ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും മകൾ ഐറാ ഖാനും മുംബൈയിലെ അത്താഴ വിരുന്നിനെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. അത്താഴ വിരുന്നിന് ശേഷം വാഹനത്തിലേക്ക് മടങ്ങുന്ന ആമിർ ഖാനെ അനുഗമിക്കുന്ന മകൾ ഐറാ ഖാന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റുപിടിച്ചിരിക്കുന്നത്.
കറുത്ത ഷർട്ടും ചാരനിറത്തിലുള്ള പാന്റും ധരിച്ചായിരുന്നു ആമിർ പാർട്ടിക്കെത്തിയത്. മകളാവട്ടെ വെളുത്ത ഷർട്ടും ഇളം തവിട്ട് ട്രൗസറും ധരിച്ചിരുന്നു. ഐറ അച്ഛനോടൊപ്പം വാഹനത്തിലേക്ക് നടക്കുന്നതും കാറിൽ കയറുന്നതിന് മുമ്പ് ആമിർ മകളെ ആലിംഗനം ചെയ്യുന്നതുമായ വീഡിയോയാണ് വൈറലായത്.
വൈകാരികമായ ആത്മബന്ധം പുലർത്തുന്ന അച്ഛനും മകളുമാണ് ഐറയും ആമിറും. ഇരുവരും സന്തോഷത്തോടെ പരസ്പരം സമയം ചെലവഴിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് അച്ഛനോടൊപ്പം മനോഹരമായ ഒരു ഫോട്ടോ ഇറ പങ്കുവെച്ചിരുന്നു. കസേരയിൽ ഇരിക്കുന്ന ആമിർ ഖാനെ പുറകിൽ നിന്ന് കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇറ പങ്കുവെച്ചത്. "ഹാപ്പി ഫാദേഴ്സ് ഡേ, നിങ്ങൾ നിങ്ങളായിരിക്കുന്നതിന് നന്ദി " എന്ന അടിക്കുറിപ്പ് സഹിതമാണ് ഇറ ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് ലൈക്കുകളുടെയും കമന്റുകളുടെയും രൂപത്തിൽ വലിയ ജനപിന്തുണയാണ് ലഭിച്ചത്. കമന്റുകളിലൂടെ പലരും അച്ഛനും മകൾക്കും ആശംസകൾ നേർന്നു.
ലാൽ സിംഗ് ഛദ്ദയാണ് ആമിർ ഖാന്റെ പുതിയ ചിത്രം. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രം 2021 ഡിസംബർ 25 ന് തിയറ്ററുകളിലെത്തും. ഈ കോമഡി-ഡ്രാമ ചിത്രത്തിൽ ആമിർ ഖാനിൻ്റെ കുടെ കരീന കപൂർ ഖാൻ, മോന സിംഗ്, നാഗ ചൈതന്യ എന്ന വലിയ താരനിര പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കരീന കപൂർ ഭർത്താവ് സെയ്ഫ് അലി ഖാനും മക്കളായ തൈമൂർ, ജെ അലി ഖാൻ എന്നിവർക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ, ആമിറും മകൾക്കായി കുറച്ച് സമയം എടുത്തു.
ടോം ഹാങ്ങ്സിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന പ്രശസ്ത ഹോളിവുഡ് ചിത്രത്തിന്റെ ഔദ്യോഗിക റീമേക്ക് ആണ് ലാൽ സിംഗ് ഛദ്ദ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആമിർ ഖാൻ പ്രൊഡക്ഷൻസും വയാകോം 18 സ്റ്റുഡിയോസും പാരമൗണ്ട് പിക്ചേഴ്സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള ഇന്ത്യയുടെ വളർച്ചയും ചിത്രം പരാമർശിക്കും. ഒപ്പം ബാബറി മസ്ജിദ് തകർക്കൽ, മോദി സർക്കാറിന്റെ രൂപീകരണം പോലുള്ള രാഷ്ട്രീയസംഭവങ്ങളും ചിത്രത്തിൽ ആവിഷ്കരിക്കപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. 'ലാൽ സിംഗ് ഛദ്ദ’ ഒരു സിനിമ മാത്രമല്ല. ടോം ഹാങ്ക്സ് അഭിനയിച്ച പാരാമൗണ്ട് ചിത്രം ‘ഫോറസ്റ്റ് ഗമ്പ്’ അമേരിക്കയെ പരാമർശിച്ചതുപോലെ, ഈ ചിത്രവും എന്താണ് കുറച്ചുവർഷങ്ങളായി ഇന്ത്യയിൽ സംഭവിക്കുന്നത് എന്ന കാര്യത്തെ കുറിച്ച് ലോകത്തിനുള്ള റഫറൻസ് ആയിരിക്കും എന്നും നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.