• HOME
  • »
  • NEWS
  • »
  • film
  • »
  • 777 Charlie | എല്ലാവരും കാണണം, എന്റെ സ്നൂബിയെ ഓർമിപ്പിച്ചു; 777 ചാർലി കണ്ട് വികാരാധീനനായി കർണാടക മുഖ്യമന്ത്രി

777 Charlie | എല്ലാവരും കാണണം, എന്റെ സ്നൂബിയെ ഓർമിപ്പിച്ചു; 777 ചാർലി കണ്ട് വികാരാധീനനായി കർണാടക മുഖ്യമന്ത്രി

വളർത്തു നായ സ്‌നൂബിയുടെ മരണശേഷം കണ്ണീരോടെ നിൽക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രങ്ങളോടൊപ്പം സിനിമ കണ്ടതിനു ശേഷം അദ്ദേഹം കരയുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

  • Share this:
    777 ചാർലി (777 Charlie) സിനിമ കണ്ട് വികാരാധീനനായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (Basavaraj Bommai). കഴിഞ്ഞ വർഷം, മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുൻപാണ് ബൊമ്മൈയുടെ വളർത്തു നായ സ്നൂബി ചത്തത്. ഈ സിനിമ കണ്ടപ്പോൾ സ്നൂബിയെ ഓർമ്മിച്ചുവെന്നും 777 ചാർലി കണ്ടതിനു ശേഷം ബൊമ്മൈ പറഞ്ഞു. സിനിമ എല്ലാവരും കാണണമെന്നും കണ്ണീർ തുടച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

    ജൂൺ 10 നാണ് കന്നഡ സിനിമയായ 777 ചാർലി റിലീസ് ചെയ്തത്. ഒരു മനുഷ്യനും അവന്റെ വളർത്തു നായ ചാർലിയും തമ്മിലുള്ള ബന്ധം ആണ് ചിത്രത്തിന്റെ പ്രമേയം. ഇതിനോടകം നിരവധി പേരാണ് സിനിമയെ പ്രശംസിച്ച് രം​ഗത്തെത്തിയത്.

    ''നായ്ക്കളെ കുറിച്ച് നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഈ സിനിമയിൽ അവരുടെ എല്ലാ വികാരങ്ങളും അവതരിപ്പിച്ചിരിക്കുന്നു. നായകൾ അവരുടെ വികാരങ്ങൾ കണ്ണുകളിലൂടെയാണ് പ്രകടിപ്പിക്കുന്നത്. സിനിമ കൊള്ളാം, എല്ലാവരും കാണണം. നിരുപാധികമായ സ്നേഹത്തെക്കുറിച്ച് ഞാൻ എപ്പോഴും സംസാരിക്കാറുണ്ട്. ഒരു നായയുടെ സ്നേഹം നിരുപാധികമായ സ്നേഹമാണ്, അത് ശുദ്ധമാണ്'', ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.



    വളർത്തു നായ സ്‌നൂബിയുടെ മരണശേഷം കണ്ണീരോടെ നിൽക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രങ്ങളോടൊപ്പം സിനിമ കണ്ടതിനു ശേഷം അദ്ദേഹം കരയുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തന്റെ അരുമയായിരുന്ന വളർത്തു മൃഗത്തിന്റെ മാലയിട്ട ശരീരത്തിൽ ബൊമ്മെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന ഫോട്ടോകളും പ്രചരിക്കുന്നുണ്ട്.

    കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് ബൊമ്മൈയുടെ വളർത്തു നായ സ്നൂബി ചത്തത്. സ്നൂബിയെക്കുറിച്ചോർത്ത് പല തവണ അദ്ദേഹം പൊതുവേദികളിൽ കരഞ്ഞിട്ടുണ്ട്. സ്‌നൂബിയുടെ മരണത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം നടന്ന ഒരു അഭിമുഖത്തിനിടെ, ശവസംസ്‌കാരത്തിന്റെ ദൃശ്യങ്ങൾ കാണിച്ചപ്പോൾ അദ്ദേഹം വികാരാധീനനായിരുന്നു.

    സിനിമ കണ്ടതിന് ശേഷം മംഗലാപുരം പോലീസ് അടുത്തിടെ അവരുടെ ഏറ്റവും പുതിയ സ്നിഫർ നായയ്ക്ക് ചാർലി എന്ന് പേരിട്ട വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. പോലീസ് നായയ്ക്കായി പ്രത്യേക ചടങ്ങുകളും നടത്തിയിരുന്നു.

    കോമഡി ഡ്രാമ വിഭാ​ഗത്തിൽ പെടുന്ന ചിത്രമാണ് കെ കിരൺരാജ് സംവിധാനം ചെയ്ത 777 ചാർലി. രക്ഷിത് ഷെട്ടി, സംഗീത ശൃംഗേരി, രാജ് ബി ഷെട്ടി, ഡാനിഷ് സെയ്ത്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരംവ സ്റ്റുഡിയോസിന് കീഴിൽ രക്ഷിത് ഷെട്ടിയും ജിഎസ് ഗുപ്തയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റീലിസ് ചെയ്തിട്ടുണ്ട്. റീലീസ് ചെയ്ത് മൂന്നാം ദിവസം തന്നെ, ചിത്രം 10 കോടി കളക്ഷൻ നേടിയെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
    Published by:Arun krishna
    First published: