തൻെറ 20-ാം വയസ്സിലാണ് കരീന കപൂർ ഖാൻ (Kareena Kapoor Khan) ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2000ൽ പുറത്തിറങ്ങിയ ജെ.പി. ദത്തയുടെ റെഫ്യൂജി (Refugee) ആയിരുന്നു കരീനയുടെ ആദ്യ ബോളിവുഡ് ചലച്ചിത്രം. സിനിമയിൽ എത്തും മുമ്പ് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിട്ടുള്ള കരീന വിദേശത്തെ സർവകലാശാലയിലും പഠനത്തിനായി പോയിട്ടുണ്ട്. പഠിക്കാൻ അത്ര താൽപര്യം ഒന്നുമുണ്ടായിരുന്നില്ലെങ്കിലും അമ്മ ബബിത കപൂറിൻെറ നിർബന്ധം കാരണമാണ് കരീന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുത്തത്.
പഠനം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ താൻ സിനിമയിൽ അഭിനയിച്ച് തുടങ്ങാൻ പാടുള്ളൂവായിരുന്നുവെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് ചില അഭിമുഖങ്ങളിൽ കരീന പറഞ്ഞിട്ടുണ്ട്. അൽപം കൂടി പഠിച്ചാൽ നന്നായിരുന്നുവെന്ന് അവർക്ക് പിന്നീട് തോന്നിയിട്ടുണ്ട്. ബിരുദം പൂർത്തിയാക്കാൻ സാധിക്കാതിരുന്നതിലും ബോളിവുഡ് സൂപ്പർതാരത്തിന് ഖേദം തോന്നിയിട്ടുണ്ട്.
കരീനയുടെ വിദ്യാഭ്യാസ യോഗ്യത അറിയാം:
മുംബൈയിലും ഡെഹ്റാഡൂണിലുമായി സ്കൂൾ വിദ്യാഭ്യാസംമുംബൈയിലെ ജംമ്നാഭായ് നർസീ സ്കൂളിലാണ് കരീന കപൂർ ഖാൻ തൻെറ സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നത്. അതിന് ശേഷം അമ്മയുടെ ആഗ്രഹം സഫലമാക്കുന്നതിന് വേണ്ടി ഡെഹ്റാഡൂണിലെ വെൽഹാം ഗേൾസ് സ്കൂളിൽ അഡ്മിഷനെടുത്തു. തുടക്കത്തിൽ വലിയ താൽപര്യം തോന്നിയില്ലെങ്കിലും സാവധാനം തനിക്ക് ആ സ്കൂളും അന്തരീക്ഷവും വല്ലാതെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് കരീന പറഞ്ഞിട്ടുണ്ട്.
കണക്ക് ഒട്ടും എളുപ്പമായിരുന്നില്ലപലരെയും പോലെ കണക്ക് കരീനയ്ക്ക് ഒട്ടും ലളിതമായിരുന്നില്ല. ഗണിതശാസ്ത്രം കാരണം താൻ പഠനത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്ന് കരീന അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മറ്റ് വിഷയങ്ങളിലെല്ലാം നല്ല മാർക്ക് ഉണ്ടായിരുന്നുവെങ്കിലും കണക്കിൽ മാത്രം അവരുടെ പ്രകടനം മോശമായിരുന്നു. വെൽഹാം ഗേൾസ് സ്കൂളിലെ പഠനം പൂർത്തിയാക്കിയതിന് ശേഷം അവർ മുംബൈയിൽ തന്നെ തിരിച്ചെത്തി.
കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയില്ലമറ്റ് പല ബോളിവുഡ് താരങ്ങളെയും പോലെ കരീന കപൂറിനും തൻെറ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കോളേജ് വിദ്യാഭ്യാസം തുടങ്ങിയ സമയത്ത് അവർ സിനിമാ മേഖലയിൽ എത്തിയിരുന്നു. മുംബൈയിൽ തിരിച്ചെത്തിയ ശേഷം മിതിഭായ് കോളേജിലാണ് കരീന പഠിച്ചത്. രണ്ട് വർഷം കൊമേഴ്സ് പഠിച്ചെങ്കിലും അത് പൂർത്തിയാക്കാൻ സാധിച്ചില്ല.
അമേരിക്കയിലെ പഠനംപഠിക്കാൻ ഇഷ്ടമായിരുന്നില്ലെങ്കിലും കരീന വിദ്യാഭ്യാസ മേഖലയിൽ നിന്ന് പിന്തിരിയാൻ തയ്യാറായിരുന്നില്ല. മിതിഭായ് കോളേജിലെ പഠനത്തിന് ശേഷം അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ മൈക്രോ കമ്പ്യൂട്ടേഴ്സിൽ മൂന്ന് മാസത്തെ സമ്മർ കോഴ്സിന് കരീന ജോയിൻ ചെയ്തിരുന്നു. അത് പൂർത്തിയാക്കിയതിന് ശേഷം അവർക്ക് നിയമം പഠിക്കാനും താൽപര്യമുണ്ടായിരുന്നു. മുംബൈയിലെ ലോ കോളേജിൽ അഡ്മിഷൻ എടുത്തുവെങ്കിലും അതും പൂർത്തിയാക്കാൻ സാധിച്ചില്ല.
പുസ്തക വായനയിൽ താൽപര്യംകോളേജിൽ പഠിക്കുന്ന കാലം മുതൽ കരീനക്ക് പുസ്തക വായനയിൽ വലിയ താൽപര്യം ഉണ്ടായിരുന്നു. എന്നാൽ സിനിമയിലെ തിരക്കുകൾ കാരണം ആ ശീലം നന്നായി മുന്നോട്ട് കൊണ്ട് പോവാൻ സാധിച്ചിരുന്നില്ലെന്നും അവർ പറഞ്ഞിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.