ഈച്ചയുടെ പ്രതികാരത്തിന്റെ കഥ പറഞ്ഞ രാജമൗലി ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് നാനി. തെലുങ്ക് സിനിമയാണ് പ്രവര്‍ത്തന മേഖലയെങ്കിലും എല്ലാ ഭാഷകളിലുള്ള സിനിമകളെയും പിന്തുടരുന്ന നാനി തന്റെ ഏറ്റവും പുതിയ ചിത്രമായ ദസ്റയുടെ പ്രെമോഷന്റെ ഭാഗമായി കേരളത്തിലെത്തിയിരുന്നു. മലയാളികളെയും മലയാള സിനിമയെയും ഇഷ്ടപ്പെടുന്ന നാനി മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ടവരെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മലയാളത്തില്‍ മോഹന്‍ലാലാണ് നാനിയുടെ ഇഷ്ട നടന്. കുട്ടിക്കാലത്ത് ലാലേട്ടന് അഭിനയിച്ച യോദ്ധയുടെ ഡബിങ് വേര്‍ഷന്‍ കണ്ടതും താന്‍ ആദ്യമായി കണ്ട മലയാള സിനിമ യോദ്ധയാണെന്നും താരം പറഞ്ഞു. ഇഷ്ടപ്പെട്ട നായിക ആരാണെന്ന് ചോദിച്ചപ്പോള്‍ നസ്രിയ എന്ന് പറഞ്ഞില്ലെങ്കില്‍ അവള് എന്നെ കൊല്ലുമെന്നും തമാശയായി നാനി പറഞ്ഞു. അന്റെ സുന്ദരനികി എന്ന ചിത്രത്തില്‍ നസ്രിയായിരുന്നു നാനിയുടെ നായിക.
ബാംഗ്ലൂര്‍ ഡേയ്സിലെ പാര്‍വ്വതിയുടെ കഥാപാത്രം തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ ബാംഗ്ലൂര്‍ ഡേയ്സ് ആണെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പനും കോശിയും സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. മലയന്‍ കുഞ്ഞാണ് ഒടുവില്‍ കണ്ട മലയാള സിനിമ. പുതിയ തലമുറയില്‍ ഫഹദാണ് തന്റെ പ്രിയപ്പെട്ട മലയാള നടനെന്നും നാനി പറഞ്ഞു. മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ അന്‍വര്‍ റഷീദ്, ലിജോ ജോസ് പെല്ലിശേരി, പൃഥ്വിരാജ് എന്നിവരുടെ സിനിമകളില്‍ അഭിനയിക്കണം. എന്നെങ്കിലും മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ സാധിച്ചാല്‍ മോഹന്‍ലാലോ മമ്മൂട്ടിയോ ആകും പ്രധാന വേഷം ചെയ്യാന്‍ ക്ഷണിക്കുകയെന്നും നാനി പറഞ്ഞു.
ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന നാനി ചിത്രം ദസ്റയില്‍ കീര്‍ത്തി സുരേഷാണ് നായിക. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.