• HOME
 • »
 • NEWS
 • »
 • explained
 • »
 • Agnipath | അ​ഗ്നിപഥ്: യുവാക്കളുടെ ആശങ്കക്ക് അടിസ്ഥാനമുണ്ടോ?; സർക്കാർ നൽകുന്ന വിശദീകരണം എന്ത്?

Agnipath | അ​ഗ്നിപഥ്: യുവാക്കളുടെ ആശങ്കക്ക് അടിസ്ഥാനമുണ്ടോ?; സർക്കാർ നൽകുന്ന വിശദീകരണം എന്ത്?

അഗ്നിപഥ് സൈനിക പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്‌മെന്റിനുള്ള ഉയർന്ന പ്രായപരിധി 21 ൽ നിന്ന് 23 ആയി കേന്ദ്രം വ്യാഴാഴ്ച ഉയർത്തിയിരുന്നു.

 • Last Updated :
 • Share this:
  രാജ്യത്തെ സൈനിക റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അ​ഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമെങ്ങും വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. അഗ്നിപഥ് റിക്രൂട്ട്‌മെന്റ് സ്കീമിന് ചൊവ്വാഴ്ചയാണ് കാബിനറ്റ് കമ്മിറ്റി അനുമതി നൽകിയത്. 17 നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കളെ രാജ്യത്തെ മൂന്ന് സൈനിക സേവനങ്ങളിലേക്ക് നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നതാണ് പദ്ധതി. പ്രതിഷേധത്തെത്തുടർന്ന്, അഗ്നിപഥ് സൈനിക പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്‌മെന്റിനുള്ള ഉയർന്ന പ്രായപരിധി 21 ൽ നിന്ന് 23 ആയി കേന്ദ്രം വ്യാഴാഴ്ച ഉയർത്തിയിരുന്നു.

  ഗ്രാറ്റുവിറ്റിയും പെൻഷൻ ആനുകൂല്യങ്ങളും ഇല്ലാതെ ഭൂരിഭാഗം പേർക്കും നിർബന്ധിത വിരമിക്കലാണ് പദ്ധതിയിലൂടെ ഉണ്ടാകുകയെന്നും, പരിമിതമായ തൊഴിലവസരങ്ങളായിരിക്കും സൃഷ്ടിക്കപ്പെടുകയെന്നും പ്രതിഷേധിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. അ​ഗ്നിപഥിനെതിരെ പ്രതിഷേധിച്ച് ഡിഫൻസ് സർവീസ് ഉദ്യോഗാർത്ഥികൾ ബീഹാറിന്റെ പല ഭാഗങ്ങളിലും റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെടുത്തി. പദ്ധതിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രക്ഷോഭകർ ടയറുകൾ കത്തിക്കുകയും ബസുകൾ നശിപ്പിക്കുകയും ട്രെയിനുകൾക്ക് തീയിടുകയും ചെയ്തതോടെ സംസ്ഥാനത്തെ മുൻഗറിലും ജെഹാനാബാദിലും പ്രക്ഷോഭം അക്രമാസക്തമായി.

  യുവാക്കളുടെ ആശങ്ക
  പ്രതിരോധ സേവനങ്ങളിൽ ചേരാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പുതിയ സർക്കാർ തീരുമാനം ഏറെ ആശങ്കാജനകമാണെന്നും സർക്കാർ വിദ്യാർഥികളെ കബളിപ്പിക്കുകയാണെന്നും ജെഹാനാബാദ് എംഎൽഎ കുമാർ കൃഷ്ണമോഹൻ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു. നിരവധി യുവാക്കളുള്ള സംസ്ഥാനമാണ് ബിഹാർ എന്നും നിരവധി പ്രസ്ഥാനങ്ങളിലൂടെ രാജ്യത്തിന് നേർവഴി കാണിച്ചുകൊടുത്തിട്ടുണ്ടെന്നും ഈ പ്രതിഷേധവും മുന്നോട്ടുള്ള പാത തെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ബിഹാറിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ഉത്തർപ്രദേശിലേക്കും ഹരിയാനയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. പുതിയ പദ്ധതിക്കു കീഴിലുള്ള മാറ്റങ്ങളിൽ അതൃപ്തിയുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. സർവീസ് കാലയളവിനെക്കുറിച്ചുള്ള ആശങ്കയെക്കുറിച്ചാണ് ഭൂരിഭാ​ഗം ആളുകളും സംസാരിക്കുന്നത്. കൂടാതെ, പെൻഷൻ വ്യവസ്ഥകളില്ലാത്തതും പ്രായ നിയന്ത്രണവും ആശങ്ക വർധിപ്പിക്കുന്നുവെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു.

  സർക്കാർ നൽകുന്ന വിശദീകരണം
  അ​ഗ്നിപഥിനെതിരെ പല സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ ഉയർന്നതോടെ വിശദീകരണവുമായി സർക്കാർ രം​ഗത്തെത്തി. പുതിയ മോഡൽ സായുധ സേനയ്ക്ക് മുതൽക്കൂട്ടാകുമെന്നും യുവാക്കൾക്ക് പുതിയ അവസരങ്ങളും മികച്ച പാക്കേജും നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

  പുതിയ പദ്ധതി സായുധ സേനയിൽ പല മാറ്റങ്ങളും കൊണ്ടുവരുമെന്നും യുവാക്കളുടെ സാങ്കേതിക വൈദഗ്ധ്യവും പുത്തൻ ചിന്തകളും പ്രയോജനപ്പെടുത്താനും സഹായിക്കുമെന്നും രാജ്യത്തെ സേവിക്കാൻ യുവാക്കളെ അനുവദിക്കുമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

  നാല് വർഷത്തെ കാലാവധി അവസാനിക്കുമ്പോൾ സേവാ നിധി പാക്കേജ് ആയിഓരോരുത്തർക്കും ഏകദേശം 11.71 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജ് നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇത് യുവാക്കൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി. പല രാജ്യങ്ങളിലും ഈ രീതി നിലവിലുണ്ടെന്ന കാര്യവും സർക്കാർ ചൂണ്ടിക്കാട്ടി.

  അ​ഗ്നിപഥ് പദ്ധതിക്കു കീഴിൽ, 17.5 നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കളെ ആർമി, നേവി, ഇന്ത്യൻ എയർഫോഴ്സ് എന്നീ മൂന്ന് സൈനിക വിഭാഗങ്ങളിലേക്ക് റിക്രൂട്ട് ചെയ്യും. നാല് വർഷം ആയിരിക്കും സൈനിക സേവനം. ഇതിനു ശേഷം, മെറിറ്റും ഓർഗനൈസേഷണൽ ആവശ്യകതകളും അനുസരിച്ച് 25 ശതമാനം പേർക്ക് സ്ഥിരമായിട്ടുള്ള സേവനങ്ങളിൽ ചേരുന്നതിന് സ്വമേധയാ അപേക്ഷിക്കാമെന്ന് നേവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ (R Hari Kumar) ന്യൂസ് 18 നോട് പറഞ്ഞു. സാധാരണഗതിയിൽ, ഒരു വർഷത്തിൽ 5,000 മുതൽ 6,000 വരെ യുവാക്കളെയാണ് റിക്രൂട്ട് ചെയ്യുന്നത്. അ​ഗ്നിപഥ് സ്കീം നിലവിൽ വരുമ്പോൾ, പ്രതിവർഷം 18,000 മുതൽ 20,000 വരെ റിക്രൂട്ട്മെന്റുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
  Published by:Jayesh Krishnan
  First published: