മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന് (Mohanlal) ഇന്ന് 62-ാം പിറന്നാള്‍ (Birthday). നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം തുടരുകയാണ്. തന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍.
ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th മാന്‍ ആണ് അദ്ദേഹത്തിന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു.
തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.
മലയാള സിനിമയുടെ വാണിജ്യ സാധ്യതകള്‍ മുഴുവന്‍ സിനിമാ ലോകത്തിനും ബോധ്യപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ദ്യശ്യത്തിന്‍റെ ഒന്നും രണ്ടും ഭാഗങ്ങള്‍ നേടിയ വിജയം കേരളവും ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളില്‍ പോലും മലയാള സിനിമയുടെ ഖ്യാതി എത്തിക്കുന്നതിന് കാരണമായി. ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച പുലിമുരുകനും, ലൂസിഫറും മലയാള സിനിമാ വ്യവസായത്തിന് പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിച്ചു.
വര്‍ഷങ്ങള്‍ അനവധി പിന്നിട്ടും മോഹന്‍ലാലിന്‍റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല എന്നത് വസ്തുതയാണ്.നടന്‍, നിര്‍മ്മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച അദ്ദേഹത്തിന്‍റെ സംവിധായക പ്രതിഭ അറിയാനും ആസ്വദിക്കുവാനും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
Also Read- ആ പന്ത്രണ്ടംഗ സംഘത്തിൽ ആരാണ് വില്ലന്‍? ഹിൽ സ്റ്റേഷനിലെ ത്രില്ലർ '12thമാൻ'ജീത്തു ജോസഫ് ഒരുക്കുന്ന റാം, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അടുത്ത വര്‍ഷം ആദ്യം ഷൂട്ടിങ് ആരംഭിക്കുമെന്ന് സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ജന്മദിനത്തിന് മുന്നോടിയായി, നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ (NFAI) അദ്ദേഹത്തെ 'ഫേസ് ഓഫ് ദി വീക്ക്' ആയി ആദരിച്ചിരുന്നു. എല്ലായ്പ്പോഴും എന്നപോലെ, രണ്ട് തവണ ദേശീയ അവാർഡ് നേടിയ താരത്തിന്റെ മികച്ച സിനിമകളിൽ ചിലത് NFAI തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കുന്നു. ഇതിനു അനുസൃതമായി ഫേസ്ബുക്കിൽ പോസ്റ്റുകൾ നൽകിയിട്ടുണ്ട്.
തിങ്കളാഴ്‌ച, മോഹൻലാലിന്റെ ക്ലാസിക് ചിത്രമായ ‘നമുക്ക് പാർക്കൻ മുന്തിരി തോപ്പുകൾ’ എന്ന സിനിമയിലെ ഒരു അപൂർവ ചിത്രം NFAI പോസ്റ്റ് ചെയ്യുകയും, “#FaceOfTheWeek #Mohanlal തുടങ്ങിയ ഹാഷ്ടാഗുകൾക്കൊപ്പം ചിത്രത്തിന്റെ സംഗ്രഹം പങ്കിട്ടു. ഏറ്റവും ആകർഷകമായ റൊമാന്റിക് കഥാപാത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സോളമന് മോഹൻലാൽ അതുല്യമായ ചാരുത കൊണ്ടുവന്നു. ഹൃദ്യമായ ആഖ്യാനവും ദൃശ്യങ്ങളും സംഗീതവും ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്. ചിത്രത്തിനായി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വേണു നേടി.
ചൊവ്വാഴ്ച മോഹൻലാൽ നായകനായ ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കിട്ടു, കുറിപ്പിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: സിനിമയിൽ താരതമ്യേന ചെറുതും എന്നാൽ പ്രാധാന്യമുള്ളതുമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് തന്റെ കരിയറിന്റെ ആദ്യ വർഷങ്ങളിൽ എല്ലാവരേയും ആകർഷിച്ചു. ഏകാന്തയും കർക്കശക്കാരിയുമായ മുത്തശ്ശിയേയും (പത്മിനി) അവരുടെ ചെറുമകളെയും (നദിയ മൊയ്തു) ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്.
നിത്യഹരിത ക്ലാസിക് മണിച്ചിത്രത്താഴ് ആണ് ഏറ്റവും പുതിയതായി ഇടം നേടിയ ചിത്രം. മെയ് 20ന് പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു. ഫാസിലിന്റെ മണിച്ചിത്രത്താഴ് (1993) ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിൽ ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. #FaceOfTheWeek #മോഹൻലാൽ യുഎസ്എയിൽ പരിശീലനം നേടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയ സൈക്യാട്രിസ്റ്റിന്റെ വേഷം ചെയ്തു. അദ്ദേഹത്തിന്റെ രസകരമായ എൻട്രി സീക്വൻസ് നോക്കുക. ഒരു യാഥാസ്ഥിതിക സമൂഹത്തിൽ അസാധാരണമായ മനഃശാസ്ത്രപരമായ സമീപനത്തിന്റെ ആത്യന്തികമായ സ്വീകാര്യത കൈകാര്യം ചെയ്തതിനാണ് ചിത്രം പ്രശംസിക്കപ്പെട്ടത്. #QuickFact: പ്രിയദർശൻ ഫാസിലിനൊപ്പം രണ്ടാം യൂണിറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. പിന്നീട് അദ്ദേഹം ഈ ചിത്രം ഹിന്ദിയിലേക്ക് ഭൂൽ ഭുലയ്യ (2007) എന്ന പേരിൽ റീമേക്ക് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.