തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെ മുഖ്യമന്ത്രി പിണറായി വിജയന് നാളെ ഉദ്ഘാടനം ചെയ്യും. വിവിധ ഭാഷകളിലായി 185- ഓളം സിനിമകളാണ് 15 തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത് . മികച്ച ചിത്രത്തിനു നൽകുന്ന പുരസ്കാരമായ സുവര്‍ണ ചകോരത്തിന് 20 ലക്ഷം രൂപയാണ് സമ്മാനത്തുക. രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും.
പ്രേക്ഷക പുരസ്കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധായകനു രണ്ടു ലക്ഷം രൂപയും കെ.ആര്.മോഹനന് എന്‍ഡോവ്മെന്റ് അവാര്‍ഡിന് അര്‍ഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും. ജര്‍മ്മന്‍ സംവിധായകന് വീറ്റ് ഹെല്‍മര്‍ ചെയര്‍മാനും ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി, സ്പാനിഷ് – ഉറുഗ്വന്‍ സംവിധായകന്
അല്‍വാരോ ബ്രക്നര്‍, അര്‍ജന്റീനന്‍ നടന് നഹൂല്‍ പെരസ് ബിസ്കയാര്‍ട്ട്, ഇന്ത്യന്‍ സംവിധായകന് ചൈതന്യ തംഹാനെ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.
Also Read-IFFK ഒരു ദിവസം പരമാവധി മൂന്ന് സിനിമകൾ മാത്രം; ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്ച മുതൽ
മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ രണ്ട് എക്സിബിഷനുകള്‍ സംഘടിപ്പിക്കും. പുനലൂര്‍ രാജന്റെ 100 ഫോട്ടോകളുടെ പ്രദര്‍ശനമായ ‘അനര്‍ഘനിമിഷം’, മലയാളത്തിന്റെ മഹാനടന് സത്യന്റെ 110ാം ജന്മവാര്ഷിക വേളയില്‍ അദ്ദേഹത്തിന്റെ 110 ഫോട്ടോകളുടെ പ്രദര്‍ശനമായ ‘സത്യന് സ്മൃതി’ എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്.
മേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇന്‍ കോണ്‍വെര്‍സേഷന്‍, ഓപണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, മണ്മറഞ്ഞ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ്, അരവിന്ദന് സ്മാരക പ്രഭാഷണം, മാസ്റ്റര്‍ ക്ളാസ്, ചലച്ചിത്ര നിര്‍മ്മാണം, വിതരണം, സാങ്കേതികത എന്നിവയുടെ ഭാവി സംബന്ധിച്ച പാനല്‍ ഡിസ്കഷന് തുടങ്ങിയ അനുബന്ധപരിപാടികളും മേളയുടെ ഭാഗമാണ് .
മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് എല്ലാ ദിവസവും രാത്രി 8.30ന് കലാസാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. മുന്‍നിര മ്യൂസിക് ബാന്‍ഡുകളുടെ സംഗീതപരിപാടി, ഗസല്‍ സന്ധ്യ, ഫോക് ഗാനങ്ങള്‍, കിഷോര്‍ കുമാറിനും ലതാ മങ്കേഷ്കറിനുമുള്ള സംഗീതാര്‍ച്ചന എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.