Happy Birthday Kamal Hassan| 'ഇങ്ങനെയല്ല കെട്ടിപ്പിടുത്തം'; ഉലകനായകൻ കമൽഹാസൻ ജയസൂര്യയോട് പറഞ്ഞതെന്തു കൊണ്ട്?

''ഉലകനായകന്, ജാഡകളില്ലാത്ത മനുഷ്യസ്നേഹിക്ക്, കെട്ടിപ്പിടിച്ച് പിറന്നാൾ ആശംസകൾ..പൂർണ ആരോഗ്യത്തോടെ ഇനിയും ഒരു നൂറ് വർഷം നീണാൽ വാഴുക, ഒരു നൂറ് കഥാപാത്രങ്ങൾ കൊണ്ട് ഞങ്ങളെ അതിശയിപ്പിക്കുക.''

News18 Malayalam | news18-malayalam
Updated: November 7, 2020, 9:24 PM IST
Happy Birthday Kamal Hassan| 'ഇങ്ങനെയല്ല കെട്ടിപ്പിടുത്തം'; ഉലകനായകൻ കമൽഹാസൻ ജയസൂര്യയോട് പറഞ്ഞതെന്തു കൊണ്ട്?
കമൽ ഹാസൻ, ജയസൂര്യ
  • Share this:
‌ഇന്ത്യൻ സിനിമയുടെ സകലകലാവല്ലഭൻ കമൽഹാസന് പിറന്നാളാശംസകൾ നേരുകയാണ് സിനിമാലോകവും അദ്ദേഹത്തിന്റെ ആരാധകരും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കുള്ള രാഷ്ട്രീയ നേതാക്കളും സിനിമയിലെ പ്രമുഖരും കമലിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തി. എന്നാൽ നടൻ ജയസൂര്യ വ്യത്യസ്ത രീതിയിലാണ് ആശംസ നേർന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിച്ച രണ്ടു സിനിമകളുടെ ഓർമകളാണ് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചത്. വസൂൽരാജ എംബിബിഎസ്, ഫോർ ഫ്രണ്ട്സ് എന്ന സിനിമകളിലാണ് കമലിനൊപ്പം സീൻ പങ്കിട്ട് ജയസൂര്യ എത്തിയത്. സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ കിട്ടിയ ഈ അപൂർവഭാഗ്യത്തെ കുറിച്ച് ജയസൂര്യ പറയുന്നു.

Also Read- 'ഇടപെടലുകൾ ശ്ലാഘനീയം'; കമൽഹാസന് ജന്മദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ജയസൂര്യയുടെ കുറിപ്പ് ഇങ്ങനെ

ലെജന്റുകൾക്കൊപ്പം പ്രവർത്തിക്കുക എന്നതിൽ പരം ഭാഗ്യം വേറെന്താണ്? അത്തരത്തിൽ കരിയറിന്റെ തുടക്കത്തിൽ തന്നെ അവിചാരിതമായൊരു ഭാഗ്യമുണ്ടായി. ഉലകനായകനൊപ്പം വസൂൽരാജ എംബിബിഎസ് എന്ന ചിത്രം. കമൽഹാസൻ എന്ന വലിയ നടനൊപ്പം അഭിനയിക്കുന്നതിന്റെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. ആദ്യം കാണുന്പോൾ അദ്ദേഹത്തെ എങ്ങനെ അഭിവാദ്യം ചെയ്യണം, എന്ത് ചോദിക്കണം എന്നൊക്കെ മനസ്സിൽ നൂറ് വട്ടം ആലോചിച്ചാണ് ഷൂട്ടിന് പോയത്. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ഇങ്ങോട്ട് സംസാരിച്ചു.''വണക്കം ജയസൂര്യ വരണം വരണം'' എന്ന വാക്കുകൾ ഇപ്പോഴും ചെവിയിൽ കേൾക്കുന്നുണ്ട്.

ഷൂട്ടിങ്ങിന്റെ ഓരോ ദിവസവും അദ്ദേഹം ഞെട്ടിച്ചുകൊണ്ടിരുന്നു. മലയാള സിനിമയക്കുറിച്ച് വാ തോരാതെ സംസാരിക്കും. സത്യൻ മാഷേയും അടൂർഭാസിയേയുമൊക്കെ കണ്ടാണ് അഭിനയം പഠിച്ചതെന്ന് ഇടയ്ക്കിടെ പറയും. ഇടവേളകളായിരുന്നു ഏറ്റവും രസകരം. അദ്ദേഹം പാട്ടുകൾ പാടിക്കൊണ്ടിരിക്കും. കൂടെ പാടാൻ പറയും. മദനോത്സവത്തിലെ പാട്ടുകളൊക്കെ അദ്ദേഹത്തിന് ഹൃദ്യസ്ഥമാണ്. മാടപ്രാവേ ഒക്കെ എത്ര അനായാസമാണ് പാടുന്നത്. ഇടക്കിടെ ഞാൻ വരികൾ തെറ്റിക്കുമ്പോൾ നിർത്തും. അദ്ദേഹം നിർത്താതെ അങ്ങനെ പാടിക്കൊണ്ടിരിക്കും.

Also Read- 'ആ ചെറിയ കുട്ടി എന്റെ അമ്മാവനാണ്'; ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനൊപ്പം സുഹാസിനിയുടെ കുറിപ്പ്

ഡയലോഗുകൾ പഠിച്ചല്ല കമലഹാസൻ അഭിനയിക്കുക. കഥാസന്ദർഭവും സീനും പറഞ്ഞ് കൊടുക്കും. ഡയലോഗുകൾ എല്ലാം സ്വന്തം നിലക്ക് പറഞ്ഞ്, കഥാപാത്രത്തെ ഉൾക്കൊണ്ട് അദ്ദേഹം ജീവിക്കുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നു പോയിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഫോളോ ചെയ്യാൻ ബുദ്ധിമുട്ട് വന്നപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ''സർ, എവിടെയാണ് ഡയലോഗ് നിർത്തുന്നതെന്ന് പറയാമോ? എങ്കിലല്ലേ എനിക്ക് ഡയലോഗ് തുടങ്ങാൻ പറ്റൂ''. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ''ജയനറിയാമോ അടൂർഭാസി സർ പഠിപ്പിച്ച് തന്ന പാഠമാണിത്. കാണാതെ പഠിച്ച് ഒരു ഡയലോഗ് പറയാൻ ആർക്കും പറ്റും. പക്ഷേ കഥയറിഞ്ഞ് ജീവിക്കുകയാണ് ഒരു നടൻ ചെയ്യേണ്ടത്. കണ്ടന്റ് അനുസരിച്ച് പെർഫോം ചെയ്യുകയാണ് ചെയ്യുന്നത്. അപ്പോൾ നമ്മുടെ പെർഫോമൻസ് പതിന്മടങ്ങ് നന്നാക്കാനാവും. അതാണ് ഞാൻ ഫോളോ ചെയ്യാൻ ശ്രമിക്കുന്നത്. നിങ്ങളും അങ്ങനെ ചെയ്യാൻ ശ്രമിക്കൂ''. മഹാനടനിൽ നിന്ന് പഠിച്ച വലിയ പാഠമായിരുന്നു അത്.

വേറൊരു രസകരമായ സംഭവം കൂടി ഓർമിക്കുകയാണ്. സിനിമയിൽ എന്റെ കഥാപാത്രം ഡോക്ടർ രാജയെ കെട്ടിപ്പിടിച്ച് “എന്നെ കാപ്പാത്തുങ്കോ'' എന്ന് പറഞ്ഞ് കരയുന്ന ഒരു രംഗമുണ്ട്. കമലഹാസൻ സാറിനെ കെട്ടിപ്പിടിക്കാൻ കിട്ടുന്ന ഒരവസരമല്ലേ. ഞാൻ ഇറുക്കെ കെട്ടിപ്പിടിച്ചു. പിടിവിടാതെ കെട്ടിപ്പിടിച്ചു. എന്റെ എക്സൈറ്റ്മെന്റ് മനസ്സിലാക്കിയിട്ടാകണം അദ്ദേഹവും വിട്ടില്ല. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നിങ്ങൾ പൂർണ ആരോഗ്യവാനായ ഒരാളെ പോലെയാണ് കെട്ടിപ്പിടിക്കുന്നത്. ഒരു രോഗിയുടെ മട്ടിലുള്ള കെട്ടിപ്പിടുത്തം മതി. ഞാനും ചിരിച്ചു. അടുത്ത ടേക്ക് ഓക്കെ ആയി.വീണ്ടും ഒരു നാല് വർഷത്തിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ കൂടെ 'ഫോർ ഫ്രണ്ട്‌സ്‌' എന്ന ചിത്രത്തിൽ അഭിനയിച്ചു. അദ്ദേഹത്തിന്റെ ഒരു കടുത്ത ആരാധകാനായിട്ട് .....(ജീവിതത്തിലും അങ്ങനെ തന്നെ ....)
ആ നല്ല ഓർമകളിൽ നിന്നുകൊണ്ട്, ഉലകനായകന്, ജാഡകളില്ലാത്ത മനുഷ്യസ്നേഹിക്ക്, കെട്ടിപ്പിടിച്ച് പിറന്നാൾ ആശംസകൾ..പൂർണ ആരോഗ്യത്തോടെ ഇനിയും ഒരു നൂറ് വർഷം നീണാൽ വാഴുക, ഒരു നൂറ് കഥാപാത്രങ്ങൾ കൊണ്ട് ഞങ്ങളെ അതിശയിപ്പിക്കുക.
Published by: Rajesh V
First published: November 7, 2020, 9:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading