ഫ്രാൻസിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൻെറ ആദ്യഘട്ട വോട്ടെടുപ്പിന് ഞായറാഴ്ച തുടക്കമാവുകയാണ്. യൂറോപ്യൻ യൂണിയനിലെ (European Union) രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ഫ്രാൻസ് (France). റഷ്യയുടെ ഉക്രൈയിൻ അധിനിവേശത്തിനിടയിൽ ഫ്രാൻസിലെ തെരഞ്ഞെടുപ്പ് ലോകരാജ്യങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. 48.7 ദശലക്ഷം പേർ വോട്ട് രേഖപ്പെടുത്താനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാവിലെ എട്ട് മണിക്ക് ഫ്രാൻസിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങും. പത്ത് മണിയോടെ വോട്ടെടുപ്പിൻെറ ട്രെൻഡ് മനസ്സിലായിത്തുടങ്ങും. വൈകീട്ട് 5 മണിയോടെ മിക്കയിടങ്ങളിലും വോട്ടെടുപ്പ് അവസാനിക്കും. വലിയ നഗരങ്ങളിൽ 6 മണി വരെ വോട്ടെടുപ്പ് നീളും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ട് പിന്നാലെ എക്സിറ്റ് പോൾ ഫലം പുറത്ത് വിട്ട് തുടങ്ങും. ഏപ്രിൽ 24ന് ഒന്നും രണ്ടും സ്ഥാനത്തുള്ളവർ തമ്മിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും.
ആര് ജയിക്കും?
നിലവിലുള്ള പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. എന്നാൽ 2017-ൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട സമയത്തുണ്ടായിരുന്ന പോലുള്ള വിജയം ഇപ്പോഴുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. തീവ്ര വലതുപക്ഷക്കാരിയായ മറൈൻ ലെ പെന്നിൽ നിന്ന് മാക്രോൺ ഇത്തവണ കടുത്ത മത്സരമാണ് നേരിടുന്നത്. ചില സർവേകളിൽ ലെ പെന്നിന് നേരിയ ഭൂരിപക്ഷത്തോടെയുള്ള വിജയം പോലും പ്രവചിക്കുന്നുണ്ട്.
എന്തുകൊണ്ട് നിർണായകം?
മാക്രോണിനും ലെ പെന്നിനും ഫ്രാൻസിൻെറ വിദേശനയത്തിൽ തീർത്തും വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. റഷ്യയുമായുള്ള ബന്ധത്തിൻെറ കാര്യത്തിലും യൂറോപ്യൻ യൂണിയനിലെ ഇടപെടലിൻെറ കാര്യത്തിലും ഫ്രാൻസിൻെറ ഗതി നിർണയിക്കുക ഈ തിരഞ്ഞെടുപ്പാണ്. പൊതുധനകാര്യത്തിൻെറ കാര്യത്തിലും വിദേശ നിക്ഷേപത്തിൻെറ കാര്യത്തിലും ഇരുവർക്കും വ്യത്യസ്ത നിലപാട് തന്നെയാണുള്ളത്. മാക്രോൺ വിജയിക്കുകയാണെങ്കിൽ ഫ്രാൻസിലെ നിലവിലുള്ള നയങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാവാൻ സാധ്യതയില്ല. എന്നാൽ വിജയം ലെ പെന്നിനാണെങ്കിൽ വലിയ മാറ്റങ്ങൾക്കായിരിക്കും ഫ്രാൻസ് സാക്ഷ്യം വഹിക്കുക.
യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൺ പിൻമാറിയതോടെ നിലവിലുള്ളതിൽ ഏറ്റവും സൈനികശേഷിയുള്ള രാജ്യമാണ് ഫ്രാൻസ്. യൂണിയനിലെ ഏറ്റവും മികച്ച സാമ്പത്തികശേഷിയുള്ള രണ്ടാമത്തെ രാജ്യവും ഫ്രാൻസാണ്. ജർമൻ ചാനസലർ സ്ഥാനത്ത് നിന്ന് ആംഗല മെർക്കൽ മാറിയതോടെ ഇന്ന് യൂറോപ്പിലെ ഏറ്റവും കരുത്തനായ നേതാവായാണ് മാക്രോണിനെ വിലയിരുത്തുന്നത്. ലെ പെൻ വിജയിച്ചാൽ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളുമായി വലിയ തർക്കങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സൂചനകൾ.
വോട്ടർമാരുടെ പ്രശ്നങ്ങൾ
സാമ്പത്തികശേഷി തന്നെയാണ് ഫ്രാൻസിലെ വോട്ടർമാരുടെ ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയം. ഊർജ്ജവില ഉയരുന്നതും പണപ്പെരുപ്പം പിടിച്ച് നിർത്താൻ സാധിക്കാത്തതും മറ്റ് വിഷയങ്ങളാണ്. തൻെറ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ വിഷയങ്ങൾ ഉയർത്തിപ്പിടിക്കാൻ ലെ പെൻ കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്. ഉക്രെയിനിൽ യുദ്ധം തുടങ്ങുന്ന സമയത്താണ് ഫ്രാൻസിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്. മാക്രോണിൻെറ സാമ്പത്തിക നയങ്ങളിൽ ജനങ്ങൾ അസന്തുഷ്ടരാണെന്ന് സർവേകൾ പറയുന്നു. എന്നാൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിലയിലാണ്. കൊവിഡ് 19 മാഹാമാരി സമയത്തെ മാക്രോണിൻെറ നിലപാടുകളും തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ട്.
പ്രധാന തീയ്യതികൾ
ഏപ്രിൽ 10 - ആദ്യഘട്ട തെരഞ്ഞെടുപ്പ്
ഏപ്രിൽ 24 - മുന്നിലെത്തിയ രണ്ട് സ്ഥാനാർഥികൾ തമ്മിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്
ജൂൺ 12,19 - പാർലമെൻററി തെരഞ്ഞെടുപ്പ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.