• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഒരു മേജര്‍ സര്‍ജറി കഴിഞ്ഞു.. സുഖം പ്രാപിച്ചു വരികയാണ്' ; ഷൂട്ടിങ് സെറ്റിലെ അപകടത്തിന് പിന്നാലെ വിജയ് ആന്‍റണി

'ഒരു മേജര്‍ സര്‍ജറി കഴിഞ്ഞു.. സുഖം പ്രാപിച്ചു വരികയാണ്' ; ഷൂട്ടിങ് സെറ്റിലെ അപകടത്തിന് പിന്നാലെ വിജയ് ആന്‍റണി

അപകടത്തില്‍ താടിയെല്ലിനും മൂക്കിനും സാരമായി പരിക്കേറ്റ താരം കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ മടങ്ങിയെത്തിയത്

  • Share this:

    സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ നടനും സംഗീത സംവിധായകനും ഗായകനുമായ വിജയ് ആന്‍റണി ചെന്നൈയില്‍ മടങ്ങിയെത്തി. മലേഷ്യയിലെ ക്വാലാലംപൂരില്‍ വച്ചുണ്ടായ അപകടത്തില്‍ താരത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്ക് ശേഷം ചെന്നൈയില്‍ മടങ്ങിയെത്തിയ താരം തന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു.

    ‘പ്രിയ സുഹൃത്തുക്കളെ, മലേഷ്യയിൽ നടന്ന പിച്ചൈക്കാരൻ 2 ചിത്രീകരണത്തിനിടെ താടിയെല്ലിനും മൂക്കിനുമേറ്റ സാരമായ പരിക്കിൽ നിന്ന് ഞാൻ സുഖം പ്രാപിച്ചു വരികയാണ്. ഒരു മേജർ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. എത്രയും പെട്ടെന്നുതന്നെ നമുക്ക് വീണ്ടും കാണാം . നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

    കഴിഞ്ഞാഴ്ചയാണ് വിജയ് ആന്‍റണി ആദ്യമായി സംവിധാനം ചെയ്യുന്ന ‘പിച്ചൈക്കാരന്‍ 2’ എന്ന സിനിമയിലെ സംഘട്ടന രംഗത്തിനിടെ മലേഷ്യയിലെ ലങ്കാവി ദ്വിപിലുണ്ടായ  ബോട്ടപകടത്തില്‍ താരത്തിന് പരിക്കേറ്റത്.വിജയ് ആന്‍റണി സഞ്ചരിച്ച ബോട്ട് നിയന്ത്രണം വിട്ട് ക്യാമറാ സംഘത്തിന്റെ ബോട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി താരത്തെ ക്വാലാലംപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Also Read-സിനിമാ ചിത്രീകരണത്തിനിടെ ബോട്ടപകടം; നടന്‍ വിജയ് ആന്‍റണിക്ക് പരിക്ക്

    2016ല്‍ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ പിച്ചൈക്കാരന്റെ രണ്ടാം ഭാ​ഗമാണിത്. മരണക്കിടക്കയിലുള്ള അമ്മയുടെ ആ​ഗ്രഹപ്രകാരം കോടീശ്വരനായ നായകൻ 48 ദിവസം ഭിക്ഷക്കാരനായി ജീവിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സംവിധാനത്തിനൊപ്പം വിജയ് തന്നെയാണ് പിച്ചൈക്കാരൻ 2 ന്റെ സം​ഗീതസംവിധാനവും നിർമാണവും. ശശിയാണ് ആദ്യഭാ​ഗം സംവിധാനം ചെയ്തത്.

    ജോൺ വിജയ്, ഹരീഷ് പേരടി, വൈ.ജി. മഹേന്ദ്രൻ, അജയ് ഘോഷ്, യോ​ഗി ബാബു തുടങ്ങിയ വന്‍ താരനിരയാണ് പിച്ചൈക്കാരന്‍ 2 വില്‍ അണിനിരക്കുന്നത്. തമിളരസൻ, അ​ഗ്നി സിറകുകൾ, കാക്കി, കൊലൈ, രത്നം, മഴൈ പിടിക്കാത മനിതൻ എന്നിവയാണ് വിജയ് ആന്റണിയുടെതായി വരാനിരിക്കുന്ന ചിത്രങ്ങൾ. തെന്നിന്ത്യയില്‍ തരംഗമായി മാറിയ ‘നാക്കുമുക്ക്’ എന്ന ഗാനത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത് വിജയ് ആന്‍റണിയാണ്.

    Published by:Arun krishna
    First published: