ന്യൂഡല്‍ഹി:
67ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് നേട്ടം. മികച്ച സിനിമ ഉൾപ്പെടെ 11 പുരസ്കാരങ്ങളാണ് ഇത്തവണ മലയാളത്തിന് ലഭിച്ചത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്കരം നേടി. ഇതടക്കം മൂന്ന് പുരസ്കാരങ്ങളാണ് മരയ്ക്കാറിന് ലഭിച്ചത്. കോവിഡ് മൂലം 2019ലെ പുരസ്കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കാനായിരുന്നില്ല.
Also Read-
67th National Film Awards| മരയ്ക്കാർ മികച്ച ചിത്രം; കങ്കണ നടി; നടന്മാർ ധനുഷും മനോജ് ബാജ്പേയും
മികച്ച മലയാള സിനിമക്കുള്ള പുരസ്കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം മാത്തുകുട്ടി സേവിയര്‍ നേടി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരന് സ്വന്തമാക്കി. മലയാള ചിത്രം ബിരിയാണി സംവിധാനം ചെയ്ത സാജൻ ബാബു പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. കോളാമ്പിയിലെ ഗാനരചയ്ക്ക് പ്രഭാവർമ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്കാരം നേടി. മരയ്ക്കാറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിന് സുജിത്ത് സായിക്കും പുരസ്കാരമുണ്ട്. സ്പെഷ്യല്‍ ഇഫക്ടിനുള്ള പുരസ്കാരം മരയ്ക്കാറിലൂടെ സിദ്ധാര്‍ഥ് പ്രിയദര്ശന് സ്വന്തമാക്കി.
മലയാളത്തിന് ലഭിച്ച പുരസ്കാരങ്ങൾ
മികച്ച സിനിമ- മരയ്ക്കാർ അറബിക്കടലിന്റെ സിംഹം
മികച്ച ഗാനരചയിതാവ്- പ്രഭാവർമ്മ (കോളാമ്പി)
മികച്ച പുതുമുഖ സംവിധായകൻ- മാത്തുകുട്ടി സേവിയർ (ഹെലൻ)
മികച്ച വിഷ്വല്‍ എഫക്ട്സ്- സിദ്ധാർഥ് പ്രിയദർശൻ (മരക്കാർ അറബിക്കടലിന്റെ സിംഹം)
മികച്ച ക്യാമറാമാന് - ഗിരീഷ് ഗംഗാധരൻ (ജല്ലിക്കെട്ട്)
മികച്ച മെയ്ക്കപ്പ് ആർടിസ്റ്റ് - രഞ്ജിത്ത് (ഹെലൻ -മലയാളം)
മികച്ച വസ്ത്രാലങ്കാരം - സുജിത്ത്, സായ് (മരക്കാർ അറബിക്കടലിന്റെ സിംഹം)
മികച്ച മലയാള സിനിമ- കള്ളനോട്ടം
മികച്ച പണിയ ചിത്രം - കെഞ്ചിറ
ജൂറി പരാമർശം- ബിരിയാണി
നോൺ ഫീച്ചർ വിഭാഗം- മികച്ച കുടുംബമൂല്യങ്ങളുള്ള ചിത്രം - ഒരു പാതിരാ സ്വപ്നം പോലെ
കങ്കണ റണൗട്ടിനാണ് (മണികർണിക, പങ്ക) മികച്ച നടിക്കുള്ള പുരസ്കാരം. ധനുഷും (അസുരൻ) മനോജ് ബാജ്പേയും (ഭോൺസ്ലേ) മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മികച്ച ബാലതാരം- നാഗ വിശാൽ, മികച്ച സംവിധായകൻ- സഞ്ജയ് പുരാൻ സിങ് (ബഹട്ടാർ ഹൂറെയ്ൻ), മികച്ച തിരക്കഥ (ഒറിജിനൽ)- കൗഷിക് ഗാംഗുലി (ജ്യോഷ്ഠോപുത്രോ), മികച്ച തിരക്കഥ (അഡാപ്റ്റേഷൻ)- സ്രിജിത് മുഖർജി (ഗുംനാമി), മികച്ച സംഭാഷണം: വിവേക് അഗ്നിഹോത്രി (താഷ്കന്റ് ഫയൽസ്), മികച്ച സഹനടി- പല്ലവി ജോഷി (താഷ്കന്റ് ഫയൽസ്), മികച്ച സഹനടൻ- വിജയ് സേതുപതി (സൂപ്പർ ഡീലക്സ്), സാമൂഹിക പ്രസക്തിയുള്ള ചിത്രം- ആനന്ദി ഗോപാല്‍- എന്നിങ്ങനെയാണ് മറ്റ് പ്രധാന പുരസ്കാരങ്ങൾ. ഏറ്റവും മികച്ച സിനിമാ സൗഹൃദ സംസ്ഥാനം സിക്കിമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.