• HOME
  • »
  • NEWS
  • »
  • film
  • »
  • 'മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനയേ പറയൂ' മാമുക്കോയ ചിരിപടര്‍ത്തിയ രംഗം

'മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനയേ പറയൂ' മാമുക്കോയ ചിരിപടര്‍ത്തിയ രംഗം

എപ്പോള്‍ കണ്ടാലും പൊട്ടിചിരിപ്പിക്കുന്ന മാമുക്കോയയുടെ ഒരു കഥാപാത്രമാണ് മന്ത്രമോതിരത്തിലെ ചായക്കടക്കാരന്‍ അബ്ദുക്ക

  • Share this:

    മലയാളിക്ക് മറക്കാനാവാത്ത നിരവധി ചിരിനിമിഷങ്ങള്‍ സമ്മാനിച്ച നടനായിരുന്നു മാമുക്കോയ. ഹാസ്യകഥാപാത്രങ്ങള്‍ക്കൊപ്പം സ്വഭാവ വേഷങ്ങളിലും തിളങ്ങിയ അദ്ദേഹം അവതരിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങളാണ് വര്‍ഷങ്ങള്‍ പലത് പിന്നിട്ടിട്ടും ജനപ്രിയമായി തുടരുന്നത്. എപ്പോള്‍ കണ്ടാലും പൊട്ടിചിരിപ്പിക്കുന്ന മാമുക്കോയയുടെ ഒരു കഥാപാത്രമാണ് മന്ത്രമോതിരത്തിലെ ചായക്കടക്കാരന്‍ അബ്ദുക്ക. തൊഴിലിനിടയിലും തന്‍റെ ‘കലയോടുള്ള മൊഹബത്ത്’ കാരണം നാടകത്തിലും അഭിനയിക്കുന്ന അബ്ദുക്കയുടെ സിനിമയിലെ പല തഗ് ഡയലോഗുകളും ട്രോളന്മാര്‍ക്കിടയില്‍ ഹിറ്റാണ്.

    ‘ചന്തൂനെ തോല്‍പ്പിക്കാന്‍ ഇങ്ങളെ കൊണ്ട് കയ്യൂല മക്കളെ’ മാമുക്കോയ ചന്തു ആയപ്പോള്‍

    1997ല്‍ ശശി ശങ്കര്‍ സംവിധാനം ചെയ്ത മന്ത്രമോതിരം എന്ന ചിത്രത്തില്‍ ദിലീപും കലാഭവന്‍ മണിയുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പാപ്പിയുടെ (കലാഭവന്‍ മണി) സംവിധാനത്തില്‍ ഒരുങ്ങുന്ന ശാകുന്തളം ബാലെയില്‍ ദിലീപിന്‍റെ കുമാരനാണ് ദുഷ്യന്തന്‍ എന്ന വേഷം അവതരിപ്പിക്കുന്നത്. മാമുക്കോയയാണ് മഹര്‍ഷി. തപോവനത്തിലെ മുനികന്യകയെ വണ്ടുകള്‍ ഉപദ്രവിക്കുന്നതിനെക്കുറിച്ച് ദുഷ്യന്തന്‍ പറയുമ്പോഴുള്ള മാമുക്കോയയുടെ ഡയലോഗ് സൂപ്പര്‍ ഹിറ്റായിരുന്നു.

    ”പടച്ചോനെ വണ്ട് ന്ന് വച്ചാ എജ്ജാതി വണ്ട്, അത് രണ്ട് മൂന്നൊറ്റയാണോ, പത്ത് നാല്‍പ്പത് വണ്ട് കൂടിയിട്ടല്ലേ ഈ പെണ്ണിനെ പീഡിപ്പിക്കുന്നത്.” അബ്ദുവിന്റെ ഡയലോഗ് കേട്ട്, കുമാരന്‍റെ (ദിലീപ്)  മറുപടി ഇങ്ങനെ, ”അബ്ദുക്ക നിങ്ങളിതില്‍ മഹര്‍ഷിയാ, അല്ലാതെ മുസ്ലിയാരല്ല, മാപ്പിള ഭാഷ പറഞ്ഞ് നാടകം കൊളമാക്കരുത് ട്ടോ.”

    Mamukkoya| കല്ലായിപ്പുഴയുടെ തീരത്ത് മരമളന്നു തുടങ്ങിയ ജീവിതം മലയാളികളെ കൊണ്ടുപോയത് ചിരിയുടെ ആഴത്തിലേക്ക്

    ദിലീപിന്‍റെ ഈ പരാമര്‍ശത്തിന് മാമുക്കോയ നല്‍കുന്ന മറുപടിയാണ് സീനിലെ ഹൈലൈറ്റ്. “കുമാരാ… അനക്ക് ഈയീടെയാട്ട് കൊറച്ച് വർഗീയത കൂട്ണണ്ട്. കലാകാരന്മാർ തമ്മില് വർഗീയത പാടില്ല. മലബാറില് ഏത് മഹർഷി ജനിച്ചാലും ഇങ്ങനേ പറയുള്ളൂ.” അതുകൊണ്ടല്ലേ അബ്ദുക്ക പച്ചമലയാളത്തില്‍ പറഞ്ഞത് എനിക്ക് സന്യാസീം മഹര്‍ഷീം വേണ്ട, ദുഷ്യന്തന്‍ ആയിക്കോളാന്ന്….”

    സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ. സത്യന്‍ അന്തിക്കാടിന്റെ ഗാന്ധിനഗര്‍, സെക്കന്റ് സ്ട്രീറ്റ്, സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

    Published by:Arun krishna
    First published: