HOME » NEWS » Film » 68TH BIRTH ANNIVERSARY OF JOHNSON MASTER MARCH 26

Johnson master birth anniversary | ജോൺസൺ മാസ്റ്റർ: മലയാള സിനിമാ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ പ്രതിഭ

Johnson master memories | മലയാളിയുടെ ഗൃഹാതുരത്വത്തിൽ ജോൺസൺ മാസ്റ്ററുടെ പാട്ടുകൾക്ക് ഇന്നും സവിശേഷമായ സ്ഥാനമുണ്ട്

News18 Malayalam | news18-malayalam
Updated: March 26, 2021, 12:26 AM IST
Johnson master birth anniversary | ജോൺസൺ മാസ്റ്റർ: മലയാള സിനിമാ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ പ്രതിഭ
ജോൺസൻ മാസ്റ്റർ
  • Share this:
മലയാള സിനിമാ സംഗീത ശാഖയിൽ എക്കാലത്തും  തലയെടുപ്പോടെ നിൽക്കുന്ന സംഗീത സംവിധായകനാണ് ജോൺസൺ മാസ്റ്റർ. കാലത്തെ അതിജീവിക്കുന്ന ഗാനങ്ങൾക്ക് സംഗീതം പകർന്നു എന്നത് മാത്രമല്ല അദ്ദേഹത്തെ അതുല്യനാക്കി മാറ്റുന്നത്. സിനിമകൾക്ക് നൽകിയ പശ്ചാത്തല സംഗീതവും അദ്ദേഹം കണ്ടക്റ്റ് ചെയ്ത ലൈവ് ഓർക്കസ്ട്രയുമൊക്കെ സിനിമാ ഗാനങ്ങളോടൊപ്പം മലയാളി മനസുകളിൽ നിലകൊള്ളും. ഇന്ന് ജോൺസൻ മാസ്റ്ററുടെ 68-ാം ജന്മവാർഷിക ദിനം.

ജോൺസൺ മാസ്റ്ററുടെ സംഗീതത്തിന് അത്രമേൽ ആഴവും പരപ്പും ഉണ്ടായിരുന്നു. സിനിമാ വ്യവസായത്തിൽ തന്നെ ഏറ്റവും മൂല്യമുള്ള സംഗീത സംവിധായകരിൽ ഒരാളായിരുന്നു ജോൺസൺ. സംഗീതത്തിന് മനുഷ്യഭാവങ്ങളെ അതി തീവ്രമാക്കാനും നമ്മുടെ ചുറ്റുപാടിനെ തന്നെ സ്വാധീനിക്കാനും കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

"നല്ല സംഗീതത്തിന് വാക്കുകളേക്കാളും ദൃശ്യങ്ങളെക്കാളുമൊക്കെ സംവേദനശേഷിയുണ്ട്. അപ്പോൾ സംഗീതം സിനിമയുടെ ജീവനാഡിയായി മാറും", ഒരിക്കൽ അദ്ദേഹം പറഞ്ഞു.

പശ്ചാത്തല സംഗീതത്തിന് ആദ്യമായി ദേശീയ അവാർഡ് നേടിയ മലയാളിയാണ് ജോൺസൺ. 1994-ൽ പൊന്തൻമാട എന്ന ചലച്ചിത്രത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. അന്ന് അവാർഡ് നൽകിയ ജൂറി പൊന്തൻമാടയിലെ ഒരേയൊരു ഗാനത്തെ എടുത്തു പരാമർശിക്കുകയും പാശ്ചാത്യ സംഗീതത്തെയും നാടൻ സംഗീത പാരമ്പര്യത്തെയും വിളക്കിച്ചേർക്കാനുള്ള ജോൺസന്റെ കഴിവിനെ അഭിനന്ദിക്കുകയും ചെയ്തു.

തൊട്ടടുത്ത വർഷവും 'സുകൃതം' എന്ന ചലച്ചിത്രത്തിനു വേണ്ടി മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് ജോൺസൺ കരസ്ഥമാക്കി. അതോടെ ഈ വിഭാഗത്തിൽ രണ്ട് തവണ അവാർഡ് വാങ്ങുന്ന ഏക മലയാളിയായി ജോൺസൺ.  അഞ്ച് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുള്ള ജോൺസണ് രണ്ടു തവണയും പശ്ചാത്തല സംഗീതത്തിനാണ് അത് ലഭിച്ചത്. പലപ്പോഴും ഗാനങ്ങൾക്ക് ഈണം പകരുന്നതിനേക്കാൾ ക്രിയാത്മകമായി തോന്നാറുള്ളത് പശ്ചാത്തല സംഗീതം ചെയ്യുമ്പോഴാണെന്ന് ജോൺസൺ തന്നെ പറഞ്ഞിട്ടുണ്ട്.

Youtube Video


ജോൺസൺ പശ്ചാത്തല സംഗീതത്തെ സമീപിക്കുന്ന രീതി തന്നെ വ്യത്യസ്തതകൾ നിറഞ്ഞതാണ്. സിനിമയുടെ തിരക്കഥയെയും കഥയെയും കഥാപാത്രങ്ങളെയും സമ്പൂർണമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ സിനിമകളിൽ പശ്ചാത്തല സംഗീതം പ്രവർത്തിക്കുക. പലപ്പോഴും ആ സംഗീതം കാണികൾ വെറുതെ കേൾക്കുകയല്ല, അനുഭവിക്കുക കൂടിയാണ് ചെയ്യുന്നത്.

ജോൺസൺ ആദ്യം സംഗീതസംവിധാനം നിർവഹിച്ചത് 1981-ൽ പുറത്തിറങ്ങിയ 'ഇണയെത്തേടി' എന്ന ചിത്രത്തിന് വേണ്ടിയാണ്. പിന്നീട് മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി തീർന്ന ജൈത്രയാത്രയുടെ കഥയാണ് അദ്ദേഹത്തിന് പറയാനുള്ളത്.

അക്കാലത്തെ പ്രധാനപ്പെട്ട ചലച്ചിത്ര സംവിധായകരായ പദ്മരാജൻ, ഭരതൻ, ടി വി ചന്ദ്രൻ, മോഹൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ, ജയരാജ് തുടങ്ങിയവരെല്ലാം പശ്ചാത്തല സംഗീതം നിർവഹിക്കാൻ വീണ്ടും വീണ്ടും ജോൺസൺ മാസ്റ്ററെ തേടിയെത്തിയതിൽ ഒട്ടും അത്ഭുതമില്ല. ഈ ചിത്രങ്ങളിലൊക്കെ അതിമനോഹരങ്ങളായ ഗാനങ്ങൾ സമ്മാനിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

തത്സമയം സംഗീത പരിപാടികൾ സംവിധാനം ചെയ്യാനുള്ള ജോൺസൺ മാസ്റ്ററുടെ വൈഭവവും എടുത്തു പറയേണ്ടതുണ്ട്. സ്റ്റുഡിയോയിൽ ഓർക്കസ്ട്രയെ നിയന്ത്രിക്കുന്നതുപോലെ നിസാരമല്ല ഒരു തത്സമയ പരിപാടിയിൽ ആ വെല്ലുവിളി ഏറ്റെടുക്കുന്നത്. സിനിമയിലൂടെ സാധ്യമായ ജനപ്രിയ സംഗീതത്തിന്റെ സുവർണ കാലഘട്ടത്തിൽ അതിൽ സാധ്യമായ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് മലയാളിയുടെ ഗൃഹാതുരത്വത്തിൽ ജോൺസൺ മാസ്റ്ററുടെ പാട്ടുകൾ ഇന്നും സവിശേഷമായ സ്ഥാനം നേടുന്നത്.
Published by: user_57
First published: March 25, 2021, 10:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories