നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • S. P. Balasubrahmanyam | SPB സംഗീതത്തിനൊപ്പം അഭിനയത്തിലും തിളങ്ങിയ എസ്‌പി ബാലസുബ്രഹ്മണ്യം; കോളിവുഡിനെ വിസ്മയിപ്പിച്ച 18 സിനിമകൾ

    S. P. Balasubrahmanyam | SPB സംഗീതത്തിനൊപ്പം അഭിനയത്തിലും തിളങ്ങിയ എസ്‌പി ബാലസുബ്രഹ്മണ്യം; കോളിവുഡിനെ വിസ്മയിപ്പിച്ച 18 സിനിമകൾ

    തമിഴ് സിനിമകളിൽ എസ്.പി.ബി. ചെയ്ത മികച്ച ചില കഥാപാത്രങ്ങൾ

    SPB

    SPB

    • Share this:
      അനശ്വര ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം തികയുന്നു. എസ്.പി.ബി. പ്രതിഭാശാലിയായ ഒരു ഗായകൻ മാത്രമായിരുന്നില്ല. തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലുടനീളം പ്രേക്ഷകരെ ആകർഷിച്ച നടൻ കൂടിയായിരുന്നു. ചെറിയ വേഷമാണെങ്കിൽ പോലും അദ്ദേഹം വളരെ തൻമയത്വത്തോടെയാണ് അഭിനയിച്ചിരുന്നത്. തമിഴ് സിനിമകളിൽ അദ്ദേഹം ചെയ്ത മികച്ച ചില കഥാപാത്രങ്ങൾ ഇതാ...

      1. മനതിൽ ഉരുതി വേണ്ടും (1987)

      അദ്ദേഹത്തിന്റെ ആദ്യകാല തമിഴ് സിനിമകളിലൊന്നായ കെ. ബാലചന്ദറിന്റെ മനതിൽ ഉരുതി വേണ്ടണ്ടുമിൽ എസ്.പി.ബി. ഒരു ഡോക്ടറുടെ വേഷമാണ് അവതരിപ്പിച്ചത്. ഡോ. അർത്ഥനാരി എന്നായിരുന്നു കഥാപാത്രത്തിൻ്റെ പേര്. സുഹാസിനി മണിരത്നം ആയിരുന്നു സിനിമയിലെ നായിക.

      2. കേളടി കണ്‍മണി (1990)

      ഒരുപക്ഷേ എസ്.പി.ബി. നായകനായ ആദ്യ ചിത്രമായിരിക്കും കേളടി കൺമണി. ഈ സിനിമ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ പട്ടികയിൽ ഇടം നേടി. വസന്ത് സംവിധാനം ചെയ്ത ചിത്രം എ ആർ രംഗരാജൻ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയുള്ള സിനിമയായിരുന്നു. സിനിമയിൽ സ്നേഹമുള്ള ഒരു അച്ഛനായും നിസ്സഹായനായ മനുഷ്യനായും എസ്‌ബി‌ബി പ്രേക്ഷകരെയും നിരീക്ഷകരെയും ഒരുപോലെ ആകർഷിച്ചു. സിനിമയിൽ അദ്ദേഹം പാടിയ മണ്ണിൽ ഇന്ദ എന്ന ഗാനം ഇന്നും വളരെ ജനപ്രിയമാണ്.

      3. സികരം (199l)

      സികരത്തിലാണ് എസ്.പി.ബി. വീണ്ടും നായകനായി അഭിനയിച്ചത്. വളരെ പ്രശസ്തമായ സംഗീതസംവിധായകനും ഗായകനുമായ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചത്. വിജയകരമായ പ്രൊഫഷണൽ ജീവിതം ഉണ്ടായിരുന്നിട്ടും, വ്യക്തിപരമായ ജീവിതത്തിൽ കഷ്ടപ്പെടുന്ന ദാമോദർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 15 ഗാനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സിനിമ.

      4. ഗുണ (1991)

      കമൽഹാസൻ നായകനായ ചിത്രത്തിൽ എസ്പിബി അഭിരാമി മിസ്സിംഗ് കേസ് അന്വേഷിക്കുന്ന ഒരു സിബിഐ ഉദ്യോഗസ്ഥൻ്റെ വേഷം അവതരിപ്പിച്ചു. തമിഴ് ഭാഷയൊഴിച്ച് തെലുങ്ക് പതിപ്പ് ഉൾപ്പെടെ മിക്കവാറും ഭാഷയിൽ ചിത്രത്തിലെ കൺമണി അൻപോട് എന്ന ഗാനം എസ്പിബിയാണ് പാടിയത്.

      5. തലൈവാസൽ (1992)

      വിമർശനപരമായും വാണിജ്യപരമായും പ്രശംസ നേടിയ ഒരു സിനിമയായിരുന്നു തലൈവാസൽ. കോളേജ് പ്രമേയത്തിലുള്ള ഒരു സിനിമയാണിത്. ക്യാമ്പസിനുള്ളിൽ സമാധാനവും ഐക്യവും കൊണ്ടുവരാൻ ശ്രമിക്കുന്ന കോളേജിലെ പ്രിൻസിപ്പൽ ഷൺമുഖസുന്ദരത്തിൻ്റെ വേഷമാണ് എസ്.പി.ബി. അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ സിനിമ 100 ദിവസം പിന്നിട്ടിരുന്നു.

      6. തിരുഡ തിരുഡ (1993)

      മണിരത്നം സംവിധാനം ചെയ്ത ഒരു ത്രില്ലർ സിനിമയാണ് തിരുഡ തിരുഡ. പ്രശാന്തും ആനന്ദുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സിബിഐ ഉദ്യോഗസ്ഥൻ്റെ വേഷമാണ് എസ് പി ബി ചിത്രത്തിൽ അവതരിപ്പിച്ചത്. അതിശയകരമായ ത്രില്ലുകൾ നിറഞ്ഞ ഈ ചിത്രം മികച്ച സ്പെഷ്യൽ ഇഫക്റ്റുകൾക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും മികച്ച കൊറിയോഗ്രാഫിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്.

      7. കാതലൻ (1994)

      ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭുദേവയുടെ അച്ഛനായ കതിരേശന്റെ വേഷമാണ് എസ്പിബി അഭിനയിച്ചത്. മക്കൾക്ക് വേണ്ടി ജീവൻ വരെ പണയം വെയ്ക്കുന്ന സ്നേഹനിധിയായ അച്ഛനാണ് കതിരേശൻ.

      8. പാട്ടു പാടവ (1995)

      ഛായാഗ്രാഹകനായ ബി ആർ വിജയലക്ഷ്മിയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. പാട്ടു പാടവയിൽ, മാനസിക വെല്ലുവിളി നേരിടുന്ന മുരളി എന്ന കഥാപാത്രത്തെയാണ് എസ്പിബി അവതരിപ്പിച്ചത്. ഒരു സോഷ്യൽ വർക്കറുമായി പ്രണയത്തിലാവുകയും അവളുടെ പ്രോത്സാഹനം കൊണ്ട് ഒരു സംഗീത മത്സരത്തിൽ വിജയിക്കുകയും പിന്നീട് മികച്ച പിന്നണി ഗായകനായി മാറുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.



      9. കാതൽ ദേസം (1996)

      പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന മികച്ച സിനിമകളിലൊന്നാണ് കതിരിന്റെ കാതൽ ദേശം. കോളേജിലെ അടുത്ത സുഹൃത്തുക്കളായ കാർത്തിക്കിനെയും (വിനീത്) അരുണിനെയും (അബ്ബാസ്) ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ദിവ്യ (തബു) എന്ന ഒരേ പെൺകുട്ടിയുമായി ഇരുവരും പ്രണയത്തിലാകുമ്പോൾ എന്ത് സംഭവിക്കും? അവരുടെ സൗഹൃദം തകരുമോ? അതോ ഒരാൾ മറ്റൊരാൾക്ക് വേണ്ടി അവരുടെ പ്രണയം ത്യജിക്കുമോ? എസ്‌പി‌ബി ദിവ്യയുടെ അച്ഛനായിട്ടാണ് അഭിനയിക്കുന്നത്. ശാന്തനും കരുതലുള്ളവനുമായ അച്ഛൻ്റെ വേഷമാണ് എസ് പി ബി യുടേത്. മകളെ ഒരു സുഹൃത്തിനെപ്പോലെ പരിഗണിക്കുകയും ജീവിതത്തിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും അവൾക്ക് എപ്പോഴും പിന്തുണ നൽകുകയും ചെയ്യുന്ന അച്ഛൻ കഥാപാത്രം ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

      10. ഉല്ലാസം (1997)

      പരസ്യചിത്ര നിർമ്മാതാക്കളായ ജെഡി & ജെറിയുടെ ആദ്യ ഫീച്ചർ സിനിമയായ ഉല്ലാസം രണ്ട് അച്ഛന്മാരെയും അവരുടെ മക്കളെയും ചുറ്റിപ്പറ്റി ഉള്ളതാണ്. വിക്രമിന്റെ അച്ഛനായി രഘുവരനാണ് അഭിനയിച്ചത് .ചിത്രത്തിൽ അജിത്തിന്റെ അച്ഛനായിട്ടാണ് എസ്പിബി അഭിനയിച്ചത്. അജിത്ത് കള്ളക്കടത്തുകാരനായ രഘുവരനുമായി അടുപ്പത്തിലാകുമ്പോൾ വിക്രം എസ്പിബിയുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നു. അഭിനയത്തിന് പുറമെ, ചിത്രത്തിനായി കാർത്തിക് രാജ സംഗീതം നൽകിയ ജനപ്രിയ ചോ ലാരെ എന്ന ഗാനവും എസ്പിബി ആലപിച്ചു.

      11. രത്ചഗൻ (1997)

      ടോളിവുഡ് താരം നാഗാർജുന നായകനായ രത്‌ചഗൻ എന്ന സിനിമയിൽ നായകൻ്റെ അച്ഛൻ ഇൻഷുറൻസ് ഏജന്റായ പത്മനാഭൻ എന്ന കഥാപാത്രത്തെയാണ് എസ് പി ബി അവതരിപ്പിച്ചത്. സിനിമയിലെ ലക്കി ലക്കി എന്ന ഗാനം പാടിയതും എസ് പി ബിയാണ്.

      12. മിൻസാര കനവ് ( 1997)

      രാജീവ് മേനോന്റെ മ്യൂസിക്കൽ ചിത്രത്തിൽ എസ്പിബി ഒരു വ്യവസായിയുടെ വേഷമാണ് അവതരിപ്പിച്ചത്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ നായകൻ. കേൾവിക്കുറവുള്ള ഒരു പിതാവിന്റെ വേഷമാണ് ഗായകൻ അഭിനയിച്ചത്. അയാൾ തന്റെ മകനെക്കുറിച്ച് അഭിമാനിക്കുകയും അവനെക്കുറിച്ച് അഭിമാനിക്കാൻ കിട്ടുന്ന ഒരൊറ്റ അവസരവും കളയുകയുമില്ല. ഈ സിനിമയിലൂടെ അദ്ദേഹം ഒരുപാട് പുരസ്കാരങ്ങൾക്ക് അർഹനായിരിന്നു.

      13. നന്ദിനി (1997)

      മനോബാലയുടെ നന്ദിനി എന്ന സിനിമ എസ്പിബിയെയും സുഹാസിനിയെയും വീണ്ടും ഒരുമിച്ച് കൊണ്ടുവന്നു. എസ്പിബിയുടെ ആദ്യകാല സിനിമകളിലൊന്നായ മനതിൽ ഉരുതി വെണ്ടത്തിൽ സുഹാസിനിയുടെ കഥാപാത്രത്തിൻ്റെ പേര് നന്ദിനി എന്നായിരുന്നു. സ്ക്രീൻ സമയം അധികമില്ലാതിരിന്നിട്ടും കിട്ടിയ വേഷം അദ്ദേഹം ഗംഭരമാക്കി.

      14. മായ (1999)

      ഷിർദി ബാബയുടെ അത്ഭുതങ്ങൾ എടുത്തുകാണിക്കുന്ന ഒരു ഭക്തി ചിത്രമാണ് രാമ നാരായണന്റെ മായ. ഷിർദി സായി ബാബയോട് ആരാധനയുള്ള ഒരു പാവ നിർമ്മാതാവിൻ്റെ വേഷമാണ് എസ്പിബി ചിത്രത്തിൽ അവതരിപ്പിച്ചത്. നഗ്മ, നെപ്പോളിയൻ, വടിവേലു, ഷീല എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം ഇന്നും വളരെ ജനപ്രിയമാണ്.

      15. പ്രിയമാനവളേ (2000)

      സെൽവ ഭാരതിയുടെ പ്രിയമാനവളേ എന്ന സിനിമയിൽ, എസ്പിബി വിജയുടെ അച്ഛൻ വിശ്വനാഥൻ എന്ന ധനികനായ വ്യവസായിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിമ്രാൻ ആണ് സിനിമയിലെ നായിക. സിനിമയുടെ തെലുങ്ക് പതിപ്പിലും അച്ഛന്റെ വേഷം അവതരിപ്പിച്ചത് എസ് പി ബി ആയിരുന്നു, അതിൽ വെങ്കിടേഷും സൗന്ദര്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

      16. മാജിക് മാജിക് 3D (2003)

      ജോസ് പുന്നൂസിന്റെ സ്റ്റീരിയോസ്കോപ്പിക് 3 ഡി ഫാന്റസി ചിത്രമായ മാജിക് മാജിക് 3 ഡിയിൽ, എസ്‌പി‌ബി തന്റെ കൊച്ചുമകനെ പരിപാലിക്കുന്ന ഒരു മുതിർന്ന മാന്ത്രികന്റെ വേഷമാണ് ചെയ്തത്. ഈ ചിത്രം വലിയ ബോക്സോഫീസ് വിജയമാവുകയും മികച്ച സ്പെഷ്യൽ ഇഫക്റ്റുകൾക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും നേടുകയും ചെയ്തു.

      17. നാണയം (2010)

      നവാഗതനായ ശക്തി സുന്ദർ രാജന്റെ ത്രില്ലർ സിനിമയായ നാണയത്തിൽ എസ്പിബി ഒരു ബാങ്കിന്റെ സിഇഒ ആയിട്ടാണ് വേഷമിട്ടത്. നിഗൂഢമായ കഥാപാത്രമാണ് ചിത്രത്തിൽ അദ്ദേഹത്തിൻ്റേത്. രമ്യ രാജ്, യാസ്മിൻ എന്നിവർക്കൊപ്പം പ്രസന്നയും സിബിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നതിനു പുറമേ, ചിത്രത്തിനായി ഒരു ഗാനവും എസ് പി ബി ആലപിച്ചിട്ടുണ്ട്.

      18. മൂന്നേ മൂന്ന് വാർത്തൈ (2015)

      നായകൻ അർജുൻ ചിദംബരത്തിന്റെ മുത്തച്ഛനായിട്ടാണ് ചിത്രത്തിൽ എസ്പിബി അഭിനയിച്ചത്. സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം പ്രേക്ഷകരുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരുന്ന രസകരമായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. രസകരമെന്നു പറയട്ടെ, സിനിമ നിർമ്മിച്ചത് എസ്പിബിയുടെ മകൻ എസ്പി ചരൺ ആയിരുന്നു. അതിഥി വേഷത്തിൽ അദ്ദേഹവും സിനിമയിൽ എത്തിയിരുന്നു.
      Published by:user_57
      First published:
      )}