• HOME
 • »
 • NEWS
 • »
 • film
 • »
 • Happy Birthday, Aishwarya Rai Bachchan | ഐശ്വര്യ റായി ബച്ചന് ഇന്ന് ജന്മദിനം; അഭിനയ പ്രതിഭയുടെ മികച്ച സിനിമകൾ

Happy Birthday, Aishwarya Rai Bachchan | ഐശ്വര്യ റായി ബച്ചന് ഇന്ന് ജന്മദിനം; അഭിനയ പ്രതിഭയുടെ മികച്ച സിനിമകൾ

1997 ൽ മണിരത്നത്തിന്റെ ഇരുവർ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ അഭിനയ ജീവിതം ആരംഭിച്ചത്

ഐശ്വര്യ റായ്

ഐശ്വര്യ റായ്

 • Share this:
  സൗന്ദര്യത്തിന്റെ പര്യായമാണ് ഐശ്വര്യ റായ് എന്ന പേര്. ലോകത്തിന്റെ തന്നെ സൗന്ദര്യത്തിന്റെ മറുവാക്കായി മാറിയ ഐശ്വര്യ റായ് ബച്ചന്റെ ജന്മദിനമാണ് ഇന്ന്. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ നടി കൂടിയായ ഐശ്വര്യ റായ് ബച്ചന് ഈ നവംബർ ഒന്നിന് നാല്പത്തിയെട്ട് വയസ്സ് തികയുന്നു. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് വിശേഷണമുള്ള ഐശ്വര്യ 1994ൽ മിസ് ഇന്ത്യ ആയിരുന്നു. തുടർന്ന് ലോക സൗന്ദര്യ കിരീടവും ഐശ്വര്യ അണിഞ്ഞു.

  1997 ൽ മണിരത്നത്തിന്റെ ഇരുവർ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന് വാണിജ്യ പ്രാധാന്യമുള്ള ഹിറ്റ് സിനിമകളുടെ ഭാഗമായി ഒപ്പം തന്നെ കലാമൂല്യമുള്ള സിനിമകളിലൂടെ തന്റെ അഭിനയ പ്രതിഭ പുറത്തെടുക്കാനും ഐശ്വര്യയ്ക്ക് കഴിഞ്ഞു. നിരൂപക പ്രശംസയും തന്റെ അഭിനയത്തിലൂടെ ഐശ്വര്യ നേടിയെടുത്തു. ഐശ്വര്യയുടെ അഭിനയ ജീവിതത്തിലെ ചില മികച്ച പ്രകടനങ്ങൾ ഈ ജന്മദിനത്തിൽ അറിയാം.

  ഹം ദിൽ ദേ ചുകേ സനം

  സഞ്ജയ് ലീല ബൻസാലിയുടെ ചിത്രമായ ഹം ദിൽ ദേ ചുകേ സനത്തിൽ ഗായികനുമായി പ്രണയത്തിലാകുന്ന നന്ദിനി എന്ന പെൺകുട്ടിയുടെ വേഷമാണ് ഐശ്വര്യ അവതരിപ്പിച്ചത്. എന്നാൽ കഥയിൽ മറ്റൊരു പുരുഷനെ വിവാഹം കഴിക്കാൻ നിർബന്ധിതയായ ശേഷം തന്റെ കഥകളെല്ലാം തുറന്നു പറഞ്ഞ് നന്ദിനി കാമുകനുമായി വീണ്ടും ഒന്നിക്കാൻ ഭർത്താവിന്റെ സഹായം തേടുന്നു. ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിൽ, ഐശ്വര്യ താൻ പ്രത്യക്ഷപ്പെടുന്ന ആദ്യ ഫ്രെയിമിൽ നിന്ന് തന്നെ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ സിനിമയിലെ ഐശ്വര്യയുടെ സങ്കീർണ്ണമായ ചില ഭാവ പ്രകടനങ്ങൾ കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ വളരെ സഹായിച്ചു.

  റെയിൻകോട്ട്

  ബോക്‌സോഫീസിൽ ചലനം സൃഷ്ടിച്ച ഒരു സിനിമയാണ് റെയിൻകോട്ട്. എന്നാൽ കാലക്രമേണ പ്രേക്ഷകപ്രീതി നേടിയെടുക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു. ഐശ്വര്യയുടെ അഭിനയ ജീവിതത്തിലെ ഒരു അമൂല്യ ചിത്രം തന്നെയാണ് ഋതുപർണഘോഷ് സംവിധാനം ചെയ്ത റെയിൻകോട്ട്. വർഷങ്ങൾക്ക് ശേഷം ഒന്നിച്ച രണ്ട് പ്രണയിതാക്കളെ പിന്തുടർന്നാണ് കഥ മുന്നോട്ടു പോകുന്നത്. ഈ ചലചിത്രത്തിന്റെ സൃഷ്ടിക്ക് ആധാരമായിത്തീര്‍ന്നത് അമേരിക്കന്‍ സാഹിത്യകാരനായ ഒ.ഹെന്‍റിയുടെ തൂലികയില്‍ പിറവിയെടുത്ത ‘ദി ഗിഫ്റ്റ് ഓഫ് ദി മാഗി’ എന്ന ചെറുകഥയാണ്.

  ഒരുപാടു വർഷങ്ങൾക്ക് ശേഷം മനു എന്ന കഥാപാത്രം തന്റെ പൂര്‍വ്വകാല പ്രണയിനിയും വിവാഹിതയുമായ നീരജയെ തേടി എത്തുകയാണ്. തീവ്രമായി പ്രണയിക്കുകയും എന്നാൽ ജീവിതസാഹചര്യങ്ങള്‍ നിമിത്തം വേര്‍പിരിയേണ്ടി വരികയും ചെയ്ത ഇരുവരും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കണ്ടുമുട്ടുന്നത്. രണ്ടു പേരും മനസ്സിലിപ്പോഴും പഴയ സ്നേഹം കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ കഴിയാത്ത വിധം നിസ്സഹായ അവസ്ഥയിലേക്ക് എത്തുന്നു. ഈ രംഗങ്ങളെല്ലാം ഐശ്വര്യ മികച്ച രീതിയിലാണ് അഭിനയിച്ചിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടു ധ്രുവങ്ങളെ കൂട്ടിച്ചേർക്കാനാകാത്ത വിധം നിസഹായത അനുഭവിക്കുന്ന കഥാപാത്രത്തിന്റെ ഭാവ പ്രകടനങ്ങൾ അതി സൂക്ഷമമായി ഐശ്വര്യ അവതരിപ്പിച്ചിട്ടുണ്ട്.

  ദേവദാസ്

  ഇന്ത്യൻ സിനിമയുടെ പ്രണയ കാവ്യമായാണ് ദേവദാസിനെ വിശേഷിപ്പിക്കുന്നത്.
  ദേവദാസിൽ ഐശ്വര്യ തന്റെ കുടുംബത്തിന്റെ അഭിമാനത്തിന് വേണ്ടി തന്റെ പ്രണയം ഉപേക്ഷിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളോടും പൊരുതി തന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീ. സിനിമയിൽ പലതവണ, ഐശ്വര്യ തന്റെ സഹതാരങ്ങളായ ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത് എന്നിവരേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ദേവദാസിന്റെ ക്ലൈമാക്സ് എത്ര കണ്ടാലും മറക്കാൻ പറ്റാത്ത രംഗമാണ്.

  ചോഖർ ബാലി

  ഋതുപർണോ ഘോഷിന്റെ ദേശീയ അവാർഡ് നേടിയ ബംഗാളി ചിത്രമായ ചോഖർ ബാലി ഐശ്വര്യയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. രവീന്ദ്രനാഥ ടാഗോറിന്റെ കൃതിയെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ചിത്രത്തിൽ ബിന്ദോന്ദിനി എന്ന യുവതിയായ വിധവയുടെ വേഷമാണ് ഐശ്വര്യ അഭിനയിക്കുന്നത്. ചിത്രത്തിൽ, ഐശ്വര്യ ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

  സർബ്ജിത്

  ഒമംഗ് കുമാറിന്റെ സർബ്ജിത് എന്ന ചിത്രത്തിൽ പാക്കിസ്ഥാനിൽ ചാരവൃത്തിയിലും തീവ്രവാദത്തിലും സംശയാസ്പദമായി പിടികൂടി തടവിലാക്കപ്പെട്ട സഹോദരൻ സർബ്ജിത് സിങ്ങിന്റെ സ്വാതന്ത്ര്യത്തിനായി വർഷങ്ങളോളം പോരാടിയ ദൽബീർ കൗറായി ആണ് ഐശ്വര്യ അഭിനയിച്ചത്. യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ചിത്രത്തിൽ ഒരു സഹോദരിയുടെ വേദനയും സങ്കടവും പൂർണ്ണമായും അനുകരിച്ചുകൊണ്ടാണ് ഐശ്വര്യ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. ഐശ്വര്യയുടെ പ്രകടനം ചിത്രത്തെ അവിസ്മരണീയമായമാക്കി മാറ്റി.

  പ്രൊവൊക്കേഡ്

  ഐശ്വര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് പ്രൊവൊക്കേഡ്. ഭർത്താവിനെ ചുട്ടുകൊല്ലുന്ന കരൺജിത് അലുവാലിയ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ഒരു ദശാബ്ദക്കാലമായി ശാരീരികവും ലൈംഗികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കുന്ന ഒരു സ്ത്രീയുടെ പ്രതികാരം മനോഹരമായി തിരശീലയിലേക്ക് പകർത്തപ്പെട്ടു. ഒരു മെലോഡ്രാമയുടെ രീതിയിലേക്ക് ചിത്രത്തെ പോകാൻ അനുവദിക്കാതെ ഐശ്വര്യ തന്റെ ഭാഗം വളരെ കൃത്യതയോടെ അവതരിപ്പിച്ചിട്ടുണ്ട്.
  Published by:Karthika M
  First published: