തിരുവനന്തപുരം: എട്ടു ദിവസങ്ങളിലായി നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് മേള നടക്കുക. അന്താരാഷ്ട്ര മല്സരവിഭാഗത്തില് 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും.
ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോൾ 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദര്‍ശനത്തിന് മേള വേദിയാവും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. 12000ത്തോളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും. 200 ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി പങ്കെടുക്കുന്ന മേളയില്‍ 40 ഓളം പേര് വിദേശരാജ്യങ്ങളില്‍നിന്നുള്ളവരാണ്.
കണ്ട്രി ഫോക്കസ് വിഭാഗത്തില്‍ സെര്‍ബിയയില്‍നിന്നുള്ള ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ആദ്യകാല ചലച്ചിത്രാചാര്യന് എഫ്.ഡബ്ള്യു മുര്‍ണോ, സെര്‍ബിയന്‍ സംവിധായകന് എമിര്‍ കുസ്തുറിക്ക, അമേരിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ പോള്‍ ഷ്റേഡര്‍, സര്‍റിയലിസ്റ്റ് സിനിമയുടെ ആചാര്യന് എന്നറിയപ്പെടുന്ന ചിലിയന്‍-ഫ്രഞ്ച് സംവിധായകന് അലഹാന്ദ്രോ ജൊഡോറോവ്സ്കി എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
സമകാലിക ലോകസിനിമയിലെ അതികായന്മാരായ ജാഫര്‍ പനാഹി, ഫത്തി അകിന്, ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും കിം കി ദുക്കിന്റെ അവസാനചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും. തല്‍സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 50 വര്‍ഷം പൂര്‍ത്തിയാവുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദര്‍ശനം, തമ്പ് എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പിന്റെ പ്രദര്‍ശനം എന്നിവയും മേളയില്‍ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.