• HOME
  • »
  • NEWS
  • »
  • film
  • »
  • ആമിര്‍ ഖാന്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നു; കുടുംബത്തോടൊപ്പം കഴിയാനെന്ന് താരം

ആമിര്‍ ഖാന്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നു; കുടുംബത്തോടൊപ്പം കഴിയാനെന്ന് താരം

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ വച്ചാണ് താരം ഈ പ്രഖ്യാപനം നടത്തിയത്

ആമിർ ഖാൻ

ആമിർ ഖാൻ

  • Share this:
    സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍ (Aamir Khan). ചാമ്പ്യന്‍സ് (Champions) എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍ നായകനായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും, അഭിനയിക്കുന്നതിനു പകരം അദ്ദേഹം ചിത്രം നിര്‍മ്മിക്കുമെന്നായിരുന്നു (producing) പുതിയ പ്രഖ്യാപനം. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ വച്ചാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. കുറച്ചുകാലം തന്റെ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയാണെന്നും അതിനാല്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

    "ഒരു നടനെന്ന നിലയില്‍ സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, എന്റെ ജീവിതത്തില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം ചാമ്പ്യന്‍സ് എന്ന സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. എന്നാല്‍, അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് എന്റെ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാനാണ് എനിക്ക് ആഗ്രഹം," ആമിര്‍ പറഞ്ഞു.

    മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ഇതാദ്യമായാണ് ആമിര്‍ ഖാന്‍ ഇത്തരത്തിൽ ഇടവേള എടുക്കുന്നത്. "ഞാന്‍ 35 വര്‍ഷമായി ജോലി ചെയ്യുന്നുണ്ട്. ഞാന്‍ എന്റെ ജോലിയില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍ എന്നോട് അടുപ്പമുള്ളവരെ സംബന്ധിച്ചിടത്തോളം അത് പ്രായോഗികമായിരുന്നില്ല. അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കണമെന്നും യഥാര്‍ത്ഥത്തില്‍ ജീവിതം മറ്റൊരു രീതിയില്‍ അനുഭവിക്കേണ്ടതുണ്ടെന്നുമാണ് എനിക്ക് തോന്നുന്നത്. ഇനിയുള്ള കുറച്ച് വര്‍ഷങ്ങള്‍ ഞാന്‍ അതിനായി മാറ്റിവെയ്ക്കുകയാണ്," അദ്ദേഹം പറഞ്ഞു.

    ലാല്‍ സിംഗ് ഛദ്ദയായിരുന്നു ആമിര്‍ ഖാന്റെ അവസാന ചിത്രം. കരീന കപൂര്‍ ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായിക. ടോം ഹാങ്ക്‌സ് അഭിനയിച്ച ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഔദ്യോഗിക ഹിന്ദി റീമേക്ക് ആണ് 'ലാല്‍ സിംഗ് ഛദ്ദ'. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

    ലാല്‍ സിംഗ് ഛദ്ദ അടുത്തിടെയാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്ത് ആറ് മാസത്തിന് ശേഷം ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്യാനായിരുന്നു തീരുമാനമെങ്കിലും, കഴിഞ്ഞ മാസം ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുകയായിരുന്നു. അദ്വൈത് ചന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

    അതേസമയം, ലാല്‍ സിംഗ് ഛദ്ദ ബഹിഷ്‌ക്കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. 2020-ല്‍ ആമിര്‍ ഖാന്റെ തുര്‍ക്കി സന്ദര്‍ശനവും തുര്‍ക്കി പ്രഥമ വനിത എമിന്‍ എര്‍ദോഗനുമായുള്ള കൂടിക്കാഴ്ചയും വീണ്ടും അദ്ദേഹത്തിനെതിരെ വന്‍ പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു. രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ചുള്ള തന്റെ പഴയ പരാമര്‍ശങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയിലും ആമിര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. നേരത്തെ ആമിര്‍ ചിത്രം ദംഗലിനെതിരെയും ഇത്തരം ബഹിഷ്‌കരണ ആഹ്വാനമുണ്ടായിരുന്നു. 2022 ആഗസ്റ്റ് 11നാണ് ലാല്‍ സിംഗ് ഛദ്ദ ബിഗ് സ്‌കീനിലെത്തിയത്. തെന്നിന്ത്യന്‍ നടന്‍ നാഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ലാല്‍ സിംഗ് ഛദ്ദയിലൂടെ.
    Published by:user_57
    First published: