കൊച്ചി: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വീടിനുള്ളിൽ 'ലോക്ക് ഡൗൺ'ആയ സൂപ്പർ താരം മമ്മൂട്ടി ഒൻപത് മാസങ്ങൾക്ക് ശേഷം വീടിന് പുറത്തേക്ക്. കൃത്യം പറഞ്ഞാൽ 275 ദിവസങ്ങൾക്ക് ശേഷമാണ് മലയാളികളുടെ പ്രിയതാരം വീടിന്റെ ഗേറ്റ് കടന്നു പുറത്തേക്കിറങ്ങുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെ സുഹൃത്തുക്കൾക്കൊപ്പം കാറിൽ സായാഹ്ന യാത്രയ്ക്കിറങ്ങിയാണ്
മമ്മൂട്ടി തന്റെ മാസങ്ങളോളം നീണ്ടുനിന്ന ലോക്ക്ഡൗൺ വാസം അവസാനിപ്പിച്ചത്. സിനിമാ നിർമാതാവ് ആന്റോ ജോസഫ്, നടൻ രമേഷ് പിഷാരടി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, മേക്കപ്പ്മാൻ ജോർജ് എന്നിവരായിരുന്നു ഒപ്പം. ഇടയ്ക്ക് കലൂർ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ചൂടു കട്ടൻ ചായയും ആസ്വദിച്ച ശേഷമായിരുന്നു മടക്കം.
'പ്രീസ്റ്റ്'എന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ്
മമ്മൂട്ടി വീട്ടിലെത്തിയത്. പിന്നീട് കോവിഡ് വ്യാപനവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളുമെത്തി. അതോടെ വീടിനുള്ളിൽ തന്നെ ഒതുങ്ങിയ താരം വീട്ടിൽ വച്ച് തന്നെ നടന്ന ചില പുസ്തക പ്രകാശന ചടങ്ങുകളിലൊഴികെ മറ്റൊന്നിലും പങ്കെടുത്തിരുന്നില്ല. ലോക്ക്ഡൗൺ ഇളവുകൾ വന്നശേഷം സിനിമാ മേഖല സജീവമായെങ്കിലും പ്രോട്ടോക്കോളുകൾ പാലിച്ച താരം വീടിനുള്ളിൽ തന്നെ തുടർന്നു.
ഒടുവിൽ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വീടിന് പുറത്തേക്ക് ‘വാക്സിൻ വന്നാലേ മമ്മൂക്ക സെറ്റിലെത്തൂ. അപ്പോൾ കോവിഡ് കഴിഞ്ഞതായി കരുതാം’എന്ന തമാശയും ഇതിനിടെ സിനിമാലോകത്ത് പ്രചരിച്ചു. ഇക്കാര്യത്തിൽ ഒരു ചിരി മാത്രമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
വീടിന് പുറത്തിറങ്ങിയിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. വിശ്രമവേളകൾ തനിക്കിഷ്ടപ്പെട്ട മറ്റുകാര്യങ്ങൾക്കായി ചിലവഴിച്ചു. പുസ്തകം വായിച്ചും ക്യാമറയിൽ ചിത്രങ്ങൾ പകർത്തിയുമാണ് ലോക്ക് ഡൗൺ ചിലവഴിച്ചത്. ഈ വിശേഷങ്ങളൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.