേകിച്ച് മുന്‍കാല ചര്‍ച്ചകള്‍ ഒന്നും തന്നെ വിജയിക്കാത്ത സാഹചര്യത്തില്‍. എന്നാല്‍ താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സംഘടനാ വക്താവ് കഴിഞ്ഞ മാസം ഊന്നിപ്പറഞ്ഞിരുന്നു.

    കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ച് സമാധാന ചര്‍ച്ചകള്‍ തുടങ്ങിയിരുന്നുവെങ്കിലും അടിസ്ഥാന കാര്യങ്ങളിലുടക്കി ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണ്. യുഎസ് സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇരു കക്ഷികളും അക്രമം ഇല്ലാതാക്കുക, അഫ്ഘാനിസ്ഥാന്റെ ഭാവി തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ മറ്റു വിഷയങ്ങളില്‍ തട്ടി ഉടക്കി നില്‍ക്കുകയാണ്.

    അതേ സമയം, കാബൂളിലെ സര്‍ക്കാര്‍ നിരവധി വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍, സ്ത്രീകളുടെ വോട്ടിംഗ് എന്നിവ ഇതില്‍പ്പെടുന്നു. അതേസമയം, അഫ്ഘാനിസ്ഥാനില്‍ 'ഇസ്ലാമിക രീതി' നടപ്പില്‍വരുത്തും എന്ന വാശിയിലാണ് താലിബാന്‍.

    എന്താണ് പുതിയ മനുഷ്യാവകാശ പ്രതിസന്ധി?

    അഫ്ഘാനിസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തേക്ക് മരുന്നുകളും മറ്റും എത്തിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ത്രീവവാദികളില്‍ നിന്നുള്ള ഭീഷണി കാരണം നിരവധി ജീവനക്കാര്‍ പ്രദേശം വിട്ടുപോയെന്നും സഘടന അറിയിച്ചു.

    ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ചുരുങ്ങിയത് 18.4 മില്യണ്‍ ആളുകള്‍, അഥവാ രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും, വൈദ്യസഹായം ആവശ്യമാണ്. 3.1 മില്യണിലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കന്നു.

    ''അത്യാവശ്യമായ മരുന്നുകളും മറ്റു വൈദ്യ സഹായങ്ങളും എത്തിക്കാന്‍ കഴിയുമോ എന്നതില്‍ ആശങ്കയുണ്ട്. ആരോഗ്യ സംവിധാനങ്ങള്‍ക്കുമേള്‍ അക്രമമുണ്ടാവും എന്ന ഭീഷണിയും നിലനില്‍ക്കുന്നു,'' ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക അത്യാഹിത വിഭാഗം ഡയറക്ടറായ റിക്ക് ബ്രണ്ണന്‍ പറഞ്ഞു.

    First published:

    Tags: Afghanistan, Indian Embassy, Joe Biden, US and Taliban, US army