HOME » NEWS » Film » 5 BEST PERFORMANCES OF ACTOR CHIYAAN VIKRAM

Happy Birthday Vikram| ചിയാൻ വിക്രമിന്റെ വെള്ളിത്തിരയിലെ അഞ്ച് മാസ്മരിക പ്രകടനങ്ങൾ

വിക്രമിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മണി രത്നത്തിന്റെ പൊന്നയ്യൻ സെൽവനിലൂടെ താരം വീണ്ടും ഞെട്ടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

News18 Malayalam | news18-malayalam
Updated: April 17, 2020, 10:19 AM IST
Happy Birthday Vikram| ചിയാൻ വിക്രമിന്റെ വെള്ളിത്തിരയിലെ അഞ്ച് മാസ്മരിക പ്രകടനങ്ങൾ
വിക്രം
  • Share this:
വ്യത്യസ്തത നിറഞ്ഞ ഭാവപ്രകടനത്തിലൂടെയും രൂപമാറ്റത്തിലൂടെയും പലപ്പോഴും ആരാധകരെ ഞെട്ടിച്ച താരമാണ് വിക്രം. അടുത്തിടെ പുറത്തിറങ്ങിയ ഏതാനും സിനിമകൾക്ക് കാര്യമായ വിജയം നേടാനായില്ലെങ്കിലും അതൊന്നും വിക്രം എന്ന നടനിലുള്ള പ്രേക്ഷകരുടെ വിശ്വാസത്തെ തെല്ലും കുറയ്ക്കുന്നില്ല. തമിഴിലെ പകരംവെക്കാനാകാത്ത നടനാണ് വിക്രമെന്ന് പ്രേക്ഷകർക്ക് അറിയാം. ഇന്ന് 53 വയസ് പൂർത്തിയാകുന്ന വിക്രമിന്റെ കരിയറിലെ ഏറ്റവും മികച്ച ഈ അഞ്ച് പ്രകടനങ്ങൾ കണ്ടാൽ മതി, ഈ നടന്റെ റെയ്ഞ്ച് എന്താണെന്ന് മനസ്സിലാക്കാൻ.

1. സേതു

ഡബ്ബിംഗ് ആർട്ടിസ്റ്റായും കൊച്ചുകൊച്ചുവേഷങ്ങൾ ചെയ്തും വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിന് ശേഷമാണ് വിക്രമിന്റെ കരിയർ തന്നെ മാറ്റിമറിച്ച സേതു എന്ന സിനിമ ഉണ്ടാകുന്നത്. ബാല സംവിധാനം ചെയ്ത ചിത്രത്തോടെ തന്റെ കരിയർ മാറ്റി എഴുതുകയായിരുന്നു ഈ താരം. ഒരു കോളജ് കുമാരനായി എത്തുന്ന വിക്രം ഒരു ബ്രാഹ്മണ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതും അവളുമായുള്ള വേർപിരിയലിനെ തുടർന്ന് മാനസികമായി തകരുന്നത് ഉന്മാദാവസ്ഥയിൽ എത്തുന്നതുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സൽമാൻ ഖാൻ നായകനായി തേരേ നാം എന്ന പേരിൽ ഈ സിനിമ ഹിന്ദിയിലും പുറത്തിറങ്ങി. ഒരു കഥാപാത്രത്തിനായി എത്രമാത്രം ത്യാഗം അനുഭവിക്കാമെന്ന് വിക്രം എന്ന നടൻ ഈ ചിത്രത്തിലൂടെ നമുക്ക് കാട്ടിത്തന്നു. സാധാരണ കോളജ് പ്രണയകഥ ചിത്രീകരിക്കുമ്പോഴും വിക്രമിന്റെ അസാധ്യ പ്രകടനം സിനിമയെ മറ്റൊരുതലത്തിലേക്ക് എത്തിക്കുന്നു.

Youtube Video


2. കാശി

കലാഭവൻ മണി മലയാളത്തിൽ തകർത്തഭിനയിച്ച വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് കാശി. അന്ധഗായകനായുള്ള വിക്രമിന്റെ ഭാവപകർച്ച ചിത്രത്തിന് തമിഴിൽ മറ്റൊരുതലത്തിലേക്ക് കൊണ്ടുപോയി. അന്ധഗായകനായി മാറാൻ വിക്രം എടുത്ത പരിശ്രമങ്ങൾ സിനിമാമേഖലയാകെ ചർച്ചയായി. സിനിമയിലെ പ്രകടനത്തിന് ഫിലിം ഫെയർ അവാർഡും ലഭിച്ചു.

Youtube Video


3. പിതാമഹൻ

സേതുവിന് ശേഷം വിക്രം അഭിനയിച്ച ബാല സംവിധാനം ചെയ്ത ചിത്രം. ശ്മശാന കാവൽക്കാരന്റെ വേഷം വിക്രം അവിസ്മരണീയമാക്കി. അതും സംഭാഷണമൊന്നുമില്ലാതെ തന്നെ. സ്ക്രീനിൽ ഇത്രയും വൃത്തിഹീനമായി പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ തമിഴിലെ മുൻനിര താരങ്ങൾ തയാറായെന്ന് വരില്ല. സിനിമയിലെ അസാധ്യ പ്രകടനത്തിലൂടെ ദേശീയ അവാർഡും വിക്രം കൈപിടിയിലൊതുക്കി. ചെറിയ ചെറിയ തട്ടിപ്പുകൾ നടത്തി ജീവിക്കുന്ന നടൻ സൂര്യയുടെ കഥാപാത്രവും വിക്രമിന്റെ കഥാപാത്രവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴ് സിനിമയിൽ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഈ സിനിമയിലെ വിക്രമിന്റെ അഭിനയത്തെ നിരൂപകർ വിലയിരുത്തുന്നത്.

Youtube Video


4. അന്യൻ

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ ഷങ്കറിന്റെ സിനിമ. എല്ലാതരത്തിലുള്ള പ്രേക്ഷകരെയും പിടിച്ചിരുത്താൻ പാകത്തിലുള്ള ചേരുവകൾ അടങ്ങിയ സിനിമയുടെ പ്രമേയം ദ്വന്ദ വ്യക്തിത്വമാണ്. നിസഹായനായ അംബിയായും റെമോയായും സീരിയൽ കില്ലറായും വെള്ളിത്തിരയിൽ വിക്രമിന്റെ പ്രകടനം പ്രേക്ഷകർ നെഞ്ചേറ്റി. പ്രകാശ് രാജിനൊപ്പമുള്ള അവസാന സീനിലെ വിക്രമിന്റെ മുഖത്ത് മാറിമറിയുന്ന ഭാവപകർച്ചകൾ മതി ഈ നടന്റെ റെയ്ഞ്ച് എന്താണെന്ന് കാട്ടിത്തരാൻ. മെഗാ ബ്ലോക്ക്ബസ്റ്ററായ ചിത്രം ഇന്നും വിക്രമിന്റെ കരിയറിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിൽ ഒന്നാണ്.

Youtube Video


5. ദൈവ തിരുമകൾ

ഐയാം സാം എന്ന അമേരിക്കൻ ചലച്ചിത്രത്തിന്റെ തമിഴ് ആവിഷ്കരണമാണ് ഈ ചിത്രം. അഞ്ചു വയസിന്റെ മാനസികവളർച്ചയുള്ള കഥാപാത്രത്തെയാണ് വിക്രം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മകളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന്റെ കഥയാണ് ഈ എഎൽ വിജയ് ചിത്രം പറയുന്നത്. മറ്റൊരു ഉഗ്രൻ പ്രകടനവുമായാണ് വിക്രം പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു ഈ സിനിയിലൂടെ.

Youtube Video
Published by: Rajesh V
First published: April 17, 2020, 10:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories