മോഹൻലാൽ (Mohanlal) സംവിധായകനാകുന്ന ഫാന്റസി ചിത്രം ബറോസിൽ (Barroz) നിന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) പിന്മാറി. ചിത്രീകരണം മാറ്റിവെച്ചതിനെ തുടർന്നുണ്ടായ ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് പിന്മാറ്റമെന്നാണ് വിവരം.
പൃഥ്വി നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് അഭിനയിക്കുന്നത്. അതിനുശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കും. ശാരീരികമായ മാറ്റങ്ങളും മറ്റും വേണ്ടിവരുന്ന കഥാപാത്രമായതിനാൽ ഈ ചിത്രത്തിനായി സമയം കൂടുതൽ മാറ്റിവയ്ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ബറോസിൽ നിന്ന് പൃഥ്വി പിന്മാറിയത്.
കോവിഡ് സാഹചര്യങ്ങളെ തുടർന്ന് ബറോസിന്റെ ചിത്രീകരണം ഈ വർഷം ഇടയ്ക്ക് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുൻപാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ വീണ്ടും ലോക്ക്ഡൗൺ വന്നു. ഇതോടെ ചിത്രീകരണം നിർത്തിവെച്ചു. അതിനുശേഷം ക്രിസ്മസ് കഴിഞ്ഞ് ഡിസംബർ 26 നാണ് ചിത്രീകരണം പുനരാരംഭിച്ചത്.
ബറോസിൽ ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റീഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടിയുടെ രൂപം മാറിയതും മറ്റുമാണ് കാരണം.
Also Read- Barroz Promo Teaser | സംവിധായകന്റെ റോളില്‍ മോഹൻലാൽ; ‘ബറോസ്’ ടീസർ പുറത്ത്
നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ എത്തുന്നു. വിദേശിയായ ഷെയ്‌ല മാക് കഫ്രി എന്ന പെൺകുട്ടിയെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി ആദ്യം തീരുമാനിച്ചത്. എന്നാൽ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ ഷെയ്‌ല ടീമിനൊപ്പം ചേർന്നിട്ടില്ല.
സിനിമയുടെ കാസ്റ്റിങ് കോൾ നടക്കുമ്പോൾ ചെറിയ കുട്ടിയായിരുന്നു ഷെയ്‌ല മാക് കഫ്രി. ഷൂട്ടിങ് വൈകിയതോടെ കുട്ടിയുടെ രൂപം മാറിയത് പ്രശ്നമായി. മുംബൈ സ്വദേശിയായ മായയാണ് ഷെയ്‌ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന്‍ ബ്രിട്ടിഷ് പൗരനാണ്.
പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോയുടെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസിന്റെ നിർമാണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Barroz Movie, Barroz: Guardian of D'Gama's Treasure, Mohanlal, Prithviraj